ഓരോ ചുവടും വെക്കുമ്പോഴും നമ്മുടെ ശരീരത്തിൽ നിന്നും എത്രമാത്രം കലോറി പുറന്തള്ളപ്പെടും എന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ യാത്രക്കാർക്ക് തങ്ങളുടെ ശരീരത്തിൽ നിന്നും എത്ര കലോറി പുറന്തള്ളപ്പെട്ടു എന്ന് കൃത്യമായി അറിയാൻ കഴിയും. 

ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നൂതനാശയവുമായി രംഗത്തെത്തിയിരിക്കയാണ് ഡൽഹി മെട്രോ. തിരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളുടെ പടികളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു പ്രത്യേക ടാഗാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഈ ടാഗിൽ ഓരോ ചുവടിലും എത്രമാത്രം കലോറി ശരീരത്തിൽ നിന്നും പുറന്തള്ളുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഫിറ്റ്നസ് ഫ്രീക്കുകളായിട്ടുള്ള സ്ഥിരം യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനകരമാണ്.

ഇതിൻറെ ഭാഗമായിരിക്കുന്ന മെട്രോ സ്റ്റേഷനുകളിൽ ഏറെ ആകർഷകമായ രീതിയിലാണ് ഇവിടുത്തെ ചവിട്ടുപടികൾ ക്രമീകരിച്ചിരിക്കുന്നത്. ഓരോ ചുവടും വെക്കുമ്പോഴും നമ്മുടെ ശരീരത്തിൽ നിന്നും എത്രമാത്രം കലോറി പുറന്തള്ളപ്പെടും എന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ യാത്രക്കാർക്ക് തങ്ങളുടെ ശരീരത്തിൽ നിന്നും എത്ര കലോറി പുറന്തള്ളപ്പെട്ടു എന്ന് കൃത്യമായി അറിയാൻ കഴിയും. 

ഉദാഹരണത്തിന്, ഒരു പടി കയറുമ്പോൾ 0.21 കിലോ കലോറിയും, രണ്ട് ചുവടുകൾ 0.43 കിലോ കലോറിയും, മൂന്ന് ചുവടുകൾ 0.64 കിലോ കലോറിയും പുറന്തള്ളപ്പെടും. അതായത് 10 പടികൾ കയറുന്നത് മൊത്തം 2.14 കിലോ കലോറി പുറത്തു കളയാൻ സഹായിക്കും. ഒരു ഫിറ്റ്‌നസ് ട്രാക്കറായാണ് കലോറി കൗണ്ടർ ടാഗ് ചവിട്ടുപടികൾ പ്രവർത്തിക്കുന്നത്. ഇതിലൂടെ ശാരീരിക വ്യായാമം ആരോഗ്യമുള്ള ജീവിതത്തിന് എത്രമാത്രം പ്രാധാന്യമുള്ളതാണ് എന്ന് ആളുകളെ ബോധ്യപ്പെടുത്തുക എന്ന കൂടി ലക്ഷ്യമുണ്ട്. 

സുപ്രീം കോടതി, രാജീവ് ചൗക്ക്, ബരാഖംഭ റോഡ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ് എന്നിവയുൾപ്പെടെ ഡൽഹി മെട്രോ ശൃംഖലയിലെ ഏറ്റവും തിരക്കേറിയ സ്‌റ്റേഷനുകളിലാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. സമീപഭാവിയിൽ മറ്റു സ്റ്റേഷനുകളിൽ കൂടി ഈ സംവിധാനം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഡൽഹി മെട്രോ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം