ദില്ലി കലാപത്തെ സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ വിചാരണയ്ക്ക് വന്നപ്പോൾ നടന്ന വാദങ്ങൾ, ഒരു കേസിന്റെ ഗതിയെ ബെഞ്ചിൽ ആരൊക്കെയാണ് എന്നത് എങ്ങനെ സ്വാധീനിക്കും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. 24 മണിക്കൂർ ഇടവിട്ട് നടന്ന ഈ രണ്ടു വാദങ്ങളും തമ്മിൽ അജഗജാന്തരമുണ്ട്, സമീപനത്തിന്റെ കാര്യത്തിൽ.

ദില്ലി കലാപത്തിന്റെ വിഷയത്തിൽ മൂന്നു വീഡിയോ ക്ലിപ്പിംഗുകളെ ആധാരമാക്കി വിശദമായ അന്വേഷണം ഉണ്ടാവണം എന്നാവശ്യപ്പെട്ടുകൊണ്ട് ഹർഷ് മാന്ദർ സമർപ്പിച്ച ഹർജിയിന്മേൽ മിനിഞ്ഞാന്ന് വാദം കേട്ടത് ജസ്റ്റിസ് മുരളീധറും ജസ്റ്റിസ് തൽവന്ത് സിങ്ങും അടങ്ങിയ ബെഞ്ചായിരുന്നു. മിനിഞ്ഞാന്ന് രാത്രി സുപ്രീം കോടതി കൊളീജിയം തിരക്കിട്ട് ജസ്റ്റിസ് മുരളീധറിനെ കേസിൽ നിന്ന് മാറ്റുന്നു. രായ്ക്കുരാമാനം മുരളീധറിന് പഞ്ചാബ് ആൻഡ് ഹരിയാനാ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റമുണ്ടാവുന്നു. കേസ് ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേലും, ജസ്റ്റിസ് സി ഹരിശങ്കറും അടങ്ങുന്ന ബെഞ്ചിന്റെ പരിഗണനയ്ക്ക് വരുന്നു. കേസിന്റെ ഗതി തന്നെ മാറുന്നു. രണ്ടു ബെഞ്ചും തമ്മിൽ കേസ് കേൾക്കുന്ന കാര്യത്തിലുള്ള സമീപനത്തിലെ വ്യത്യാസം നമുക്കൊന്ന് പരിശോധിക്കാം.

മിനിഞ്ഞാന്ന് - ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ച്

ഹിയറിങ് തുടങ്ങുന്നത് തന്നെ ജസ്റ്റിസ് മുരളീധറിന്റെ ഒരു നിരീക്ഷണത്തോടെയാണ്. "ഈ കേസ് പരിഗണിക്കുന്നത്, വിഷയത്തിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്തുകൊണ്ടാണ്..."

"സാഹചര്യം വളരെ മോശമാണല്ലോ മിസ്റ്റർ സോളിസിറ്റർ ജനറൽ..." ജസ്റ്റിസ് മുരളീധർ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്തയോട് പറഞ്ഞു.

തനിക്ക് കേസ് പഠിക്കാൻ സമയം വേണമെന്നും ഹിയറിങ് അടുത്തൊരു തീയതിയിലേക്ക് നീട്ടിവെക്കണം എന്നും കോടതിയോട് സോളിസിറ്റർ ജനറൽ ബോധിപ്പിച്ചപ്പോൾ, "ഈ കേസിൽ അടിയന്തരമായി കുറ്റാരോപിതർക്കെതിരെ എഫ്‌ഐആർ ഇടേണ്ടതുണ്ട് എന്ന് സോളിസിറ്റർ ജനറലിന് തോന്നുന്നില്ലേ?" എന്നായി ബെഞ്ച്.


"ആ വീഡിയോകൾ ലക്ഷക്കണക്കിന് പേർ കണ്ടു കഴിഞ്ഞതാണ്. നിങ്ങൾക്ക് ഇക്കാര്യം അടിയന്തരപ്രാധാന്യമുള്ളതാണ് എന്ന് തോന്നുന്നില്ലേ?" വീണ്ടും ജസ്റ്റിസ് മുരളീധറിന്റെ ചോദ്യം. കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറലും പൊലീസ് പ്രതിനിധിയായ ക്രൈം ബ്രാഞ്ച് ഡിസിപിയും കേസിനാധാരമായ വീഡിയോ ക്ലിപ്പിംഗുകൾ കണ്ടിട്ടില്ല എന്ന് ബോധിപ്പിച്ചപ്പോൾ ബെഞ്ച് അവരെ പിടിച്ചിരുത്തി ആ ക്ലിപ്പിംഗുകൾ കാണിച്ചു.

അതിനുശേഷം, 'ഇപ്പോഴത്തെ സാഹചര്യം ഈ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ അനുയോജ്യമല്ല എന്ന് ചൂണ്ടിക്കാട്ടി ഒരു വിധി ഒഴിവാക്കാൻ സോളിസിറ്റർ ജനറൽ പരമാവധി ശ്രമിക്കുന്നുണ്ട്. "ശരിയായ സമയത്ത് ഞങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതാണ്. ഇപ്പോൾ എന്തായാലും സമയം അനുയോജ്യമല്ല." സോളിസിറ്റർ ജനറൽ ബെഞ്ചിനെ ബോധിപ്പിച്ചതിങ്ങനെ.

ആ പ്രസ്താവനയെ നിശിതമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് കോടതി ചോദിച്ചു, "അനുയോജ്യമല്ലെന്നോ? ഇനി എത്ര പേർ കൂടി മരിച്ചാലാണ് നിങ്ങൾക്ക് സാഹചര്യം അനുയോജ്യമാവുക..? നഗരം കത്തിയെരിയുകയാണ് മിസ്റ്റർ സോളിസിറ്റർ ജനറൽ, അത് നിങ്ങൾ കാണുന്നില്ലേ?"
അതിനോട് "നഗരം കത്തുന്നൊന്നുമില്ല, അക്രമം ഒന്നോ രണ്ടോ പോക്കറ്റുകളിൽ മാത്രമേയുള്ളൂ സാർ..." എന്നാണ് സോളിസിറ്റര്‍ പ്രതികരിച്ചത്.
എന്തായാലും, അതിനോട് യോജിക്കാതിരുന്ന ബെഞ്ച് എഫ്‌ഐആർ ഇടുന്ന കാര്യത്തിൽ കേസ് പഠിച്ച് ഒരു തീരുമാനം പറയാൻ സോളിസിറ്റർ ജനറലിന്  24 മണിക്കൂർ സമയമനുവദിച്ചുകൊണ്ട് കോടതി പിരിഞ്ഞു.

"ഓരോ ദിവസവും ഈ കേസിന്റെ കാര്യത്തിൽ പ്രാധാന്യമുള്ളതാണ്. നമ്മളിവിടെ കേസ് കേട്ടുകൊണ്ടിരിക്കുന്ന വേളയിൽ പുറത്ത് അക്രമങ്ങൾ നടക്കുകയാണ്. ഉടൻ നടപടിയുണ്ടായില്ലെങ്കിൽ കേസ് കൂടുതൽ വഷളാകും" എന്ന് ജസ്റ്റിസ് മുരളീധറിന്റെ നിരീക്ഷണം.

ദില്ലി കലാപം ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ നടന്ന വാദപ്രതിവാദങ്ങൾ ഇങ്ങനെ

ഇന്നലെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് 


മിനിഞ്ഞാന്ന് അർധരാത്രി എല്ലാം തകിടം മറിയുന്നു. കേസ് ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചിൽ നിന്ന് മാറ്റി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ നയിക്കുന്ന ബെഞ്ചിന്റെ പരിഗണനയിലേക്ക് വരുന്നു. ജസ്റ്റിസ് മുരളീധറിനെ രാത്രിക്കുരാത്രി പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലേക്ക് തട്ടുന്നു. ശരിക്ക് ഈ കേസ് പരിഗണിക്കേണ്ടിയിരുന്നത് ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേലും ജസ്റ്റിസ് സി ഹരിശങ്കറും അടങ്ങിയ പാനൽ ആയിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസ് അവധിയിൽ ആയിരുന്നതുകൊണ്ടാണ് ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ച് അത് അടിയന്തരപ്രാധാന്യമുള്ളതാണ് എന്ന് മനസ്സിലാക്കി പരിഗണിച്ചത്.

ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് ഈ കേസ് ഒട്ടും അടിയന്തര പ്രാധാന്യമുള്ളതാണെന്ന് തോന്നുന്നുണ്ടായിരുന്നില്ല. ഈ വിദ്വേഷപ്രസംഗങ്ങളെപ്പറ്റി ബെഞ്ച് കേട്ടിട്ടുപോലും ഇല്ലായിരുന്നു. സോളിസിറ്റർ ജനറൽ തന്റെ വാദത്തിനിടെ "പ്രസംഗങ്ങൾ" എന്ന് പരാമര്‍ശിച്ചപ്പോള്‍, കോടതി ചോദിച്ചത്," പ്രസംഗങ്ങളോ, ഏത് പ്രസംഗങ്ങൾ?'' എന്നായിരുന്നു. താൻ ഉദ്ദേശിച്ച പ്രസംഗങ്ങൾ ഏതെന്ന് സോളിസിറ്റർ ജനറലിന് പിന്നെയും ഒന്നേന്ന് കോടതിയെ ബോധ്യപ്പെടുത്തേണ്ടി വന്നു. അപ്പോഴാണ് ഏത് പ്രസംഗങ്ങൾ എന്ന കാര്യം പോലും ബെഞ്ചിന് മനസിലാകുന്നത്. പശ്ചാത്തലം വിശദീകരിച്ച ശേഷം സോളിസിറ്റർ ജനറൽ മെഹ്ത എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ കൂടുതൽ സമയം വേണമെന്നായി.

തലേദിവസം പറഞ്ഞ വാദം തന്നെ സോളിസിറ്റർ ഇന്നലെ പുതിയ ബെഞ്ചിനുമുന്നിൽ ആവർത്തിച്ചു, "ശരിയായ സമയത്ത് ഞങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതാണ്. ഇപ്പോൾ എന്തായാലും സമയം അതിന് അനുയോജ്യമല്ല." മിനിഞ്ഞാന്ന് ജസ്റ്റിസ് മുരളീധറിനെ പ്രകോപിപ്പിച്ച, അദ്ദേഹം തള്ളിക്കളഞ്ഞ സബ്‍മിഷന് ഇന്നലെ ചീഫ് ജസ്റ്റിസ് നയിച്ച പുതിയ ബെഞ്ചിനു മുന്നിൽ സ്വീകാര്യത കിട്ടി. പൊലീസ് വീഡിയോകൾ കണ്ടിട്ടുണ്ടെന്നും, വേണ്ട നടപടികൾ സ്വീകരിക്കാൻ കൂടുതൽ സമയം വേണമെന്നും കോടതിസമക്ഷം സോളിസിറ്റർ ജനറൽ ബോധിപ്പിച്ചു. ഇപ്പോൾ സമയം അനുയോജ്യമല്ല, സാവകാശം വേണമെന്ന സോളിസിറ്റർ ജനറലിന്റെ വാദം അംഗീകരിച്ച കോടതി ഒരു കൗണ്ടര്‍ അഫിഡവിറ്റ് സമർപ്പിക്കാൻ വേണ്ടി സോളിസിറ്റർ ജനറലിന് നാലാഴ്‍ചയിലധികം സമയം അനുവദിച്ചു കൊണ്ട് ഉത്തരവിട്ടു.

കേസിന്റെ അടിയന്തരാവസ്ഥ ബോധിപ്പിക്കാനും, കുറേക്കൂടി അടുത്തൊരു ഡേറ്റ് കിട്ടാനും വേണ്ടി സീനിയർ കോൺസൽ ഗോൺസാൽവസ് നടത്തിയ പരിശ്രമങ്ങൾ ബധിരകര്‍ണങ്ങളിലാണ് ചെന്നുവീണത്. കോടതി കേസ് ഏപ്രിൽ 13 -ലേക്ക് മാറ്റിവെച്ചു.

ഒരു ബെഞ്ചിന് കേസ് 24 മണിക്കൂറിനുള്ളിൽ വിധി പറയാൻ മാത്രം അടിയന്തര പ്രാധാന്യമുള്ളതാണ് എന്ന് തോന്നിയപ്പോൾ, മറ്റൊരു ബെഞ്ചിന് അത് നാലാഴ്ചയിൽ കൂടുതൽ സമയമെടുത്ത് തീരുമാനിച്ചാലും മതിയെന്നായി. 24 മണിക്കൂർ നേരം, ഒരു സ്ഥലമാറ്റം, പുതിയൊരു ബെഞ്ച് - സുപ്രധാനമായ ഒരു കേസിന്റെ ഗതി തിരിച്ചുവിടാൻ ദില്ലി ഹൈക്കോടതിയിൽ വേണ്ടത് ഇത്രമാത്രമാണ് എന്ന് പ്രവൃത്തിയിലൂടെ തെളിയിക്കപ്പെട്ട ദിവസമാണ് ഇന്നലെ. നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ ഒരു സുപ്രധാന ദിനം.