ഈ വർഷം, ദില്ലിയിൽ ശീതകാലം അതികഠിനമാണ്. താപനില അനുദിനം ഗണ്യമായി കുറയുന്നുവെന്ന് അറിയിപ്പുകളിൽ പറയുന്നു. ഒരു ശരാശരി വ്യക്തിക്ക് പക്ഷേ പലപ്പോഴും അതിന്‍റെ ഭീകരത അനുഭവിക്കേണ്ടി വരുന്നില്ല എന്നതാണ് വാസ്തവം. മുറികളിലെ കൃത്രിമ ഉഷ്മളതയിൽ കഴിയാൻ ഭാഗ്യമുള്ളവരാണ് കൂടുതലും. എന്നാൽ മരംകോച്ചുന്ന തണുപ്പിൽ ഒരു പുതപ്പിന്‍റെ ആനുകൂല്യം പോലുമില്ലാതെ അനേകായിരങ്ങളാണ് തെരുവിൽ കഴിയുന്നത്.

ദരിദ്രരായ, ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട അവർക്ക് കാരുണ്യത്തിനായി ദൈവത്തോട് യാചിക്കാൻ മാത്രമേ കഴിയൂ. പലപ്പോഴും പുതപ്പോ, കിടക്കാൻ ഒരിടമോ ഇല്ലാതെ അസ്ഥികോച്ചുന്ന തണുപ്പിൽ കഴിയേണ്ടി വരുന്ന അവർക്ക് അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകൾ ചിന്തിക്കാൻ കഴിയാത്തതാണ്. പകൽ മുഴുവൻ അലഞ്ഞുനടന്ന് പ്ലാസ്റ്റിക് പാക്കറ്റുകളും, പരുക്കൻ ടയർ കഷ്‍ണങ്ങളും, ഉപേക്ഷിച്ച മറ്റ് സാധനങ്ങളും അവർ ശേഖരിക്കും. ഓരോ രാത്രിയും എത്രയും വേഗം കടന്ന് പോകണമേ എന്ന് പ്രാർത്ഥിച്ച് അവർ രാത്രിയിൽ തീയുടെ ചുറ്റും ഇരിക്കും.

ദില്ലിയിലും സമീപ പ്രദേശത്തും മഞ്ഞുവീഴ്‍ച കൂടുന്ന സാഹചര്യത്തിൽ പോകാൻ മറ്റൊരിടമില്ലാതെ അവർ തെരുവുകളിൽ കഴിയുന്നു. രാത്രി അഭയ കേന്ദ്രങ്ങൾ ലഭ്യമാണെങ്കിലും, പലയിടത്തും അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പലരും പരാതിപ്പെടുന്നുണ്ട്. ഇത് തണുപ്പുകാലത്ത് വഴിയോരത്ത് ഉറങ്ങാൻ അവരെ നിർബന്ധിതരാക്കുന്നു. ദില്ലിയിലെ സർക്കാർ അഭയ കേന്ദ്രങ്ങൾക്ക് അതുമാത്രമല്ല, പിന്നെയും പല  പ്രശ്‌നങ്ങളുണ്ട്. അവിടെ താമസിക്കുന്ന പലരും മയക്കുമരുന്നിന് അടിമകളാണ്. കാരണം ഗുണ്ടകളും, മയക്കുമരുന്ന് ലോബികളും ഇത്തരം കേന്ദ്രങ്ങളിൽ  കൂടുതലായി കാണാം.

"അഭയകേന്ദ്രങ്ങൾ വൃത്തിഹീനമായതിനാൽ ഞങ്ങൾ പലപ്പോഴും തെരുവിൽ മരംകോച്ചുന്ന തണുപ്പിൽ ഉറങ്ങാൻ നിർബന്ധിതരാകുന്നു. മയക്കുമരുന്നിന് അടിമകളായ ചിലരും ഇത്തരം കേന്ദ്രങ്ങളിൽ അഭയം തേടുന്നു" ഭവനരഹിതനായ മുഹമ്മദ് സലിം ഖാൻ പറഞ്ഞു.

"ഈ തണുപ്പുകാലത്ത് പുതക്കാൻ ഞങ്ങൾക്ക് ഒരു പുതപ്പ് പോലുമില്ല. രാത്രി തെരുവുകളിൽ കഴിയാൻ വളരെ പ്രയാസമാണ്. രാത്രി മുഴുവൻ തണുത്ത കാറ്റായിരിക്കും," തെരുവിൽ കഴിയുന്ന സാക്കിർ ഹുസൈൻ പറഞ്ഞു. താപനില ഉയരുന്ന സാഹചര്യത്തിൽ, ദില്ലിയിലെ ചേരികളിലെ ആളുകളും, റോഡരികിലെ താമസക്കാരും അഭയകേന്ദ്രങ്ങളിൽ രാത്രി കഴിച്ചു കൂട്ടാൻ മണിക്കൂറുകളോളം കത്ത് നിൽക്കേണ്ടി വരുന്നു.

"മിക്ക അഭയ കേന്ദ്രങ്ങളിലും 15 കിടക്കകളാണുള്ളത്, എന്നാൽ എല്ലാ രാത്രിയും 20 മുതൽ 25 വരെ ആളുകൾ ഇവിടെയെത്തുന്നു. ശേഷിക്കുന്ന ആളുകൾക്ക് ഞങ്ങൾ കൂടുതൽ കിടക്കകൾ നൽകുകയും എങ്ങനെയെങ്കിലും ക്രമീകരിക്കുകയും ചെയ്യുന്നു" അക്ഷർധാം ക്ഷേത്ര പ്രദേശത്തെ ഒരു അഭയ കേന്ദ്രത്തിലെ പരിപാലകൻ ധർമേന്ദ്ര പറഞ്ഞു.

സർക്കാരിന്‍റെ കണക്കുപ്രകാരം ആകെ 62 സഹായ അഭ്യർത്ഥനകൾ ആപ്പിലൂടെ ലഭിച്ചു. പരാതികളുടെ അടിസ്ഥാനത്തിൽ ഇരുപത് പേരെ രക്ഷപ്പെടുത്തി. ഇതിനുപുറമെ, നവംബർ 15 മുതൽ ഇന്നുവരെ 17 റെസ്ക്യൂ ടീമുകൾക്ക് 3,351 ഭവനരഹിതരെ അടുത്തുള്ള ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റാൻ സാധിച്ചു എന്നും പറയുന്നു. രാത്രിയിൽ ആരും ആശ്രയമില്ലാതെ, പുതക്കാൻ ഒരു പുതപ്പ് പോലുമില്ലാതെ വഴിയോരത്ത് കിടക്കേണ്ടി വരുന്ന അവരുടെ ഭുരവസ്ഥ എല്ലാവരുടെയും കണ്ണ് നനയിക്കുന്നതാണ്.