നോയിഡയിലെ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുന്ന ടെക്കിക്ക് രണ്ട് വർഷം കൊണ്ട് ശമ്പള വർദ്ധനവായി ലഭിച്ചത് വെറും 9 രൂപ. വാരാന്ത്യങ്ങളിൽ പോലും അടിമയെപ്പോലെ ജോലി ചെയ്യേണ്ടി വരുന്നുവെന്നും സർവീസ് ബോണ്ട് കാരണം ജോലി ഉപേക്ഷിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ചെറുകിട കമ്പനികൾ ഇന്ന് നിലനിൽപ്പിന്‍റെ വലിയ പ്രശ്നം നേരിടുകയാണ്. അതേസമയം ബഹുരാഷ്ട്രാ കമ്പനികൾ നാൾക്കുനാൾ വളരുന്നു. എന്നാൽ, ഈ ബഹുരാഷ്ട്രാ കമ്പനികൾ തൊഴിലാളികളോട് ചെയ്യുന്നത് കടന്ന കൈയാണെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. നോയിഡയിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ ശമ്പള വർദ്ധനവിന് വേണ്ടിയുള്ള സമരങ്ങൾ വെളിച്ചത്ത് കൊണ്ട് വരുന്നതും അതാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ തനിക്ക് ലഭിച്ച ശമ്പള വർദ്ധനവ് വെറും 9 രൂപയാണെന്ന് ഒരു ബഹുരാഷ്ട്രാ കമ്പനിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ എഞ്ചിനീയർ എഴുതിയപ്പോഴാണ് സമൂഹ മാധ്യമ ഉപയോക്താക്കളും 'ആ ചതി' തിരിച്ചറിയുന്നത്.

രണ്ട് വർഷം ശമ്പള വ‍ർദ്ധനവ് '9 രൂപ' മാത്രം

2025 -ൽ വെറും 9 രൂപ ശമ്പള വർദ്ധനവ് മാത്രമാണ് ലഭിച്ചതെന്നും എന്നാൽ, ഈ വർഷം അത് പോലുമില്ലെന്ന് പരിതപിച്ച് ദില്ലി എൻസിആറിൽ താമസിക്കുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് സമൂഹ മാധ്യമത്തിലെഴുതിയത്. താൻ കമ്പനി വിടാൻ ആഗ്രഹിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഈ കമ്പനിയുമായും സഹപ്രവർത്തകരുമായും എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു' എന്ന തലക്കെട്ടിൽ റെഡ്ഡിറ്റിലെഴുതിയ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വാരാന്ത്യങ്ങളിൽ പോലും താൻ 'ഒരു അടിമയെപ്പോലെ' ജോലി ചെയ്യുന്നുണ്ടെന്നും എന്നാൽ, ഇപ്പോഴും ജോലി സ്ഥലത്ത് 'കുടുങ്ങിക്കിടക്കുന്ന'തായി തോന്നുന്നുന്നെന്നും അദ്ദേഹം എഴുതി.

2024 മെയ് മാസത്തിലാണ് പ്രശസ്ത ബഹുരാഷ്ട്ര കമ്പനിയിൽ ഇന്‍റേണായി ചേർന്നത്. പിന്നാലെ മുഴുവൻ സമയ ജോലിയിൽ പ്രവേശിച്ചു. തുടക്കത്തിലെ പാക്കേജ് പ്രതിവർഷം 4.25 ലക്ഷം രൂപയായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ, അതിലും വളരെ കുറഞ്ഞ ശമ്പളമാണ് ലഭിച്ചത്. ബിരുദം നേടി ഇറങ്ങിയപ്പോൾ തൊഴിൽ വിപണി ദുർബലമായതിനാൽ ആ ഓഫർ സ്വീകരിക്കാൻ നിർബന്ധിതനായി. തനിക്ക് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ലായിരുന്നു. രണ്ട് വർഷത്തെ സർവീസ് ബോണ്ടോടു കൂടിയാണ് ജോലി ലഭിച്ചത്.

അതിന് മുമ്പ് കമ്പനി വിടണമെങ്കിൽ 1.5 ലക്ഷം അങ്ങോട്ട് നൽകണമായിരുന്നു. എന്നാൽ, ജീവനക്കാർക്ക് 6 മാസത്തെ നോട്ടീസ് പിരീഡ് നൽകേണ്ടതുണ്ട് അങ്ങനെയാണെങ്കിൽ അത് എക്സിറ്റ് ഓപ്ഷനുകൾ കൂടുതൽ പരിമിതപ്പെടുത്തുമെന്നും അദ്ദേഹം കുറിച്ചു. ആദ്യ വർഷം കിട്ടിയത് വെറും 9 രൂപയുടെ ശമ്പള വ‍ർദ്ധനവായിരുന്നു. “പിന്നെ ഈ വർഷം, അവർ എനിക്ക് അത് പോലും തരാൻ പോലും മെനക്കെട്ടില്ല,” രണ്ട് വർഷം കമ്പനിക്ക് വേണ്ടി പണിയെടുത്തിട്ടും ശമ്പളം കൂടാത്തതിൽ അദ്ദേഹം കടുത്ത നിരാശ പ്രകടിപ്പിച്ചു.

അടിമയെ പോലെ ജോലി ചെയ്യുന്നു

ഓഫീസ് ജോലികൾ ചെയ്യുന്നതിനൊപ്പം ക്ലയന്‍റ് സൈറ്റുകൾ സന്ദർശിക്കണമെന്നതും തന്‍റെ ജോലി ഭാരം കൂട്ടി. ഒരു അടിമയെ പോലെയാണ് പലപ്പോഴും താൻ ജോലി ചെയ്തിരുന്നത്. ഓരോ യാത്രയ്ക്കും ആയിരങ്ങളാണ് ചെലവാകുന്നതെങ്കിലും യാത്ര ചെലവുകളൊന്നും കമ്പനി തരില്ല. പലപ്പോഴും വാരാന്ത്യങ്ങൾ പോലും ജോലി ചെയ്യേണ്ടിവരുന്നു ആകെ ആശ്വസം അതിന് നഷ്ടപരിഹാരമായി അവധി ലഭിക്കുമെന്നത് മാത്രമാണ്. പക്ഷേ, ചെയ്യുന്ന ജോലിക്കുള്ള ശമ്പളം മാത്രം ലഭിക്കുന്നില്ല. രണ്ട് വർഷമായി ചെലവുകളെല്ലാം കൂടി. പക്ഷേ ശമ്പളം മാത്രം കൂടിയില്ല. എല്ലാവരും മുതലെടുക്കുന്ന ഒരു കുഴിയിൽ കുടുങ്ങിയത് പോലെയാണ് തനിക്ക് തോന്നുന്നതെന്നും കുറച്ച് പണം പോലും മിച്ചം പിടിക്കാൻ കഴിയുന്നില്ലെന്നും ഈ ദുരിതത്തിൽ നിന്നും പുറത്ത് കടക്കാൻ ആഗ്രഹിക്കുന്നെന്നും അയാൾ എഴുതി. സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിന്‍റെ കുറിപ്പ് വൈറലായി. പിന്നാലെ, ഇന്ത്യയിൽ ഏതാണ്ടെല്ലാ മേഖലയിലും സമാനമായ സാഹചര്യമാണെന്ന് ചിലർ ചൂണ്ടിക്കാട്ടി.