ജർമ്മനിയിൽ മെഡിക്കൽ ഗവേഷകനായി ജോലി ചെയ്യുന്ന അവധേഷ്, സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന തന്‍റെ സുഹൃത്തിനെ സഹായിക്കാനായി നാട്ടിലെത്തി. 37 ലക്ഷം രൂപ വിലയുള്ള തന്‍റെ ആഡംബര കാറിൽ ബേക്കറി സാധനങ്ങൾ വിറ്റാണ് അദ്ദേഹം സുഹൃത്തിനായി ഒരു വരുമാന മാർഗം കണ്ടെത്തുന്നത്.

രു നിലയും വിലയുമായാൽ പിന്നെ പഴയ സുഹൃത്തുക്കളെ വഴിയിൽ വച്ച് കണ്ടാൽ പോലും പരിചയം നടിക്കാത്ത സുഹൃത്തുക്കൾ പലർക്കും കാണും. എന്നാൽ, അവധിക്കായി നാട്ടിലെത്തിയ ജർമ്മൻ ശാസ്ത്രജ്ഞനായ അവധേഷ് അങ്ങനെയൊരു സുഹൃത്തല്ല. ജർമ്മനിയിൽ ശാസ്ത്രജ്ഞനായി ജോലി ചെയ്യുന്നതിനിടെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു അവധേഷ്. അപ്പോഴാണ് തന്‍റെ സുഹൃത്തിന് സാമ്പത്തിക പരാധിനതയുണ്ടെന്ന് അദ്ദേഹം അറിഞ്ഞത്. പിന്നൊന്നും തോക്കിയില്ല, സുഹൃത്തിനെ സഹായിക്കാനായി തന്‍റെ 37 ലക്ഷം രൂപ വിലയുള്ള കാറിൽ അദ്ദേഹം ബേക്കറി സാധനങ്ങൾ വില്ക്കാനിറങ്ങി.

ബേക്കറി സാധനം വിറ്റ് ശാസ്ത്രജ്ഞൻ

കേൾക്കുമ്പോൾ മൂക്കത്ത് വിരൽ വയ്ക്കുമെങ്കിലും സംഗതി സത്യമാണ്. ഒരു ആഡംബര കാറിൽ ബേക്കറി സാധനങ്ങൾ വില്ക്കുന്ന അവധേഷിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സെക്ടർ 31 മാർക്കറ്റിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്. കാറിൽ ബേക്കറി സാധനങ്ങൾ വില്ക്കുന്നയാൾ ജർമ്മനിയിൽ നിന്ന് മടങ്ങിയെത്തിയ ഒരു മെഡിക്കൽ ഗവേഷണ ശാസ്ത്രജ്ഞനാണെന്നും അദ്ദേഹത്തിന്‍റെ ഒരു സുഹൃത്തിനെ സഹായിക്കുന്നതിനാണ് ഇത്തരമൊരു പ്രവർത്തിക്ക് അദ്ദേഹം തയ്യാറായതെന്നും വീഡിയോയിൽ പറയുന്നു. "ഇതുപോലൊരു സുഹൃത്തുണ്ട്. 37 ലക്ഷം രൂപയുടെ കാറിൽ ഒരു സുഹൃത്തിന് പിന്തുണ." എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

View post on Instagram

ജർമ്മനിയിൽ മെഡിക്കൽ റിസർച്ച് സയന്‍റിസ്റ്റ്

മൂന്ന് വർഷമായി അവധേഷ് ജർമ്മനിയിൽ മെഡിക്കൽ റിസർച്ച് സയന്‍റിസ്റ്റായി ജോലി ചെയ്യുകയാണ്. ഇപ്പോൾ അവധിയിൽ നാട്ടിലെത്തിയതാണ്. ചത്കാര ഓൺ വീൽസ്" എന്ന ചെറിയ ഭക്ഷണ സംരംഭം അദ്ദേഹം ആരംഭിച്ചത് തന്‍റെ സുഹൃത്തിനെ സഹായിക്കാൻ വേണ്ടിയാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്‍റെ സുഹൃത്തിന് വേണ്ടി എല്ലാം സജ്ജീകരിച്ച് കഴിഞ്ഞാൽ താൻ വീണ്ടും ജർമ്മനിയിലേക്ക് മടങ്ങും. അതിനായി ചിലപ്പോൾ അഞ്ചാറ് മാസം എടുത്തേക്കാമെന്നും സുഹൃത്തിന് വേണ്ടി സ്ഥിരമായി ഒരു വരുമാന സ്രോതസ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിനന്ദിച്ച് നെറ്റിസൺസ്

വീഡിയോയിൽ ഡിക്കി തുറന്ന് വച്ച കാറിന്‍റെ ഉള്ളിൽ നിരവധി ബേക്കറി സാധനങ്ങൾ വച്ചിരിക്കുന്നത് കാണാം. ചിലർ വന്ന് സാധനങ്ങൾ വാങ്ങുന്നു. വീഡിയോ റെക്കോർഡ് ചെയ്യുന്നതിനിടെ ' സഹോദരാ, 37 ലക്ഷം വിലയുള്ള ഒരു കാറാണിത്, കുഴപ്പമില്ല. സഹോദരാ, അദ്ദേഹം ജർമ്മനിയിൽ ഒരു മെഡിക്കൽ ഗവേഷണ ശാസ്ത്രജ്ഞനാണ്. ഇപ്പോൾ, തന്‍റെ സുഹൃത്തിനെ പിന്തുണയ്ക്കാൻ, അദ്ദേഹം തന്‍റെ 37 ലക്ഷം വിലയുള്ള കാറിന്‍റെ ഡിക്കിയിൽ വച്ച് സാധനങ്ങൾ വിൽക്കുന്നു.' എന്ന് പറയുന്നത് കേൾക്കാം. നിവരധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതാനെത്തിയത്. ഇത്തരമൊരു സുഹൃത്തിനെ തങ്ങൾക്കും ആവശ്യമുണ്ടെന്ന് നിരവധി പേരെഴുതി.