ചൈനയിലെ സാധാരണ ഭക്ഷണ വിതരണക്കാരനായ വാങ് ജിബിങ്, രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരമായ ലു ഷുൻ സാഹിത്യ പുരസ്കാരം നേടി. പകൽ ഡെലിവറി റൈഡറായും രാത്രി കവിയായും ജീവിച്ച അദ്ദേഹം, തൊഴിലാളികളുടെ ദൈനംദിന അനുഭവങ്ങൾ പ്രമേയമാക്കിയ 'Low Flight' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം നേടിയത്.

കൽ നഗരവീഥികളിലൂടെ ഭക്ഷണപ്പൊതികളുമായി പാഞ്ഞോടുന്ന ഒരു സാധാരണ ഡെലിവറി തൊഴിലാളി. പകൽ വെളിച്ചത്തെ അനുഭവങ്ങളെ രാത്രി അക്ഷരങ്ങളിലേക്ക് പകർന്ന് കവിതകളെഴുതി. ഒടുവിൽ ആ മഹാനായ സാഹിത്യകാരനെ തേടി രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതി തന്നെ എത്തി. അതെ, സാധാരണ തൊഴിലാളിയുടെ ജീവിതവും സാഹിത്യലോകവും തമ്മിൽ അപൂർവമായൊരു പാലം പണിത ഈ യാത്രയാണ് ഇന്ന് ചൈനയിൽ പ്രത്യേകിച്ചും സാഹിത്യ ലോകത്ത് വലിയ ചർച്ചയാകുന്നത്.

രാജ്യത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം

57 - കാരനായ വാങ് ജിബിങ് (Wang Jibing) ഒരു സാധാരണ ഭക്ഷണ വിതരണ ജോലിക്കാരനായിരുന്നു, രാജ്യത്തെ ഏറ്റവും ഏറ്റവും ശ്രദ്ധേയമായ സാഹിത്യ ബഹുമതികളിലൊന്നായ ലു ഷുൻ സാഹിത്യ പുരസ്കാരം (Lu Xun Literary Prize) സ്വന്തമാക്കുന്നത് വരെ. പകൽ സമയം ആളുകളുടെ ഓഡറിനനുസരിച്ച് അദ്ദേഹം ഭക്ഷണ പൊതുകളുമായി നഗരത്തിലെ തിരക്കുകളിലൂടെ പാഞ്ഞ് നടന്നു. രാത്രിയിൽ സ്വന്തം അനുഭവങ്ങളെ രാകിമിനുക്കി കവിതകളാക്കി അദ്ദേഹം ഒരു കവിതാ പുസ്തകം പ്രസിദ്ധീകരിച്ചു, 'Low Flight'. ആ കവിതാ സമാഹാരത്തിന് ചൈനയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം നേടിയതോടെ വാങ് ജിബിങിന്‍റെ ജീവിതം മാറി മറിഞ്ഞു.

Scroll to load tweet…

പകൽ ഡെലിവറി റൈഡർ, രാത്രിയിൽ കവി

"പകൽ ഡെലിവറി റൈഡർ, രാത്രിയിൽ കവി" എന്നറിയപ്പെടുന്ന വാങ് 2019-ലാണ് കുൻഷാനിൽ ഒരു ഫുഡ് ഡെലിവറി റൈഡറായി ജോലിക്ക് കയറിയത്. അദ്ദേഹം ഇതിനകം ഭക്ഷണപ്പൊതികളുമായി 1,50,000 കിലോമീറ്ററിലധികം സഞ്ചരിച്ചു. ഇതിനിടെ രാത്രികളിൽ അദ്ദേഹം 6,000 -ത്തിലധികം കവിതകൾ എഴുതാൻ സമയം കണ്ടെത്തി. അവയിൽ പലതും ഡെലിവറി തൊഴിലാളികളുടെ ദൈനംദിന അനുഭവങ്ങൾ, നിരാശകൾ, പ്രതിരോധശേഷി എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്. ദിവസേന നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഓർഡറുകൾ എത്തിക്കുന്നതിനിടയിൽ കണ്ടുമുട്ടുന്ന മനുഷ്യരും അവരുടെ ജീവിതസാഹചര്യങ്ങളും, സമയപരിധിയുടെ സമ്മർദവും, ഗിഗ് സമ്പദ്‌വ്യവസ്ഥയിലെ തൊഴിലാളികളുടെ അനുഭവങ്ങളുമാണ് അദ്ദേഹത്തിന്‍റെ കവിതകളുടെ പ്രധാന പ്രമേയം. കാത്തിരിപ്പിന്‍റെ നിമിഷങ്ങളിലും ജോലിക്കിടയിലെ ഇടവേളകളിലുമായി അദ്ദേഹം ആയിരക്കണക്കിന് കവിതകൾ രചിച്ചു.

Scroll to load tweet…

ചൈനയിലെ തൊഴിലാളി വർഗ്ഗ അനുഭവം

പുരസ്കാരം നേടിയ 'Low Flight' എന്ന കവിതാ സമാഹാരം വ്യക്തിപരമായ അനുഭവങ്ങൾ മാത്രമല്ല , മറിച്ച് രാജ്യത്തെ നിരവധി ഭക്ഷണവിതരണ തൊഴിലാളികളുമായി നടത്തിയ അഭിമുഖങ്ങളുടെയും അവരുടെ ജീവിതകഥകളുടെയും അടിസ്ഥാനത്തിൽ എഴുതിയ കൃതിയാണ്. സമൂഹം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന തൊഴിലാളികളുടെ ശബ്ദം സാഹിത്യത്തിലൂടെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവും ഈ കൃതിക്ക് പിന്നിലുണ്ടെന്ന് വാങ് തന്നെ വ്യക്തമാക്കുന്നു, ചൈനയുടെ അതിവേഗം വളരുന്ന ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ യാഥാർത്ഥ്യമാണ് പുസ്തകം പറയുന്നത്. പകർത്തുന്നു.

Scroll to load tweet…

ദാരിദ്രം നിറഞ്ഞ കുട്ടിക്കാലം

കുട്ടിക്കാലത്ത് തന്നെ പഠനം ഉപേക്ഷിക്കേണ്ടി വന്ന ജീവിത സാഹചര്യമായിരുന്നു അദ്ദേഹത്തിന്‍റെത്. നിർമാണത്തൊഴിലാളി, മാലിന്യശേഖരണ തൊഴിലാളി തുടങ്ങി നിരവധി ജോലികൾ ചെയ്ത ശേഷമാണ് വാങ് ഭക്ഷണവിതരണ രംഗത്തേക്ക് എത്തിയത്. എങ്കിലും വായനയും എഴുത്തും അദ്ദേഹം ഒരിക്കലും കൈവിട്ടില്ല. പിന്നീട് സാമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച കവിതകളിലൂടെയാണ് അദ്ദേഹത്തിന് ഒരു വലിയൊരു വായനാ സമൂഹത്തെ ലഭിച്ചത്. 'Man in a Hurry' എന്ന കവിത ശ്രദ്ധിക്കപ്പെട്ടതോടെ വാങ്, സാഹിത്യകാരൻ എന്ന് അംഗീകരിക്കപ്പെട്ടു. പുരസ്കാരം ലഭിച്ച ശേഷവും ഭക്ഷണവിതരണ ജോലി തുടരാനാണ് തന്‍റെ തീരുമാനം എന്ന് വാങ് പറയുന്നു. സാധാരണ മനുഷ്യരുടെ ജീവിതത്തിനിടയിൽ തുടരുമ്പോഴാണ് എഴുത്തിന് ഏറ്റവും വലിയ പ്രചോദനം ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.