ദളിത് വിഭാഗത്തിൽപ്പെട്ട 125 കുടുംബങ്ങൾക്കാണ് റോഡ് ഇന്നുമൊരു സ്വപ്നമായി തുടരുന്നത്. വയലുകളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്തെ ഏക സഞ്ചാര പാത വയലിൽ നിർമ്മിച്ച ബണ്ടുകളിലൂടെയാണ്. വയലുകള്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരുടേതായതിനാല്‍ വയലിലൂടെ നടക്കാന്‍ ഗ്രാമീണര്‍ക്ക് അനുമതിയില്ല.
ഏതൊരു നാടിന്‍റെയും വികസനത്തിന് സഞ്ചാര യോഗ്യമായ റോഡുകൾ ആവശ്യമാണ്. മറ്റ് പ്രദേശങ്ങളുമായി പരസ്പരം ബന്ധിപ്പിക്കുന്നതിൽ റോഡുകൾക്കുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ടാണ് രാജ്യത്തുടനീളം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന റോഡുകളുടെ ഒരു വലിയ ശൃംഖല തന്നെയുള്ളത്. എന്നാൽ ഇത്തരത്തിൽ റോഡുകൾ ഇല്ലാതെ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു കൊച്ചു ഗ്രാമം നമ്മുടെ രാജ്യത്തുണ്ട്. ഈ ഗ്രാമത്തിലുള്ളവർക്ക് റോഡുകൾ എന്നത് വരും കാലങ്ങളിലെപ്പോഴെങ്കിലും സംഭവിച്ചേക്കാവുന്ന ഒരു സ്വപ്നം മാത്രമാണ്. ഉത്തർപ്രദേശിലെ ഡിയോറിയയിലെ ഭാലുവാനി നഗർ പഞ്ചായത്തിൽ താമസിക്കുന്ന ദളിത് വിഭാഗത്തിൽപ്പെട്ട 125 കുടുംബങ്ങൾക്കാണ് റോഡ് ഇന്നുമൊരു സ്വപ്നമായി തുടരുന്നത്. വയലുകളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് ഇവരുടെ ഏക സഞ്ചാര പാത വയലിൽ നിർമ്മിച്ച ബണ്ടുകളാണ്.
മഴ പെയ്താൽ ഈ പ്രദേശത്തിന് ചുറ്റുമുള്ള വയലുകൾ വെള്ളത്തിലാകുകയും ഈ ജനവാസകേന്ദ്രം ഒരു ദ്വീപ് പോലെ മാറുകയും ചെയ്യും. ഈ വയലുകൾ ഒന്നും ഗ്രാമവാസികളുടേത് അല്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ വെള്ളം കെട്ടികിടക്കുന്ന കൃഷിയടങ്ങളിലൂടെ നടക്കാൻ പോലും ഇവർക്ക് അനുവാദം ഇല്ലത്രേ. വാഹന സൗകര്യം ഇല്ലാത്തതിനാൽ അത്യാവശ്യഘട്ടങ്ങളിൽ പോലും പുറംലോകവുമായി ബന്ധപ്പെട്ടാൻ ഈ ഗ്രാമവാസികൾക്ക് യാതൊരു മാർഗവുമില്ല. തങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടികാണിച്ചുകൊണ്ട് നിരവധി തവണ അധികാരികൾക്ക് കത്തുകൾ അയച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ലന്ന് ഗ്രാമവാസികൾ പറയുന്നു. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഈ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ഇതേ പ്രശ്നം നേരിടുന്ന മറ്റ് ചില ഉൾനാടൻ പ്രദേശങ്ങളും ഇന്ത്യയിലുണ്ടെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. രാജ്യം വികസനത്തിന്‍റെ പാതയിൽ മുന്നേറുന്നുവെന്ന് അവകാശപ്പെടുമ്പോള്‍ അടിസ്ഥാന ഗതാഗത സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെടുന്നത് അന്യായമാണന്ന് പലരും അഭിപ്രായപ്പെട്ടു.
