ഇന്നലെ ഏപ്രിൽ 22 -ന് നടത്തിയ പ്രസ് മീറ്റിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ റഷ്യയിലെ ഒക്ടോബർ വിപ്ലവത്തിന്റെ സമരനായകനായ വ്ലാദിമിർ ലെനിനെ അനുസ്മരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പരാമർശത്തിൽ പ്രസക്തഭാഗങ്ങൾ ഇങ്ങനെയായിരുന്നു 

"ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ന് ലെനിന്റെ 150 -ാം ജന്മദിനം കൂടിയാണ്. ലെനിനെക്കുറിച്ച് ഇപ്പോൾ പറയുന്നതിന് ഒരു സാംഗത്യമുണ്ട്. മനുഷ്യ രാശി കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു സ്പാനിഷ് ഫ്ലൂ എന്നറിയപ്പെട്ട 1918 -ലെ ഇൻഫ്ലുവെൻസ. ലോക വ്യാപകമായി 50 ദശലക്ഷം പേരാണ് അതിൽ പെട്ട് മരിച്ചത്. അന്ന് മഹാമാരിയെ ചെറുക്കുന്നതിനേക്കാൾ പല രാജ്യങ്ങളും പ്രാധാന്യം കല്പിച്ചത് ഒന്നാം ലോക മഹായുദ്ധം മുന്നോട്ടു കൊണ്ടുപോകുന്നത്. ലെനിനാണ് ആ ഘട്ടത്തിൽ , " ശത്രുത അവസാനിപ്പിക്കുക " എന്ന അന്താരാഷ്ട്ര ആഹ്വാനം നടത്തിയത്. എന്നാൽ, ലെനിന്റെ ആഹ്വാനം അമേരിക്കയും ഫ്രാൻസും ബ്രിട്ടനും ഒരു വശത്തും ജർമനിയും സഖ്യകക്ഷികളും മറുവശത്തും അവഗണിച്ചു തള്ളി. ലെനിന്റെ ആഹ്വാനപ്രകാരം യുദ്ധത്തെ നേരിടുന്നതിലുമധികം പ്രാധാന്യം മഹാമാരിയെ നേരിടുന്നതിന് നൽകിയിരുന്നെങ്കിൽ പതിനായിരക്കിന് സൈനികരടക്കമുള്ളവർ ആ രോഗം മൂലം മരിച്ചു വീഴുമായിരുന്നില്ല. ആ ചരിത്ര സംഭവം ലെനിന്റെ ഓർമദിനത്തിൽ നമുക് വലിയ ഒരു പാഠം നൽകുന്നുണ്ട്.  അത്, മറ്റെന്തിനേക്കാളും ഉപരിയായി കൊവിഡ് 19 എന്ന മഹാമാരിയെ നേരിടുന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ മുഴുവൻ. മനുഷ്യ രാശിയെ സ്നേഹിക്കുന്നവർ ആരും തന്നെ ഈ ശ്രദ്ധയെ തിരിച്ചുവിടാനോ ക്ഷീണിപ്പിക്കാനോ ശ്രമിക്കാൻ പാടില്ല. ഒറ്റക്കെട്ടായി നിന്ന് രോഗത്തെ അതിജീവിക്കാനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. വഴി തിരിച്ചുവിടൽ ശ്രമങ്ങൾ ഈ പോരാട്ടത്തെ ദുർബലപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ. അത് മനുഷ്യത്വപരമാണ് എന്ന് പറയാനും കഴിയില്ല."  

രാജ്യം ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, ഭരണകർത്താക്കളോട് നിസ്സാരകാര്യങ്ങൾ ഉയർത്തിക്കാട്ടി പോരിന് വരുന്നത് മനുഷ്യത്വമില്ലായ്കയാണ് എന്ന് ലെനിന്റെ ഉദാഹരണത്തിലൂടെ പ്രതിപക്ഷത്തോട് പറയാതെ പറയുകയായിരുന്നു മുഖ്യമന്ത്രി. എന്നാൽ, അദ്ദേഹത്തിന്റെ ഈ ചരിത്ര പരാമർശം കാലഗണന നോക്കുമ്പോൾ എത്രമാത്രം കൃത്യമാണ്..? റഷ്യ ഗ്രേറ്റ് വാറിൽ നിന്ന് പിൻവാങ്ങണം എന്ന ലെനിന്റെ ആ നിർണായകമായ തീരുമാനത്തിന് പ്രേരകമായത് സ്പാനിഷ് ഫ്ലൂ എന്ന മഹാമാരിയാണോ? 

എന്താണ് ചരിത്രം പറയുന്നത്?

റഷ്യയെ സംബന്ധിച്ചിടത്തോളം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ രാജ്യത്തിന്റെ തലപ്പത്ത് നിർണായക തീരുമാനങ്ങൾ എടുക്കാൻ ഉണ്ടായിരുന്നത് സാർ നിക്കോളാസ് രണ്ടാമൻ ആയിരുന്നു. 1914 ജൂലൈ  30 നാണ് യുദ്ധത്തിന് റഷ്യൻ സൈന്യത്തെ നിയോഗിക്കാനുള്ള നിർണായക തീരുമാനമെടുക്കുന്നത്. ഓഗസ്റ്റ് ഒന്നാം തീയതി യാണ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. അല്ലെങ്കിൽ തന്നെ അനുദിനം ദരിദ്രമായിക്കൊണ്ടിരുന്ന റഷ്യക്ക് ആ സാഹചര്യത്തിൽ ഒരു യുദ്ധം താങ്ങാവുന്നതിലേറെയായിരുന്നു. ആദ്യത്തെ പോരാട്ടം റഷ്യക്ക് സമ്മാനിച്ചത് കനത്ത പരാജയമാണ്. ടാനൻബർഗ് യുദ്ധം അവസാനിച്ചപ്പോഴേക്കും ഏകദേശം തൊണ്ണൂറായിരത്തോളം റഷ്യൻ ഭടന്മാർ ജർമൻ യുദ്ധത്തടവുകാരായി മാറി. തുടക്കത്തിൽ റഷ്യ പിടിച്ചടക്കിയ പ്രദേശങ്ങൾ ഒക്കെ പിന്നീട് ജർമനി തിരിച്ചു പിടിച്ചു.

 

'യുദ്ധത്തിനിറങ്ങുമ്പോൾ സാർ ചക്രവർത്തിയുടെ അനുഗ്രഹം വാങ്ങുന്ന റഷ്യൻ ഭടന്മാർ '

 1916 ആയപ്പോഴേക്കും ഇരുപതു ലക്ഷത്തോളം റഷ്യൻ ഭടന്മാർ മരണപ്പെട്ടിരുന്നു. മൂന്നു ലക്ഷത്തോളം സൈനികരെങ്കിലും ശത്രുരാജ്യങ്ങളിൽ തടവിലായിരുന്നു. നവംബർ ആയപ്പോഴേക്കും രാജ്യത്ത് അവശ്യസാധനങ്ങളുടെ വില ആകാശം മുട്ടി. വേതനവർദ്ധനവിനു വേണ്ടി റഷ്യയിലെ പൊതുജനം സമരങ്ങളുമായി തെരുവിലിറങ്ങുന്ന സാഹചര്യമുണ്ടായി. 

ലെനിന്റെ എൻട്രി, ഒക്ടോബർ വിപ്ലവം, സമാധാന പ്രഖ്യാപനം

അക്കാലത്താണ് ലെനിന്റെ എൻട്രി ഉണ്ടാകുന്നത്. കോളേജ് വിദ്യാഭ്യാസ കാലത്തു നടത്തിയ വിപ്ലവങ്ങളുടെ പേരിൽ പതിവുപോലെ സൈബീരിയയിലെ മരുഭൂമികളിലേക്ക് നാടുകടത്തപ്പെട്ട ലെനിൻ അവിടെ നിന്ന് ഒളിച്ചു കടന്ന് സ്വിറ്റ്സർലണ്ടിലെത്തി ആരോരുമറിയാതെ തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടരുന്ന കാലം. ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ തീവ്രസ്വഭാവമുള്ള ഗ്രൂപ്പായിരുന്ന ബോൾഷെവിക്കുകളുടെ നേതാവായിരുന്ന ലെനിനെ, യുദ്ധത്തെ പിന്തുണക്കാനുള്ള യൂറോപ്പിലെ മറ്റു സോഷ്യലിസ്റ്റുകളുടെ തീരുമാനം വല്ലാതെ ക്ഷുഭിതനാക്കിയിരുന്നു. എന്നാൽ, അതേസമയം ആ യുദ്ധത്തെ ഒരു അവസരമായും അദ്ദേഹം കണ്ടു. സാമ്രാജ്യത്വ ശക്തികൾ നടത്തുന്ന ആ യുദ്ധം കൊണ്ടുവന്ന കെടുതികളോടുള്ള ജനരോഷത്തെ, സ്വന്തം നാട്ടിൽ ഒരു ആഭ്യന്തര യുദ്ധമാക്കി വളർത്തിയെടുത്ത് സാർ ചക്രവർത്തിയെ അധികാരത്തിൽ നിന്ന് പുറന്തള്ളി അധ്വാനിക്കുന്ന ജനവിഭാഗത്തെ ഭരണത്തിലേറ്റാനുള്ള പദ്ധതികൾക്ക് അദ്ദേഹം രൂപം നൽകി. അക്കാലത്താണ് അദ്ദേഹം 'സാമ്രാജ്യത്വം: മുതലാളിത്തത്തിന്റെ പരമകാഷ്ഠ' എന്ന പുസ്തകമൊക്കെ ലെനിൻ എഴുതുന്നത്. സ്വന്തം നാട്ടിലെ സൈനികരോട്, തങ്ങളുടെ ഓഫീസർമാർക്ക് നേരെ തോക്കുകൾ തിരിച്ചു ചൂണ്ടി, നാട്ടിൽ ഒരു ജനകീയ വിപ്ലവത്തിന് തിരികൊളുത്താൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള നിരവധി ലഘുലേഖകൾ, സ്വിറ്റ്സർലൻഡിലിരുന്നു തയ്യാറാക്കി റഷ്യയിലെത്തിച്ചു വിതരണം ചെയ്തു ലെനിൻ. 

 

 

1917 -ൽ നടന്ന ഒക്ടോബർ വിപ്ലവത്തിലൂടെ ബോൾഷെവിക്കുകൾ അധികാരമേറ്റെടുത്തപ്പോൾ  തന്നെ അവരുടെ നേതാവായ ലെനിൻ ആദ്യം പറഞ്ഞത് 'സമാധാനം' എന്ന വാക്കുതന്നെയാണ്. സാമ്രാജ്യത്വ യുദ്ധത്തെ ആഭ്യന്തര കലാപമാക്കി മാറ്റി അധികാരം പിടിച്ചെടുക്കുക എന്ന സായുധവിപ്ലവപദ്ധതി വിജയം കണ്ടതോടെ പിന്നെ ലെനിനെ സംബന്ധിച്ചിടത്തോളം പിന്നെ ഒരു യുദ്ധത്തിന് പ്രസക്തിയില്ലായിരുന്നു. ഒക്ടോബറിൽ വിപ്ലവം നടക്കുന്നു, നവംബറിൽ തന്നെ ലെനിൻ തന്റെ വിഖ്യാതമായ 'സമാധാനത്തിനായുള്ള വിധിത്തീർപ്പ്' (Decree on Peace) പുറപ്പെടുവിക്കുന്നു.  നവംബർ 9 -ലെ ഐവെസ്റ്റിയ പാത്രത്തിൽ പ്രസിദ്ധപ്പെടുത്തിയ ഈ വിധിത്തീർപ്പ് നടപ്പിലാക്കപ്പെടുന്നത് നാലുമാസത്തിനു ശേഷം 1918 മാർച്ചിൽ ഒപ്പുവെച്ച  'ബ്രെസ്റ്റ്-ലിറ്റോവ്സ്ക്ക്' ഉടമ്പടിയിലൂടെയാണ്. 

വിപ്ലവം കഴിഞ്ഞ പാടെത്തന്നെ, തന്റെ വിശ്വസ്തനായ ലെഫ്റ്റനന്റ് കോമ്രേഡ് ലിയോൺ ട്രോട്സ്കിയെ ലെനിൻ ബ്രെസ്റ്റ്-ലിറ്റോവ്സ്കിലേക്ക് സമാധാന ദൂതുമായി പറഞ്ഞയച്ചിരുന്നു. കേന്ദ്രീയശക്തികൾക്ക് റഷ്യൻ പ്രവിശ്യകൾ ഒന്നുംതന്നെ അടിയറ വെക്കാതെ എത്രയും പെട്ടെന്ന് യുദ്ധത്തിൽ നിന്ന് റഷ്യക്ക് തന്ത്രപരമായി പിന്മാറാനുളള സാഹചര്യമുണ്ടാക്കുക എന്ന ദുഷ്‌കരദൗത്യമാണ് ട്രോട്സ്കിയെ ലെനിൻ ഏൽപ്പിച്ചത്. എന്നാൽ ആ ദിശയിലുള്ള ട്രോട്സ്കിയുടെ ശ്രമങ്ങൾ ഫലിച്ചില്ല. ഒടുവിൽ ജർമൻ സൈന്യം പെട്രോഗ്രാഡ് ലക്ഷ്യമാക്കി മാർച്ചിങ് തുടങ്ങിയെന്നറിഞ്ഞപ്പോഴാണ് ലെനിൻ, വിട്ടുവീഴ്ച ചെയ്യാൻ ട്രോട്സ്കിക്ക് നിർദേശം നൽകുന്നത്. അങ്ങനെയാണ് 1918 മാർച്ച് 18 -ന് 'ബ്രെസ്റ്റ്-ലിറ്റോവ്സ്ക്ക്' ഉടമ്പടിയിൽ റഷ്യ ഒപ്പിടുന്നത്. അതിൻപ്രകാരം, ഉക്രെയിൻ, ഫിൻലൻഡ്‌, ബാൾട്ടിക് പ്രവിശ്യകൾ, കോക്കസസ്, പോളണ്ട് എന്നിവ കേന്ദ്രീയ ശക്തികൾക്ക് അടിയറവെച്ച് ലെനിൻ ഒരു വിധം യുദ്ധം അവസാനിപ്പിക്കുകയാണുണ്ടായത്. 

 സ്പാനിഷ് ഫ്ലൂവും പിണറായിയുടെ പരാമർശവും

ഇനിയാണ് മുഖ്യമന്ത്രി ഏപ്രിൽ 22 -ലെ പത്രസമ്മേളനത്തിൽ നടത്തിയ ലെനിൻ പരാമർശത്തിന്റെ കാലഗണനയുടെ വിഷയം വരുന്നത്. ആ പരാമർശം സൂചിപ്പിക്കുന്നത്, ഒന്നാം ലോകമഹായുദ്ധത്തിൽ ലോകരാഷ്ട്രങ്ങൾ രണ്ടു ചേരികളായി തിരിഞ്ഞ് പോരടിച്ചുകൊണ്ടിരിക്കെ, പെട്ടെന്ന് സ്പാനിഷ് ഫ്ലൂ വരുന്നു. ലോകമെമ്പാടും വലിയ ജീവനാശമുണ്ടാകുന്നു. അതുകണ്ട ലെനിൻ ഇപ്പോൾ യുദ്ധം ചെയ്യേണ്ട സമയമല്ല, മഹാമാരിക്കെതിരെ പോരാടേണ്ട സമയമാണ് എന്നും പറഞ്ഞുകൊണ്ട് സമാധാനത്തിനായി ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്യുന്നു. എന്നാണ്. അതിൽ എത്രമാത്രം സത്യമുണ്ട്?

1918 -ന്റെ തുടക്കത്തിൽ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്പാനിഷ് ഫ്ലൂവിന്റെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു എങ്കിലും അതിനു ഒരു മഹാമാരീസ്വഭാവം വരുന്നതും ജീവനാശം ഇത്രയ്ക്ക് അധികമാകുന്നതും 1918 ഏപ്രിൽ മെയ് മാസങ്ങളിൽ വന്ന അതിന്റെ രണ്ടാം തരംഗത്തിലാണ്. ചുരുക്കിപ്പറഞ്ഞാൽ, ലെനിൻ റഷ്യയിലെ അധികാരശ്രേണിയിലേക്ക് കടന്നുവന്ന് സമാധാനത്തിനുള്ള ആഹ്വാനമൊക്കെ നടത്തി, 'ബ്രെസ്റ്റ്-ലിറ്റോവ്സ്ക്ക്' ഉടമ്പടിയും ഒപ്പുവെച്ച ശേഷമാണ് സ്പാനിഷ് ഫ്ലൂ റഷ്യയിലും, ലോകത്തെമ്പാടും സംഹാരതാണ്ഡവമാടുന്നത് എന്നുസാരം. അതായത് സ്പാനിഷ് ഫ്ലൂ എന്ന മഹാമാരിയല്ല, ലെനിന്റെ സമാധാനദാഹത്തിനുള്ള പ്രചോദനം എന്നർത്ഥം. 

 

'ട്രോട്സ്കിയോടൊപ്പം ലെനിൻ' 

ലെനിന്റെ ആരോഗ്യ പരിഷ്‌കാരങ്ങൾ 

ലെനിന്റെ നേതൃത്വത്തിൽ, 1917 -ന്റെ അവസാനത്തിൽ അധികാരത്തിലേറിയ ബോൾഷെവിക്ക് പാർട്ടിയാണ് ഒരു പക്ഷേ, ലോകത്തിൽ തന്നെ ആദ്യമായി
രാജ്യവ്യാപകമായി നടപ്പിലാക്കാൻ പോന്ന ഒരു 'സമഗ്ര ശുചീകരണ നിയമം' നിർമ്മിക്കുന്നത്. ശുദ്ധമായ കുടിവെള്ളവിതരണം, രാജ്യവ്യാപകമായി കനാലുകൾ വഴി വെള്ളമെത്തിക്കൽ, ഗാർഹിക, വ്യാവസായിക യൂണിറ്റുകളുടെ ശുചീകരണത്തിന്റെ ഏകോപനവും നിരീക്ഷണവും തുടങ്ങിയവ ആരംഭിക്കുന്നത് അവരാണ്. അതേ കൊല്ലമാണ് ആൾ റഷ്യ നഴ്സസ് യൂണിയൻ രൂപീകൃതമാകുന്നതും. സാമൂഹികമായ ഇൻഷുറൻസ് സംവിധാനത്തിനും അക്കൊല്ലം തന്നെ റഷ്യ തുടക്കമിടുന്നുണ്ട്. 'പീപ്പിൾസ് കമ്മിസ്സാറിയറ്റ് ഓഫ് ലേബർ' മുഖാന്തരം തൊഴിലാളികൾക്കുണ്ടാവുന്ന അപകടങ്ങൾ, വ്യാധികൾ, അവരുടെ ആരോഗ്യ സംരക്ഷണം, ഗർഭകാല പരിചരണം, പ്രസവസുരക്ഷ തുടങ്ങിയ പലതിന്റെയും ഉത്തരവാദിത്തം അന്നുതന്നെ ഗവൺമെന്റ് ഏറ്റെടുക്കുന്നുണ്ട്. 1918 -ൽ പെട്രോഗ്രാഡിൽ ലെനിൻ സ്ഥാപിച്ച 'കമ്മിസ്സാറിയറ്റ് ഓഫ് പബ്ലിക് ഹെൽത്ത്' മെഡിക്കൽ ഡിപ്പാർട്ടുമെന്റുകളുടെ ഒരു കൗൺസിൽ രൂപീകരിച്ച് അവയെ ഏകോപിപ്പിച്ചു.

 

 

നിക്കോളായ് ഷെമാഷ്‌കോ ആയിരുന്നു സോവിയറ്റ് റഷ്യയിലെ ആദ്യത്തെ പബ്ലിക് ഹെൽത്ത് കമ്മിസ്സാർ. റഷ്യൻ ആരോഗ്യരംഗത്തെ മികവുറ്റതാക്കുന്നതിന് ഏറെ പ്രയത്നിച്ചവരിൽ ഒരാളായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്ത് മിലിട്ടറി സാനിറ്ററി ബോർഡ്, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഹൈജീൻ, പെട്രോഗ്രാഡ് സ്കോറായ എമർജൻസി കെയർ, സൈക്യാട്രി കമ്മീഷൻ എന്നിങ്ങനെ ഒന്നിനുപിന്നാലെ ഒന്നായി പല സംവിധാനങ്ങളും റഷ്യയിൽ നിലവിൽ വന്നു. 1920 -ൽ സർക്കാർ നടത്തിപ്പിലുള്ള, തൊഴിലാളികളുടെ ആദ്യത്തെ വൃദ്ധസദനം സ്ഥാപിതമായി റഷ്യയിൽ. അധികം താമസിയാതെ തന്നെ, യാൾട്ടയിൽ കൃഷിക്കാർക്കായി ലോകത്തിലെ ആദ്യത്തെ ഹെൽത്ത് റിസോർട്ടും നിർമ്മിക്കപ്പെട്ടു. മിക്കവാറും എല്ലാ ഫാർമ കമ്പനികളും ആശുപത്രികളും ദേശസാൽക്കരിച്ച് സർക്കാർ ഉടമസ്ഥതയിലേക്ക് മാറ്റപ്പെട്ടു. നിരവധി ബാക്ടീരിയോളജിക്കൽ ഇൻസ്റിറ്റ്യൂട്ടുകളും ലെനിൻ സ്ഥാപിച്ചു. ലക്ഷക്കണക്കിന് റൂബിളിന്റെ നിക്ഷേപം നടത്തി ആരോഗ്യരംഗത്ത് ലെനിൻ നടപ്പിൽ വരുത്തിയത് ഒരു വലിയ വിപ്ലവം തന്നെയായിരുന്നു എന്നതിൽ ഒരു സംശയവുമില്ല. 

ലെനിൻ എന്ന കർക്കശസ്വഭാവിയായ നേതാവ് 

എന്നാൽ അതേ സമയം, ലെനിനും അദ്ദേഹത്തിന്റെ ബോൾഷെവിക്ക് പാർട്ടിയും നാട്ടിൽ സോഷ്യലിസ്റ്റ് വിപ്ലവമുണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെട്ട കാലം കൂടിയായിരുന്നു അത്. ഭൂമി വൻതോതിൽ കയ്യടക്കി വെച്ചിരുന്നവരിൽ നിന്ന് അത് പിടിച്ചെടുത്ത കർഷകർക്ക് വിതരണം ചെയ്തു ലെനിൻ. ഫാക്ടറിയുടെ നിയന്ത്രണം ഗവൺമെന്റ് ഏറ്റെടുത്തു. എന്നിട്ട് അവയുടെ അധികാര ശ്രേണികളിൽ തൊഴിലാളി പ്രതിനിധികളെ പ്രതിഷ്ഠിച്ചു. സ്ത്രീകൾക്കും മത ന്യൂനപക്ഷങ്ങൾക്കും തുല്യ അവകാശങ്ങൾ ഉറപ്പുവരുത്തി. എന്നാൽ തങ്ങളുടെ പെറ്റി ബൂർഷ്വാ വർഗ്ഗശത്രുക്കളെ അവർ നിർദയം വേട്ടയാടി. ഉന്മൂലനം തന്നെയായിരുന്നു ലെനിനും സഖാക്കളും അന്ന് സ്വീകരിച്ച മാർഗം. തങ്ങളുടെ പത്തായങ്ങൾ സർക്കാരുമായി പങ്കുവയ്ക്കാൻ മടിച്ച നിരവധി ഭൂവുടമകൾ ലെനിന്റെ നേരിട്ടുള്ള 'കഴുവേറ്റ ഉത്തരവി'(Hanging Order)ന്റെ ബലത്തിൽ പൊതുസ്ഥലങ്ങളിൽ വെച്ച് വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടു.  

സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ മാതൃകാപുരുഷനായിരുന്ന ലെനിന്റെ ഈ സ്വേച്ഛാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണ് ഓഗസ്റ്റ് 30 -ന് ഫാനി കാപ്‌ളാൻ എന്ന തീപ്പൊരി വിപ്ലവകാരി അദ്ദേഹത്തെ വധിക്കാൻ ലക്ഷ്യമിട്ട് വെടിയുതിർക്കുന്നത്. ഫാനിയുടെ തോക്കിൽനിന്നുതിർന്ന രണ്ടു വെടിയുണ്ടകൾ ദേഹത്ത് തുളച്ചുകയറിയിട്ടും, ലെനിൻ ആയുസ്സിന്റെ ബലം ഒന്നുകൊണ്ടു മാത്രമാണ് അന്ന് ജീവനോടെ രക്ഷപ്പെട്ടത്. പക്ഷേ, ആ സംഭവം അദ്ദേഹത്തെ മാനസികമായി ആകെ പിടിച്ചുലച്ചുകളഞ്ഞു. പിന്നീടങ്ങോട്ട് തുടരെ പക്ഷാഘാതങ്ങളുണ്ടായി ഏറെക്കുറെ ശയ്യാവലംബിയായിട്ടാണ് ലെനിൻ ജീവിച്ചുപോന്നത്. 1923 മാർച്ച് 9 ന് ലെനിന് മൂന്നാമത്തെയും അവസാനത്തെയും പക്ഷാഘാതം ഉണ്ടാവുകയും, അദ്ദേഹത്തിന്റെ സംസാരശേഷി പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. മൂന്നാമത്തെ പക്ഷാഘാതം, ലെനിനെ പൂർണ്ണമായും ശയ്യാവലംബനാക്കി. ഒടുവിൽ രോഗപീഡയുടെ പാരമ്യത്തിൽ, 1924 ജനുവരി 21 ന്  ഇഹലോകവാസം വെടിയുകയായിരുന്നു ലെനിൻ. 

 

 

തന്റെ കർമ്മശേഷിയും കഠിനാധ്വാനവും കൊണ്ട് ലോകത്തിനു മുന്നിൽ ഒരു മാതൃകയായി നിലകൊള്ളുന്ന നേതാവുതന്നെയാണ് വ്ലാദിമിർ ലെനിൻ. പലയിടത്തും അദ്ദേഹത്തെ അധികാരത്തിനു പിന്നാലെ പാഞ്ഞിരുന്ന, ശത്രുക്കളെ നിർദ്ദയം നിർമാർജ്ജനം ചെയ്തിരുന്ന ഒരു കർക്കശബുദ്ധിയായും ചിത്രീകരിച്ചു കാണാറുണ്ട്. എന്നാൽ, അത് ആ കാലഘട്ടത്തിന്റെ കീഴ്വഴക്കം കൂടിയായിരുന്നു. അധികാരം കയ്യിൽ വരുമ്പോൾ എല്ലാ സോഷ്യലിസ്റ്റുകളും ഷോവനിസ്റ്റുകളായി മാറുന്ന ഒരു കാലമായിരുന്നു അത്. ലെനിനും ഏറെക്കുറെ ആ പ്രലോഭനത്തിനു വശംവദനായിരുന്നു. എന്നിരുന്നാലും, ആത്യന്തികമായി  ജനങ്ങളെ നേർവഴിക്ക് നയിക്കാനും അവരുടെ ക്ഷേമം ഉറപ്പുവരുത്താനും തന്നെയാണ് ലെനിൻ ആഗ്രഹിച്ചിരുന്നത്.  

ലെനിൻ ജനക്ഷേമപ്രവർത്തനങ്ങളിൽ തത്പരനായിരുന്നു, ആരോഗ്യരംഗത്ത് ഒട്ടേറെ പരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്തി എന്നൊക്കെയുള്ള വസ്തുതകൾ നിലനിൽക്കുമ്പോഴും, സ്പാനിഷ് ഫ്ലൂ എന്ന മഹാമാരി ലോകത്തുണ്ടാക്കിയ കെടുതികൾ കണ്ട്, അതിനോട് പൊരുതേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ടാണ് ലെനിൻ അന്ന് സമാധാനത്തിന് ആഹ്വാനം ചെയ്തത് എന്നൊക്കെ പറഞ്ഞാൽ അത് പൂർണമായും വസ്തുതകൾക്ക് നിരക്കുന്ന ഒന്നായിരിക്കില്ല. ആദ്യം തൊട്ടുതന്നെ മറ്റുരാജ്യങ്ങളുമായി യുദ്ധം ചെയ്യാൻ ലെനിന് താത്പര്യമുണ്ടായിരുന്നില്ല. സോവിയറ്റ് റഷ്യ സ്ഥാപിച്ചെടുക്കാനും, അതിന്റെ അധികാരശ്രേണിയുടെ തലപ്പത്ത് അവനവനെ പ്രതിഷ്ഠിക്കാനും വേണ്ടി ആഭ്യന്തരകലാപത്തിനുള്ള സാഹചര്യമൊരുക്കുന്നിടം വരെ മാത്രമേ ലെനിന് ഒന്നാം ലോകമഹായുദ്ധത്തിന്റെ സഹായം വേണ്ടിയിരുന്നു. അത് കൃത്യമായി നേടിക്കഴിഞ്ഞ അടുത്ത നിമിഷം തന്നെ യുദ്ധത്തിൽ നിന്ന് പിന്മാറാനുള്ള വിവേകം ലെനിൻ കാണിച്ചു. അതിനു പിന്നിൽ പ്രവർത്തിച്ച ചേതോവികാരം, രക്തരൂക്ഷിതമായ ജനകീയ സായുധവിപ്ലവത്തിലൂടെ കഷ്ടപ്പെട്ട് നേടിയെടുത്ത അധികാരം യുദ്ധത്തിന്റെ കെടുതികളിൽ പാഴാക്കാനുള്ളതല്ല എന്നുള്ള തിരിച്ചറിവുമാത്രമായിരുന്നു.

ഇത്രയും പറഞ്ഞതിന് ലെനിൻ സ്പാനിഷ് ഫ്ലൂ എന്ന മഹാമാരിയെ അതിജീവിക്കാനായി റഷ്യക്കുവേണ്ടി ഒന്നും ചെയ്തില്ല എന്നൊരു ധ്വനി ഇല്ല. റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ വിപ്ലവങ്ങൾ നടക്കുന്നത് ലെനിന്റെ കാലത്തു തന്നെയാണ്.