Asianet News MalayalamAsianet News Malayalam

സ്വന്തം ചെവി മുറിച്ചെടുത്ത് ഒരു വേശ്യക്ക് സമ്മാനിച്ചിരുന്നുവോ സത്യത്തിൽ വിൻസന്റ് വാൻഗോഗ് ?

അത്താഴത്തിനു ശേഷം ഒന്ന് ഉലാത്താൻ വേണ്ടി വീടിനടുത്തുള്ള പാർക്കിലേക്കിറങ്ങിയ ഗോഗിന്റെ പിന്നിലൂടെ പതുങ്ങിവന്ന വാൻഗോഗ്, കഴുത്തിൽ ക്ഷൗരക്കത്തിവെച്ച് ഗോഗിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി.

did vincent vangogh really chop his ear off and present to a prostitute?
Author
Arles, First Published Mar 30, 2020, 5:02 PM IST

ഇന്ന്, മാർച്ച് 30  വിശ്വപ്രസിദ്ധ ചിത്രകാരൻ വിൻസന്റ് വാൻഗോഗിന്റെ ജന്മദിനമാണ്. വാൻഗോഗിനെപ്പറ്റി പറഞ്ഞുകേൾക്കുന്ന പല ലെജൻഡുകളിൽ ഒന്ന്, തന്റെ പ്രണയിനിക്കായി സ്വന്തം ചെവി മുറിച്ചുനൽകിയ കാല്പനികതയുടെ പാരമ്യത്തിന്റേതാണ്. ആ കഥ ഇങ്ങനെയാണ്. 

1888 ഒക്ടോബർ 23. ദക്ഷിണ ഫ്രാൻസിലെ ആൾസിലുള്ള നമ്പർ 2, പ്ലെയ്സ് ലാ മാർട്ടീൻ എന്നുപേരായ  ഇളം മഞ്ഞച്ചുവരുകളുള്ള ഒരു മഞ്ഞവീടിന്റെ മഞ്ഞ വാതിലിലിന്മേൽ, പോൾ ഗോഗിൻ എന്ന അറിയപ്പെടുന്ന ചിത്രകാരൻ ചെന്ന് മുട്ടുന്നു. ആ വീട് വിൻസന്റ് വാൻഗോഗിന്റെതാണ്. അല്പനേരത്തിനുള്ളിൽ അകത്തുനിന്ന് വാൻഗോഗ് വന്നു വാതിൽ തുറക്കുന്നു. ഗോഗിനെ അകത്തേക്ക് ക്ഷണിക്കുന്നു. 

 

did vincent vangogh really chop his ear off and present to a prostitute?


വാൻഗോഗിന്റെ വിഷാദരോഗവും ഡിമെൻഷ്യയും അതിന്റെ പാരമ്യത്തിലെത്തി നിൽക്കുന്ന, അദ്ദേഹത്തിന്റെ ഉച്ചിയിൽ നിലാവെളിച്ചമുദിച്ചുനിൽക്കുന്ന ദിവസങ്ങളായിരുന്നു അത്. അയാൾ ആ മഞ്ഞ വാടകവീട്ടിലേക്ക് താമസം മാറിയിട്ട് മാസങ്ങൾ കഴിയുന്നതേയുണ്ടായിരുന്നുള്ളൂ. അതിനുള്ളിലായിരുന്നു വാൻഗോഗ് ഉന്മാദത്തിനും സൃഷ്ടിയുടെ ഉന്മത്തതയ്ക്കും ഇടയിലെ നൂൽപ്പാലത്തിലൂടെ കയ്യും വിട്ട് അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു നടന്നിരുന്നതും, ആ വിഭ്രാന്തികൾക്കിടയിലെ ഒരിത്തിരി സ്വസ്ഥതകളിൽ വല്ലതുമൊക്കെ വരച്ചിരുന്നതും. ഫ്രാൻസിലെ ഗ്രാമപ്രദേശങ്ങളും, വിഖ്യാതമായ സൂര്യകാന്തിച്ചിത്രങ്ങളും ഒക്കെ വാൻഗോഗിന്റെ കാൻവാസിലേക്ക് പകർന്നുവീണ ദിനങ്ങളായിരുന്നു അത്. 

വിൻസെന്റീന്റെ സഹോദരൻ തിയോ ഒരു ആർട്ട് ഡീലർ ആയിരുന്നു. വാൻഗോഗിനെ സാമ്പത്തികമായി നിലനിന്നുപോകാൻ സഹായിച്ചിരുന്നത് തിയോ ആയിരുന്നു. നിത്യനിദാനച്ചെലവുകൾ കഴിഞ്ഞുകൂടാൻ, തിയോയ്ക്ക് ചിത്രങ്ങൾ വരച്ചു നൽകേണ്ടുന്ന ബാധ്യത വാൻഗോഗിന് ഒട്ടും പ്രിയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തന്റെ മഞ്ഞവീട് ചിത്രകാരന്മാരുടെ കോളനിയാകും എന്നും അതിലൂടെ തന്റെ സഹോദരനെ ആശ്രയിക്കാതെ ജീവിക്കാൻ തനിക്ക് സാധിക്കും എന്നൊക്കെ വാൻഗോഗ് ആ ഏകാന്തജീവിതത്തിനിടെ സ്വപ്നം കണ്ടു. വല്ലാത്ത ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു അയാൾ അവിടെ. കലാകാരന്മാരിൽ ആരെങ്കിലുമൊക്കെ വന്നിരുന്നെങ്കിൽ, അവരുടെ ചങ്ങാത്തത്തിൽ ജീവിതമെന്ന പങ്കപ്പാട് ഒരല്പം ആസ്വാദ്യമായിരുന്നേനെ എന്നയാൾ കരുതി. 

did vincent vangogh really chop his ear off and present to a prostitute?

 

വാൻഗോഗിന്റെ ക്ഷണം സ്വീകരിച്ച് അവിടെ വന്നു പാർക്കാം എന്ന് വാക്ക് കൊടുത്തിരുന്നു ഗോഗിൻ. അവർ ഇരുവരും ഒന്നിച്ച് ആ മഞ്ഞവീട്ടിൽ പാർത്തു. അപ്പുറമിപ്പുറം ഇരുന്ന് നിരവധി ചിത്രങ്ങൾ കാൻവാസിലേക്ക് പകർത്തി. ആ ചിത്രങ്ങൾ ഒന്നിച്ചുതന്നെ പ്രദേശത്തെ ഗാലറികളിലേക്ക് ചുമന്നുകൊണ്ട് പോയി. അവിടത്തെ ചിത്രങ്ങൾ കണ്ടു. തങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു കിട്ടിയ പണം കൊണ്ട് അവരിരുവരും ഒരുമിച്ചു തന്നെ പ്രദേശത്തെ വേശ്യാലയങ്ങൾ പതിവായി സന്ദർശിച്ചു. എന്നാൽ, അവർ ഇരുവരും ഒരുപോലെ ഉന്മാദികളായിരുന്നതിനാൽ തന്നെ, വഴക്കുകളും പതിവായിരുന്നു. കണ്ണുപൊട്ടുന്ന ചീത്ത പറയും പരസ്പരം. വീട്ടിലെ പണികളെച്ചൊല്ലിയും, ചെലവുകൾ പങ്കിടുന്നതിനെപ്പറ്റിയും ഒക്കെ ഇരുവരും സതീർത്ഥ്യരെപ്പോലെ വഴക്കിട്ടുകൊണ്ടിരുന്നു. ഇരുവരുടെയും ഇഷ്ട ചിത്രകാരന്മാർ വെവ്വേറെയായിരുന്നു. ചിത്രകലയിലെ ഇഷ്ടാനിഷ്ടങ്ങളും കടുത്ത സംവാദങ്ങൾക്ക് വഴിയൊരുക്കി. 

വാൻഗോഗിന്റെ വീട്ടിലെ നാറുന്ന കിടക്കയും വിരിപ്പും പുതപ്പും ഒക്കെ ഒരു ദിവസം ഗോഗിൻ ജനലിലൂടെ എടുത്ത് വെളിയിലെറിഞ്ഞു. എന്നിട്ട് പാരീസിലെ സ്വന്തം വീട്ടിൽ നിന്ന് പുതിയ കിടക്കയും വിരിപ്പും പുതപ്പുമെല്ലാം കൊടുത്തയക്കാൻ സന്ദേശം നൽകി. വാൻഗോഗ് സ്വപ്നം കണ്ട പറുദീസയിൽ നിന്ന് കലഹങ്ങളുടെ ഒരു അസൈലമായി വാൻഗോഗിന്റെ മഞ്ഞ വീട് വളരെപ്പെട്ടെന്നുതന്നെ വളർന്നു. " അവിടെക്കഴിഞ്ഞ ദിവസങ്ങൾ ഒരു നൂറ്റാണ്ടു പോലെ തോന്നി " എന്ന് ഗോഗിൻ പിന്നീട് എഴുതി. തന്നോട് വാൻഗോഗ് പഴയപോലെ മിണ്ടാതായതും, ഇടയ്ക്കിടെ നിസ്സാര കാര്യങ്ങൾക്ക് പൊട്ടിത്തെറിക്കാൻ തുടങ്ങിയതും ഒക്കെ ഗോഗിനെ വല്ലാതെ സങ്കടപ്പെടുത്തി. " വിൻസന്റ് ഈയിടെയായി വല്ലാതെ മാറിയിട്ടുണ്ട്" എന്ന് ഗോഗിൻ ആയിടെ ഒരു സ്നേഹിതനോട് പറഞ്ഞു. " എനിക്ക് എപ്പോഴാണ് പിരിയിളകുക എന്നറിയില്ല കേട്ടോ..." എന്ന് അദ്ദേഹം മറ്റൊരു സുഹൃത്തിനെഴുതിയ കത്തിൽ കുറിച്ചു. 

" എനിക്കും വിൻസെന്റിനും ഇനി അധികകാലം പരസ്പരം വഴക്കടിക്കാതെ ഒരേ മേൽക്കൂരയ്ക്ക് കീഴിൽ കഴിഞ്ഞുകൂടാൻ പറ്റുമെന്ന് തോന്നുന്നില്ല" എന്ന് ഗോഗിൻ തിയോ വാൻഗോഗിനെഴുതിയ കത്തിലും പരാമർശിച്ചു. രണ്ടുപേരുടെയും പ്രകൃതങ്ങൾ തമ്മിലുള്ള ചേർച്ചയില്ലായ്കയാണ് കലഹങ്ങൾക്ക് കാരണമെന്നും, ഇരുവർക്കും വരയ്ക്കാൻ അത്യാവശ്യമുള്ളത് സ്വസ്ഥതയാകയാൽ ഇത് അധികകാലം മുന്നോട്ടു നീങ്ങുമെന്ന് തോന്നുന്നില്ല എന്നും അദ്ദേഹം തിയോക്ക് എഴുതി. 

അങ്ങനെ ഒടുവിൽ ആ ദിവസം വന്നെത്തി. ക്രിസ്മസിന് രണ്ടുദിവസം മുമ്പ്, ഇങ്ങനെ പോയാൽ ശരിയാവില്ല എന്നും, താൻ പാരീസിലേക്ക് മടങ്ങുകയാണ് എന്നും ഗോഗിൻ തന്റെ ആതിഥേയനായ വാൻഗോഗിനോട് തുറന്നുപറഞ്ഞു. പിന്നീടുള്ളത് ഗോഗിൻ പറഞ്ഞുള്ള അറിവാണ്. അത്താഴത്തിനു ശേഷം ഒന്ന് ഉലാത്താൻ വേണ്ടി വീടിനടുത്തുള്ള പാർക്കിലേക്കിറങ്ങിയ ഗോഗിന്റെ പിന്നിലൂടെ പതുങ്ങി വന്ന വാൻഗോഗ്, കഴുത്തിൽ ക്ഷൗരക്കത്തിവെച്ച് ഗോഗിനെ ഭീഷണിപ്പെടുത്തി. കൊന്നുകളയും എന്നായിരുന്നു ഭീഷണി. ഗോഗിൻ താമസിയാതെ തന്നെ വാൻഗോഗിനെ പറഞ്ഞു സാന്ത്വനിപ്പിച്ച് ശാന്തനാക്കി എങ്കിലും, പിന്നെ തിരികെ മഞ്ഞവീട്ടിലേക്ക് പോയില്ല. അടുത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്ത് അവിടെ അന്തിയുറങ്ങി.

അന്നേക്ക് ഗോഗിൻ മഞ്ഞവീട്ടിൽ അതിഥിയായെത്തിയിട്ട് ഒമ്പതാഴ്ച തികഞ്ഞിരുന്നു. അത്രയും നാൾ സന്തോഷവും, ഉന്മാദവും, സങ്കടവും, വിഷാദവും, കലഹങ്ങളും ഒക്കെ പങ്കിടാൻ ഒരാൾ കൂട്ടുണ്ടായിരുന്ന മഞ്ഞവീട് വാൻഗോഗിനെ എതിരേറ്റത് നിറഞ്ഞ ശൂന്യതയോടെയാണ്. ഇടയ്ക്കിടെ വല്ലാതെ വഴക്കിടുമായിരുന്നു എങ്കിലും, ഗോഗിൻ ഇനി എന്നെന്നേക്കുമായി തനിക്ക് കൂട്ടുണ്ടാകും എന്നായിരുന്നു വാൻഗോഗിന്റെ പ്രതീക്ഷ. ആർട്ടിസ്റ്റ്സ് കോളനി എന്ന അയാളുടെ സ്വപ്നമായിരുന്നു ഗോഗിൻ ഇറങ്ങിപ്പോയതോടെ തകർന്നു തരിപ്പണമായത്. ആ മോഹഭംഗം പകർന്ന താങ്ങാനാവാത്ത നിരാശയിൽ അയാൾ ക്ഷൗരക്കത്തി കയ്യിലെടുത്ത് തന്റെ ഇടത്തെ ചെവി മുറിച്ചെടുത്തു. ഒന്നുമോർക്കാതെയുള്ള ആ മുറിച്ചെടുക്കലിൽ അയാളുടെ ധമനി കൂടി മുറിഞ്ഞു. രക്തം ധാരധാരയായി ഒഴുകി. 

വേദന പതിയെ തലച്ചോറിനറിയാൻ തുടങ്ങിയപ്പോൾ പതുക്കെ, താൻ ചെയ്തതെന്തെന്ന് ബോധ്യം വന്ന ചിത്രകാരൻ തോർത്തുകൾ കൊണ്ട് ചെവിപൊത്തി ചോരയോട്ടം നിർത്തി. മുറിവ് ഡ്രസ്സ് ചെയ്തു.  എന്നിട്ട് താൻ മുറിച്ചെടുത്ത  ചെവി ഒരു പത്രക്കടലാസിൽ പൊതിഞ്ഞെടുത്തു. മുറിവ് കാണാതിരിക്കാൻ തലയിൽ പട്ടാളക്കാർ ധരിക്കുന്ന കൂട്ട് ഒരു ബെറെറ്റ് തൊപ്പി ധരിച്ചു. ആ ചെവിയും കയ്യിലെടുത്ത് നേരെ വേശ്യാത്തെരുവിലേക്ക് ചെന്നു. കാണാൻ ചെന്നത് ഗോഗിന്റെ പ്രിയ അഭിസാരികയായ റേച്ചലിനെ ആയിരുന്നു. അവളുടെ കൈയിൽ ഈ വിലയേറിയ സമ്മാനപ്പൊതി വെച്ച് കൊടുത്തിട്ട് അയാൾ പറഞ്ഞു. " ഇത് നീ സൂക്ഷിച്ചു വെച്ചേക്കണം"  

did vincent vangogh really chop his ear off and present to a prostitute?

 

പൊതി തുറന്നതും റേച്ചൽ മോഹാലസ്യപ്പെട്ടു നിലത്തുവീണു. വാൻഗോഗ് തന്റെ മഞ്ഞവീടിന്റെ ഏകാന്തതയിലേക്ക് തിരികെപ്പോരുകയും ചെയ്തു. വേശ്യാത്തെരുവിൽ റേച്ചലിന്റെ ഫോൺ സന്ദേശം കിട്ടിയിട്ടാവണം, അടുത്ത ദിവസം പൊലീസ് മഞ്ഞവീട്ടിലെത്തി. മുട്ടിയപ്പോൾ ആരും തുറന്നില്ല വാതിൽ. ഒടുവിൽ ബലം പ്രയോഗിച്ച് അകത്തുകടന്ന പൊലീസുകാർ കണ്ടത് കിടക്കയിൽ ബോധരഹിതനായികിടക്കുന്ന വാൻഗോഗിനെയാണ്. പുതപ്പിൽ അപ്പടി ചോരയായിരുന്നു. പൊലീസുകാർ അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോധം തെളിഞ്ഞയുടൻ വാൻഗോഗ് പറഞ്ഞത് തനിക്ക് ഗോഗിനെ ഒന്ന് കാണണം എന്നാണ്. എന്നാൽ, ഗോഗിൻ പിന്നീടൊരിക്കലും വാൻഗോഗിനെ കാണാൻ ചെന്നില്ല. 

രണ്ടാഴ്ചത്തെ ആശുപത്രിവാസത്തിനു ശേഷം വാൻഗോഗ് തന്റെ മഞ്ഞവീട്ടിലേക്കുതന്നെ മടങ്ങിയെത്തി. അയാളുടെ ചെവിയിലെ മുറിവ് പൂർണ്ണമായും കരിഞ്ഞു. അയാൾ വീണ്ടും ചിത്രങ്ങൾ പലതും വരച്ചു. തന്റെ നിമിഷനേരത്തെ ഉന്മത്തതയുടെ പരിണിതഫലത്തെ തുടർച്ചയായി വരച്ചുകൂട്ടിയ സെൽഫ് പോർട്രെയ്റ്റുകളിലൂടെ അടയാളപ്പെടുത്താൻ ശ്രമിച്ചു. പൈപ്പ് കടിച്ചു പിടിച്ചുകൊണ്ട്, ബാൻഡേജിട്ട കത്തുമായി നിൽക്കുന്ന ചിത്രകാരന്റെ സെൽഫ് പോർട്രെയ്റ്റുകൾ വിശ്വവിഖ്യാതമാണ്. 

did vincent vangogh really chop his ear off and present to a prostitute?

 

വിൻസന്റ് വാൻഗോഗ് എന്ന ഭഗ്നഹൃദയന്റെ സർഗോന്മാദങ്ങൾക്ക് ആ മഞ്ഞവീട് വീണ്ടും പലകുറി സാക്ഷ്യം വഹിച്ചു. അടുത്ത ഒരു വർഷം അയാൾ മുക്കാലും ചെലവിട്ടത്, പ്രാന്തുമൂത്ത് ഒടുവിൽ തിയോ കൊണ്ടുചെന്നാക്കിയ സെന്റ് റെമിയിലെ ചിത്തരോഗാസ്പത്രിക്കുള്ളിലാണ്. ഒടുവിൽ, ചെവി മുറിച്ച സംഭവത്തിന് ഒന്നൊന്നര വർഷം തികയും മുമ്പ്, തന്റെ മുപ്പത്തേഴാം വയസ്സിന് രണ്ടു ദിവസം മുമ്പ്, 1890 ജൂലൈ 27 -ന്, സ്വന്തം റിവോൾവർ കൊണ്ട് വയറ്റിലേക്ക് വെടിയുതിർത്ത് ആത്മാഹുതി ചെയ്തു, ആ ഉന്മാദി. 
 

Follow Us:
Download App:
  • android
  • ios