തൃണമൂലിലെ  പടലപ്പിണക്കങ്ങളെ വോട്ടാക്കി മാറ്റാൻ ബിജെപിക്ക് കഴിയുമോ എന്നതാകും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ രാഷ്ട്രീയ കുതുകികൾ ഉറ്റുനോക്കുന്നത്. 

ഇന്ത്യയിലെ പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും വരും മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കേരളം കഴിഞ്ഞാൽ മലയാളികൾ ഏറ്റവും അധികം ഉറ്റുനോക്കുന്നത്, സിപിഎം കടുത്ത മത്സരം തന്നെ നേരിടുന്ന ബംഗാളിലേക്കാവും. 

ബംഗാളിലെ വോട്ടിങ് പാറ്റേൺ, പല ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. ജനസംഖ്യാപരമായി നോക്കിയാൽ, ഏതാണ്ട് 9.1 കോടിയോളം ജനങ്ങളാണ് ബംഗാളിൽ ഉള്ളത്. അതിന്റെ 70 ശതമാനത്തോളം ഹിന്ദു മതത്തിൽ പെട്ടവരാണ്. 27 ശതമാനത്തോളം മുസ്ലിംകളും, ബാക്കി ഇതര മതവിഭാഗക്കാരുമാണ്. ജനസംഖ്യയിൽ മുക്കാലും ബംഗാളി സംസാരിക്കുന്നവരാണ്. ഹിന്ദി ഭാഷ സംസാരിക്കുന്ന ചെറിയൊരു വിഭാഗവും, സാന്താളി, ഉറുദു, തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന മറ്റു ചില വിഭാഗങ്ങളുമുണ്ട്. ബംഗാളിലെ ജനങ്ങളിൽ 68 ശതമാനവും ഗ്രാമങ്ങളിൽ കഴിയുമ്പോൾ, 32 ശതമാനത്തോളം കഴിയുന്നത് നഗരങ്ങളിലാണ്.

 7,32,94,980 വോട്ടർമാരാണ് ഏറ്റവും പുതിയ വോട്ടർ പട്ടിക പ്രകാരം ബംഗാളിൽ ഉള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ ഇരുപതു ലക്ഷത്തോളം വോട്ടർമാർ അധികമുണ്ടാകും ഇത്തവണ എന്നാണ് തെരഞ്ഞടുപ്പ് കമ്മീഷൻ പറയുന്നത്. ഏതാണ്ട് പപ്പാതിയോളം സ്ത്രീ പുരുഷ വോട്ടർമാരും,1590 ട്രാൻസ്ജെണ്ടർ വോട്ടർമാരും ബംഗാളിലുണ്ട്. 294 അസംബ്ലി മണ്ഡലങ്ങളിലേക്കായി നടന്ന, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എല്ലാം തന്നെ നല്ല ഉയർന്ന പോളിംഗ് ശതമാനമാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്. ശരാശരി എൺപതു ശതമാനത്തിൽ അധികം വോട്ടർമാർ പോളിംഗ് ദിനത്തിൽ ബൂത്തുകളിൽ എത്തി തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിട്ടുണ്ട്. 

കേരളത്തിൽ സിപിഎം തങ്ങൾക്ക് ഭരണത്തുടർച്ചയുണ്ടാകും എന്ന തികഞ്ഞ ആത്മവിശ്വാസത്തിൽ ഇരിക്കുമ്പോൾ, അവിടെ ബംഗാളിൽ അവർക്ക് ഈ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടത്തിൽ കുറഞ്ഞൊന്നുമല്ല. പതിറ്റാണ്ടുകളായി ബംഗാളിന്റെ മണ്ണിനെ ചുവപ്പിച്ച പാർട്ടിയിൽ നിന്ന്, 2011 -ൽ അധികാരം പിടിച്ചെടുത്ത മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവരുടെ വോട്ട് ഷെയർ 39 ശതമാനത്തിൽ നിന്ന് 45 ശതമാനമായി ഉയർത്തുകയാണ് ചെയ്തത്. മമത ഭരണം പിടിച്ച 2011 -ൽ 40 സീറ്റുകൾ നേടുന്നതിൽ വിജയിച്ച സിപിഎം, 2016 ലെ രണ്ടാം മമതാ തരംഗത്തിൽ 14 സീറ്റുകൾ നഷ്ടപ്പെടുത്തി 26 ആയി ചുരുങ്ങിയപ്പോൾ, തൃണമൂൽ 2011 ലെ 184 സീറ്റുകൾ എന്നത് 211 ആയി മെച്ചപ്പെടുത്തി.

അതേ സമയം, കമ്യൂണിസ്റ്റ് -കോൺഗ്രസ് ശക്തി ദുർഗമായിരുന്ന ബംഗാളിന്റെ മണ്ണിൽ ചരിത്രത്തിൽ ആദ്യമായി താമര വിരിയിക്കാൻ വേണ്ടി, ഈ തെരഞ്ഞെടുപ്പിൽ, ബിജെപി പഠിച്ച പണി പതിനെട്ടും പയറ്റും എന്നും ഉറപ്പാണ്. 2011 -ൽ ഒരു സീറ്റും കിട്ടാതിരുന്ന ബിജെപിക്ക് 2016 -ൽ കിട്ടിയ മൂന്ന് സീറ്റുകൾ നൽകുന്ന പ്രതീക്ഷയാണ് അവരുടെ ഇത്തവണത്തെ പോരാട്ടവീര്യം. ബിജെപിക്ക് ഇത്തവണ പല കാരണങ്ങളാലും ബംഗാളിലെ പോരാട്ടം വളരെ പ്രധാനപ്പെട്ടതാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടാനായത് മൂന്നേ മൂന്നു സീറ്റ് മാത്രമാണെങ്കിലും, കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരിന് കിട്ടിയ തുടർഭരണം ജനങ്ങളുടെ മനോനില മാറ്റിക്കാണും എന്ന പ്രതീക്ഷയിലാണ് ബിജെപി. വിജയിപ്പിച്ചാൽ അഞ്ചു വർഷത്തിനുള്ളിൽ സോനാർ ബംഗ്ലാ അഥവാ സുവർണ ബംഗാൾ സാക്ഷാത്കരിക്കും എന്നാണ് അമിത് ഷാ നേരിട്ട് നൽകിയിട്ടുള്ള വാഗ്ദാനം. ഡിസംബറിൽ ബിജെപി ദേശീയാധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിനു നേരെ അക്രമണമുണ്ടായ ശേഷം ഏറെ കലുഷിതമാണ് ബംഗാളിലെ ബിജെപി-തൃണമൂൽ ബന്ധങ്ങൾ.

ഒറ്റയ്ക്കോ കൂട്ടുകക്ഷിയായോ പല സംസ്ഥാനങ്ങളിലും ഇന്ന് ഭരണത്തിലുള്ള ബിജെപിക്ക് എന്നും ഒരു 'ബാലികേറാമല' ആയി തുടർന്നിട്ടുള്ള ബംഗാളിൽ അധികാരം കിട്ടുക എന്നത് എല്ലാ തവണത്തേയും പോലെ ഇത്തവണയും അവർ യാഥാർഥ്യമാക്കാൻ അതിയായി ആഗ്രഹിക്കുന്ന ഒരു സ്വപ്നം തന്നെ ആയിരിക്കും. മാത്രവുമല്ല, ദേശീയ തലത്തിൽ ബിജെപിയെയും അവരുടെ നയങ്ങളെയും തുറന്നെതിർക്കുന്ന മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ തറപറ്റിക്കേണ്ടത് ബിജെപിക്ക് അഭിമാന പ്രശ്നത്തിൽ കുറഞ്ഞൊന്നുമല്ല. പൗരത്വനിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ തുടങ്ങിയ കേന്ദ്ര നയങ്ങൾ നടപ്പിലാക്കില്ല എന്ന് തുറന്നു പ്രഖ്യാപിച്ചിട്ടുള്ള മമതാ ബാനർജി കഴിഞ്ഞ കുറച്ചുകാലമായി കേന്ദ്രത്തിന്റെ കണ്ണിലെ കരടാണ്. ഏറ്റവും ഒടുവിലായി, കേന്ദ്രത്തിന്റെ കർഷക നിയമത്തിനെതിരെയും വളരെ പ്രത്യക്ഷമായ പ്രതിരോധ ശ്രമങ്ങൾ തന്നെ മമതാ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.

ബംഗാൾ എന്ന ചുവപ്പുകോട്ടയിൽ അധികാരം പിടിച്ചെടുത്ത 2011 മുതൽക്കിങ്ങോട്ട്, പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്, സിപിഎം എന്നിവയ്ക്കുമേൽ വളരെ വ്യക്തമായ ആധിപത്യമാണ് തൃണമൂലിന് ഉണ്ടായിട്ടുള്ളത്. ഓരോ വർഷം കഴിയുന്തോറും, പ്രതിപക്ഷം സംസ്ഥാനത്ത് ദുർബലമായി വരുന്ന കാഴ്ചയാണ് നമ്മൾ കണ്ടുവരുന്നത്. എന്നാൽ, 2014 -ൽ കേന്ദ്രത്തിൽ അധികാരം പിടിച്ച അന്നുതൊട്ട് സംസ്ഥാനത്ത് തങ്ങളുടെ നില മെച്ചപ്പെടുത്തി തുടങ്ങിയ ബിജെപി, 2016 -ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലേക്കെത്തുമ്പോൾ, സിപിഎമ്മിന്റെ വോട്ടുബാങ്കിൽ കാര്യമായ അപചയമുണ്ടാവുകയും, ആ അപചയം ബിജെപിയുടെ നേട്ടമാവുകയും ചെയ്തിട്ടുണ്ട് എന്ന് കാണാം.

കണക്കുകൾ പരിശോധിച്ചാൽ, 2011 -ൽ സിപിഎമ്മിന് 30 ശതമാനത്തോളം ഉണ്ടായിരുന്ന വോട്ട് ഷെയർ, 2016 ആയപ്പോഴേക്കും ഏതാണ്ട് പത്തുശതമാനത്തോളം ഇടിഞ്ഞ് ഏകദേശം 20 ശതമാനമായിട്ടുണ്ട്. കോൺഗ്രസ് ഒമ്പതിൽ നിന്ന് പന്ത്രണ്ടു ശതമാനത്തിലേക്കും, ബിജെപി നാലിൽ നിന്ന് പത്ത് ശതമാനത്തിലേക്കും തങ്ങളുടെ വോട്ട് ഷെയർ മെച്ചപ്പെടുത്തിയാതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതോടെ സംസ്ഥാനത്ത് ഏറെക്കുറെ നാമാവശേഷമായിരിക്കുന്ന സിപിഎമ്മിന് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നിലനിൽപ്പിന്റെ തന്നെ പ്രശ്നമായി മാറാനാണ് സാധ്യത.

 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിന്, 42 -ൽ, 22 സീറ്റുകൾ കിട്ടിയപ്പോൾ, ശേഷിച്ചതിൽ 18 ലോക്സഭാ സീറ്റുകൾ പിടിച്ചെടുത്ത് ബിജെപി നടത്തിയ മുന്നേറ്റമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബിജെപി കാര്യമായ ചലനമുണ്ടാക്കിയേക്കാം എന്ന തരത്തിലുള്ള പ്രവചനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നിരീക്ഷകരെ നയിക്കുന്നത്. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവ വഴി, ബംഗാളിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ ബംഗ്ലാദേശികളെ പുറത്താക്കും എന്നതാണ് ബിജെപിയുടെ ഒരു പ്രധാന വാഗ്‌ദാനം. രണ്ടാമത്തെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം മമത സർക്കാരിന്റെ ഭാഗമായ, സർവതല സ്പർശിയായ അഴിമതി തുടച്ചു നീക്കും എന്നതാണ്. കൊവിഡ്, ഉംഫൺ തുടങ്ങിയവയുടെ സമയത്ത് സംസ്ഥാന ഗവണ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ അനാസ്ഥയാണ് എന്നും ബിജെപി ആക്ഷേപിക്കുന്നുണ്ട്. 

എന്നാൽ, ബംഗാളി സംസ്കാരവുമായി പുലബന്ധം പോലുമില്ലാത്ത ഒരു 'വരത്തൻ' പാർട്ടിയാണ് ബിജെപി എന്നതാണ് തൃണമൂൽ മുന്നോട്ടുവെക്കുന്ന പ്രചാരണം. മമതാ ബാനർജിയുടെ വ്യക്തിപ്രഭാവം തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ തൃണമൂലിന്റെ ഏറ്റവും വലിയ ശക്തിയായി കാണുന്നത്. ജനങ്ങൾക്കിടയിൽ ഇപ്പോഴും മമത ദീദിക്ക് കാര്യമായ സ്വാധീനമുണ്ട് എന്നാണ് അവർ വിലയിരുത്തുന്നത്. മമതയുടെ ജനപ്രീതിയ്ക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ പോന്ന ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുന്നോട്ടു വെക്കാൻ സാധിക്കാത്തതാണ് ബംഗാളിൽ ബിജെപിയുടെ ഏറ്റവും വലിയ ബലഹീനതയായി കണക്കാക്കപ്പെടുന്നത്. മാത്രവുമല്ല ഭക്ഷ്യ വിതരണ, വിദ്യാഭ്യാസ രംഗങ്ങളിൽ മമത നടപ്പിൽ വരുത്തിയിട്ടുള്ള ജനപ്രിയ നയങ്ങൾ സംസ്ഥാനത്തെ ഗ്രാമങ്ങളിൽ മമതയ്ക്ക് അമാനുഷികമായ ഒരു പരിവേഷം ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. 

അതേസമയം, തെരഞ്ഞെടുപ്പിൽ സീറ്റുകിട്ടാതിരുന്നതിൽ കലഹിച്ച്, പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ സ്വന്തം അണികളും, പ്രാദേശിക നേതാക്കളും ഇത്തവണ ബംഗാളിൽ തൃണമൂലിനും മമതയ്ക്കും തലവേദനയായേക്കാം. ഉദാ. മമതയുടെ അടുത്ത അനുയായി ആയിരുന്ന മുകുൾ റോയ് 2017 -ൽ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. അതിനു പിന്നാലെ, സുവേന്ദു അധികാരി, ദേബശ്രീ റോയ് തുടങ്ങിയ നിരവധി തൃണമൂൽ നേതാക്കൾ പാർട്ടി ടിക്കറ്റ് കിട്ടാതിരുന്നതിൽ അസംതൃപ്തരായി, കാലാകാലങ്ങളിൽ, തൃണമൂൽ വിട്ടു ബിജെപി പാളയത്തിലേക്ക് ചേക്കേറിയിട്ടുണ്ട്. തൃണമൂലിലെ ഈ പടലപ്പിണക്കങ്ങളെ വോട്ടാക്കി മാറ്റി, എത്ര മണ്ഡലങ്ങൾ അടർത്തിയെടുക്കാൻ ബിജെപിക്ക് സാധിക്കും എന്നതാകും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ രാഷ്ട്രീയ കുതുകികൾ ഉറ്റുനോക്കുന്നത്.

കടപ്പാട് : Battle for Bengal 2021: Political Themes and Electoral Dynamics : Study by Soumya Bhowmick & Ambar Kumar Ghosh.