ചൈനയിൽ 20 വർഷത്തെ മെഡിക്കൽ കരിയർ ഉപേക്ഷിച്ച് ബൺ കട തുടങ്ങിയ ഡോ. ഡോങ് മിൻ എന്ന 48-കാരിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗൈനക്കോളജിസ്റ്റായിരുന്ന കാലത്തെക്കാൾ മാനസിക സമ്മർദ്ദം കുറഞ്ഞ ഇപ്പോഴത്തെ ജീവിതമാണ് തനിക്ക് കൂടുതൽ സന്തോഷം നൽകുന്നതെന്ന് അവർ പറയുന്നു. 2023-ൽ ആരംഭിച്ച ഈ ബിസിനസ്സ് വിജയകരമായതോടെ അവർ രണ്ടാമത്തെ ഔട്ട്‌ലെറ്റും തുറന്നു.
ചൈനയിൽ 20 വർഷത്തിലേറെ നീണ്ട മെഡിക്കൽ കരിയർ ഉപേക്ഷിച്ച് ബൺ കട തുടങ്ങിയ 48 -കാരിയായ ഡോ. ഡോങ് മിൻ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഡോക്ടറായി ജോലി ചെയ്ത കാലത്തെക്കാൾ ഇപ്പോഴത്തെ ജീവിതമാണ് തനിക്ക് കൂടുതൽ സന്തോഷം നൽകുന്നതെന്ന് അവർ പറയുന്നു. ദിവസവും 10 മണിക്കൂറിലധികം കടയിൽ ജോലി ചെയ്യേണ്ടിവന്നാലും മാനസിക സമ്മർദം കുറവാണെന്നാണ് ഡോങ് മിന്‍റെ അനുഭവം.
ഗൈനക്കോളജി ഡോക്ടർ, വലിയ മാനസിക സമ്മർദ്ദം
വുഹാൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് 1999 -ൽ പഠനം പൂർത്തിയാക്കിയ ഡോങ് മിൻ ഷെൻഷെനിലാണ് ഗൈനക്കോളജിസ്റ്റായി കരിയർ ആരംഭിച്ചത്. പിന്നീട് വുഹാനിലേക്ക് മടങ്ങി അമ്മയുടെ സ്വകാര്യ ക്ലിനിക്കിന്‍റെ നടത്തിപ്പിൽ സഹായിച്ചു. അമ്മ വിരമിച്ചതോടെ ക്ലിനിക്ക് അടച്ചുപൂട്ടി. തുടർന്ന് ടിയാൻമെൻ സ്വദേശത്തേക്ക് മടങ്ങിയ ഡോങ് ഡോക്ടറായി ജോലി ചെയ്യുന്നതിനൊപ്പം ഒരു ചെറിയ കമ്മ്യൂണിറ്റി ആശുപത്രിയുടെ നിയമപരമായ ചുമതലയും വഹിച്ചു. രോഗികളെ ചികിത്സിക്കുന്നതിനൊപ്പം ഭരണപരമായ കാര്യങ്ങൾ, സർക്കാർ പരിശോധനകൾ, മെഡിക്കൽ തർക്കങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ എന്നിവ വലിയ മാനസിക സമ്മർദം സൃഷ്ടിച്ചിരുന്നുവെന്ന് അവർ പറഞ്ഞു.
ബൺ ബിസിനസിലേക്ക്
2023 -ലാണ് ബൺ ബിസിനസിനോട് ഡോങ് മിന് താൽപര്യം തോന്നിയത്. ഒരു സുഹൃത്തിന്‍റെ കുടുംബം നടത്തിയിരുന്ന സമാന ബിസിനസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു തുടക്കം. ആദ്യം നിക്ഷേപകയായി എത്തിയെങ്കിലും പാചകക്കാരൻ അപ്രതീക്ഷിതമായി ജോലി ഉപേക്ഷിച്ചതോടെ ബൺ ഉണ്ടാക്കുന്നത് സ്വയം പഠിച്ചു. ജോലി ഇഷ്ടപ്പെട്ടതോടെ മെഡിക്കൽ രംഗം പൂർണമായി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. കുടുംബം ആദ്യം തീരുമാനത്തെ എതിർത്തെങ്കിലും പിന്നീട് പിന്തുണച്ചു. 2023 -ൽ വുഹാനിൽ ആരംഭിച്ച ആദ്യ കട വിജയിച്ചതോടെ ജൂലൈയിൽ രണ്ടാമത്തെ ഔട്ട്‌ലെറ്റും തുറന്നു. “ജീവിതത്തിൽ മാറ്റം വരുത്താൻ ഒരിക്കലും വൈകിയിട്ടില്ല” എന്നതാണ് ഡോങ് മിന്‍റെ നിലപാട്.


