ഇന്ത്യൻ പാസ്‌പോർട്ടിന്റെ ബലഹീനതയെയും വിസ ലഭിക്കാനുള്ള കാലതാമസത്തെയും രൂക്ഷമായി വിമർശിച്ച് ഹൈദരാബാദ് സ്വദേശിയായ സംരംഭകൻ ജിതേന്ദ്ര എംമാനി. ഉയർന്ന നികുതി അടച്ചിട്ടും യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഈ പ്രതിസന്ധിയാണ് പലരെയും വിദേശ പൗരത്വം നേടാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ പാസ്‌പോർട്ടിന്റെ ബലഹീനതയെയും വിദേശ യാത്രകളിൽ നേരിടുന്ന വിസ തടസ്സങ്ങളെയും രൂക്ഷമായി വിമർശിച്ച് തെലുങ്കാനയിൽ നിന്നുള്ള സംരംഭകൻ. ഇന്ത്യൻ പാസ്‌പോർട്ട് തീർത്തും ഉപയോഗശൂന്യമാണെന്ന് വിശേഷിപ്പിച്ച് 'കോസിഫാംസ്.ഇൻ' (CozyFarms.in) സ്ഥാപകനും ഹൈദരാബാദ് സ്വദേശിയുമായ ജിതേന്ദ്ര എംമാനി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ച പോസ്റ്റാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
വിസയ്ക്കായി കാത്തിരിക്കേണ്ടത് ദിവസങ്ങൾ
ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ഭൂരിഭാഗം രാജ്യങ്ങളിലേക്കും വിസയില്ലാതെ പ്രവേശിക്കാൻ സാധിക്കില്ലെന്നും, വിസയ്ക്ക് അപേക്ഷിച്ചാൽ തന്നെ ആയിരക്കണക്കിന് പേജുകൾ വരുന്ന രേഖകൾ സമർപ്പിച്ച് ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. "നമ്മുടെ പാസ്‌പോർട്ട് തീർത്തും ഉപയോഗശൂന്യമാണ്. ദിവസങ്ങളോളം വിസയ്ക്കായി കാത്തിരിക്കുകയോ ആയിരക്കണക്കിന് പേജുകളുള്ള രേഖകൾ സമർപ്പിക്കുകയോ ചെയ്യാതെ നല്ലൊരു രാജ്യത്തേക്ക് പോലും പോകാൻ സാധിക്കുന്നില്ല," ജിതേന്ദ്ര കുറിച്ചു.
യുഎസ് വിസ നേടുന്നത് സങ്കീർണമായ കാര്യം
സാധുതയുള്ള യു.എസ് വിസ കൈവശമുണ്ടെങ്കിൽ കൂടുതൽ രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ യാത്രാാനുമതി ലഭിക്കുമെങ്കിലും, അത് നേടിയെടുക്കുക എന്നത് ഏറെ സങ്കീർണ്ണമാണെന്ന് യു.എസിലെ നോർത്തേൺ ഇല്ലിനോയി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ എംമാനി വ്യക്തമാക്കി. "സാധുതയുള്ള യുഎസ് വിസ കൈവശം വെക്കുക എന്നതാണ് പലരും ഉപയോഗിക്കുന്ന കുറുക്കുവഴി. എന്നാൽ ഒരു ഇന്ത്യൻ പാസ്‌പോർട്ടുമായി വിദേശരാജ്യങ്ങളിൽ പ്രവേശിക്കാൻ നമുക്ക് എന്തിനാണ് യു.എസ് സ്റ്റാമ്പിന്‍റെ സഹായം വേണ്ടിവരുന്നത്?" അദ്ദേഹം ചോദിച്ചു. ഈ പ്രതിസന്ധിയാണ് പല ഇന്ത്യക്കാരെയും മറ്റ് രാജ്യങ്ങളുടെ പൗരത്വം നേടാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂതകാലത്തെ കുറ്റപ്പെടുത്തുന്നത് നിർത്തണം
വർഷം തോറും ഉയർന്ന തുക നികുതി അടച്ചിട്ടും യാത്രകളിൽ തനിക്ക് യാതൊരുവിധ മുൻഗണനയോ ആനുകൂല്യമോ ലഭിക്കുന്നില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിവർഷം 75 ലക്ഷം മുതൽ 1 കോടി രൂപ വരെ പ്രത്യക്ഷ - പരോക്ഷ നികുതിയായി താൻ നൽകുന്നുണ്ട്. എന്നാൽ രാജ്യത്തിനകത്തോ അന്താരാഷ്ട്രതലത്തിലോ അതിന്‍റെതായ യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. ഭൂതകാലത്തെ മാത്രം കുറ്റപ്പെടുത്തുന്നത് നിർത്തി സ്വന്തം രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ നാം തുടക്കം കുറിക്കേണ്ടതുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ഈ കുറിപ്പ് ഇതിനകം 1.8 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. പോസ്റ്റിന് താഴെ നിരവധി ഉപയോക്താക്കൾ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്.


