Asianet News MalayalamAsianet News Malayalam

ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ - മഹാമാരികളോട് സധൈര്യം പൊരുതിയിട്ടും കുരുതികൊടുക്കപ്പെടുന്നവർ


ആരോഗ്യപ്രവർത്തകരാണ് ഏതൊരു മഹാമാരിയുടെയും ഭീകരമുഖത്ത് ഏറ്റവും ആദ്യം, ഏറ്റവും കൂടുതൽ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുന്നവർ. ഏറ്റവും കുറച്ച് ശ്രദ്ധ കിട്ടുന്നവരും. 

doctors, nurses, pharmacists, the health workers martyrs of austerity during epidemics
Author
India, First Published Mar 18, 2020, 7:01 PM IST

ആരോഗ്യപ്രവർത്തകരാണ് ഏതൊരു മഹാമാരിയുടെയും ഭീകരമുഖത്ത് ഏറ്റവും ആദ്യം, ഏറ്റവും കൂടുതൽ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുന്നവർ. ഏറ്റവും കുറച്ച് ശ്രദ്ധ കിട്ടുന്നവരും. ഇങ്ങനെയൊരു മാരകരോഗം അതിന്റെ സർവ്വശക്തിയുമെടുത്ത് തീതുപ്പാൻ ഇറങ്ങുമ്പോൾ അതിന്റെ മുന്നിൽ നെഞ്ചും വിരിച്ച് നിന്ന് പോരാടേണ്ടവർ അവരാണ്. പലപ്പോഴും, ഏറ്റവും കുറച്ച് സൗകര്യങ്ങളിൽ ഏറ്റവും കൂടുതൽ കഠിനാദ്ധ്വാനം ചെയ്യേണ്ടി വരുന്നതും അവർക്കു തന്നെ.

വേണ്ടത്ര ഫണ്ടില്ലാത്ത, സൗകര്യങ്ങൾ വളരെ കുറഞ്ഞ, വൃത്തിക്ക് ഒന്ന് ടോയ്‌ലെറ്റിൽ പോകാനുള്ള സൗകര്യം പോലുമില്ലാത്ത കുഗ്രാമങ്ങളിൽ സേവനമനുഷ്ഠിക്കേണ്ടി വരുന്നതിനെപ്പറ്റി ഒന്നാലോചിച്ചു നോക്കൂ. മഹാമാരികൾ നാട്ടിൽ പൊട്ടിപ്പുറപ്പെടുമ്പോൾ ജനങ്ങളെ സേവിക്കാൻ നിയോഗിക്കപ്പെടുന്ന നഴ്‌സുമാരും, ഡോക്ടർമാരും, ഫാർമസിസ്റ്റുകളും ഒക്കെ അനുഭവിക്കുന്ന പ്രധാന വിഷമവും അതുതന്നെയാണ്. 

ഒരേപോലെ പകർച്ചവ്യാധിയുടെ തീവ്രത അനുഭവിക്കുന്ന അനേകം പേർ വാർഡിൽ. അവരിൽ പാതി പേരുടെ ജീവൻ രക്ഷിക്കാനുള്ള മരുന്നുകൾ മാത്രമേ നിങ്ങളുടെ ഫർമസിയിൽ ഉള്ളൂ. ആരുടെ ജീവൻ രക്ഷിക്കണം. ആരെ മരണത്തിനു കീഴടങ്ങാൻ വിടണം എന്നുള്ള തീരുമാനമെടുക്കേണ്ടത് നിങ്ങളാണ്. എന്തൊരു ദുര്യോഗമാണ് അതെന്നോർക്കുക. 2014 -ലെ എബോളക്കാലത്താണ് അങ്ങനെയുള്ള കഥകൾ ലോകം അവസാനമായി കേട്ടത്. കൊറോണാ വൈറസ് ബാധിതമായ ഇറ്റലി അടക്കമുള്ള പല രാജ്യങ്ങളിൽ നിന്നും അതേ പോലുള്ള കഥകൾ ഇത്തവണ നമ്മൾ കേൾക്കുകയുണ്ടായി. അവിടെ 80 വയസ്സിനു മുകളിലുള്ള രോഗികൾക്ക് തീവ്രപരിചരണ വിഭാഗത്തിന്റെ സേവനം നിഷേധിച്ച് അവരെ മരണത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനമുണ്ടായി എന്നാണ് കേട്ടത്. മരുന്നുകളുടെയും ഡോക്ടർമാരുടെയും തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകളുടെയും അപര്യാപ്തതയാണ് ഗവൺമെന്റിനെക്കൊണ്ട് അത്തരത്തിലുള്ള കടുത്ത തീരുമാനങ്ങൾ എടുപ്പിച്ചത് എന്ന് പറയപ്പെടുന്നു. 
 

doctors, nurses, pharmacists, the health workers martyrs of austerity during epidemics


ഇറ്റലി ഒരു വികസിത രാജ്യമാണ് എന്നാണ് സങ്കൽപം. അവിടത്തെ ആരോഗ്യ സംവിധാനങ്ങൾ ലോകനിലവാരത്തിലുള്ളതും. അവിടെ രോഗം പടർന്നു പിടിച്ച് അതിന്റെ പാരമ്യത്തിൽ എത്തി നിന്നപ്പോൾ ആരോഗ്യ രക്ഷാ സംവിധാനങ്ങളുടെ 'ഓവർ റൺ' അഥവാ ആവശ്യക്കാർക്ക് നല്കാൻ വേണ്ടത്ര ഇല്ലാത്ത അവസ്ഥ വന്നു എന്ന് പറയുമ്പോൾ, കഷ്ടിച്ചു മാത്രം ചികിത്സാ സംവിധാനങ്ങൾ കൊണ്ടുനടക്കുന്ന വികസ്വരമായ നമ്മുടെ രാഷ്ട്രവും, മറ്റുള്ള അവികസിത രാഷ്ട്രങ്ങളും ഒക്കെ എങ്ങനെയാണ് ആ ഒരു ഓവർ റൺ സാഹചര്യത്തെ നേരിടുക എന്നാലോചിച്ചാൽ ആകെ ഭയം വന്നുപോകും. 

doctors, nurses, pharmacists, the health workers martyrs of austerity during epidemics

 

അതിമാനുഷരല്ല ആരോഗ്യപ്രവർത്തകർ. അവരുടെ കഴിവിനുമപ്പുറം പ്രയത്നിച്ചാൽ, ക്ഷീണം അളവിൽ കവിഞ്ഞാൽ അവരുടെ ഭാഗത്തു നിന്നും തെറ്റുകൾ വന്നേക്കാം. അതിന് അവർ നൽകേണ്ടി വരുന്ന വില സ്വന്തം ജീവൻ തന്നെ ആയെന്നുവരും. ഒരു രോഗത്തിനും മുന്നിൽ പോരാടിയതിന്റെ പേരിൽ രക്തസാക്ഷികളാകേണ്ടി വരരുത് നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക്. വേണ്ടത്ര സ്റ്റാഫ് ഇല്ല എന്നതിന്റെ പേരിൽ, രണ്ടും മൂന്നും ഷിഫ്റ്റിൽ തുടർച്ചയായി ജോലി ചെയ്യേണ്ടി വരരുത്. അസുരക്ഷിതവും അശുദ്ധവുമായ അന്തരീക്ഷത്തിൽ അവർക്ക് പെരുമാറേണ്ടി വരരുത്. വേണ്ടത്ര സുരക്ഷാ ഉപകാരണങ്ങളില്ലാതെ രോഗികളെ പരിചരിക്കേണ്ടി വരരുത് അവർക്ക്. അതിനു വേണ്ടതൊക്കെ, അതിനിനി എത്ര പണം ചെലവുണ്ടായാലും ചെയ്തുകൊടുക്കാൻ നമ്മുടെ സർക്കാരുകൾ ബാധ്യസ്ഥരാണ്. കേരളത്തിൽ പോലും പല പിജി ഡോക്ടർമാർക്കും മാസങ്ങളുടെ അലവൻസ് സർക്കാർ കൊടുത്തു തീർക്കാൻ ബാക്കിയുണ്ട്. 

കഴിഞ്ഞ നിപ കാലത്ത് ലിനി പുതുശേരി എന്ന ഗവൺമെന്റ് ആശുപത്രി നഴ്സിനുണ്ടായ ദുരനുഭവമാണ് നമ്മുടെ കണ്മുന്നിലുള്ള പാഠം. കോഴിക്കോട് ചെങ്ങരോത്ത് ഗ്രാമത്തിലെ സാബിത്തിന് നിപ ബാധിച്ചപ്പോൾ അയാൾ നേരെ ചെന്നത് ലിനി ജോലി ചെയ്തിരുന്ന പേരാമ്പ്ര താലൂക്കാശുപത്രിയിലേക്കാണ്.   അവിടെ ദിവസവേതനത്തിൽ ജോലി ചെയ്തിരുന്ന നഴ്സിങ്ങ് ജീവനക്കാരിയായിരുന്ന ലിനിയിരുന്നു, അഡ്മിറ്റ് ചെയ്യപ്പെട്ടന്നു രാത്രി ഉറക്കമൊഴിച്ച്, സാബിത്തിനെ പരിചരിച്ചത്. വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ എടുക്കാഞ്ഞതുകൊണ്ട് ലിനിക്കും നിപ ബാധിച്ചു. നിപ്പ വൈറസ് ആണു പകർച്ചവ്യാധിക്കു കാരണമെന്നു കണ്ടുപിടിക്കുന്നതിനു മുൻപേ ആയിരുന്നു സാബിത്തിനെ ലിനി പരിചരിച്ചത്. പിന്നീട് വൈറസിനെ കണ്ടെത്തിയതിനുശേഷം ആരോഗ്യപ്രവർത്തകർ മതിയായ സുരക്ഷാക്രമീകരണങ്ങൾ സ്വീകരിച്ചു എങ്കിലും അപ്പോഴേക്കും ലിനിയെ രോഗം ബാധിച്ചു കഴിഞ്ഞിരുന്നു. ഒടുവിൽ രോഗം മൂർച്ഛിച്ച് ലിനി മരണപ്പെടുകയായിരുന്നു. 

doctors, nurses, pharmacists, the health workers martyrs of austerity during epidemics

 

പലപ്പോഴും പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്ന മാരകമായ പകർച്ച വ്യാധികൾ തത്സമയം തിരിച്ചറിഞ്ഞ് വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാധിക്കാറില്ല. മുൻകരുതലുകൾ സ്വീകരിക്കാൻ പറ്റാത്തതിന് ഒരു കാരണം സുരക്ഷയോടുള്ള സർക്കാർ സ്ഥാപനങ്ങളിലെ ഉദാസീന സമീപനം കൂടിയാണ്. കെടുകാര്യസ്ഥതയും, കാലതാമസവും ഒക്കെ പലപ്പോഴും സർക്കാർ സംവിധാനങ്ങളുടെ കൂടെപ്പിറപ്പാണ്. വേണ്ടത്ര ഗ്ലൗസും, മാസ്കും, സാനിറ്റൈസറും ഒക്കെ സ്റ്റോക്കുള്ള ആശുപത്രികൾ വളരെ ചുരുക്കമാകും. പലയിടത്തും, വിശേഷിച്ചും നഗരങ്ങളിൽ നിന്ന് ദൂരെയുള്ള ഗ്രാമങ്ങളിലെ ഹെൽത്ത് സെന്ററുകളിൽ, വേണ്ടത്ര സ്റ്റാഫ് ഉണ്ടാവാറില്ല പലപ്പോഴും. 

വൈറസ് പടർന്നുപിടിക്കുമ്പോൾ രോഗികൾക്കൊപ്പം തന്നെ അതിന്റെ ദുരന്ത ഫലങ്ങൾ അനുഭവിക്കുന്നവരാണ് ആരോഗ്യപ്രവർത്തകരും. രോഗികൾക്കൊപ്പം പല ആരോഗ്യ പ്രവർത്തകർക്കും ജീവൻ നഷ്ടമാകുന്നു. അവരുടെ കുടുംബങ്ങൾക്ക് അത്താണിയില്ലാതാകുന്നു. പൊതുജനാരോഗ്യ സംരക്ഷണത്തിനുള്ള ഇന്നത്തെ ഫണ്ടിങ് ഏറെ അപര്യാപ്തമാണ് എന്നും, കുറേക്കൂടി മെച്ചപ്പെട്ട സാഹചര്യങ്ങളിൽ നമ്മുടെ ജീവനും ആരോഗ്യത്തിനും സംരക്ഷണം നൽകുന്നവരെ നമ്മൾ കാത്തുസൂക്ഷിക്കണം എന്നും ഓർമ്മിപ്പിക്കുന്നതാണ് ഇത്തരത്തിലുള്ള അനുഭവങ്ങൾ. എല്ലാവിധ പിശുക്കുകളും മാറ്റിവെച്ച് ആരോഗ്യരംഗത്ത് മുടക്കേണ്ട മുതൽ മുടക്കാൻ ഇതിലും നല്ല ഒരവസരം ഇനി വരാനില്ല. 

Follow Us:
Download App:
  • android
  • ios