Asianet News MalayalamAsianet News Malayalam

ജാതകം ഒക്കെ നോക്കി ജീവിക്കുന്നതിൽ എന്തെങ്കിലും അർത്ഥം ഉണ്ടോ? എന്തെങ്കിലും പഠനങ്ങൾ നടന്നിട്ടുണ്ടോ?

പഠനത്തിന്റെ ഉപസംഹാരം ഇങ്ങനെയാണ് our results are firmly against Indian astrology being considered as a science. അതായത് ഇന്ത്യൻ ജ്യോതിശാസ്ത്രം എന്നത് ഒരു ശാസ്ത്രമായി കണക്കാക്കാൻ പറ്റില്ല എന്ന്. 

Does it make any sense to lead a life dictated by horoscope Any supporting studies conducted yet
Author
Thiruvananthapuram, First Published Oct 28, 2019, 11:45 AM IST

തൃക്കേട്ടയായിരുന്നു അമ്മയുടെ നക്ഷത്രം. അമ്മയുടെ ചേച്ചി അമ്മു പേരമ്മയും തൃക്കേട്ട ആയിരുന്നു.  അമ്മ ചെറുപ്പത്തിലേ പറയുമായിരുന്നു "എന്റെ അനുഭവങ്ങൾ എല്ലാം അമ്മുച്ചേച്ചിയുടെ പോലെ'' യെന്ന്.

തൊണ്ണൂറുകളുടെ ആദ്യം പെട്ടെന്ന് അമ്മു പേരമ്മയുടെ മകൻ കുഞ്ഞുമോൻ ചേട്ടൻ 27 -ാമത്തെ വയസ്സിൽ പെട്ടെന്നുണ്ടായ അസുഖത്താൽ മരിക്കുന്നു. അന്നെനിക്ക് പതിനേഴ് വയസ്സ്. അമ്മയുടെ ഉറക്കം അന്നോടെ തീർന്നു. എനിക്ക് 28 -ാമത്തെ വയസ് പൂർത്തിയായപ്പോഴാണ് അമ്മ ശരിക്ക് ഉറങ്ങാൻ തുടങ്ങിയത്. പിന്നെ, പതിയെ പതിയെ അമ്മയുടെ നക്ഷത്രങ്ങളിൽ ഉള്ള വിശ്വാസം എങ്ങനെയോ കുറഞ്ഞുവന്നു. എന്നിരുന്നാലും അമ്മ പത്തു വർഷത്തോളം എനിക്കെന്തോ ആപത്തു വരും എന്ന് അതിയായി ഭയന്നിരുന്നു. ഇതേപോലെയുള്ള പലപല ഭയത്തോടും കൂടി ജീവിക്കുന്നവർ ആണ് മലയാളികളിൽ ഭൂരിഭാഗവും. അതാണ് നക്ഷത്രങ്ങളോടുള്ള പേടി...

Does it make any sense to lead a life dictated by horoscope Any supporting studies conducted yet

കഴിഞ്ഞ വർഷം ഒരുപക്ഷേ നിങ്ങൾ ഓർക്കുന്നുണ്ടാവും, വളരെ പ്രശസ്തനായ ഒരു വാസ്തു/ ജ്യോതിഷ പണ്ഡിതൻ താൻ പ്രവചിച്ച മഴയെക്കുറിച്ചുള്ള വിഷുഫലത്തിൽ പറഞ്ഞിരുന്നത് 'ജൂലൈ 17 മുതല് ആഗസ്റ്റ് 1 വരെ മഴ അത്രയൊന്നും ലഭിക്കില്ല. ആഗസ്റ്റ് 1 മുതല്‍ 17 വരെ കുറച്ചൊക്കെ മഴ കിട്ടും. വന പര്‍വ്വതങ്ങളില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച അത്രയൊന്നും മഴ ഈ വര്‍ഷം ലഭിക്കില്ല' എന്നായിരുന്നു അത്. അദ്ദേഹത്തിന്റെ ജ്യോതിഷ കണക്കുകൂട്ടലിൽ മഴ പെയ്യില്ല എന്ന് കണ്ടെങ്കിലും, കേരളത്തിൽ വൻ പ്രളയം ഉണ്ടായി എന്നതും നമുക്ക് മറക്കാൻ പറ്റില്ല.

പിന്നാലെ അദ്ദേഹത്തിന്റെ പത്രക്കുറിപ്പും വന്നു 'തെറ്റിയത് തനിക്കാണ്, ജ്യോതിഷത്തിനല്ല' തെറ്റിയത് ജ്യോതിഷത്തിന് എന്ന് പറഞ്ഞാൽ എല്ലാ ജ്യോതിഷികളുടെയും പണി തീർന്നു. തനിക്കെന്ന് പറഞ്ഞാൽ തന്റെ ബിസിനസ്സിൽ ഇത്തിരി ഇടിവു വരും. പക്ഷേ, ജ്യോതിഷത്തിൽ ജനങ്ങൾ വിശ്വസിച്ചോണം എന്ന ലൈൻ. ഇതുപോലെ പാലാ ഇലക്ഷനിലും ഒരു ജ്യോതിഷി പ്രവചിച്ചതിനും നേരെ വിപരീതമാണ് ഫലം വന്നത്. ഇതുപോലെ നൂറുകണക്കിന് ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്.

ജാതകം ഒക്കെ നോക്കി ജീവിക്കുന്നതിൽ എന്തെങ്കിലും അർത്ഥം ഉണ്ടോ? എന്തെങ്കിലും പഠനങ്ങൾ നടന്നിട്ടുണ്ടോ?

അമേരിക്കൻ ഫിസിക്സ് ഗവേഷകൻ ആയ ഡോ. ഷാൻ കാൾ‌സൺ നടത്തിയ ആസ്ട്രോളജിയുടെ ആധികാരികതയെക്കുറിച്ചുള്ള പഠനം Nature എന്ന ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് (Carlson, Shawn (1985)-A double-blind test of astrology" (PDF). Nature. 318 (6045): 419–425).

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ജിയോകോസ്മിക് റിസര്‍ച്ച് (National Council for Geocosmic Research -NCGR) നിർദ്ദേശിച്ച ഏറ്റവും പ്രഗത്ഭരായ 26 ജ്യോതിഷികളെ ആണ് പഠനത്തിനായി നിയോഗിച്ചത്. നൂറോളം ഗ്രഹനിലകളിൽ നിന്നും കാലിഫോര്‍ണിയ സൈക്കോളജിക്കല്‍ ഇന്‍വെന്‍ററി (CPI), സ്റ്റോർ ചെയ്തു വച്ചിരിക്കുന്ന വ്യക്തിത്വ പരിശോധനാ ഫലങ്ങളുമായി ചേര്‍ച്ച കണ്ടുപിടിക്കൽ ആയിരുന്നു ടെസ്റ്റ്. സാധാരണ വരാവുന്ന 'സാദ്ധ്യതകൾ' ക്ക് അപ്പുറം ഒരു ജ്യോതിഷിക്കു പോലും കൃത്യമായ ചേർച്ച കണ്ടുപിടിക്കാൻ പറ്റിയില്ല.

'ഒന്നു പോ ചേട്ടാ, അമേരിക്കയിലെ ടെസ്റ്റും കൊണ്ടു വന്നേക്കുന്നു, ഇന്ത്യയിൽ നടന്നത് വല്ലതും ഉണ്ടെങ്കിൽ പറയൂ.' അങ്ങനെ ചോദിച്ചാൽ അതിനും തെളിവുണ്ട്.

പ്രശസ്‌ത ആസ്ട്രോ ഫിസിസ്റ്റ് ആയ ജയന്ത് വിഷ്ണു നാർലിക്കറുടെ നേതൃത്വത്തിൽ പൂനെ യൂണിവേഴ്‌സിറ്റിയുടെയും, ഇന്‍റര്‍ യൂണിവേഴ്‍സിറ്റി സെന്‍റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സ് പൂനെയുടെയും സഹകരണത്തിൽ നടത്തിയ പഠനത്തിൽ 200 പ്രഗത്ഭരായ ജ്യോതി ശാസ്ത്ര പണ്ഡിതന്മാർ നടത്തിയ കുട്ടികളുടെ ബുദ്ധി ശക്തിയെപ്പറ്റി ഗ്രഹനില നോക്കിയുള്ള പ്രവചനങ്ങളിൽ സാധാരണ വരാവുന്ന 'സാദ്ധ്യതകൾ' ക്ക് അപ്പുറം ഒന്നും ശരിയായി കണ്ടില്ല. (An Indian Test Of Indian Astrology, Skeptical Inquirer : Volume 37, No. 2, March / April 2013). തെറ്റിയ പ്രവചങ്ങളുടെ ഒരു ലിസ്റ്റ് തന്നെ ഈ പഠനത്തിൽ കൊടുത്തിട്ടുണ്ട്.

പഠനത്തിന്റെ ഉപസംഹാരം ഇങ്ങനെയാണ് our results are firmly against Indian astrology being considered as a science. അതായത് ഇന്ത്യൻ ജ്യോതിശാസ്ത്രം എന്നത് ഒരു ശാസ്ത്രമായി കണക്കാക്കാൻ പറ്റില്ല എന്ന്. ജ്യോതിഷത്തിന്റെ പ്രത്യേകത കബളിപ്പിക്കാൻ എളുപ്പമാണ് എന്നുള്ളതാണ്. പ്രവചനങ്ങൾ എല്ലാം തന്നെ 'വ്യക്ത്യാധിഷ്ഠിതമായതിനാൽ' ശരി ആയാൽ മാത്രമേ പലരും പുറത്തു പറയുകയുള്ളൂ, തെറ്റിയാൽ മിണ്ടാതെ ഇരിക്കുകയും ചെയ്യും. പ്രശസ്‌ത ഭൗതിക ശാസ്ത്രജ്ഞൻ കാൾ സാഗൻ പറഞ്ഞത് ചുരുക്കത്തിൽ ഇങ്ങനെയാണ്, "എങ്ങനെയാണ് ചൊവ്വാഗ്രഹം എന്‍റെ ജനനത്തെ സ്വാധീനിക്കുന്നത്? ഞാൻ ജനിച്ചത് ഒരു അടച്ച മുറിയിൽ ആണ്. ചൊവ്വയിൽ നിന്നുള്ള വെളിച്ചം ആ മുറിയിൽ എന്തായാലും വരില്ല. എന്തെങ്കിലും സ്വാധീനം ഉണ്ടെങ്കിൽ അത് ഗുരുത്വാകര്‍ഷണം ആണ്. പക്ഷേ, പ്രസവചികിത്സാ ഡോക്ടറുടെ (obstetrician) ഗുരുത്വാകര്‍ഷണം (gravitational pull) ചൊവ്വയുടെ ഗുരുത്വാകര്‍ഷണസ്വാധീനത്തെക്കാൾ വളരെ കൂടുതൽ ആണ്, കാരണം ചൊവ്വ വലിയ ഗ്രഹം ആണെങ്കിലും പ്രസവചികിത്സകൻ അടുത്തായിരുന്നു."

ചുരുക്കിപ്പറഞ്ഞാൽ ജ്യോതിഷം എന്നത് ഒരു തട്ടിപ്പാണ്. അതുകൊണ്ട് നക്ഷത്രങ്ങളെയും, ചൊവ്വാദോഷത്തെയും പേടിക്കാതെ ഇനി ജീവിക്കാം, നക്ഷത്രം നോക്കാതെ ഇഷ്ടമുള്ളവരെ കല്യാണം കഴിക്കുകയും ആവാം.
 

Follow Us:
Download App:
  • android
  • ios