ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിച്ചു പോരുന്ന ഒരു മുസ്ലിം രാഷ്ട്രീയ കക്ഷിയാണ് ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ എന്ന AIMIM. ഹൈദരാബാദിനും സമീപ പ്രദേശങ്ങളിലും നല്ല സ്വാധീനമുള്ള ഈ പാർട്ടിയുടെ അദ്ധ്യക്ഷനായ അസാദുദ്ദിൻ ഒവൈസി ഹൈദരാബാദിൽ നിന്നുള്ള ലോക് സഭാ അംഗവും ദേശീയ രാഷ്ട്രീയത്തിൽ നിരവധി വിവാദക്കൊടുങ്കാറ്റുകൾ ഉയർത്തിവിട്ടിട്ടുള്ള ആളുമാണ്. 243 അംഗങ്ങളുള്ള ബിഹാർ  നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇത്തവണ AIMIM നിർത്തിയത് ഇരുപത് സ്ഥാനാർത്ഥികളെ ആയിരുന്നു. ഇരുപതിൽ പതിനാലും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ആയിരുന്നു. ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാർട്ടി, മായാവതിയുടെ ബിഎസ്പി എന്നിവയോടൊപ്പം ഒരു 'മഹാമതേതരസഖ്യം' രൂപീകരിച്ചായിരുന്നു ഒവൈസിയുടെ പാർട്ടി പാടലീപുത്രത്തിൽ പോരിനിറങ്ങിയത്. അതിൽ അമൗർ, കൊച്ചധാമൻ, ജോക്കിഹാട്ട്, ബൈസി, ബഹാദൂർഗഞ്ച് എന്നിങ്ങനെ  അഞ്ചു സീറ്റുകളിൽ നിന്ന് ജയിച്ചു കയറിയിരിക്കുകയാണ് അവരുടെ സ്ഥാനാർത്ഥികൾ. പ്രദേശത്ത് വികസനം കൊണ്ടുവരാൻ തന്റെ പാർട്ടി പരമാവധി പരിശ്രമിക്കും എന്നും ഫലപ്രഖ്യാപനത്തിനു ശേഷം ഒവൈസി പത്രസമ്മേളനത്തിൽ ബിഹാറിലെ ജനങ്ങളോടായി പറഞ്ഞു.

ഒവൈസി സ്ഥാനാർത്ഥികളെ ഇറക്കിയത് ബിജെപിക്ക് വേണ്ടിയോ?

എന്നാൽ, വലിയൊരു ആക്ഷേപം തന്നെ തെരഞ്ഞെടുപ്പിലെ ട്രെൻഡുകൾ പുറത്തുവന്ന മുറയ്ക്ക് ഒവൈസിക്കുമേൽ ചുമത്തപ്പെടുകയുണ്ടായി. അത്. ബിഹാർ തെരഞ്ഞെടുപ്പിന്റെ വറചട്ടിയിലേക്ക് തന്റെ പാർട്ടിയുടെ സ്ഥാനാർത്ഥികളെ ഒവൈസി കൊണ്ടിറക്കിയത് ബിജെപിയുടെ ക്വട്ടേഷൻ സ്വീകരിച്ചാണ് എന്ന ആ ആക്ഷേപം, സാമൂഹിക മാധ്യമങ്ങളിലെ കോൺഗ്രസ്, ഇടതു പ്രൊഫൈലുകൾ വ്യാപകമായി പങ്കിടുകയും, ഏറെ വൈറലായി പ്രചരിക്കുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പിൽ ഉടനീളം വളരെ തണുപ്പൻ പ്രതികരണം മാത്രം വോട്ടർമാരിൽ നിന്ന് ഉണ്ടാക്കിയ കോൺഗ്രസ് അണികളായിരുന്നു പ്രധാനമായും ഈ ഒരു ആക്ഷേപം ഏറ്റുപിടിച്ചത്. AIMIM സ്ഥാനാർത്ഥികൾ ഇറങ്ങിയതാണ് തങ്ങളുടെ സ്ഥാനാർത്ഥികളുടെ മോശം പ്രകടനത്തിന് കാരണം എന്നും, ബിജെപിക്ക് വേണ്ടി ഒവൈസി കോൺഗ്രസ് വോട്ടുബാങ്കിൽ വിള്ളൽ ഉണ്ടാക്കുന്ന ദൗത്യം ഏറ്റെടുത്തത് വളരെ മോശമായിപ്പോയി എന്നുമൊക്കെ പ്രചാരമുണ്ടായി. 

എന്നാൽ, AIMIM സ്ഥാനാർത്ഥികളുടെ വോട്ട് ഷെയറുകളുടെ കണക്കുകൾ പുറത്തുവന്നതോടെ ഈ ഒരു ആക്ഷേപത്തിൽ വലിയ കഴമ്പില്ല എന്ന വസ്തുതയാണ് വെളിപ്പെട്ടിട്ടുള്ളത്. കോൺഗ്രസിന്റെയോ, ആർജെഡിയുടെയോ, മഹാസഖ്യത്തിന്റെയോ ഒന്നും വോട്ടുബാങ്കിൽ കാര്യമായ ഒരു വിള്ളലും അവർക്ക് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. എന്നുമാത്രമല്ല, AIMIM സ്ഥാനാർത്ഥികളെ നിർത്തി മത്സരിച്ച 20 സീറ്റുകളിൽ എട്ടെണ്ണത്തിലും, അതായത് ഷെർഗാട്ടി, സാഹേബ്പുർ കമാൽ, ഫുൽവാരി, കിഷൻഗഞ്ജ് , താക്കൂർഗഞ്ജ്, കസ്ബ, മാനിഹരി, അരാരിയ എന്നിവിടങ്ങളിൽ മഹാസഖ്യം സ്ഥാനാർത്ഥികളാണ് ജയിച്ചുകയറിയത്. ശേഷിക്കുന്നതിൽ ഒരു സീറ്റിൽ മുന്നിട്ടു നിൽക്കുന്നത് ഒരു സ്വതന്ത്ര സ്ഥാനാർഥി ആണ്. ശേഷിക്കുന്ന ആറു സീറ്റിൽ മുന്നിട്ടു നിൽക്കുന്നത് എൻഡിഎ സ്ഥാനാർത്ഥികളാണ് എന്നത് ശരിതന്നെ, പക്ഷെ അതിൽ മൂന്നെണ്ണത്തിൽ, സാഹിബ്ഗഞ്ജ്, പ്രാൺപൂർ, ബരാരി എന്നിവിടങ്ങളിൽ വലിയ മാർജിനാണ് എൻഡിഎക്ക് മഹാസഖ്യത്തെക്കാൾ ഉള്ളത്. ഈ ലീഡ് മിക്കയിടങ്ങളിലും AIMIM സ്ഥാനാർത്ഥികൾക്ക് പോൾ ചെയ്യപ്പെട്ട വോട്ടിനേക്കാൾ കൂടുതലുമാണ്. അതായത്, കോൺഗ്രസും മഹാസഖ്യവും പറയുന്ന ഈ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താനോ അതുവഴി നിർണായകസ്വാധീനമായി മാറി എൻഡിഎ ജെഡിയു സ്ഥാനാർത്ഥികളെ ജയിപ്പിക്കാനോ ഒന്നും ഒവൈസിക്കോ അദ്ദേഹത്തിന്റെ പാർട്ടിക്കോ കഴിഞ്ഞിട്ടില്ല.