സർവകലാശാല അധികൃതർ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ നിരവധി ആളുകളുടെ ശ്രദ്ധ നേടി കഴിഞ്ഞു. നിരവധി ആളുകളാണ് ഈ ഹൃദയസ്പർശിയായ വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.

അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ സെറ്റൺ ഹാൾ യൂണിവേഴ്‌സിറ്റിയിൽ കഴിഞ്ഞ ദിവസം നടന്ന ബിരുദദാന ചടങ്ങ് അപൂർവമായ ഒരു സംഭവത്തിന് വേദിയായി. ബിരുദം സ്വീകരിക്കാനായി എത്തിയവരിൽ ഒന്ന് ഒരു നായ ആയിരുന്നു. ജസ്റ്റിൻ എന്ന നായയ്ക്കാണ് സെറ്റൺ ഹാൾ യൂണിവേഴ്‌സിറ്റി കഴിഞ്ഞ ദിവസം ഓണററി ഡിപ്ലോമ നൽകി ആദരിച്ചത്. 

തന്റെ ഉടമയായ ഗ്രേസ് മരിയാനിക്കൊപ്പം എല്ലാ ദിവസവും മുടങ്ങാതെ ക്ലാസ്സിൽ വരികയും അവളുടെ പഠനകാലയളവ് മുഴുവൻ വിശ്വസ്ത സ്നേഹിതനായി കൂടെ നിൽക്കുകയും ചെയ്തതിനാണ് യൂണിവേഴ്സിറ്റി ജസ്റ്റിന് പ്രത്യേക ഓണററി ഡിപ്ലോമ നൽകി ആദരിച്ചത്. ബിരുദദാന ചടങ്ങിൽ ഗ്രേസ് മരിയാനിക്കൊപ്പം ആണ് ജസ്റ്റിനും ഡിപ്ലോമ നൽ‍കിയത്. ഇരുവരും ഒരുമിച്ച് ബിരുദം സ്വീകരിക്കുന്ന മനോഹരമായ കാഴ്ച സർവ്വകലാശാലയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

വികലാംഗരായ വിദ്യാർത്ഥികൾക്ക് അവശ്യ സഹായം നൽകുകയും അവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായി സേവനങ്ങൾ നൽകുകയും ചെയ്യുന്നതിനാൽ യൂണിവേഴ്സിറ്റി കാമ്പസുകളിൽ ഇത്തരം മൃഗങ്ങളുടെ സാന്നിധ്യം സാധാരണമാണ്. ജസ്റ്റിന്റെ ഓണററി ഡിപ്ലോമ, മരിയാനിയുടെ വിദ്യാഭ്യാസ യാത്രയിൽ കൂടെ നിന്നതിന് മാത്രമല്ല മറിച്ച് ഇങ്ങനെ സഹായികളായി കൂടെ നിൽക്കുന്ന മൃഗങ്ങൾ അവയുടെ ഉടമകളുടെ ജീവിതത്തെ അനായാസേന മുൻപോട്ട് കൊണ്ടു പോകാൻ ചെയ്യുന്ന നിരവധി പ്രവർത്തനങ്ങൾക്കുള്ള അഭിനന്ദനമായി കൂടിയാണ് ഈ ആദരം എന്നാണ് സർവകലാശാല അധികൃതർ വ്യക്തമാക്കുന്നത്.

Scroll to load tweet…

സർവകലാശാല അധികൃതർ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ നിരവധി ആളുകളുടെ ശ്രദ്ധ നേടി കഴിഞ്ഞു. നിരവധി ആളുകളാണ് ഈ ഹൃദയസ്പർശിയായ വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. യുപിഐ റിപ്പോർട്ട് ചെയ്യുന്നതുനുസരിച്ച്, ഗ്രേസ് മരിയാനി, അധ്യാപനത്തിൽ ഒരു കരിയർ ആരംഭിക്കുന്നതിലുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. ജസ്റ്റിൻ തന്റെ ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമാണെന്നും അവർ പറഞ്ഞു.