വവ്വാലുകളില്‍ നിന്നാണ് കേരളത്തില്‍ നിപ്പ എത്തിയതെന്നാണ് കരുതുന്നത്. അതുപോലൊരു കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്താമെന്ന സാധ്യത എപ്പോഴും കേരളത്തിന് മുകളില്‍ കിടപ്പുണ്ടെന്നാണ് പഠനം പറയുന്നത്. അത് നേരത്തെയും ഉണ്ടായിരുന്നു , ഇപ്പോഴും ഉണ്ട്.

കേരളത്തിലെ ചില വവ്വാലുകളിലും കൊറോണ വൈറസിനെ കണ്ടെത്തിയതായി ഐസിഎംആറിന്റെ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച) പഠനം വന്നിട്ടുണ്ട്. അത് ജനങ്ങളുടെ ഇടയില്‍ പരിഭ്രാന്തി പരത്താനും ഇടയുണ്ട്. നിലവിലെ സാഹചര്യത്തില്‍ കൊറോണയെന്നും വവ്വാലെന്നും കേട്ടാല്‍  ഓടുന്ന അവസ്ഥയിലാണ് നമ്മള്‍.

എന്നാല്‍ ഈ പറയുന്ന കൊറോണയും ഇപ്പോള്‍ കേള്‍ക്കുന്ന കൊറോണയുമായി ബന്ധമുണ്ടെങ്കിലും അവര്‍ ഒന്നാണ് എന്ന് വിചാരിക്കേണ്ട കാര്യമില്ല. കൊറോണ എന്നത് ഒരു തരം വൈറസുകളുടെ കുടുംബപ്പേരാണ്. അതില്‍ എല്ലാം വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുന്നത് അല്ല.

ചില വൈറസുകള്‍ പലപ്പോഴായി എത്തിയിട്ടുണ്ട്. അനുകൂല സാഹചര്യം  കിട്ടിയാല്‍ അവ മനുഷ്യരിലേക്ക് എത്തി രോഗങ്ങള്‍ പരത്താം. ഗുരുതരമായ കോവിഡും സാര്‍സും മെര്‍സും പോലുള്ള രോഗം പരത്തിയ വൈറസുകളുമുണ്ട്. ചെറിയ ജലദോഷപ്പനി പരത്തിയ വൈറസുകളുമുണ്ട്. നിലവില്‍ കോവിഡ് പരത്തുന്ന വൈറസിന് ചൈനയിലെ Rhinolophus affinis വിഭാഗത്തില്‍പ്പെട്ട വവ്വാലില്‍ നിന്ന് കണ്ടെത്തിയ RaTG13 വൈറസുമായാണ് ഒരുപാട് സാമ്യമുള്ളത്.

ഈ വൈറസിന് മറ്റേതോ ജീവിയിലെ വൈറസുമായി ചേര്‍ന്നുണ്ടായ ജനിതക മാറ്റമാണ് ഇതിനെ ഭീകരനാക്കിയതെന്നാണ് വിലയിരുത്തല്‍. കോവിഡ് പരത്തുന്ന സാര്‍സ് കോവ് 2 എന്ന വൈറസിനെ കേരളത്തിലെ വവ്വാലുകളില്‍ കണ്ടെത്തിയെന്നല്ല നിലവിലെ പഠനം പറയുന്നത്.

പക്ഷെ ജാഗ്രതയുടെ ആവശ്യമുണ്ട്.

വവ്വാലുകളില്‍ നിന്നാണ് കേരളത്തില്‍ നിപ്പ എത്തിയതെന്നാണ് കരുതുന്നത്. അതുപോലൊരു കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്താമെന്ന സാധ്യത എപ്പോഴും കേരളത്തിന് മുകളില്‍ കിടപ്പുണ്ടെന്നാണ് പഠനം പറയുന്നത്. അത് നേരത്തെയും ഉണ്ടായിരുന്നു , ഇപ്പോഴും ഉണ്ട്.

അതുകൊണ്ട് തന്നെ വവ്വാലുകളെ വെറുതെ അങ്ങോട്ട് ചെന്ന് ഉപദ്രവിക്കാതെ അവരെ അവരുടെ പാട്ടിന് വിടുന്നതാണ് നമുക്ക് നല്ലത്. മനുഷ്യരിലോ വളര്‍ത്തു മൃഗങ്ങളിലോ പക്ഷികളിലോ അസാധാരണ രോഗം കണ്ടാല്‍ അതിനെ ഗൗരവത്തോടെ കണ്ട് നടപടികള്‍ സ്വീകരിക്കുകയും വേണം.

അത് ഈ കോവിഡ് കഴിഞ്ഞാലും തുടരേണ്ട ജാഗ്രതയാണ്. കാരണം വുഹാനുകള്‍ ആവര്‍ത്തിക്കാതിരിക്കേണ്ടത് മാനവരാശിയുടെ ആവശ്യമാണ്.