'എന്നെ ശരിക്കും വേദനിപ്പിച്ച ഒരുകാര്യം, ഈ സന്ദേശം ആർക്ക് വേണമെങ്കിലും, ആർക്ക് വേണ്ടി വേണമെങ്കിലും നൽകാവുന്നതായിരുന്നു എന്നതാണ്. പക്ഷേ, അത് പ്രത്യേകമായി തുടങ്ങിയത്: 'പ്രിയപ്പെട്ട ഇന്ത്യൻ വിനോദസഞ്ചാരികളെ' എന്ന് പറഞ്ഞുകൊണ്ടാണ്'.
സ്വിസ് ഹോട്ടലിലെ ഒരു നോട്ടീസ് സംബന്ധിച്ച് ഒരു ഡോക്ടർ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കയാണ്. ഹോട്ടലിലെ ബുഫേയിൽ നിന്ന് ഭക്ഷണം ബാഗുകളിൽ പാക്ക് ചെയ്യരുതെന്ന് ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് മാത്രമായി നിർദ്ദേശിച്ചുകൊണ്ടുള്ള ഒരു നോട്ടീസാണ് ഡോക്ടർ പങ്കുവെച്ചത്.
ഡോ. അർഷിയേത് ധാംനസ്കർ തൻ്റെ കുടുംബത്തോടൊപ്പം സ്വിറ്റ്സർലൻഡിൽ താമസിച്ചപ്പോൾ ഹോട്ടൽ മുറിയുടെ വാതിലിനു പിന്നിൽ കണ്ട സന്ദേശമായിരുന്നു ഇത്. അതിലെ ഏകദേശ ഉള്ളടക്കം ഇങ്ങനെയായിരുന്നു: 'ബുഫേ ഇനങ്ങൾ നിങ്ങളുടെ ബാഗു കളിൽ പാക്ക് ചെയ്യരുത്. നിങ്ങൾക്ക് വേണമെങ്കിൽ, ഞങ്ങൾ പ്രത്യേകം പാക്ക് ചെയ്ത ഭക്ഷണസാധനങ്ങൾ തരാം.' അൺലിമിറ്റഡ് ബുഫേ എന്നാൽ ബാഗുകൾ നിറയെ എടുത്ത് കൊണ്ടുപോകാമെന്ന് അർത്ഥമില്ലെന്നാണ് ഹോട്ടൽ അധികൃതർ ഉദ്ദേശിച്ചതെങ്കിലും സന്ദേശത്തിൽ ഇന്ത്യക്കാരെ മാത്രം എടുത്തുപറഞ്ഞ രീതി തന്നെ വേദനിപ്പിച്ചെന്നാണ് ഡോക്ടർ പറയുന്നത്.
അദ്ദേഹത്തിൻറെ കുറിപ്പ് ഇങ്ങനെയായിരുന്നു: 'എന്നെ ശരിക്കും വേദനിപ്പിച്ച ഒരുകാര്യം, ഈ സന്ദേശം ആർക്ക് വേണമെങ്കിലും, ആർക്ക് വേണ്ടി വേണമെങ്കിലും നൽകാവുന്നതായിരുന്നു എന്നതാണ്. പക്ഷേ, അത് പ്രത്യേകമായി തുടങ്ങിയത്: 'പ്രിയപ്പെട്ട ഇന്ത്യൻ വിനോദസഞ്ചാരികളെ' എന്ന് പറഞ്ഞുകൊണ്ടാണ്'.
വളരെ വേഗത്തിൽ വൈറലായ ഈ സോഷ്യൽ മീഡിയ പോസ്റ്റ് 300,000 -ത്തിൽ അധികം ആളുകൾ കാണുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ചിലർ ഇന്ത്യൻ സഞ്ചാരികളെ സ്റ്റീരിയോടൈപ്പ് ചെയ്യുന്നതായി ഈ വാക്കുകളെ വിമർശിച്ചു. ആവർത്തിച്ചുള്ള സംഭവങ്ങളുടെ ഫലമാവാം ഹോട്ടലിൻ്റെ ഈ തീരുമാനമെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു. ഒരു കമൻ്റ് ഇങ്ങനെയായിരുന്നു: 'ബോസ്, ഇന്ത്യൻ വിനോദസഞ്ചാരികളുടെ പെരുമാറ്റം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നത് ഒരു വസ്തുതയാവാം. പക്ഷേ... ഒന്നിലധികം സൗത്ത് കൊറിയൻ, ചൈനീസ് കോർപ്പറേറ്റ് ഗസ്റ്റുകൾ ഇതേ കാര്യം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.'
മറ്റൊരാൾ കുറിച്ചത്: 'പ്രഭാതഭക്ഷണ ബുഫേയിൽ നിന്ന് യൂറോപ്യന്മാരും അമേരിക്കക്കാരും അവരുടെ പേഴ്സുകളിൽ സാധനങ്ങൾ കുത്തിനിറയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് - എന്തുകൊണ്ടാണ് ഇതിൽ ഇന്ത്യൻ വിനോദസഞ്ചാരികളെ മാത്രം ലക്ഷ്യമിടുന്നതെന്നത് അത്ഭുതപ്പെടുത്തുന്നു'.


