Asianet News MalayalamAsianet News Malayalam

പ്രണയിക്കുന്നവര്‍ തമ്മില്‍ പിരിയേണ്ടി വന്നാല്‍...

മനസ്സിന്റെ ഉള്ളിൽ പ്രണയം കൊണ്ടു നടക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വളരെ നാളുകൾ നീണ്ടുനിന്ന പ്രണയം തകർന്നു പോകുമ്പോൾ വല്ലാത്ത  നിരാശ  തോന്നും. ഈ ലോകത്ത് ഒറ്റയ്ക്കായി പോയ പോലെ. ഉറക്കം  പോയി പോകും. ഭക്ഷണം കഴിക്കാനോ ആളുകളോട് അടുത്ത ഇടപെടാനോ കഴിയാതെ സമൂഹത്തിനും ഉൾവലിയും. 

dr. boban iranimos on relation
Author
Thiruvananthapuram, First Published Apr 6, 2019, 12:52 PM IST

ജീവനുതുല്യം സ്നേഹിക്കുന്ന വ്യക്തിയെ മുറിവേൽപ്പിക്കാൻ  എങ്ങനെയാണ് കഴിയുക? പ്രണയിക്കുന്ന നാളുകളിൽ അവളുടെ കാൽ ഒരു കല്ലിൽ തട്ടിയാൽ  മനസ്സ്  പിടക്കുന്നവർ, അവളുടെ കണ്ണ് ഒന്ന് നിറഞ്ഞാൽ   ചങ്ക് പൊള്ളുന്നവർ, പ്രണയപരാജയം ഏൽക്കേണ്ടി വരുമ്പോൾ സ്നേഹവും പ്രണയവും നഷ്ടപ്പെട്ട്  പകയും പ്രതികാരവും ചേർന്ന മാനസികാവസ്ഥയിലേക്ക് എത്തിച്ചേരുന്നു. ഒരു പോറൽപോലും  ഏൽക്കാതെ കാത്തുസൂക്ഷിച്ചിരുന്ന പ്രിയപ്പെട്ടവളുടെ  ശരീരത്തിൻമേൽ  വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കാനും ഒടുവിൽ അഗ്നിക്ക് ഇരയാക്കാനുമുള്ള ഉള്ള മാനസികാവസ്ഥയിലേക്ക് പ്രണയം  എത്തിച്ചേരുന്നു.

dr. boban iranimos on relation

2017 ഫെബ്രവരി മാസം ഒന്നിന് കോട്ടയം ജില്ലയിലെ ഗാന്ധിനഗർ സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ കാമ്പസിൽ ലക്ഷ്മി എന്ന വിദ്യാർഥിനിയെ കൂട്ടുകാരുടെ മുന്നിലിട്ടാണ് പെട്രോളൊഴിച്ച് കത്തിച്ച പ്രതി ആദർശും സ്വയം എരിഞ്ഞടങ്ങിയ വാർത്ത നടുക്കത്തോടെയാണ് നാം വായിച്ചത്. തിരുവല്ലയില്‍  പെണ്‍കുട്ടിയെ നടുറോഡിൽ   തടഞ്ഞുനിര്‍ത്തി പട്ടാപ്പകൽ കുത്തി പരുക്കേല്‍പ്പിച്ചശേഷം പെട്രൊളൊഴിച്ച് തീ കൊളുത്തിയത് അടുത്തിടെയാണ്. ചിയ്യാരത്ത്  നടന്ന സംഭവവും  സമാന രീതിയിലുള്ളതാണ്. കത്തി കൊണ്ട് കുത്തി  പരിക്കേല്പ്പിച്ച്, പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ പ്രതി കൊലപാതകത്തിന് ശേഷം സ്വയം വിഷം കഴിച്ചു മരിക്കാനുള്ള  ആലോചനയോടെയാണ് എത്തിയത്. പ്രണയം പ്രതികാരമായി തീരുന്ന ഇത്തരത്തിലുള്ള സംഭവങ്ങൾ കേരളത്തിൽ  തുടരെത്തുടരെ സംഭവിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രണയമെന്ന വികാരത്തെ മുൻനിർത്തി മറ്റൊരാളുടെ ജീവൻ എടുക്കാനുള്ള താല്പര്യം  ഭ്രാന്തമാണെന്ന് തന്നെ  പറയാം.

മനസ്സിന്റെ ഉള്ളിൽ പ്രണയം കൊണ്ടു നടക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വളരെ നാളുകൾ നീണ്ടുനിന്ന പ്രണയം തകർന്നു പോകുമ്പോൾ വല്ലാത്ത  നിരാശ  തോന്നും. ഈ ലോകത്ത് ഒറ്റയ്ക്കായി പോയ പോലെ. ഉറക്കം  പോയി പോകും. ഭക്ഷണം കഴിക്കാനോ ആളുകളോട് അടുത്ത ഇടപെടാനോ കഴിയാതെ സമൂഹത്തിനും ഉൾവലിയും. ദു:ഖം അധികരിക്കും. പ്രതികാരവും മരണ ചിന്തയും മത്സരം തുടങ്ങും. പ്രണയം ഏല്പ്പിക്കുന്ന മുറിവുകൾ ഉണങ്ങാൻ ഒരുപാട് നാളുകൾ  വേണ്ടി വന്നേക്കാം. താൻ ഈ  ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ച വ്യക്തിയെ ഒട്ടും വേദനിപ്പിക്കാതെ  പ്രതികാര ചിന്തയേയും, പ്രണയ പരാജയത്തേയും  മറികടക്കാൻ സാധിക്കും.

ഏതൊരു  പ്രണയവും  അവസാനിക്കുന്നതിന് മുമ്പ് രണ്ട്  ഘട്ടങ്ങളിലൂടെയാണ്  കടന്നുപോകുക. പ്രതിഷേധത്തിന്റെയും ഉപേക്ഷിക്കലിന്റെയും (Protest & Resignation)ആണ്  ആദ്യ ഘട്ടം.  ഇഷ്ടപ്പെട്ട വ്യക്തി തന്നിൽ നിന്നും മനപൂർവ്വം അകന്ന് മാറുകയാണെന്ന  തിരിച്ചറിവ് ഒട്ടുമിക്ക ആളുകൾക്കും  വിശ്വസിക്കാനാകില്ല. അങ്ങനെയൊന്നും എന്നെ വിട്ട് പോകാനോ, മറക്കാനോ അയാൾക്കോ / അവൾക്കോ  കഴിയില്ല എന്ന വിശ്വാസത്തിൽ നിന്നും  കാര്യങ്ങൾ അങ്ങനെയല്ല എന്ന് പതിയെ പതിയേ മനസ്സിലാക്കി തുടങ്ങുമ്പോൾ നഷ്ടപ്പെടുമെന്ന് കരുതുന്ന  പ്രണയത്തെ  എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാൻ വ്യക്തി തയ്യാറെടുക്കുന്നു.

അല്ലെങ്കിൽ എല്ലാം നമുക്ക് ഇവിടെവച്ച് അവസാനിപ്പിക്കാം എന്നാകാം

ഊണിലും ഉറക്കത്തിലും, നടക്കുമ്പോഴും, ഇരിക്കുമ്പോഴുമൊക്കെ മനസ്സിൽ ഇത് തന്നെയാകുന്നു ചിന്ത. പ്രണയ നൈരാശ്യത്തിന്റെ ആടി ഉലഞ്ഞ കപ്പലിൽ യാത്ര ചെയ്യുമ്പോൾ  താൻ ഈ ലോകത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തി തന്നെ വിട്ട് പോവുകയാണ് എന്നുള്ള തിരിച്ചറിവ്   വല്ലാത്തൊരു ആഘാതമാണ്   നൽകുക. ഈ സമയത്ത് ഓർമ്മകളിൽ മുഴുവൻ അവൾ / അവൻ കടന്നുവരും. നമ്മെ വിടാതെ പിടികൂടും. പ്രണയം  പരാജയപ്പെടാനുള്ള കാരണം  ആലോചിച്ചു നാം വിഷമിക്കാൻ തുടങ്ങും. കാര്യങ്ങൾ എങ്ങനെ പഴയ പടിയിലേക്ക് എത്തിക്കാൻ എന്തൊക്കെ ചെയ്യാമോ ആ ശ്രമങ്ങൾ എല്ലാം  നടത്തും. ആൺ പെൺ വ്യത്യാസമില്ലാതെ പ്രണയിക്കുന്ന വ്യക്തിയോട് സ്നേഹവും പ്രതികാരവും ഒക്കെ ചേർന്ന സമ്മിശ്രമായ വികാരം ഈ ഘട്ടത്തിൽ രൂപപ്പെട്ട് വരികയും ചെയ്യും. 

രണ്ടാമത്തെ ഘട്ടത്തിൽ പ്രണയത്തെ തിരിച്ചു പിടിക്കാൻ നടത്തുന്ന എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും പ്രണയ പരാജയത്തെ അംഗീകരിച്ച് "ഗുഡ് ബൈ " പറഞ്ഞു  വളരെ വേദനയോടെ പ്രണയത്തിൽ നിന്നു പിന്മാറാൻ തയ്യാറാകുന്നു. ഈ ഘട്ടത്തിൽ ചിലയാളുകൾ കടുത്ത നിരാശയിലേക്ക് വഴുതി വീഴുകയും ചെയ്യും.

പ്രണയ പരാജയം: മുൻകൂട്ടി ഒരുങ്ങാം

ഏതെങ്കിലും രണ്ട്  ഉത്തരങ്ങൾ പ്രതീക്ഷിച്ചു വേണം പ്രണയിക്കുന്ന വ്യക്തിയോട്  സംസാരിക്കാൻ. ഒന്നെങ്കിൽ അവൾ വെളിപ്പെടുത്താൻ പോകുന്നത് നമുക്ക് ഈ ബന്ധത്തിൽ മുന്നോട്ടു പോകാമെന്നാകാം. അല്ലെങ്കിൽ എല്ലാം നമുക്ക് ഇവിടെവച്ച് അവസാനിപ്പിക്കാം എന്നാകാം. ഉത്തരം എന്തായാലും അതിനോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് മുൻകൂട്ടി തന്നെ തീരുമാനിക്കണം.  മുന്നോട്ടു പോകാമെന്ന് ഒരു ശുഭ വാർത്തയാണെങ്കിൽ കൂടിയും   അതിൽ സന്തോഷിക്കുന്നതിനേക്കാളുപരി ഇപ്പോൾ പരസ്പരം വേർപിരിയേണ്ട  അവസ്ഥയിൽ എത്തിച്ചേരാനുള്ള കാരണങ്ങൾ എന്താണെന്ന് വിശകലനം ചെയ്യുന്നത് നന്നായിരിക്കും. ആ കാരണങ്ങൾ വീണ്ടും  ഭാവിയിൽ ഉണ്ടാകാൻ  സാധ്യത ഉള്ളതാണോ എന്ന് പരിശോധിക്കണം. മുമ്പ്  ഒരുപക്ഷേ രണ്ടോ അതിൽകൂടുതൽ തവണയോ  പരസ്പരം പിരിയാൻ തീരുമാനമെടുക്കുകയും വീണ്ടും ഒന്നിക്കുകയും ചെയ്തിട്ടുണ്ട് എങ്കിൽ പ്രണയം  നിങ്ങളുടെ ഉറക്കം കെടുത്തുകയും  പഠനം, ജോലി, സുഹൃത്ത് ബന്ധങ്ങൾ, ദൈനംദിന ജീവിതത്തിലെ പ്രവർത്തനങ്ങൾ എന്നിവയെയൊക്കെ പ്രതികൂലമായി ബാധിക്കുന്ന ഉണ്ടെങ്കിൽ പ്രണയ ബന്ധത്തിന്റെ മുന്നോട്ടുള്ള  ആയുസ്സിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.

ഇനി ഇഷ്ടപ്പെടുന്ന ആൾ നൽകുന്ന മറുപടി എനിക്കിനി ഇതിൽ തുടരാൻ താല്പര്യമില്ല എന്നാണെങ്കിൽ അതിനെ സ്വാഗതം ചെയ്യാൻ മുൻകൂട്ടി തന്നെ തയ്യാറെടുക്കണം.  മാനസികമായ തയ്യാറെടുപ്പ് ഈ ഒരു സാഹചര്യത്തെ അതിജീവിക്കുന്നതിന് സഹായം നൽകും. വിഷമത്തെ ജീവിക്കാൻ കരുത്തു നൽകുന്ന സുഹൃത്തുക്കളെ ഈ അവസരത്തിൽ കൂടെ കൂട്ടുന്നത് നന്നായിരിക്കും. പ്രതികാരം ചെയ്യാനുള്ള തോന്നൽ അടക്കിവെക്കാനും, ജീവിതത്തെ കൂടുതൽ പ്രതീക്ഷയോടെ കാണാനും, മുന്നോട്ടു ജീവിക്കാനുമുള്ള കരുത്ത് നൽകാൻ അവരുടെ വാക്കുകൾക്ക് കഴിഞ്ഞേക്കും.

പ്രണയം: തിരസ്കരണത്തെ എങ്ങനെ നേരിടാം..

പ്രണയ പരാജയം നേരിടേണ്ടിവന്ന  വ്യക്തിയുടെ സാമീപ്യത്തിൽ നിന്നും കുറച്ച് നാളത്തേക്ക് ഒന്നു മാറി നിൽക്കുന്നത്  മനസ്സിനെ ശാന്തമാക്കാൻ നല്ലതാണ്. ദേഷ്യം മൂത്ത് എടുത്ത് ചാടി  പ്രതികാരം  ചെയ്യാൻ ഉള്ള തോന്നലിനെ മറികടക്കാനും, വിഷമ ഘട്ടത്തെ അതിജീവിക്കാനും സുഹൃത്തുക്കളോടൊപ്പം യാത്രകൾ നടത്തുന്നതും നല്ലതാണ്.

പ്രണയം എല്ലാത്തിന്റെയും അവസാനമെന്ന തരത്തിൽ ചിന്തിക്കേണ്ടതില്ല. ജീവിതത്തിൽ മുൻ കാലങ്ങളിൽ സംഭവിച്ചിട്ടുള്ള വിഷമകരമായ അനുഭവങ്ങളിൽ ഒന്നുമാത്രമാണ് ഇപ്പോഴുള്ള പ്രണയ നഷ്ടം  എന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. പ്രണയത്തിൽ  പരാജയപ്പെടുന്ന ലോകത്തിലെ ആദ്യത്തെ ആൾ ഞാനാണ്  എന്ന ചിന്ത നല്ലതല്ല. പ്രണയത്തിന്റെ കാര്യത്തിൽ പരാജയം ഏറ്റ് വാങ്ങേണ്ടി വന്നവരും, അതിനെ അതിജീവിച്ചവരുമാണ് നിങ്ങളുടെ ചുറ്റുമുള്ള  ഒട്ടുമിക്കവരും എന്ന് തിരിച്ചറിയുക. ജീവിതത്തിൽ തിരസ്കാരങ്ങൾ നേരിടേണ്ടി വരുന്നതും അതിനെ അതിജീവിക്കുന്നതും ഇത് ആദ്യമല്ല എന്ന് ഈ സമയത്ത് ഓർക്കുന്നത് നന്നായിരിക്കും.

കുറ്റപ്പെടുത്താതെ നമ്മെ കേട്ടിരിക്കാൻ അവർക്കാക്കും

മുമ്പ് ജീവിതത്തിൽ സംഭവിച്ചിട്ടുള്ള    പല തരത്തിലുള്ള തിരസ്കരണങ്ങളോട്  പൊരുത്തപ്പെട്ട്‌  മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടുണ്ട്. അതു കൊണ്ട് തന്നെ  അല്പം വിഷമത്തോടെയാണെങ്കിലും പ്രണയത്തിൽ നിന്നുണ്ടായ തിരസ്കാരത്തെയും  അതിജീവിക്കാൻ ഉള്ള കഴിവ് നിങ്ങൾക്കുണ്ടെന്ന്  മനസ്സിലാക്കുക. വിഷമിപ്പിക്കുന്ന കാര്യങ്ങൾ പതിയെ മറക്കാൻ ബോധപൂർവ്വം ശ്രമിക്കുക. പ്രണയിക്കുന്ന വ്യക്തിയോടൊപ്പം ഉള്ള  ഫോട്ടോസ്, കാമുകന്റെ/കാമുകിയുടെ എഴുത്തുകൾ, ഇമെയിൽ വാട്സാപ്പിലെ മുൻകാല ചാറ്റിങ്ങ്, സോഷ്യൽ മീഡിയാ പേജുകൾ എന്നിവ എടുത്തു നോക്കുന്നത് പ്രണയിക്കുന്ന വ്യക്തിയെ കുറിച്ചുള്ള ചിന്തകൾ മനസ്സിലേക്ക് വീണ്ടും വീണ്ടും കടന്ന് വരുന്നതിന് കാരണമാകും. ഇത് ഒരുപരിധിവരെ പ്രതികാരം ചെയ്യണം എന്നുള്ള തോന്നലിന്റെ ആക്കം കൂട്ടുകയോ അല്ലെങ്കിൽ പ്രണയ പരാജയത്തിൽ നിന്നുണ്ടായ നിരാശയെ കൂട്ടാൻ കാരണമായേക്കാം. 

ജീവിതത്തിൽ എപ്പോഴും ചില തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോൾ  നാം ചില പ്രതിസന്ധി ഘട്ടങ്ങളെ നേരിടാൻ തയ്യാറാകേണ്ടതുണ്ട്.  പ്രണയവും അതിലൊന്ന് മാത്രമാണ്. ലോകത്തിലെ ഒരു വ്യക്തി മാത്രമാണ് എന്റെ  സന്തോഷങ്ങൾക്ക് കാരണമെന്ന് തരത്തിലുള്ള ചിന്ത നല്ലതല്ല. അത് ആരായാലും. ഇഷ്ടപ്പെടുന്ന വ്യക്തി കടന്നു പോകുമ്പോൾ പ്രണയ ബന്ധത്തിൽ പണ്ട്  ഉപയോഗപ്പെടുത്തിയ കരുത്തും, ഊർജ്ജസ്വലതയും സുഹൃത്ത് ബന്ധങ്ങളിലേക്കും, മറ്റ്  വിനോദ പ്രവൃത്തികളിലേക്കും  വഴിതിരിച്ചുവിടുന്നത് പ്രണയം നൈരാശ്യത്തെ അതിജീവിക്കാൻ നമ്മളെ സഹായിക്കും. മനസ്സുകൊണ്ട് വളരെ അടുത്ത് നില്ക്കുന്നവരോട് പ്രണയം പരാജയപ്പെട്ടു  എന്ന് വെളിപ്പെടുത്തുന്നത് നല്ലതാണ്. കുറ്റപ്പെടുത്താതെ നമ്മെ കേട്ടിരിക്കാൻ അവർക്കാക്കും. പ്രണയ നൈരാശ്യം എന്നത് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് എന്ന ചിന്തയെ ലഘൂകരിക്കാൻ ഇത് സഹായകമാവുകയും ഒപ്പം മറ്റുള്ളവർ നമുക്ക് ഒരല്പം ആശ്വാസമായി തീരുകയും ചെയ്യും. പ്രണയപരാജയം സംഭവിച്ചാൽ ചില പിടിവാശികളിലേയ്‌ക്ക് ചില ആൾക്കാർ എത്തിച്ചേരാറുണ്ട്. ഇനി ഞാൻ ആരെയും സ്നേഹിക്കുന്നില്ല! എന്റെ മനസ്സിൽ നിന്ന് സ്നേഹം പൊയ്പോയി,  ആരെയും സ്നേഹിക്കാനുള്ള മനസ്സ് എനിക്കില്ല എന്നിങ്ങനെയുള്ള ചിന്തകളെ പാടെ ഉപേക്ഷിക്കുക. 

നിങ്ങളുടെ ചുറ്റുപാടും ഉള്ള സുഹൃത്തുക്കൾ നിങ്ങളെ സ്നേഹിക്കുന്നവരാണെന്നും നിങ്ങളിൽ നിന്ന് സ്നേഹവും, സൗഹൃദവും ലഭിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും  ഓർക്കുക. ഒരു വ്യക്തിയുടെ  തിരസ്കാരം കൊണ്ട് നിങ്ങളിൽ സ്നേഹമോ സൗഹൃദമോ, പ്രണയമോ ഒന്നും നഷ്ടപ്പെട്ട് പോകുന്നില്ല. നമ്മളെ സ്നേഹിക്കുന്നവരുടെ കൂടെ കൂടുതൽ  സമയം ചെലവഴിക്കാൻ ശ്രദ്ധിച്ചാൽ മതി. നിങ്ങളെ ഒരാൾ തിരസ്കരിച്ചു എങ്കിൽ നിങ്ങളെ അംഗീകരിക്കുന്ന ഒരുപാടുപേരെ നിങ്ങളുടെ ചുറ്റും കാണാൻ കഴിയും അവരുമായി കൂടുതൽ അടുക്കാനും, സന്തോഷിക്കാനും സമയം കണ്ടെത്തുക. കുടുംബവും, ബന്ധുക്കളും, സുഹൃത്തുക്കളും ഒക്കെ നമ്മോടൊപ്പം ഒരു കരുത്തായി നിലനിൽക്കെത്തന്നെ അല്പസമയം ഒറ്റയ്ക്ക് ചെലവഴിക്കുന്നത് നല്ലതാണ്. സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാനും, സ്വന്തം കഴിവുകളെക്കുറിച്ച്, മുന്നോട്ടുള്ള സാധ്യതകളെക്കുറിച്ചും അറിവ് നേടാൻ ഈ ഒരു മാർഗ്ഗം നല്ലതാണ്. 

ചില വ്യക്തികൾ നമ്മുടെ ഇഷ്ടങ്ങളോട് ഒട്ടും ചേർന്ന് പോകുന്നവരല്ല എന്ന് മനസ്സിലാക്കുക

പ്രതികാരം ചെയ്യേണ്ടത് മറ്റൊരാളെ വിഷമിപ്പിച്ച്‌ കൊണ്ടോ വേദനിപ്പിച്ച് കൊണ്ടോ അല്ല എന്നും പ്രണയം തിരസ്ക്കരിച്ച വ്യക്തിയുടെ മുന്നിൽ  ജീവിതത്തിൽ വിജയിച്ച് കാണിക്കാനുമുള്ള കരുത്ത്  ഇതിൽ നിന്ന് ലഭിക്കും. ഇത് നമ്മുടെ ആത്മവിശ്വാസത്തെ കൂട്ടും. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ നേടിയെടുത്തിട്ടുള്ള കാര്യങ്ങളെ കുറിച്ച് ഒരു ലിസ്റ്റ് ഉണ്ടാക്കുകയോ ഓർത്തെടുക്കുകയോ ഒക്കെ ചെയ്യുന്നത് ആത്മവിശ്വാസം കൂട്ടാനുള്ള നല്ല മരുന്നാണ്. നിങ്ങളുടെ കഴിവുകളെ കുറിച്ച് മറ്റുള്ളവർ പറയുന്നത് കേള്‍ക്കുക. പ്രണയ പരാജയം നിങ്ങളുടെ കഴിവുകളെ ഇല്ലാതാക്കുന്നില്ല എന്ന്  സ്വയം മനസ്സിലാക്കുക. പല പ്രണയങ്ങളും തകരുന്നത് നിങ്ങളുടെ കൈയ്യിലെ തെറ്റു കൊണ്ടാണെന്നുള്ള വാഖ്യാനം നല്ലതല്ല. നിങ്ങളെ ഒരാൾ തിരസ്കരിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം നിങ്ങൾ ഒട്ടും വ്യക്തിത്വമില്ലാത്ത വ്യക്തി ആയതുകൊണ്ടോ, നിങ്ങളുടെ സ്വഭാവത്തിലെ പ്രശ്നങ്ങൾ കൊണ്ടോ ആകണമെന്നില്ല. ഒരുപക്ഷേ, അയാൾക്ക്   അയാളുടേതായ ചില പ്രത്യേക താൽപ്പര്യങ്ങൾ, ലക്ഷ്യങ്ങൾ, മൂല്യങ്ങൾ  എന്നിവ ഉണ്ടാകാം.  തിരസ്കാരത്തിന് കാരണം ഒരുപക്ഷെ അതാകാം. ചില വ്യക്തികൾ നമ്മുടെ ഇഷ്ടങ്ങളോട് ഒട്ടും ചേർന്ന് പോകുന്നവരല്ല എന്ന് മനസ്സിലാക്കുക. ഓരോരുത്തർക്കും അവരുടെ ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടാകും. ക്ഷമിക്കാനും, പൊറുക്കാനും മനസ്സിനെ പഠിക്കുക. കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടെയും  വാക്കുകൾ പ്രണയ പരാജയത്തെ മറികടക്കുന്നതിന് സഹായിക്കുന്നില്ലെങ്കിൽ മനശാസ്ത്ര വിദഗ്ധരെ കാണുന്നത് നന്നായിരിക്കും. നഷ്ട പ്രണയത്തിന്റെ കെടുതികളെ  അതിജീവിക്കാൻ   അവർ നിങ്ങളെ സഹായിക്കും.

(കോട്ടയം, മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ മനശാസ്ത്ര വിഭാഗം അധ്യാപകനും ക്ലിനിക്കൽ സൈക്കോളജിസ്റ്റും ആണ് ലേഖകന്‍)

Follow Us:
Download App:
  • android
  • ios