താൻ സ്വന്തം മൂത്രം കുടിച്ചാണ് അതിജീവിച്ചത് എന്ന് സാമിർ വെളിപ്പെടുത്തി. എന്നും താൻ മക്കളെ വിളിച്ച് നോക്കാറുണ്ടായിരുന്നു. ആദ്യത്തെ മൂന്ന് ദിവസം അവർ വിളി കേൾക്കുകയും പ്രതികരിക്കുകയും ചെയ്തു.

തുർക്കി -സിറിയ ഭൂചലനം നടന്നിട്ട് രണ്ടാഴ്ചയാകുന്നു. ഇപ്പോഴും ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. തുർക്കിയിലെ ഒരു അപാർട്‍മെന്റിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഭൂകമ്പം നടന്ന് 12 ദിവസങ്ങൾക്ക് ശേഷം ഒരു ദമ്പതികളെയും മകനെയും രക്ഷപ്പെടുത്തി. കുട്ടി പിന്നീട് ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി. 

കിർ​ഗിസ്ഥാനിൽ നിന്നുമുള്ള ഒരു സംഘമാണ് 49 -കാരനായ സാമിർ മുഹമ്മദ് അകർ, ഭാര്യ 40 -കാരിയായ റ​ഗ്ദ, ഇവരുടെ 12 വയസുള്ള മകൻ എന്നിവരെ കണ്ടെത്തിയത്. തെക്കൻ തുർക്കി നഗരമായ അന്റാക്യയിലെ ഇടിഞ്ഞുതകർന്ന അപാർട്മെന്റിൽ നിന്നുമാണ് ഇവരെ രക്ഷപ്പെടുത്തിയത്. 

12 ദിവസങ്ങൾക്ക് ശേഷം രാവിലെ 11.30 -നാണ് ഇവരെ രക്ഷപ്പെടുത്തിയത്. അതിന് മുമ്പായി ആ അവശിഷ്ടങ്ങൾക്കിടയിൽ കുടുംബം ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നത് 296 മണിക്കൂറുകളാണ്. ഇവരെ കെട്ടിടത്തിൽ നിന്നും പുറത്തെത്തിച്ചയുടനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ രണ്ട് കുട്ടികളുടെ മൃതദേഹം കൂടി ഉണ്ടായിരുന്നു എന്ന് കിർ​ഗിസ്ഥാനിലെ രക്ഷാപ്രവർത്തക സംഘം പറഞ്ഞു. ആ മരിച്ച രണ്ട് കുട്ടികളും സാമിർ- റ​ഗ്ദ ദമ്പതികളുടെ കുട്ടികളായിരുന്നു എന്ന് പിന്നീട് സ്ഥിരീകരിച്ചു. 

സമറിന് ബോധം വീണു എന്നും മുസ്തഫ കെമാൽ ആശുപത്രിയിൽ ചികിത്സയിലാണ് എന്നും തുർക്കിയുടെ ആരോ​ഗ്യ മന്ത്രി പറഞ്ഞു. അതിനിടെ ഒരു മാധ്യമത്തോട് താൻ സ്വന്തം മൂത്രം കുടിച്ചാണ് അതിജീവിച്ചത് എന്ന് സാമിർ വെളിപ്പെടുത്തി. എന്നും താൻ മക്കളെ വിളിച്ച് നോക്കാറുണ്ടായിരുന്നു. ആദ്യത്തെ മൂന്ന് ദിവസം അവർ വിളി കേൾക്കുകയും പ്രതികരിക്കുകയും ചെയ്തു. എന്നാൽ, പിന്നീടങ്ങോട്ട് അവരിൽ നിന്നും പ്രതികരണം ഒന്നും തന്നെ ഉണ്ടായില്ല എന്നും സാമിർ പറഞ്ഞു. 

അന്റാക്യ ഉൾപ്പെടുന്ന ഹതായ് പ്രവിശ്യയാണ് തുർക്കിയിൽ ഏറ്റവും രൂക്ഷമായി ഭൂചലനം ബാധിച്ച സ്ഥലങ്ങളിൽ ഒന്ന്.