Asianet News MalayalamAsianet News Malayalam

ഭാര്യയോട് 'സ്ത്രീയെപ്പോലെ വസ്ത്രം ധരിക്കൂ' എന്ന് ഭർത്താവ്, ഒടുവിൽ കേസ്, കോടതി, കുറ്റവിമുക്തനാക്കൽ

അവർക്ക് തടിച്ച കാലുകളുണ്ടെന്നും, അതുകൊണ്ട് പാവാട ധരിക്കണമെന്നും, തന്റെ രൂപത്തെ കുറിച്ച് സ്വയം ഒരു ബോധ്യം വേണമെന്നും മാർസ്ഡൻ ഭാര്യയോട് പറയുമായിരുന്നു. 

dress more like women husband says wife husband accused and cleared
Author
UK, First Published May 6, 2021, 3:48 PM IST

സ്ത്രീകളുടെ വസ്ത്രധാരണം എന്നും ചൂടേറിയ ഒരു ചർച്ചാ വിഷയമായിരുന്നു. വസ്ത്രധാരണം ഓരോരുത്തരുടെയും താല്പര്യവും, സ്വാതന്ത്ര്യവുമാണ് എന്ന് അവകാശപ്പെട്ട് കൊണ്ട് പലരും പ്രതിഷേധിക്കാറുമുണ്ട്. എത്രയൊക്കെ മാറിയെന്ന് പറഞ്ഞാലും സ്ത്രീകൾ ഇന്ന രീതിയിൽ മാത്രമേ വസ്ത്രം ധരിക്കാവൂ എന്ന് ചിന്തിക്കുന്ന ആണുങ്ങൾ ഇന്നും സമൂഹത്തിന്റെ ഭാഗമാണ്. സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണമെന്ന് വരെ പലരും അവകാശപ്പെടാറുണ്ട്. എന്നാൽ, ഇവിടെ മാത്രമല്ല വിദേശത്തും അത്തരം സമാനമായ സന്ദർഭങ്ങൾ ഉണ്ടാകുന്നുണ്ട്.

ഭാര്യയോട് 'ഒരു സ്ത്രീയെപ്പോലെ വസ്ത്രം ധരിക്കാൻ' ആവശ്യപ്പെട്ടതിനെത്തുടർന്ന് ഗാർഹിക പീഡനക്കുറ്റം ആരോപിക്കപ്പെട്ട ഭർത്താവിനെ യുകെയിലെ ഒരു കോടതി വിചാരണക്കൊടുവിൽ കുറ്റവിമുക്തനാക്കി. ലെ​ഗ്​ഗിംങ്സും, ജീൻസും ടീഷർട്ടും ധരിച്ച ഭാര്യ ലെസ്ലിയെ അവളുടെ പങ്കാളിയായ 55 -കാരൻ പോൾ മാർസ്ഡൻ ശകാരിച്ചു. തുടർന്ന് ഭാര്യയെ അനാവശ്യമായി നിയന്ത്രിക്കുകയും, കീഴടക്കുകയും ചെയ്യുന്നുവെന്ന ലെസ്ലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയാൾക്കെതിരെ കേസ് എടുത്തു. ഓസ്റ്റിയോപൊറോസിസ്, ആർത്രൈറ്റിസ് എന്നിവ ബാധിച്ച മാർസ്ഡൻ വീൽചെയറിലാണ് സഞ്ചരിക്കുന്നത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നെങ്കിൽ അഞ്ച് വർഷം വരെ തടവ് ഇയാൾ അനുഭവിക്കേണ്ടി വരുമായിരുന്നു. എന്നാൽ, മാഞ്ചസ്റ്റർ മജിസ്‌ട്രേറ്റ് കോടതി അയാൾ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.  

അവർക്ക് തടിച്ച കാലുകളുണ്ടെന്നും, അതുകൊണ്ട് പാവാട ധരിക്കണമെന്നും, തന്റെ രൂപത്തെ കുറിച്ച് സ്വയം ഒരു ബോധ്യം വേണമെന്നും മാർസ്ഡൻ ഭാര്യയോട് പറയുമായിരുന്നു. കൂടാതെ, മോശം പല്ലുകൾ ഉള്ളതിനാൽ അവളുടെ പല്ലുകൾ മാറ്റി കൃതിമ പല്ലുകൾ വയ്ക്കണമെന്ന് അയാൾ ആവശ്യപ്പെട്ടതായും, വീട്ടാവശ്യങ്ങൾക്കായുള്ള പണം പരിമിതപ്പെടുത്തിയെന്നും അവർ ആരോപിച്ചു. അവരുടെ വിവാഹം കഴിഞ്ഞ് 17 വർഷമായി. റോച്ച്‌ഡെയ്‌ലിൽ നിന്നുള്ള ദമ്പതികൾ 2004 -ലാണ് വിവാഹിതരാകുന്നത്. അവർക്ക് രണ്ട് കുട്ടികളുണ്ടെന്നും മാർസ്ഡന്റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു അവർ താമസിച്ചിരുന്നതെന്നും കോടതിയിൽ മിസ്സിസ് മാർസ്ഡൻ പറഞ്ഞു. മുൻ ബന്ധത്തിലുള്ള തന്റെ രണ്ട് കുട്ടികളുമായി ബന്ധപ്പെടാൻ അനുവദിക്കാത്തതിനെത്തുടർന്ന് 2016 ൽ വിവാഹബന്ധം വഷളായിത്തുടങ്ങിയെന്ന് അമ്പതുകളിൽ എത്തി നിൽക്കുന്ന മിസ്സിസ് മാർസ്ഡൻ അവകാശപ്പെട്ടു.

താൻ ഭർത്താവിനെ വഞ്ചിച്ചുവെന്ന് അദ്ദേഹം എപ്പോഴും ആരോപിക്കുമെന്നും മക്കളെ കാണാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുമെന്നും, അവർ ആരോടാണ് സംസാരിക്കുന്നതെന്ന് നോക്കാൻ ഫോൺ പരിശോധിക്കുമെന്നും ലെസ്ലി പറഞ്ഞു. എന്നാൽ, ലെസ്ലി ഒരു നല്ല അമ്മയല്ലെന്ന് മാർസ്ഡൻ ആരോപിച്ചു. "ഞാൻ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ അച്ഛനും അമ്മക്കും കുട്ടികൾക്കും വേണ്ടി പാചകം ചെയ്യുമായിരുന്നു. പക്ഷേ അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ, ആഹാരം ചവറ്റുകുട്ടയിൽ എറിയുകയും പിന്നീട് അമ്മയെ കൊണ്ട് ആഹാരം ഉണ്ടാക്കിക്കുകയും ചെയ്യുമായിരുന്നു" അവർ പറഞ്ഞു.

"എനിക്ക് സ്വന്തമായൊരു ബാങ്ക് അക്കൗണ്ട് തുറക്കാൻ ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം എനിക്ക് പണം തരാറില്ല. ഓരോ രണ്ടാഴ്ച കൂടുമ്പോഴും എനിക്ക് 30 ഡോളർ തരും. ബാക്കി പണം പോക്കറ്റിൽ സൂക്ഷിച്ച് ബിയർ വാങ്ങുകയും അച്ഛനും അമ്മക്കുമായി ചിലവഴിക്കുകയും ചെയ്യും. ഒരു പുരുഷനെപ്പോലെയല്ല സ്ത്രീയെ പോലെ വസ്ത്രം ധരിക്കാൻ അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ ഒരിക്കലും അദ്ദേഹത്തിന്റെ വസ്ത്രം ധരിച്ചിരുന്നില്ല. ഞാൻ എല്ലായ്പ്പോഴും ലോഞ്ച് വസ്ത്രങ്ങളോ കാഷ്വൽ വസ്ത്രങ്ങളോ ആണ് ധരിക്കാറുള്ളത്. പാവാടകൾ എനിക്കിഷ്ടമല്ല" അവർ കൂട്ടിച്ചേർത്തു.  

"അദ്ദേഹം ഒരു പ്രമേഹ രോഗിയാണ്. അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായിട്ടാണ് ഞാൻ പാചകം ചെയ്യുക. ഞങ്ങളുടെ കല്യാണം കഴിഞ്ഞത് മുതൽ എല്ലാ ദിവസവും അദ്ദേഹം എന്നെ കൊണ്ട് ബിയർ വാങ്ങിപ്പിക്കുമായിരുന്നു. ഇതെല്ലാം അതിശയോക്തിയല്ല, സത്യമാണ്" അവർ പറഞ്ഞു നിർത്തി. പ്രോസിക്യൂട്ടർ ഹെലീന വില്യംസ് പറഞ്ഞു: "അവൾ എവിടേക്കാണ് പോകുന്നത്, അവൾ എന്താണ് ചെയ്യുന്നത് തുടങ്ങിയ സകലകാര്യങ്ങളും പോൾ നിയന്ത്രിച്ചു. 'നീ പുറത്ത് പോകണ്ട. എന്നെ നോക്കി വീട്ടിലിരിക്ക്' എന്ന് അദ്ദേഹം പറയും.

എന്നാൽ, ഇതെല്ലാം പച്ചക്കള്ളമാണ് എന്ന് മാർസ്ഡൻ പറഞ്ഞു. "അവളുടെ വസ്ത്രത്തിൽ ഓട്ടകൾ വീണിരുന്നു. അവൾ ലെഗ്ഗിംങ്സ് മാത്രമേ ധരിച്ചിരുന്നുള്ളൂ. ഒരു സ്ത്രീയെപ്പോലെ വസ്ത്രം ധരിക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ ഞാൻ പരിഹാസ്യനായി. ലെസ്ലിയോട് അവളുടെ കാലുകൾ തടിച്ചതായി തോന്നുന്നുവെന്ന് ഞാൻ പറഞ്ഞു. അവളുടെ പല്ലുകൾ കേടായി തുടങ്ങിയപ്പോൾ അവളുടെ ശുചിത്വത്തിനായിട്ടാണ് കൃത്രിമ പല്ലുകൾ വെക്കാൻ ഞാൻ പറഞ്ഞത്" അയാൾ പറഞ്ഞു.

വിചാരണക്കൊടുവിൽ ബെഞ്ചിന്റെ ചെയർ ഡോ. അഹ്സാൻ സലീം പറഞ്ഞു: “മാർസ്ഡൻ ഭാര്യയെ നിയന്ത്രിക്കുന്നു എന്നതിന് തെളിവുണ്ടായിരുന്നു എങ്കിലും അയാൾ ഭാര്യയെ അക്രമിച്ചിരുന്നു എന്നതിന് സൂചനകളൊന്നും ഉണ്ടായിരുന്നില്ല. ജൂൺ മുതൽ അദ്ദേഹം മിസ്സിസ് മാർസ്ഡനുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടാൻ ഒരു ശ്രമവും നടത്തിയിട്ടില്ല. അവസാന കോൺടാക്റ്റിന് ശേഷമുള്ള സമയപരിധി നോക്കുമ്പോൾ ഒരു നിയന്ത്രണ ഉത്തരവ് നടപ്പാക്കേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല." മിസ്സിസ് മാർസ്ഡൻ ഇപ്പോൾ തന്റെ ഉറ്റസുഹൃത്തിനൊപ്പമാണ് താമസിക്കുന്നത്. 2020 ജൂൺ മുതൽ ഭർത്താവുമായി അവർ സംസാരിച്ചിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios