വീഡിയോയുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവർക്കെതിരെ കേസെടുത്തു. വാഹനം ഓടിച്ചിരുന്നത് ഗൗരവ് അഹൂജ എന്ന വ്യക്തിയാണെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
മദ്യപിച്ച് നടുറോഡിൽ വാഹനം നിർത്തി മൂത്രമൊഴിച്ച യുവാവിനെതിരെ പൊലീസ് നടപടി. ഒരു തിരക്കേറിയ ട്രാഫിക് ജംഗ്ഷനിൽ ഇയാൾ കാർ നിർത്തി റോഡരികിൽ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. പൂനെയിലാണ് സംഭവം നടന്നത്. ആ സമയം അതുവഴി കടന്നുപോയ വാഹനങ്ങളിലെ യാത്രക്കാരാണ് യുവാവിന്റെ പ്രവൃത്തി വീഡിയോയിൽ പകർത്തിയത്.
യെരവാഡയിലെ ശാസ്ത്രിനഗർ പ്രദേശത്ത് വഴിയാത്രക്കാരനായ ഒരാളാണ് സംഭവം ക്യാമറയിൽ പകർത്തിയത്. ഒരു ട്രാഫിക് ജംഗ്ഷനിൽ ബിഎംഡബ്ല്യു കാർ റോഡിൻറെ നടുവിലായി നിർത്തിയിട്ടിരിക്കുന്നതും വാഹനത്തിൻറെ ഡോർ അലക്ഷ്യമായി തുറന്നിട്ടിരിക്കുന്നതും ആണ് വീഡിയോ ദൃശ്യങ്ങളുടെ തുടക്കത്തിൽ കാണുന്നത്. തുടർന്ന് വാഹനത്തിന് അരികിലേക്ക് എത്തുമ്പോൾ മദ്യക്കുപ്പിയുമായി ഒരു യുവാവ് മുൻസീറ്റിൽ ഇരിക്കുന്നതും മദ്യലഹരിയിൽ മറ്റൊരു യുവാവ് റോഡരികിൽ നിന്ന് മൂത്രമൊഴിക്കുന്നതും കാണാം.
വീഡിയോ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യുവാക്കൾ യാത്രക്കാരനെ ചീത്ത വിളിക്കുന്നതും ഒപ്പം മൂത്രമൊഴിച്ചു കൊണ്ടിരുന്ന യുവാവ് നഗ്നതാ പ്രദർശനം നടത്തുന്നതും വീഡിയോയിലുണ്ട്. തുടർന്ന് യുവാക്കൾ അമിതവേഗതയിൽ വാഹനം ഓടിച്ചു കൊണ്ടുപോവുകയും ചെയ്യുന്നു.
വീഡിയോയുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവർക്കെതിരെ കേസെടുത്തു. വാഹനം ഓടിച്ചിരുന്നത് ഗൗരവ് അഹൂജ എന്ന വ്യക്തിയാണെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഇയാളോടൊപ്പം ഉണ്ടായിരുന്നത് സുഹൃത്ത് ഭാഗ്യേഷ് ഓസ്വാളാണ്. സംഭവ സമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായാണ് പോലീസ് സംശയിക്കുന്നത്.
ഓസ്വാളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഹൂജ ഒളിവിലാണ്, ലോക്കൽ പൊലീസും ക്രൈംബ്രാഞ്ച് സംഘങ്ങളും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നാണ് പൊലീസ് പറയുന്നത്. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുക, അശ്രദ്ധ, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയ്ക്ക് ഭാരതീയ ന്യായ സംഹിത, മോട്ടോർ വാഹന നിയമപ്രകാരം ആണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
