സുരക്ഷ വർധിപ്പിക്കുന്നതിനും അപകടസാധ്യതകൾ കുറക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.

യുഎസ്സിൽ തോക്കുപയോ​ഗിച്ചുള്ള അതിക്രമങ്ങൾ ക്രമാതീതമായി വർധിച്ചു വരികയാണ്. പ്രത്യേകിച്ചും സ്കൂളുകളിലെ മാസ് ഷൂട്ടിം​ഗുകൾ. നിരവധി കുട്ടികൾക്കും അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും ഇത്തരത്തിലുള്ള അക്രമങ്ങളിൽ ജീവൻ നഷ്ടപ്പെട്ട് കഴിഞ്ഞു. അനേകർക്കാണ് ​ഗുരുതരമായി പരിക്കേറ്റത്. എപ്പോൾ എവിടെ വേണമെങ്കിലും ഇത്തരത്തിലുള്ള അക്രമങ്ങൾ നടക്കാം എന്ന അവസ്ഥയാണ്. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും എല്ലാം വളരെ ഭയത്തോടെയാണ് ഇവിടെ ഓരോ ദിവസും പിന്നിടുന്നത്. ഇപ്പോഴിതാ മിഷി​ഗണിലെ സ്കൂളുകളിൽ വെടിവയ്പ്പ് സാധ്യത കുറക്കുന്നതിന് വേണ്ടി ബാ​ഗുകൾ നിരോധിച്ചിരിക്കുകയാണ്. 

ഗ്രാൻഡ് റാപ്പിഡ്‌സ് പബ്ലിക് സ്‌കൂൾ അധികൃതർ പറയുന്നതനുസരിച്ച്, ഒരു മൂന്നാം ക്ലാസുകാരന്റെ ബാഗിൽ ലോഡ് ചെയ്ത നിലയിൽ കൈത്തോക്ക് കണ്ടെത്തിയതിനെ തുടർന്നാണ് ഇവിടെ ബാക്ക്പാക്കുകൾ നിരോധിച്ചിരിക്കുന്നത്. സുരക്ഷ വർധിപ്പിക്കുന്നതിനും അപകടസാധ്യതകൾ കുറക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ഈ അധ്യയന വർഷത്തിൽ തന്നെ ഇത്തരത്തിലുള്ള നാലാമത്തെ സംഭവമാണ് മൂന്നാം ക്ലാസുകാരന്റെ ബാ​ഗിൽ തോക്ക് കണ്ടെത്തിയത് എന്നും സ്കൂൾ അധികൃതർ പറയുന്നു. 

2023 -ൽ തന്നെ 202 -ലധികം കൂട്ട വെടിവയ്പ്പുകൾക്ക് അമേരിക്ക സാക്ഷ്യം വഹിച്ചതായിട്ടാണ് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഗ്രാൻഡ് റാപ്പിഡ്സ് പബ്ലിക് സ്കൂൾ സൂപ്രണ്ട് ലീഡ്രിയൻ റോബി പറയുന്നത്, ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും എത്ര ബുദ്ധിമുട്ടുണ്ടാക്കും എന്ന് തങ്ങൾക്ക് അറിയാം. പക്ഷേ, കുട്ടികളുടെയും മറ്റുള്ളവരുടെയും സുരക്ഷയെ കരുതി ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നു എന്നാണ്. ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നതിൽ രക്ഷിതാക്കളേക്കാൾ ബുദ്ധിമുട്ട് സ്കൂൾ അധികൃതർക്കുണ്ട് എന്നും സ്കൂൾ സൂപ്രണ്ട് പറയുന്നു.