മൊബൈലില്‍ നോക്കിയിരുന്ന് പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞെന്ന് ആരോപിച്ച് അച്ഛനുമമ്മയും മകനെ വീട്ടില്‍ നിന്നും പുറത്താക്കി.
ചൈനയിലെ ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും പുറത്താക്കി. മധ്യ ഹുനാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഹുവൈഹുവയിലാണ് സംഭവമെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ചൈനയിലെ കടുത്ത മത്സരമുള്ള ദേശീയ കോളേജ് പ്രവേശന പരീക്ഷയായ ഗാവോകാവോയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നാണ് മാതാപിതാക്കൾ സിയാവോകായ് എന്ന വിദ്യാർത്ഥിയെ വീട്ടിൽ നിന്നും പുറത്താക്കിയത്. പ്രസ്തുത പരീക്ഷയിൽ സിയാവോകായ് 750 -ൽ 575 മാർക്ക് നേടിയിരുന്നു. പൊതു നിലവാരമനുസരിച്ച് ഈ സ്കോർ മികച്ചതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, രാജ്യത്തെ മുൻനിര സർവകലാശാലകളിൽ പ്രവേശനം നേടാൻ ഈ മാർക്ക് പോരായെന്ന് ചൂണ്ടിക്കാട്ടിയാണ് സിയാവോയെ മാതാപിതാക്കൾ പുറത്താക്കിയത്.
തന്‍റെ അക്കാദമി ജീവിതത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥിയായിരുന്നു സിയാവോയ് എന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാൽ അടുത്തിടെയായി മകന്‍റെ പഠനത്തിനുള്ള ശ്രദ്ധ കുറഞ്ഞതായാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. ഇതിനു കാരണമായി ഇവർ ചൂണ്ടിക്കാ മൊബൈൽ ഫോണിന്‍റെ അമിതമായ ഉപയോഗമാണ്. രണ്ട് വർഷം മുൻപാണ് മകന്‍റെ നിരന്തരമായ അഭ്യർത്ഥനമാനിച്ച് അച്ഛനുമമ്മയും അവന് ഒരു മൊബൈൽ ഫോൺ വാങ്ങി നൽകിയത്.
മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങിയതോടെയാണ് മകൻ പഠനത്തിൽ പിന്നോക്കം പോയത് എന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. മാതാപിതാക്കൾ വീട്ടിൽ നിന്നും പുറത്താക്കുകയും സാമ്പത്തിക സഹായങ്ങൾ നിഷേധിക്കുകയും ചെയ്തതോടെ സിയാവോയ് സഹായത്തിനായി പ്രാദേശിക മാധ്യമങ്ങളെ ബന്ധപ്പെടുകയായിരുന്നു. ഇപ്പോൾ മകന് മുന്നിൽ രണ്ട് ഓപ്ഷനുകളാണ് മാതാപിതാക്കൾ വെച്ചിട്ടുള്ളത്. ഒന്ന് മൊബൈൽ ഫോൺ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി വന്ന് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. അതല്ലെങ്കിൽ സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തി ജീവിക്കാം.


