'കൂട്ടമായി കൊറെല്ലാ പക്ഷികള്‍ (ഒരിനം തത്ത) പറക്കുന്നതിനിടെ താഴെ വീണ് ചാകുന്നു...' കാസ്പേര്‍സ് പക്ഷി സുരക്ഷാ വിഭാഗത്തിന്‍റെ സ്ഥാപകയായ സാറാ കിങ്ങിന് ലഭിച്ച ഫോണ്‍സന്ദേശത്തിലെ വിവരമായിരുന്നു ഇത്. ഓസ്ട്രേലിയിലെ അഡ്ലെയിഡിലെ വണ്‍ ട്രീ ഹില്‍ പ്രൈമറി സ്കൂളിന് സമീപമാണ് കൊറെല്ലാ പക്ഷികള്‍ കൂട്ടത്തോടെ ചത്തുവീണത്. വിവരമറിഞ്ഞയുടനെ സാറാ കിങ് സംഭവസ്ഥലത്തെത്തിയെങ്കിലും ആ പക്ഷികളെ രക്ഷിക്കാനായിരുന്നില്ല. പക്ഷികളുടെ കണ്ണില്‍ നിന്നും ചുണ്ടില്‍ നിന്നും രക്തവും വരുന്നുണ്ടായിരുന്നു. 

പക്ഷികളുടെ മരണത്തിന്‍റെ കാരണവും ഇതുവരെ വ്യക്തമായിട്ടില്ല. മാരകമായ എന്തെങ്കിലും വിഷം ഉള്ളില്‍ച്ചെന്നതായിരിക്കണം പക്ഷികളുടെ മരണത്തിന് കാരണമെന്നാണ് കാസ്പേര്‍സ് പക്ഷി സുരക്ഷാ വിഭാഗത്തിന്‍റെ നിരീക്ഷണം. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവ് നല്‍കിയിട്ടുണ്ട്. പ്രേതസിനിമയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ക്കാണ് തങ്ങള്‍ സാക്ഷ്യം വഹിച്ചതെന്ന് പക്ഷികള്‍ ചത്തുവീഴുന്ന രംഗത്തെ കുറിച്ച് സാറാ കിങ് പറയുന്നു. പക്ഷികള്‍ക്ക് പറക്കാനായിരുന്നില്ല. വേദന കൊണ്ട് ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും അവര്‍ പറയുന്നു. 

ഇന്ത്യയിലെ, പക്ഷികളുടെ ആത്മഹത്യാ താഴ്വര
ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനമായ അസമിലെ ദിമ ഹസാവോ ജില്ലയില്‍ ജതിംഗ എന്നൊരു ഗ്രാമമുണ്ട്. പക്ഷെ, അറിയപ്പെടുന്നത് പക്ഷികളുടെ ആത്മഹത്യാ താഴ്വര എന്നാണ്. ജതിംഗയിലെ ചില ഇടുങ്ങിയ സ്ഥലങ്ങളില്‍ സപ്തംബര്‍, നവംബര്‍ മാസങ്ങളിലെ നിലാവില്ലാത്ത രാത്രികളിലാണ് പക്ഷികള്‍ കൂട്ടത്തോടെ പറന്നെത്തുന്നതും ചത്തുവീഴുന്നതും. നല്ല ഇരുട്ടായിരിക്കും ആ ദിവസങ്ങളില്‍. പോരാത്തതിന് മഞ്ഞും. ആ ദിവസങ്ങളില്‍ വൈകുന്നേരം ഏഴിനും രാത്രി പത്തിനും ഇടയില്‍ പക്ഷികള്‍ ചത്തുവീഴും. അവിടെയുള്ള പക്ഷികളും ദേശാടന പക്ഷികളും എല്ലാം ഇങ്ങനെ ചത്തുവീഴുന്നവയില്‍ പെടുന്നു. 

നിരവധിപേര്‍ ഇതിനെ കുറിച്ച് പഠിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടിത് സംഭവിക്കുന്നുവെന്നതിന് കൃത്യമായ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രശസ്ത പക്ഷി ശാസ്ത്രജ്ഞനായ സാലിം അലിയും പക്ഷിമരണത്തെ കുറിച്ച് പഠിച്ചയാളാണ്. പ്രായം കുറഞ്ഞ പക്ഷികളാണ് കൂടുതലും ഇങ്ങനെ ചത്തുവീഴുന്നതെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ജതിംഗയിലെ ഭൂപ്രകൃതിയാണ് ഈ പക്ഷികളുടെ മരണത്തിന് കാരണമാകുന്നതെന്നാണ് പ്രധാനമായും കണ്ടെത്തിയത്. മഞ്ഞും കാറ്റും ഗ്രാമത്തില്‍ നിന്നുള്ള വെളിച്ചവും പക്ഷികളെ മരണത്തിലേക്ക് നയിക്കുന്നുവെന്നും പറയപ്പെടുന്നു. ഗ്രാമീണര്‍ പക്ഷികളെ ഭക്ഷണത്തിനായി വേട്ടയാടുന്നതാണെന്നും, അതല്ല താഴെവീഴുന്ന മരിക്കാറായ പക്ഷികളെ ഗ്രാമീണര്‍ ഭക്ഷണത്തിനുപയോഗിക്കുകയാണെന്നും പറയപ്പെട്ടിരുന്നു. പക്ഷികളെ ആകര്‍ഷിക്കുന്നതിനായി മലമുകളില്‍ ഗ്രാമീണര്‍ വലിയ സേര്‍ച്ച് ലൈറ്റുകള്‍ സ്ഥാപിക്കാറുണ്ടെന്നും അതിനുതാഴെയായി മുളങ്കമ്പ് നാട്ടാറുണ്ടെന്നും പറയപ്പെട്ടിരുന്നു. വെളിച്ചം കണ്ട് ആകര്‍ഷിക്കപ്പെട്ടെത്തുന്ന പക്ഷികള്‍ മുളങ്കമ്പില്‍ തട്ടിയാണ് മരിക്കുന്നതെന്നും പറയുന്നുണ്ട്. അതിനെതിരെ ബോധവല്‍ക്കരണവും നടന്നിരുന്നു. ഏതായാലും,  സമീപകാലത്തായി പക്ഷികള്‍ മരിച്ചുവീഴുന്നത് കുറഞ്ഞിട്ടുണ്ട്.