മരിച്ചുപോയ അമ്മ തനിക്കായി കരുതിവെച്ച വിവാഹ ഷൂവും, അതിലെഴുതിയിരിക്കുന്ന സന്ദേശവും കണ്ട് താന്‍ കരഞ്ഞുപോയി എന്ന് പറയുകയാണ് യു.കെയിലുള്ള എമ്മ. 2016 -ലാണ് എമ്മയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. നിശ്ചയം കഴിഞ്ഞ് ഒരു മാസമായപ്പോള്‍ എമ്മയുടെ അമ്മയ്ക്ക് കാന്‍സറാണെന്ന് കണ്ടെത്തി. തന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അമ്മയ്ക്ക് കഴിയുമെന്നാണ് എമ്മ കരുതിയിരുന്നത്. പക്ഷെ, 2017 -ല്‍ അവര്‍ മരിച്ചുപോയി. 

കഴിഞ്ഞ ആഴ്ച എമ്മയ്ക്ക് സര്‍പ്രൈസായി ഒരു വിവാഹ ഷൂ ലഭിച്ചു. അത് തുറന്നു നോക്കിയപ്പോഴാണ് അതിനുള്ള തുക നേരത്തെ അമ്മ നല്‍കിയിരുന്നുവെന്നും അമ്മയുടെ വക തനിക്കായി കരുതിവെച്ച സമ്മാനവും സന്ദേശവുമാണ് ആ ഷൂവെന്നും എമ്മയ്ക്ക് മനസ്സിലായത്. 

''നിന്‍റെ വിവാഹദിവസം അമ്മയില്‍ നിന്നും ഒരു വിവാഹസമ്മാനം വേണമെന്ന് നിനക്ക് ആഗ്രഹം കാണും. നിനക്കുള്ള വിവാഹഷൂ എന്‍റെ വിവാഹസമ്മാനമാണ്. നിനക്കിത് ഒരു മാജിക് ഡേ ആകട്ടെ.. നിറയെ നിറയെ സ്നേഹവും, ആലിംഗനവും...'' എന്നും ഷൂവില്‍ എഴുതിയിട്ടുണ്ടായിരുന്നു. 

എമ്മ പറയുന്നത്, അമ്മയില്ലാതെ ഒരു വിവാഹദിവസമെന്നത് വലിയ വേദനയാണ് എനിക്ക്. അതെന്നില്‍ കണ്ണീരുണ്ടാക്കുന്നുവെന്നാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് തനിക്ക് ഷൂ കിട്ടിയത്. തന്‍റെ പങ്കാളിക്ക് ഇതിനെ കുറിച്ച് അറിയാമായിരുന്നു. പക്ഷെ, തനിക്കതിനെ കുറിച്ച് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ലായെന്നും എമ്മ പറയുന്നു. 

ആരാണ് ഈ ഷൂവും അതിലെ സന്ദേശവും അയച്ചത് എന്ന് തനിക്കറിയില്ലായിരുന്നു. അമ്മയാണെന്ന് മനസ്സിലായപ്പോള്‍ കണ്ണീരടക്കാനായില്ല. ശ്വസിക്കാനോ, സംസാരിക്കാനോ കഴിഞ്ഞില്ല എന്നും എമ്മ പറയുന്നു. കാന്‍സറാണെന്ന് തിരിച്ചറിഞ്ഞ ശേഷം അമ്മ കുടുംബത്തിലെ മറ്റുള്ളവര്‍ക്കെല്ലാം കത്തെഴുതുമായിരുന്നു. എന്നാല്‍, ഒരിക്കല്‍ പോലും തനിക്കൊരു കത്ത് കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ ഈ സമ്മാനം തനിക്ക് സ്പെഷലാണ് എന്നും എമ്മ.. 

ഷൂ തയ്യാറാക്കിയ അമാന്‍ഡ പറയുന്നത് ഇത്രയും ഹൃദയഹാരിയായൊരു സമ്മാനം നല്‍കുന്നതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിക്ക് അങ്ങേയറ്റം സന്തോഷമുണ്ടെന്നാണ്. എമ്മയുടെ അമ്മയാണ് തനിക്ക് കാന്‍സറാണെന്നും എമ്മയുടെ വിവാഹത്തിനായി ഇങ്ങനെയൊരു ഷൂ തയ്യാറാക്കണമെന്നും പറഞ്ഞത്. ആ ഷൂവിന്‍റെ പണം താനടയ്ക്കുമെന്നും മെയില്‍ ചെയ്തുവെന്നും അമാന്‍ഡ പറയുന്നു.