നമ്മൾ റെസ്റ്ററന്റുകളിൽ പോയി ഇറച്ചിയും മറ്റും കഴിക്കാറുണ്ടല്ലോ? എപ്പോഴെങ്കിലുമൊരിക്കൽ നമ്മൾ കഴിച്ചത് ഇറച്ചിയല്ല മനുഷ്യ മാംസമാണെന്ന് അറിഞ്ഞാലോ? എന്തായിരിക്കും നമ്മുടെ അവസ്ഥ? ചിന്തിക്കാൻ പോലും സാധിക്കില്ല അല്ലേ? എന്നാൽ ഒരുപാട് വർഷങ്ങൾക്ക് മുൻപ് ഒരു ഹോങ്കോങ് റെസ്റ്റോറന്റിൽ അത്തരമൊരു സംഭവം അരങ്ങേറുകയുണ്ടായി. അതിന്റെ ഉടമസ്ഥൻ അയാൾ വധിച്ച മനുഷ്യരുടെ മാംസം പാചകം ചെയ്ത അവിടെ വന്ന ആളുകൾക്ക് നൽക്കുകയുണ്ടായി. ആളുകൾ ഇതൊന്നുമറിയാതെ കഴിക്കുകയും ചെയ്തു. ഒരു പക്ഷെ ചരിത്രത്തിലെ ഏറ്റവും ഞെട്ടിക്കുന്ന കൊലപാതക പരമ്പരകളിലൊന്നായിരുന്നു അത്.

The Eight Immortals Restaurant murders അല്ലെങ്കിൽ  the Pork Bun murders എന്നാണ് ഇത് അറിയപ്പെടുന്നത്.  ഹുവാങ് സിഹെംഗ് എന്നാണ് ഈ കൊലപാതകം നടത്തിയ വ്യക്തിയുടെ പേര്. ചൈനയിൽ ജനിച്ച അയാൾ പിന്നീട് 70 -കളിൽ ഹോങ്കോങ്ങിലേക്ക് കുടിയേറി. ഈ കൂട്ടകൊലയ്ക്ക് വളരെ മുൻപ്, ഹോങ്കോങ്ങിൽ വച്ച് ഒരാളുമായി ഹുവാങ് തർക്കത്തിൽ ഏർപ്പെട്ടു. അത് ആ മനുഷ്യന്റെ മരണത്തിൽ കലാശിച്ചു. പിടിക്കപെടാതിരിക്കാൻ ഹുവാങ് പിന്നീട് തെക്കൻ ചൈനയിലെ ഗ്വാങ്‌ഷോവിലേക്ക് പലായനം ചെയ്‌തു. അവിടെ ഏതാനും വർഷങ്ങൾ താമസിച്ച ശേഷം, ഹുവാങ് തന്റെ ഭൂവുടമയുടെ മകളെ വിവാഹം കഴിച്ചു. യുവതിയുടെ കുടുംബം ഹുവാങിനെ അംഗീകരിക്കാത്തതിനാൽ ദമ്പതികൾ ഒളിച്ചോടാൻ നിർബന്ധിതരായി. എന്നിരുന്നാലും, പോകുന്നതിനുമുമ്പ്, ഹോങ്കോങ്ങിലെ കൊലപാതകവുമായുള്ള തന്റെ ബന്ധം ലോകം അറിയാതിരിക്കാനായി തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി ഹുവാങ് സ്വന്തം വിരൽതുമ്പുകൾ കത്തിച്ചു.

പിന്നീട് മകൗവിൽ എത്തിയ ഹുവാങ് ചൂതാട്ടത്തിൽ ഏർപ്പെട്ടു. അക്കാലത്ത് ഹുവാങ്ങിന് ഏകദേശം 50 വയസ്സായിരുന്നു പ്രായം. അവിടത്തെ ചൂതാട്ട കേന്ദ്രത്തിൽ വച്ചാണ് അയാൾ തന്റെ ഭാവി ഇരകളെ കണ്ടുമുട്ടുന്നത്. കനത്ത ചൂതാട്ടക്കാരായിരുന്നു ഷെങ് ലിനും ഭാര്യയും. അവർ അവിടെ എയിറ്റ് ഇമ്മോർട്ടൽസ് റെസ്റ്റോറന്റ് എന്ന പേരിൽ ഒരു ഭക്ഷണശാല നടത്തിയിരുന്നു. എളിയ തുടക്കമായിരുന്നു ഷെങ് ലിന്നിന്. ഒരു തെരുവ് കച്ചവടക്കാരനായിരുന്നു അദ്ദേഹം, പിന്നീട് 60 കളിൽ തന്റെ ബിസിനസ്സ് വളർത്തുകയായിരുന്നു. ഇതുവഴി അദ്ദേഹത്തിന് വൻ സാമ്പത്തിക നേട്ടമുണ്ടായി. കുടുംബത്തോടൊപ്പം റെസ്റ്റോറന്റിനടുത്ത് താമസിച്ച് അയാൾ തന്റെ ബിസിനസ്സ് നോക്കി നടത്തി. 1984 ൽ ഹുവാങും ഷെങ് ലിനും പരസ്പരം നിരവധി പന്തയങ്ങളിൽ ഏർപ്പെട്ടു. 180, 000 യുവാന് നടന്ന ഒരു പന്തയത്തിൽ ഹുവാങ് ജയിച്ചു. പന്തയ പണം നൽകാൻ ഷെങ് ദമ്പതികൾക്ക് കഴിഞ്ഞില്ല. ഒരു വർഷത്തിനുള്ളിൽ അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഷെംഗ് ദമ്പതികൾ അവരുടെ റെസ്റ്റോറന്റ് ഹുവാങ്ങിന് വിട്ടുകൊടുക്കുമെന്ന വാക്കാലുള്ള കരാറിലാണ് ഈ പ്രശ്നം പരിഹരിക്കപ്പെട്ടത്. എന്നിരുന്നാലും, ഒരു വർഷം പിന്നിട്ടിട്ടും കടം തിരിച്ചടയ്ക്കാൻ ഷെങ്‌സിന് കഴിഞ്ഞില്ല. അവരുടെ കടം കുന്നുകൂടിക്കൊണ്ടിരുന്നു. ഒടുവിൽ, ദമ്പതികൾ തനിക്ക് 600, 000 യുവാൻ കടപ്പെട്ടിരിക്കുന്നുവെന്ന് ഹുവാങ് അവകാശപ്പെട്ടു.  

ഇത് കുടുംബത്തെ വല്ലാതെ ബാധിച്ചു. 1984 ഓഗസ്റ്റ് 4 രാത്രിയിലാണ് കൊലപാതകം നടന്നത്. ഷെങ് ദമ്പതികൾ ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് അംഗങ്ങൾ റെസ്റ്റോറന്റ് വൃത്തിയാക്കുന്നതിലും അടുത്ത ദിവസത്തെയ്ക്ക് ആവശ്യമായ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിലും വ്യാപൃതരായിരുന്നു. ഇതിനിടയിൽ, ഹുവാങ് റെസ്റ്റോറന്റിൽ പ്രവേശിച്ച്, ഷെങ്‌സിനോട് 20, 000 യുവാൻ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ വിസമ്മതിക്കുക മാത്രമല്ല, വാഗ്ദാനം ചെയ്തതുപോലെ റെസ്റ്റോറന്റ് കൈമാറ്റം ചെയ്യാൻ വിസമ്മതിക്കുകയും ചെയ്തപ്പോൾ ഹുവാങ് പ്രകോപിതനായി. ഒടുവിൽ ഹുവാങ് ഒരു ബിയർ കുപ്പി തകർത്തു, അതിന്റെ ചില്ല് മൂർച്ചയുള്ള ഒരു ആയുധമായി ഉപയോഗിച്ചു.  ദമ്പതികളുടെ മകന്റെ കഴുത്തിൽ ആ കുപ്പി ചില്ല് പിടിച്ച് ദമ്പതികളോടും, മറ്റ് കുടുംബങ്ങളോടും പരസ്പരം കൂട്ടി കെട്ടാൻ ആവശ്യപ്പെട്ടു.  

ഇതിനിടെ, കുടുംബാംഗങ്ങളിൽ ഒരാൾ സഹായത്തിനായി നിലവിളിക്കാൻ തുടങ്ങി. ഇത് ഹുവാങിനെ കൂടുതൽ പ്രകോപിപ്പിച്ചു. തുടർന്ന് അയാൾ കൈയിലുള്ള കുപ്പിച്ചില്ല് ഉപയോഗിച്ച് കുടുംബത്തിലെ ഒമ്പത് അംഗങ്ങളുടെയും കഴുത്ത് അറുത്ത് കൊന്നു. ഇതിനുശേഷം, ഷെംഗ് ലിന്നിന് ഒരു സഹോദരി കൂടിയുണ്ടെന്ന് അറിഞ്ഞ ഹുവാങ് അവളെ അന്വേഷിച്ച് റെസ്റ്റോറന്റിൽ നിന്ന് ഇറങ്ങി. ഒടുവിൽ അയാൾ അവളെയും കണ്ടെത്തി കൊന്നു. എട്ട് മണിക്കൂറിനുള്ളിൽ മൃതദേഹങ്ങൾ വെട്ടി നുറുക്കുകയും പിന്നീട് കറുത്ത പ്ലാസ്റ്റിക് ബാഗുകളിൽ പൊതിഞ്ഞ് കടലിലേക്കോ ഡംപ്‌സ്റ്ററുകളിലേക്കോ വലിച്ചെറിയുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞ്, ഷെങ് ലിന്റെ മൃതദേഹത്തിൽ നിന്ന് പണവും കീയും കണ്ടെടുത്തു. തുടർന്ന് അദ്ദേഹം റെസ്റ്റോറന്റ് അടച്ചു, വാതിൽക്കൽ ഒരു കുറിപ്പ് ഇടുകയും ഉപയോക്താക്കൾക്കും വിതരണക്കാർക്കും 3 ദിവസത്തെ അവധി പ്രഖ്യാപിക്കുകയും പിന്നീട് ഇരകളുടെ താമസസ്ഥലത്തേയ്ക്ക് പോവുകയും ചെയ്തു.

പിറ്റേന്ന് രാവിലെ, ഒരു ഡെലിവറി ട്രക്ക് ഡ്രൈവർ റെസ്റ്റോറന്റ് അടച്ചതായി കണ്ടതിനെ തുടർന്ന് ആ ദമ്പതികളുടെ വീട്ടിലേക്ക് ചെന്നു. അവർ എവിടെയാണെന്ന് ചോദിച്ചപ്പോൾ, ടൂർ പോയി എന്ന് ഹുവാങ് പറഞ്ഞു. എന്നാൽ പിന്നീട് ഈ ഡ്രൈവർ ഒരു പ്രധാന സാക്ഷിയായിത്തീർന്നു. കാരണം കുടുംബത്തെ അവസാനമായി കണ്ടെത് അദ്ദേഹമായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം, ഹുവാങ് ഒന്നും സംഭവിക്കാത്ത പോലെ  റെസ്റ്റോറന്റ് വീണ്ടും തുറക്കുകയും, അതിന്റെ നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു.  

ഒരു വർഷത്തിനുശേഷം, 1985 ഓഗസ്റ്റ് 8 ന്, കടലിൽ നീന്തുന്നതിനിടെ ഒരാൾ നാല് വലതുകൈകൾ ഉൾപ്പെടെ എട്ട് മനുഷ്യ കൈകാലുകൾ കണ്ടെത്തി. അയാൾ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് കാണാതായവർക്കായുള്ള തിരച്ചിൽ ആരംഭിച്ചു. അടുത്ത ദിവസങ്ങളിൽ, അവയവങ്ങൾ നാല് വ്യത്യസ്ത ആളുകളുടേതാണെന്ന് ഫോറൻസിക് കണ്ടെത്തി. അടുത്ത ആഴ്ച, മകൗവുവിന്റെ ബീച്ചുകളിൽ മൂന്ന് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. കൊലപാതകവുമായി ബന്ധമുള്ള അവസാന ശരീരഭാഗങ്ങൾ 1989 ൽ ഒരു ചവറ്റുകുട്ടയിൽ നിന്ന് കണ്ടെത്തി. അവശേഷിക്കുന്ന ശരീരഭാഗങ്ങൾ റെസ്റ്റോറന്റിന്റെ സ്വഭാവം കണക്കിലെടുത്ത്,  ഹുവാങ് പോർക്ക് ബണ്ണുകളെന്ന പേരിൽ റെസ്റ്റോറന്റിൽ വിറ്റിരിക്കാം എന്ന് അനുമാനിക്കുന്നു.  

ബന്ധുക്കൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഒരു കുടുംബം മുഴുവൻ കാണാതായതായി പൊലീസ് കണ്ടെത്തി. ആ കൈകാലുകൾ ഷെങ് കുടുംബത്തിന്റേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഹുവാങ് റെസ്റ്റോറന്റ് നോക്കി നടത്തുന്നതിൽ പോലീസിന് അപാകത തോന്നിയെങ്കിലും, അയാൾക്ക് കുടുംബവുമായി ബന്ധമുണ്ടെന്ന് എല്ലാവർക്കുമറിയാമെന്നതിനാൽ അയാളുടെ മേൽ കുറ്റം ചാർത്താൻ പൊലീസിനായില്ല. കൂടാതെ റെസ്റ്റോറന്റിന്റെ രേഖകളും അയാളുടെ കൈവശമുണ്ടായിരുന്നു. റെസ്റ്റോറന്റ് നടത്തുന്നത് കൂടാതെ, അവർ താമസിച്ചിരുന്ന വീട്ടിന്റെ വാടകയും ഹുവാങ് ശേഖരിക്കാൻ തുടങ്ങി.

എന്നിരുന്നാലും, പോലീസ് ഹുവാങ്ങിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംശയം തോന്നി. അവർ അയാളുടെ ബാങ്ക് ലോക്കറിൽ തിരയാൻ തുടങ്ങിയപ്പോൾ, ഷെംഗ് ലിനിന്റെ രേഖകളും കുട്ടികളുടെ വിദ്യാർത്ഥി ഐഡി കാർഡുകളും പൊലീസ് കണ്ടെത്തി. രക്ഷപ്പെടാൻ ഹുവാങ് ശ്രമിച്ചെങ്കിലും 1986 സെപ്റ്റംബർ 28 ന് പൊലീസ് അയാളെ പിടികൂടി അറസ്റ്റുചെയ്തു. താമസിയാതെ, ഷെംഗ് കുടുംബത്തിലെ പത്ത് അംഗങ്ങളെയും കൊന്ന കുറ്റത്തിന് അയാൾ ശിക്ഷിക്കപ്പെട്ടു.  ജയിലിൽ ആയിരുന്നപ്പോൾ ഹുവാങ് രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതേ വർഷം ഡിസംബർ 4 ന് രണ്ടാമത്തെ ശ്രമത്തിൽ അയാൾ വിജയിച്ചു. ഒരു ട്രാഷ് കാൻ ലിഡ് ഉപയോഗിച്ച് കൈത്തണ്ട മുറിച്ചു അയാൾ ആത്മഹത്യ ചെയ്‌തു. പ്രാദേശിക പത്രത്തിന് അയച്ച തന്റെ പ്രവൃത്തികൾ വിശദീകരിക്കുന്ന ഒരു കത്തിനൊപ്പം ഹുവാങ് ഒരു ആത്മഹത്യാക്കുറിപ്പും അവശേഷിപ്പിച്ചു. തന്റെ ആത്മഹത്യ തന്റെ പാപത്തെ അംഗീകരിക്കുകയല്ല, മറിച്ച് തന്റെ വിട്ടുമാറാത്ത ആസ്ത്മയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗമായിരുന്നുവെന്ന് ഹുവാങ് തന്റെ കുറിപ്പിൽ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona