വീടിനുള്ളിൽ പരിശോധനക്കായി എത്തിയ ഉദ്യോഗസ്ഥർ കണ്ടത് ഏറെ വൃത്തിഹീനമായ അന്തരീക്ഷം ആയിരുന്നു. കഴുകാതെ കിടക്കുന്ന പാത്രങ്ങളും ഭക്ഷണാവശിഷ്ടങ്ങളും മൃഗങ്ങളുടെ മലമൂത്ര വിസർജനങ്ങളും വീട് നിറയെ ഉണ്ടായിരുന്നു.
മാലിന്യക്കൂമ്പാരത്തിനും 47 മൃഗങ്ങൾക്കും ഇടയിൽ എട്ടുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കണ്ടെത്തി. സൗത്ത് കരോലിനയിലെ ദമ്പതികളുടെ വീടിനുള്ളിലാണ് ഞെട്ടിപ്പിക്കുന്ന ഈ കാഴ്ച. ഇതേ തുടർന്ന് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോണിയ പാത്തിലെ വീടിനുള്ളിൽ കണ്ട മോശം അവസ്ഥയെക്കുറിച്ച് സംസ്ഥാന സാമൂഹിക സേവന വകുപ്പ് അധികൃതരെ അറിയിച്ചതായി പ്രാദേശിക പോലീസ് വിഭാഗം ഫേസ്ബുക്കിൽ അറിയിച്ചു.
രഹസ്യവിവരത്തെ തുടർന്ന് വീട്ടിൽ പരിശോധനയ്ക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് ഞെട്ടിപ്പിക്കുന്ന കാഴ്ചയ്ക്ക് ആദ്യം സാക്ഷികളായത്. ഡസൻ കണക്കിന് റാക്കൂണുകൾ, മുയലുകൾ, നായ്ക്കൾ, പൂച്ചകൾ, കോഴികൾ എന്നിങ്ങനെ 48 ഓളം മൃഗങ്ങളായിരുന്നു ഈ വീടിനുള്ളിൽ ഉണ്ടായിരുന്നത്. മലിനമായ, വൃത്തികെട്ട അന്തരീക്ഷത്തിൽ ആയിരുന്നു ഇവ സ്വതന്ത്രമായി വിഹരിച്ചിരുന്നത്. ജീവനുള്ള മൃഗങ്ങൾക്ക് പുറമേ വീടിൻറെ ബാത്ത്ഡബ്ബിൽ നിന്ന് ഒരു ആടിൻറെ അഴുകിയ ശവശരീരവും കണ്ടെത്തി.
എന്നാൽ ഇതിൽ നിന്നെല്ലാം ഏറെ ഭയാനകമായ കാഴ്ച ഈ വൃത്തികെട്ട അന്തരീക്ഷത്തിൽ എട്ടുമാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെയും അലസമായി വളർത്തിയിരുന്നു എന്നതാണ്. കുഞ്ഞിന് വേണ്ട പരിശീലനങ്ങൾ ഒന്നും തന്നെ നൽകിയിരുന്നില്ല. കുഞ്ഞിനെ വീട്ടിൽ നിന്നും മാറ്റി ഒരു ബന്ധുവിന്റെ വീട്ടിലാണ് ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. അധികൃതർ വീട് വാസയോഗ്യമല്ലെന്ന് പ്രഖ്യാപിക്കും എന്നാണ് കരുതുന്നതെന്നും പോലീസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
വീടിനുള്ളിൽ പരിശോധനക്കായി എത്തിയ ഉദ്യോഗസ്ഥർ കണ്ടത് ഏറെ വൃത്തിഹീനമായ അന്തരീക്ഷം ആയിരുന്നു. കഴുകാതെ കിടക്കുന്ന പാത്രങ്ങളും ഭക്ഷണാവശിഷ്ടങ്ങളും മൃഗങ്ങളുടെ മലമൂത്ര വിസർജനങ്ങളും വീട് നിറയെ ഉണ്ടായിരുന്നു. സഹിക്കാൻ കഴിയാത്ത നാറ്റം കാരണം വീടിനുള്ളിൽ കയറുക തന്നെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എന്നും ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഇവർ പെരുമാറിയത് എന്ന കാര്യം വ്യക്തമല്ല.
സംഭവത്തിൽ കുഞ്ഞിൻറെ മാതാപിതാക്കളായ കെയ്‌ല റെനാർഡും നിക്കോളാസ് ഫോളിയും പോലീസ് പിടിയിലാണ്. കുഞ്ഞിന് സംരക്ഷണം ഉറപ്പാക്കാത്തതിനോടൊപ്പം തന്നെ മൃഗങ്ങളോട് മോശമായി പെരുമാറിയതിനും ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
(ചിത്രം പ്രതീകാത്മകം)


