'ഞാൻ മരിക്കുകയാണ്, ഈ ലോകത്ത് നിന്നും എന്നേക്കുമായി പോവുകയാണ്, അത് മാത്രമാണ് ആ സമയത്ത് എന്റെ ചിന്തയിലുണ്ടായിരുന്നത്...' എന്ന് പെങ് പറയുന്നു.

12 -ാം നിലയിൽ നിന്നും താഴേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. താഴെ വീണതിന് പിന്നാലെ ഭർത്താവിനെ വിളിക്കുകയും ചെയ്തു. സംഭവം നടന്നത് ചൈനയിലാണ്. ജിയാങ്‌സി പ്രവിശ്യയിലെ ലെപ്പിംഗിൽ നിന്നുള്ള ഫാക്ടറി ക്ലീനറായ പെങ് ഹുയിഫാങ്ങ് എന്ന യുവതിയുടെ ഈ അത്ഭുതകരമായ അതിജീവനത്തിന്റെ കഥ രാജ്യവ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റിയതായിട്ടാണ് ചൈനയിൽ നിന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. 

മെയ് 13 -നാണ് സംഭവം നടന്നത്. ജനലിന്റെ ബിസിനസ് ആണ് പെങ്ങിന്റെ ഭർത്താവിന്. അന്ന് ഭർത്താവിനെ സഹായിക്കാനായി കൂടെ പെങ്ങും ഉണ്ടായിരുന്നു. ഒരു ക്ലയന്റിന്റെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു അവൾ. സുരക്ഷിതമായ സ്ഥലമായിരിക്കും എന്ന് തോന്നിയിരുന്നതിനാൽ അവൾ സേഫ്റ്റി റോപ്പ് ധരിച്ചിരുന്നില്ല. എന്നാൽ, അതാണ് വിനയായത്. അവിടെ നിന്നും അവൾ നേരെ താഴേക്ക് വീഴുകയായിരുന്നു. 

ഒരു ഭാരമേറിയ ജനൽ 12 -ാം നിലയിലേക്ക് ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്താൻ ശ്രമിക്കുകയായിരുന്നു അവൾ. അപ്പോഴാണ് അതിന്റെ ഗ്ലാസ് പാനൽ ഒരു മരക്കൊമ്പിൽ കുടുങ്ങിയത്. ആ സമയത്ത് ജനലും ക്രെയിനും താഴേക്ക് വീണു. ക്രെയിനിന്റെ റിമോട്ട് കൺട്രോൾ പിടിച്ചിരുന്ന പെങ്ങും അതോടൊപ്പം കെട്ടിടത്തിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. 

'ഞാൻ മരിക്കുകയാണ്, ഈ ലോകത്ത് നിന്നും എന്നേക്കുമായി പോവുകയാണ്, അത് മാത്രമാണ് ആ സമയത്ത് എന്റെ ചിന്തയിലുണ്ടായിരുന്നത്...' എന്ന് പെങ് പറയുന്നു. എന്നാൽ, ആദ്യം വീഴുന്ന വീഴ്ചയിൽ അവൾ ഒരു സ്ഥലത്ത് തട്ടി നിൽക്കുകയും വീണ്ടും താഴേക്ക് വീഴുകയുമായിരുന്നു. അതാണ് തന്റെ ജീവൻ രക്ഷിച്ചത് എന്നാണ് അവൾ കരുതുന്നത്. 

തനിക്ക് വേദനയൊന്നും അനുഭവപ്പെട്ടിരുന്നില്ല എന്നും പെങ് പറയുന്നു. അവിടെ നിന്നുകൊണ്ട് അവൾ അവളുടെ ഭർത്താവിനെ വിളിച്ച് കാര്യം പറയുകയും ചെയ്തു. പിന്നാലെ എമർജൻസി സർവീസായ 120 -ലേക്കും വിളിച്ചു. ഉടനടി അവളെ ആശുപത്രിയിൽ എത്തിച്ചു. സർജറിയും വേണ്ട ചികിത്സകളും ലഭ്യമാക്കി. 

ആറ് മാസമെങ്കിലും വേണ്ടിവരും അവൾക്ക് പൂർണമായും ആരോ​ഗ്യസ്ഥിതി മെച്ചപ്പെടാൻ. ചികിത്സയ്ക്കും വലിയ ചെലവാണ് വേണ്ടത്. എന്തായാലും, താൻ വേണ്ടതുപോലെ കാര്യങ്ങൾ കൈകാര്യം ചെയ്യാത്തതിനാലാണ് വീണത്. അതിനാൽ ക്ലയന്റിനോട് നഷ്ടപരിഹാരം വാങ്ങില്ലെന്നും പെങ് പറഞ്ഞു. പെങ്ങിന്റെ അതിജീവനകഥ വലിയ ശ്രദ്ധയാണ് ചൈനയിലെ സോഷ്യൽ മീഡിയയിൽ നേടിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം