"അത്തരം ഭീഷണികൾ നിലനിൽക്കുന്നുണ്ടെന്നത് ഞങ്ങൾക്ക് നിഷേധിക്കാനാവില്ല. എന്നാൽ, ഇത് പരിഹരിക്കാൻ ഞങ്ങളുടെ സർക്കാർ എല്ലാ ശക്തിയും ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ട്" അവർ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജർക്കെതിരായ ആക്രമഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും അതിനെ ചെറുക്കാൻ സർക്കാർ എല്ലാ ശക്തിയും ഉപയോഗിക്കുന്നുണ്ടെന്ന് മഹാത്മാ ഗാന്ധിയുടെ ചെറുമകൾ ഇള ഗാന്ധി തിങ്കളാഴ്ച പറഞ്ഞു. മുൻ പ്രസിഡന്റ് ജേക്കബ് സുമയെ ജൂലൈ 7-ന് തടവിലാക്കിയതിനെതിരായ പ്രതിഷേധം കുവാസുലു-നതാൽ, ഗൗട്ടെങ് എന്നീ രണ്ട് പ്രവിശ്യകളിൽ അതിവേഗം വര്‍ധിക്കുകയാണ്. കവർച്ചയും തീവെപ്പും ഇതിന്‍റെ ഭാഗമായി ഉണ്ടായി. അഴിമതിക്കേസില്‍ ആവര്‍ത്തിച്ച് മൊഴി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടർന്ന് സുമ കോടതി അലക്ഷ്യത്തിന് ശിക്ഷിക്കപ്പെടുകയായിരുന്നു.
കഴിഞ്ഞമാസം ക്വാസുലു-നതാൽ, ഗൗട്ടെങ് പ്രവിശ്യകളിൽ നടന്ന അക്രമങ്ങളെക്കുറിച്ചുള്ള ചില മാധ്യമ റിപ്പോർട്ടുകളില്‍, ഇന്ത്യൻ വംശജരായ ദക്ഷിണാഫ്രിക്കക്കാരാണ് ആക്രമണത്തിലേറെയും കൊല്ലപ്പെട്ടത് എന്ന് പറയുന്നു. 330 പേര്‍ കൊല്ലപ്പെട്ടതിലേറെയും ഇന്ത്യക്കാരാണ് എന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു. പല ഇന്ത്യൻ വംശജർക്കും 'വന്നിടത്തേക്ക് തന്നെ തിരികെ പോകൂ' എന്ന തരത്തിലുള്ള ഭീഷണി സന്ദേശങ്ങൾ ലഭിച്ചൂവെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇന്ത്യക്കാർ കൂടുതലായും ആക്രമിക്കപ്പെട്ടു എന്ന വാർത്ത ശരിയല്ലെന്നാണ് ഇള ഗാന്ധി പറയുന്നത്.
"ഇത് പൂർണമായും ശരിയല്ല. തീർച്ചയായും, ഇന്ത്യൻ ഉടമസ്ഥതയിലുള്ള നിരവധി ബിസിനസുകൾ കൊള്ളയടിക്കപ്പെടുകയോ കത്തിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ദേശീയ ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലുള്ള കടകളും കൊള്ളക്കാർ റെയ്ഡ് ചെയ്തു. ഞങ്ങൾക്കറിയാവുന്ന ഒരു ഇന്ത്യക്കാരനു നേരെയും നേരിട്ടുള്ള ആക്രമണങ്ങളുണ്ടായില്ല. കൊല്ലപ്പെട്ടവരിൽ രണ്ടോ മൂന്നോ പേർ മാത്രമേ ഇന്ത്യൻ വംശജരുള്ളുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” ഇള ഗാന്ധി പറഞ്ഞു.
"ദക്ഷിണാഫ്രിക്കയിലെ ഏതെങ്കിലും പ്രത്യേക സമുദായത്തിനെതിരായി മാത്രമല്ല, ലോകത്തെവിടെനിന്നും ആർക്കും എപ്പോൾ വേണമെങ്കിലും ഭീകരാക്രമണമുണ്ടാകാമെന്നാണ് ഞാൻ പറഞ്ഞത്" ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ മാധ്യമങ്ങളിലെ ചില റിപ്പോർട്ടുകളോട് പ്രതികരിച്ചുകൊണ്ട് ഇള ഗാന്ധി പറഞ്ഞു. എവിടെയും എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
"അത്തരം ഭീഷണികൾ നിലനിൽക്കുന്നുണ്ടെന്നത് ഞങ്ങൾക്ക് നിഷേധിക്കാനാവില്ല. എന്നാൽ, ഇത് പരിഹരിക്കാൻ ഞങ്ങളുടെ സർക്കാർ എല്ലാ ശക്തിയും ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ട്" അവർ പറഞ്ഞു. "ഭീഷണി പ്രധാനമായും സോഷ്യൽ മീഡിയയിലാണെന്നും മിക്കവാറും അവ വ്യാജവാർത്തകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വിശദീകരിക്കേണ്ടതുണ്ട്. വാസ്തവത്തിൽ സമാധാനവും സുരക്ഷിതത്വവും ആഗ്രഹിക്കുന്ന നിരവധി ആഫ്രിക്കൻ കമ്മ്യൂണിറ്റി അംഗങ്ങളുമായി കഴിഞ്ഞ ആഴ്ചകളിൽ ഞങ്ങൾ ഒത്തുചേർന്നു."
ഇന്ത്യക്കാർ നടത്തിയ ആക്രമങ്ങളെ കുറിച്ചും അവർ അഭിപ്രായം വ്യക്തമാക്കി, "ഇന്ത്യക്കാരായ ആളുകൾ അവരുടെ വംശത്തിന്റെ അടിസ്ഥാനത്തിൽ ചില ആഫ്രിക്കൻ വ്യക്തികളെ ആക്രമിച്ച ഏതാനും സന്ദർഭങ്ങളിൽ സംഭവിച്ചത് അംഗീകരിക്കാനാവില്ല. എന്നാൽ കുറച്ചുപേരുടെ വിഡ്ഢിത്തങ്ങൾക്ക് മുഴുവൻ സമൂഹത്തെയും അപലപിക്കാൻ കഴിയില്ല" അവർ പറഞ്ഞു.
മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ ആയിരുന്ന കാലത്ത് ആരംഭിച്ച ഫീനിക്സ് സെറ്റിൽമെന്റ് ആസ്ഥാനമായുള്ള ഗാന്ധി ഡെവലപ്മെന്റ് ട്രസ്റ്റിന്റെ തലവനാണ് ഇള ഗാന്ധി. ഒസിഐ കാർഡുകൾക്കായി ഇന്ത്യൻ വംശജരായ ദക്ഷിണാഫ്രിക്കക്കാർ ഏറെയും അപേക്ഷിക്കുന്നുവെന്ന റിപ്പോർട്ടുകളെക്കുറിച്ചും അവർ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയ അടക്കം രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വംശജര്‍ ഇതിനകം തന്നെ കുടിയേറിയിട്ടുണ്ട്. അവരുടെ ബന്ധുക്കളെയും അവര്‍ അങ്ങോട്ട് കൊണ്ടുപോവാനുള്ള ശ്രമത്തിലാണ്. എന്നാല്‍, സമീപകാലത്തെ ആക്രമങ്ങള്‍ അതിനുള്ള കാരണമാക്കി മാറ്റരുത് എന്നും ഇള ഗാന്ധി പറയുന്നു.
"ദക്ഷിണാഫ്രിക്കൻ പൗരന്മാരായി സ്വയം കരുതുന്ന ലക്ഷക്കണക്കിന് നാലാമത്തെയും അഞ്ചാമത്തെയും തലമുറ ഇന്ത്യക്കാർ ഇപ്പോഴും ഇവിടെയുണ്ട്, അക്രമത്തിന് ശേഷം അനുരഞ്ജന, പുനരധിവാസ പദ്ധതികളിൽ സഹായിക്കാൻ അവരിൽ പലരും പങ്ക് വഹിക്കുന്നുണ്ടെന്നതും നാം പരിഗണിക്കണം" ഇള ഗാന്ധി പറഞ്ഞു.
OCI കാർഡിനുള്ള അപേക്ഷകളിലും അന്വേഷണങ്ങളിലും വർദ്ധനവുണ്ടെന്ന് ഡർബനിലെയും ജോഹന്നാസ്ബർഗിലെയും ഇന്ത്യൻ കോൺസുലേറ്റുകളിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇന്ത്യൻ, കറുത്ത വംശക്കാരായ മറ്റ് സമുദായ നേതാക്കൾക്കൊപ്പം ഇള ഗാന്ധി അനുരഞ്ജനം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളിൽ ഏർപ്പെട്ടിട്ടുണ്ട്.
"സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള ചില ആളുകളുടെ വാക്കുകള്‍ ദൗർഭാഗ്യകാരമാണ്" എക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സ് (ഇഎഫ്എഫ്) നേതാവ് ജൂലിയസ് മലേമയുടെ പ്രസ്താവന പരാമർശിച്ചുകൊണ്ട് ഇള ഗാന്ധി പറഞ്ഞു. മലേമ പലപ്പോഴും ഇന്ത്യൻ വിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.
"ഫീനിക്സിൽ ആ ഇന്ത്യക്കാർ ചെയ്തത് മറക്കാനാവാത്തതാണ്, അവർ നമ്മുടെ ജനങ്ങളോട് ചെയ്തതിന് ഞങ്ങൾ ഒരിക്കലും ക്ഷമിക്കില്ല. അവർ ഇന്ത്യൻ കുറ്റവാളികളാണ്, അവരെ കൃത്യമായി അങ്ങനെ തന്നെ വിളിക്കണം. അതിനെക്കുറിച്ച് ഞങ്ങൾ മാപ്പ് പറയാൻ പോകുന്നില്ല" മലേമ സമീപകാല അക്രമത്തിനുശേഷം ഖായ എഫ്എം റേഡിയോ സ്റ്റേഷനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യൻ വിരുദ്ധ പരാമർശങ്ങൾ തുടരുകയാണെങ്കിൽ, അദ്ദേഹത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അഡ്വക്കേറ്റ് മഹമ്മദ് സലീം ഖാൻ വ്യാപകമായി പ്രചരിച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ മലേമയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ഫീനിക്സിൽ 22 കറുത്തവർഗക്കാർ ഇന്ത്യ കാവൽക്കാരുടെ കൈകളാല്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. അവരിൽ പലരും ഇപ്പോൾ കൊലപാതകക്കുറ്റം നേരിടുന്നുണ്ട്. കറുത്ത വർഗക്കാരുടെ അനൗപചാരിക വാസസ്ഥലങ്ങളാൽ ചുറ്റപ്പെട്ട ഇന്ത്യൻ പ്രദേശമായ ഫീനിക്സിന് ചുറ്റും കലാപങ്ങൾ നടക്കുമ്പോഴും ഈ പ്രദേശം ഇപ്പോഴും കലാപകാരികൾ തൊടാതെ നിൽക്കുകയാണ്.
