ലോകത്തിലെ ഏറ്റവും സമ്പന്നന്റെ മുന്‍ കാമുകി മകന് ട്യൂഷന്‍ ഫീസിനായി പഴയ പ്രണയചിത്രങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുന്നു 

കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ഇലോണ്‍ മസ്‌കിന്റെ മുന്‍ കാമുകി ഇപ്പോഴൊരു ലേലത്തിലാണ്. പ്രണയകാലത്ത് മസ്‌ക് നല്‍കിയ അനേകം ഉപഹാരങ്ങളാണ് അവര്‍ ലേലത്തിനു വെച്ചത്. മകന്റെ ട്യുഷന്‍ ഫീസിനു വേണ്ടിയാണ്, ലോകത്തെ ഏറ്റവും സമ്പന്നനായ ഇലോണ്‍ മസ്‌കുമൊത്തുള്ള അപൂര്‍വ്വ നിമിഷങ്ങളുടെ ഫോട്ടോകളും അദ്ദേഹം നല്‍കിയ ഉപഹാരങ്ങളും അവര്‍ ലേലത്തിനു വെച്ചത്. 

പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ മസ്‌കിന്റെ കാമുകിയായിരുന്ന ജെന്നിഫര്‍ ഗൈ്വനാണ് പ്രണയക്കുറിപ്പുകളും ജന്‍മദിന കാര്‍ഡുകളും പ്രണയകാലത്തെ അപൂര്‍വ്വ ചിത്രങ്ങളും ലേലത്തിനു വെച്ചത്. പ്രമുഖ ലേലക്കമ്പനിയായ ആര്‍ ആര്‍ ഓക്ഷനാണ് മസ്‌കിന്റെ പ്രണയജീവിതം പറയുന്ന 20 ഇനങ്ങള്‍ ലേലത്തിനു വെച്ചത്. വളര്‍ത്തു മകന്റെ ട്യൂഷന്‍ ഫീസിനു വേണ്ടിയാണ് ഈ വസ്തുക്കള്‍ ലേലം ചെയ്യുന്നതെന്ന് ജന്നിഫര്‍ ഗൈ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

1994-95 കാലത്താണ് മസ്‌കും ജെന്നിഫറും കട്ട പ്രണയം തുടങ്ങിയത്. അന്നവര്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളായിരുന്നു. ഇരുവരും ഡേറ്റിംഗ് തുടങ്ങിയത് അതേ വര്‍ഷമായിരുന്നു. പിന്നീട് ഇരുവരും ഒരുമിച്ച് താമസം തുടങ്ങി. പിറ്റേ വര്‍ഷം ഫിസിക്‌സിലും ഇക്കണോമിക്‌സിലും ബിരുദങ്ങള്‍ നേടി മസ്‌ക് സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ ഉന്നത പഠനത്തിന് പോയി. ജെന്നിഫറാവട്ടെ, മറ്റൊരു സര്‍വകലാശാലയിലേക്ക് പഠിക്കാന്‍ പോയി. അതിനു ശേഷമാണ് ഇരുവരും വഴി പിരിഞ്ഞത്. ടെസ്‌ല സി ഇ ഒ ആയ മസ്‌ക് ഇപ്പോള്‍ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്. വളര്‍ത്തു മകനൊപ്പം സൗത്ത് കരോലിനയിലാണ് ജെന്നിഫര്‍ ഇപ്പോള്‍ താമസിക്കുന്നത്. 

പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ മനോഹരമായ പ്രണയകാലമാണ് ജെന്നിഫര്‍ വില്‍പ്പനയ്ക്കു വെച്ച ഫോട്ടോകളിലുള്ളത്. കൂട്ടുകാര്‍ക്കൊപ്പം തമാശ പറഞ്ഞു നില്‍ക്കുന്ന മസ്‌കിനെ ഈ ചിത്രങ്ങളില്‍ കാണാം. അതോടൊപ്പം പ്രണയാതുരനായി കാമുകിക്കൊപ്പം ക്യാമറയെ നോക്കി നില്‍ക്കുന്ന മസ്‌കും ചിത്രങ്ങളിലുണ്ട്് 

ഇതോടൊപ്പം, മസ്‌ക് പ്രണയ സമ്മാനമായി നല്‍കിയ 14 കാരറ്റിന്റെ മനോഹരമായ സ്വര്‍ണ്ണ നെക്‌ലേസും ജെന്നിഫര്‍ ലേലത്തില്‍ വെച്ചിട്ടുണ്ട്. ഇതോടൊപ്പം ഇരുവരുമുള്ള മനേഹരമായ രണ്ട് ചിത്രങ്ങളുമുണ്ട്. മസ്‌കിന്റെ മാതാവിനെ സന്ദര്‍ശിക്കാന്‍ പോയപ്പോഴുള്ള ഫോട്ടോകളാണ് ഇത്്. 1995 മെയ് 13-ന് എടുത്ത ഈ ചിത്രത്തില്‍ ഇരുവരും മസ്‌കിന്റെ മാതാവിന്റെ കൂടെ നില്‍ക്കുന്നത് കാണാം. മറ്റൊരു ചിത്രത്തില്‍ സഹപാഠികള്‍ക്കൊപ്പം നില്‍ക്കുന്ന കമിതാക്കളാണുള്ളത്. 

1994-ലെ ക്രിസ്മസ് അവധിക്കാലത്ത് മസ്‌കിന്റെ വീട്ടില്‍ പോയപ്പോള്‍ എടുത്തതാണ് മറ്റൊരു ചിത്രം. ലവ്, ലവ്, ലവ് എന്നെഴുതിയ ഒരു കുറിപ്പും സ്വര്‍ണ്ണ നെക്‌ലേസും അന്നാണ് സമ്മാനമായി മസ്‌ക് നല്‍കിയതെന്ന് ജെന്നിഫര്‍ പറയുന്നു.'' മസ്‌കിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണാഫ്രിക്കയിലെ രത്‌നഖനിയില്‍നിന്ന് എടുത്ത കുറേ ആഭരണങ്ങള്‍ കിടപ്പുമുറിയില്‍ അമ്മ സൂക്ഷിച്ചു വെക്കുന്നുണ്ടായിരുന്നു. അതിലൊന്ന് എടുത്താണ് മസ്‌ക് അന്ന് എനിക്കു സമ്മാനിച്ചത്. '' 

മസ്‌ക് നല്‍കിയ ജന്‍മദിന കാര്‍ഡും ലേലത്തിനു വെച്ചിട്ടുണ്ട്. മസ്‌ക് ഒപ്പുവെച്ച ഒരു ഡോളര്‍ ബില്ലും ജെന്നിഫര്‍ ലേലത്തിനു വെച്ചിട്ടുണ്ട്.