'എന്റെ ഭാര്യ എനിക്ക് നൽകിയ അവസാനത്തെ ആ ആലിംഗനം ഞാൻ ഓർക്കുന്നു. പ്രഭാതത്തിൽ തങ്ങൾ ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പായിരുന്നു അത്.'
ഒരാളെ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്നത് വളരെ മനോഹരമായ കാര്യമാണ് അല്ലേ? അതിപ്പോൾ അച്ഛനായാലും അമ്മയായാലും മക്കളായാലും, സുഹൃത്തുക്കളായാലും, ഭാര്യാ - ഭർത്താക്കന്മാരോ കാമുകീ കാമുകന്മാരോ ഒക്കെ ആയാലും അത് നൽകുന്ന അനുഭവം ഹൃദ്യമാണ്. അതുപോലെ നാം ഒരാളെ കെട്ടിപ്പിടിക്കുമ്പോൾ നമുക്ക് അറിയില്ല അത് നാം അവർക്ക് നൽകുന്ന അവസാനത്തെ ആലിംഗനമാണോ എന്ന്. അങ്ങനെ കണ്ണ് നനയിക്കുന്ന ഒരു അനുഭവമാണ് ദില്ലിയിൽ നിന്നുള്ള ഒരു യുവാവ് ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ചിരിക്കുന്നത്.
തന്റെ ഭാര്യ മരിച്ച ദിവസം പരസ്പരം ആലിംഗനം ചെയ്തതിനെ കുറിച്ചാണ് യുവാവ് എഴുതുന്നത്. അന്ന് രാവിലെയും അവർ പരസ്പരം ആലിംഗനം ചെയ്തു. അത് എന്നത്തേയും പോലെ ഒരു സാധാരണ കെട്ടിപ്പിടിത്തമായിരുന്നു. അവർ ആശുപത്രിയിലേക്ക് പോകാനായി ഇറങ്ങിയതായിരുന്നു എന്നും പോസ്റ്റിൽ പറയുന്നു.
'നന്നായി കെട്ടിപ്പിടിക്കൂ' എന്ന് പറഞ്ഞാണ് പ്രതാപ് സുതൻ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. തന്റെ ഭാര്യയെ തനിക്ക് നഷ്ടപ്പെട്ട നിർഭാഗ്യകരമായ ആ ദിവസം ഓർമ്മിച്ചുകൊണ്ടാണ് പ്രതാപ് കുറിപ്പ് പങ്കുവയ്ക്കുന്നത്.
'എന്റെ ഭാര്യ എനിക്ക് നൽകിയ അവസാനത്തെ ആ ആലിംഗനം ഞാൻ ഓർക്കുന്നു. പ്രഭാതത്തിൽ തങ്ങൾ ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പായിരുന്നു അത്. എനിക്ക്, അത് എന്നത്തെ രാവിലത്തേയും പോലുള്ള ഒരു ആലിംഗനമായിരുന്നു. എന്റെ സ്നേഹം, ഊഷ്മളത, എന്റെ പ്രതീക്ഷ എന്നിവയെല്ലാം അതിലൂടെ അവളറിയണമെന്ന് ഞാൻ ആഗ്രഹിച്ചു. ഞങ്ങൾ ഒരുമിച്ച് വീട്ടിലേക്ക് മടങ്ങുമെന്ന് അവൾ അറിയണമെന്നും ഞാൻ ആഗ്രഹിച്ചു. പക്ഷേ അവൾക്ക്, അത് മറ്റൊന്നായിരുന്നു, ഇപ്പോഴാണത് ഞാൻ തിരിച്ചറിയുന്നത്. തിരിച്ചുവരില്ലെന്ന് അറിയാമായിരുന്ന ഒരാളുടെ നിശബ്ദവും ആർദ്രവുമായ ആലിംഗനമായിരുന്നു അത്' എന്നും അദ്ദേഹം കുറിക്കുന്നു.
'കുറച്ചുകാലത്തേക്കല്ല, എന്നെന്നേക്കുമായി വിടപറയുന്ന ഒരാളുടെ ആഴത്തിലുള്ള ആലിംഗനം. ആരും ആ ആലിംഗനത്തിനായി നിങ്ങളെ തയ്യാറാക്കുന്നില്ല. എന്റെ ജീവിതകാലം മുഴുവനും ഞാൻ കൊണ്ടുപോകുന്ന ഒരു ആലിംഗനമാണിത്. മറ്റൊന്നും ഒരിക്കലും അതിന്റെ അടുത്തെത്തുകയില്ല' എന്നും പ്രതാപ് കുറിക്കുന്നു.
പിന്നീട്, ഓരോ ആലിംഗനത്തിനും ഓരോ കഥകളാണ് എന്നാണ് യുവാവ് പറയുന്നത്. ഒരു അച്ഛന്റെയും അമ്മയുടെയും പ്രണയിയുടേയും ഒക്കെ ആലിംഗനം എങ്ങനെ ആയിരിക്കും എന്നും പോസ്റ്റിൽ പറയുന്നു.
ഒരാളെ ആലിംഗനം ചെയ്യേണ്ടത് എന്തുകൊണ്ടാണ് എന്ന് കൂടി വ്യക്തമാക്കുന്നതാണ് യുവാവിന്റെ പോസ്റ്റ്. അനേകങ്ങളാണ് കണ്ണ് നനയിക്കുന്ന ഈ കുറിപ്പ് വായിച്ച് കമന്റുകളുമായി എത്തിയത്.
(ചിത്രം പ്രതീകാത്മകം)


