ഏക്കര്‍ കണക്കിന് സ്ഥലങ്ങളാലും വനങ്ങളാലും ചുറ്റപ്പെട്ട് അതിന് ഒത്ത നടുവിലാണ് ഈ കെട്ടിടം. അതുകൊണ്ടുതന്നെ പുറത്തുനിന്ന് ഒരാള്‍ക്ക് അത്ര വേഗത്തില്‍ നിന്നും ഈ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ കഴിയില്ല.
ബക്കിംഗ്ഹാം കൊട്ടാരത്തേക്കാള്‍ വലുതാണ് ഈ ഭീമാകാരമായ കെട്ടിടം. എന്നാല്‍ 40 വര്‍ഷം മുമ്പ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ച കെട്ടിടം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. കെന്റിലെ ഹാമില്‍ട്ടണ്‍ പാലസ് ആണ് പണിതിട്ടും പണിതിട്ടും പണിതീരാത്ത ഭീകരസൗധം.
മരങ്ങളാലും ചെടികളാലും ചുറ്റപ്പെട്ട ഈ കൊട്ടാരസദൃശ്യമായ നിര്‍മിതി ഒരുകാലത്ത് 'സസെക്സിന്റെ പ്രേതം' എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ 40 വര്‍ഷക്കാലമായി ഈ കൊട്ടാരത്തിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ഒരു മനുഷ്യജീവി പോലും ഇവിടെ താമസിക്കുന്നുമില്ല. ശരിക്കും ഒരു പ്രേതഭവനം തന്നെയാണ് ഇന്ന് ഹാമില്‍ട്ടണ്‍ പാലസ്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഈ പാലസ്.
ഏക്കര്‍ കണക്കിന് സ്ഥലങ്ങളാലും വനങ്ങളാലും ചുറ്റപ്പെട്ട് അതിന് ഒത്ത നടുവിലാണ് ഈ കെട്ടിടം. അതുകൊണ്ടുതന്നെ പുറത്തുനിന്ന് ഒരാള്‍ക്ക് അത്ര വേഗത്തില്‍ നിന്നും ഈ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ കഴിയില്ല. സ്ഥലത്തിന് പുറത്തു തന്നെ നിരവധി അപായ സൂചകങ്ങളും അകത്തേക്ക് പ്രവേശിക്കാന്‍ പാടില്ല എന്നെഴുതിയ പോസ്റ്ററുകളും സ്ഥാപിച്ചിരിക്കുന്നു.
2020 -ലാണ് ഈ കെട്ടിടത്തിന്റെ ചിത്രങ്ങള്‍ അവസാനമായി പുറത്തുവന്നത്. ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഇതുവരെയും പൂര്‍ത്തിയായിട്ടില്ലെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. അകത്ത് എന്താണ് നടക്കുന്നതെന്നോ, എന്തൊക്കെ നിര്‍മ്മാണ പ്രവൃത്തികളാണ് പൂര്‍ത്തിയായത് എന്നോ സമീപവാസികളായ ആര്‍ക്കും അറിയില്ലെന്ന് ഒരു അയല്‍വാസി പറഞ്ഞതായി 'ദ മിറര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
1990-ലാണ് എസ്റ്റേറ്റിന് ചുറ്റുമുള്ള പൊതുവഴികള്‍ റേസര്‍ കമ്പികളും മറ്റും ഉപയോഗിച്ച് എസ്റ്റേറ്റിന്റെ ഉടമ അടച്ചത്. ഇത് അന്ന് വലിയ എതിര്‍പ്പിന് കാരണമായെങ്കിലും എസ്റ്റേറ്റ് ഉടമ അത് മാറ്റാന്‍ തയ്യാറായിരുന്നില്ല.
പ്രദേശത്തെ ഏറ്റവും ധനികരായ ആളുകളില്‍ ഒരാളായ നിക്കോളാസ് വാന്‍ ഹ്യൂഗ് സ്ട്രാറ്റന്റെ കലാ ശേഖരം സ്ഥാപിക്കുന്നതിനായി നിര്‍മ്മിച്ചതാണ് ഈ കൊട്ടാരം. പക്ഷേ ഇതുവരെയും കാര്യമായ ഒരു പുരോഗതിയും നിര്‍മ്മാണത്തില്‍ വന്നിട്ടില്ല.
2016-ല്‍, വീടില്ലാത്തവരെ പാര്‍പ്പിക്കാന്‍ കൊട്ടാരത്തിന്റെ ചില ഭാഗങ്ങള്‍ ഉപയോഗിക്കണമെന്ന് അടുത്തുള്ള താമസക്കാര്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിന് എസ്റ്റേറ്റ് ഉടമ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ''ഭവനരഹിതര്‍ക്ക് വീടില്ലാതെ ആയിപ്പോയത് അവരുടെ അലസത കൊണ്ടോ കഴിവില്ലായ്മ കൊണ്ടോ ആണ്. പൊതുമുതലിന്മേലുള്ള വൃത്തികെട്ട ഭാരങ്ങളാണ് അവര്‍. ഹാമില്‍ട്ടണ്‍ കൊട്ടാരം കൈവശപ്പെടുത്താന്‍ അവര്‍ക്ക് അവസരം നല്‍കാനുള്ള അവസരം പരിഹാസ്യമാണ്'.
കുറ്റവാളിയും അങ്ങേയറ്റം വിവാദ വ്യക്തിയുമായ, വാന്‍ ഹ്യൂഗ് സ്ട്രാറ്റന്‍ എന്ന സസെക്‌സ് സ്വദേശിയാണ് കൊട്ടാരത്തിന്റെ ഉടമസ്ഥന്‍. ഇപ്പോള്‍ അദ്ദേഹം ബഹാമാസില്‍ ആണ് തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്. അദ്ദേഹത്തിന്റെ ആസ്തി 500 മില്യണ്‍ പൗണ്ടാണ്.
2002-ല്‍ ബിസിനസ് എതിരാളിയായ മുഹമ്മദ് രാജയുടെ നരഹത്യയ്ക്ക് ഇയാള്‍ക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷ റദ്ദാക്കി വിട്ടയച്ചു. ഇരയുടെ കുടുംബത്തിന് 1.5 മില്യണ്‍ പൗണ്ട് നല്‍കണമെന്ന് ഉത്തരവിട്ടെങ്കിലും കുടുംബത്തിന് ഇതുവരെ ഒരു ചില്ലിക്കാശും ലഭിച്ചിട്ടില്ലെന്ന് രാജയുടെ ഭാര്യ പിന്നീട് ആരോപിച്ചിരുന്നു. വേറെയും നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്.
