ഈ കത്ത് ജൻപാദ് പഞ്ചായത്തിന്റെ ഔദ്യോഗിക ഗ്രൂപ്പിലാണ് എൻജിനീയർ പങ്കിട്ടത്. അത് വലിയ ചർച്ചയാവുകയും ചെയ്തു. എന്നാൽ, ഡെപ്യൂട്ടി എഞ്ചിനീയറുടെ കത്ത് ഫലം കണ്ടില്ല. 

ഒരിക്കലും ഭിക്ഷ എടുക്കേണ്ട ഗതികേട് വരുത്തല്ലേ എന്നായിരിക്കും ഒരുപക്ഷേ എല്ലാവരും പ്രാർത്ഥിക്കുന്നത്. എന്നാൽ എല്ലാ ഞായറാഴ്ചകളിലും ഭിക്ഷ യാചിക്കാൻ പോകാൻ അവധി നൽകണമെന്നാവശ്യപ്പെട്ട് ഒരു എഞ്ചിനീയർ( engineer) എഴുതിയ അവധി അപേക്ഷ ഇപ്പോൾ വലിയ വാർത്തയാവുകയാണ്. മധ്യപ്രദേശിലെ( Madhya Pradesh ) മാൽവ ജില്ലയിലെ ഡെപ്യൂട്ടി എഞ്ചിനീയറായ രാജ്കുമാർ യാദവാണ് വിചിത്രമായ ഈ അവധി അപേക്ഷ സമർപ്പിച്ചത്. അദ്ദേഹത്തിന്റെ അഭ്യർത്ഥന നിരസിക്കപ്പെട്ടു എന്ന് മാത്രമല്ല, എല്ലാ ഞായറാഴ്ചകളിലും ജോലി ചെയ്യാൻ ഉത്തരവ് ലഭിക്കുകയും ചെയ്തു.

എന്നാൽ, ഈ വിചിത്രമായ കത്തെഴുതാൻ തനിക്ക് പ്രേരണയായത് കഴിഞ്ഞ ജന്മത്തെ കുറിച്ചുള്ള അറിവാണെന്ന് രാജ്‌കുമാർ പറയുന്നു. തന്റെ അഹംഭാവം ഇല്ലാതാക്കാനുള്ള ഒരു മാർ​ഗമാണ് ഈ വീടുതോറുമുള്ള ഭിക്ഷാടനം എന്നദ്ദേഹം പറയുന്നു. ഇത് കൂടാതെ കഴിഞ്ഞ ജന്മത്തിൽ, ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി, ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് എന്നിവർ തന്റെ സുഹൃത്തുക്കളായിരുന്നുവെന്നും കത്തിൽ യാദവ് അവകാശപ്പെടുന്നു. യാദവിന്റെ കത്തിൽ അവർ മൂവരും മഹാഭാരതത്തിലെ കഥാപാത്രങ്ങളായിരുന്നെന്നും പ്രസ്താവിക്കുന്നു. യാദവിന്റെ സുഹൃത്തായ ഒവൈസി നകുലനായിരുന്നെന്നും, ഭഗവത് ശകുനിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തന്റെ മുൻകാല ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഗീത പഠിക്കാൻ ആഗ്രഹമുണ്ടെന്നും യാദവ് കൂട്ടിച്ചേർത്തു.

ഈ കത്ത് ജൻപാദ് പഞ്ചായത്തിന്റെ ഔദ്യോഗിക ഗ്രൂപ്പിലാണ് എൻജിനീയർ പങ്കിട്ടത്. അത് വലിയ ചർച്ചയാവുകയും ചെയ്തു. എന്നാൽ, ഡെപ്യൂട്ടി എഞ്ചിനീയറുടെ കത്ത് ഫലം കണ്ടില്ല. പകരം, എല്ലാ ഞായറാഴ്ചകളിലും ഓഫീസിൽ ഹാജരാകണമെന്ന് ജൻപദ് പഞ്ചായത്ത് സിഇഒ പരാഗ് പന്തി ഉത്തരവിട്ടു. അഹംഭാവം ഇല്ലാതാക്കാൻ കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 

"പ്രിയപ്പെട്ട ഡെപ്യൂട്ടി എഞ്ചിനീയർ, അഹങ്കാരം ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഈ ലക്ഷ്യം നേടാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം. ഒരു വ്യക്തി പലപ്പോഴും അഹങ്കാരിയാവുന്നത് തന്റെ ഞായറാഴ്ചകൾ സ്വന്തം ഇഷ്ടാനുസരണം ചെലവഴിക്കുമ്പോഴാണ്. ഈ അഹന്തയെ വേരിൽ നിന്ന് പിഴുതുകളയേണ്ടത് നിങ്ങളുടെ പുരോഗതിക്ക് അനിവാര്യമാണ്. അതിനാൽ, ആത്മീയ പുരോഗതിക്കായുള്ള നിങ്ങളുടെ ആഗ്രഹം കണക്കിലെടുത്ത്, എല്ലാ ഞായറാഴ്ചയും ഓഫീസിൽ ഹാജരായി ജോലി ചെയ്യാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. അങ്ങനെ ഞായറാഴ്ച ഒരു അവധിക്കാലമായി ആഘോഷിക്കുന്ന നിങ്ങളുടെ അഹങ്കാരം ഇല്ലാതാകും” ജൻപാദ് പഞ്ചായത്ത് സിഇഒ പരാഗ് പന്തി എഴുതി. ഇതോടെ അദ്ദേഹത്തിന്റെ ഉണ്ടായിരുന്ന അവധിയും ഇല്ലാതായി. എല്ലാ ദിവസവും മുടങ്ങാതെ ഓഫീസിൽ ഹാജരാകാൻ അദ്ദേഹം ഇപ്പോൾ നിർബന്ധിതനാകുന്നു.