പൊലീസ് എത്തുമ്പോള്‍ ഒട്ടകം കലിയിളകി നില്‍ക്കുകയായിരുന്നു. ആക്രമിക്കപ്പെട്ടവര്‍ അബോധാവസ്ഥയില്‍ നിലത്ത് കിടക്കുകയായിരുന്നു. 

അമേരിക്കയില്‍ ഒട്ടകത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മൃഗശാലയില്‍നിന്നും രക്ഷപ്പെട്ടോടുന്നതിനിടെയാണ് ഒട്ടകം മുന്നില്‍ കണ്ടവരെ മുഴുവന്‍ ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒട്ടകങ്ങള്‍ ആളുകളെ ആക്രമിക്കുന്ന സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര വലിയ ദുരന്തം ഇതാദ്യമായാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ടെന്നസിയിലെ ഒബിയോന്‍ കൗണ്ടിയിലാണ് സംഭവം. ഇവിടെയുള്ള ഷെര്‍ലി ഫാംസ് എന്ന വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള സ്വകാര്യ മൃഗശാലയില്‍നിന്നാണ് ഒട്ടകം രക്ഷപ്പെട്ടത്. വളര്‍ത്തു മൃഗശാല എന്നറിയപ്പെടുന്ന ഇവിടെ സീബ്ര, ഒട്ടകങ്ങള്‍, ആടുകള്‍, ചെമ്മരിയാടുകള്‍, പന്നികള്‍, കരടി, മുയലുകള്‍, പല തരം നായകള്‍ എന്നിവയാണ് ഉള്ളത്. വൈകിട്ട് ആറു മണിയോടെയായിരുന്നു ഇവിടെയുള്ള ഒട്ടകം പുറത്തേക്ക് രക്ഷപ്പെട്ടത്. തുടര്‍ന്നാണ് ഈ ഒട്ടകം രണ്ടു പേരെ ആക്രമിച്ചത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ജീവന്‍ രക്ഷിക്കാനായില്ല. ബോബി മാത്‌നി, ടോം ഗണ്‍ എന്നിവരാണ് മരിച്ചതെന്ന് കൗണ്ടി ഷെറിഫിന്റെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

Scroll to load tweet…

ഒബിയോനിലെ സൗത്ത് ബ്ലഫ് റോഡില്‍ ഒട്ടകം അക്രമാസക്തമായതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ സ്ഥലത്തെത്തിയത് എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൃഗശാലയ്ക്ക് തൊട്ടടുത്തായിരുന്നു സംഭവം നടന്നത്. പൊലീസ് എത്തുമ്പോള്‍ ഒട്ടകം കലിയിളകി നില്‍ക്കുകയായിരുന്നു. ആക്രമിക്കപ്പെട്ടവര്‍ അബോധാവസ്ഥയില്‍ നിലത്ത് കിടക്കുകയായിരുന്നു. അവരുടെ അടുത്തു തന്നെ കറങ്ങിത്തിരിയുകയായിരുന്നു ഒട്ടകം. തുടര്‍ന്ന്, പരിക്കേറ്റവരെ അവിടെ നിന്ന് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഒട്ടകം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും തിരിഞ്ഞു. പൊലിസ് വാഹനത്തിനു നേരെ ഇത് അക്രമാസക്തമായതായി പൊലീസ് വാര്‍ത്താ കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് ഒട്ടകത്തെ മയക്കുവെടിവെച്ച് വീഴ്ത്തി. അതിനു ശേഷമാണ്, പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനായത്. അപ്പോഴേക്കും രക്തം വാര്‍ന്ന നിലയിലായിരുന്നു ഇവര്‍. ആശുപത്രിയില്‍ എത്തുന്നതിനു മുമ്പു തന്നെ രണ്ടുപേരും മരിച്ചിരുന്നു.

ഈ മൃഗശാലയ്ക്ക് എതിരെ നേരത്തെ സര്‍ക്കാര്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതായി പറയുന്നു. ഇവിടെ വളരെ പരിതാപകരമായ അവസ്ഥയിലാണ് മൃഗങ്ങളെ സൂക്ഷിച്ചിരുന്നതെന്നും ആവശ്യത്തിന് ശുദ്ധ ജലം പോലുമില്ലാതെയാണ് മൃഗങ്ങളെ ഇവര്‍ വളര്‍ത്തിയിരുന്നത് എന്നും കാര്‍ഷിക വകുപ്പ് ഉദേ്യാഗസ്ഥര്‍ 2014-ല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സന്ദര്‍ശകര്‍ ഒരു മറയുമില്ലാതെയാണ് ഈ മൃഗങ്ങളുമായി ഇടപഴകിയിരുന്നതെന്നും വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ലെന്നും അതിനു ശേഷവും സര്‍ക്കാര്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഒട്ടകത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഒട്ടകം ആണോ പെണ്ണോ എന്നോ എന്താണ് ഈ ഒട്ടകത്തിന് സംഭവിച്ചതെന്നോ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. ഒട്ടകത്തിന്റെ ലിംഗപരമായ വിവരങ്ങള്‍ അറിയേണ്ടത് ആക്രമണത്തെക്കുറിച്ച് മനസ്സിലാക്കാന്‍ അനിവാര്യമാണ്. 

ഇത്രയും അക്രമാസക്തമായ രീതിയില്‍ ഒട്ടകങ്ങള്‍ ആക്രമണം നടത്തുന്നത് സാധാരണമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുട്ടികളെ സംരക്ഷിക്കാനല്ലാതെ സാധാരണ നിലയില്‍ പെണ്‍ ഒട്ടകങ്ങള്‍ ആരെയും ആക്രമിക്കില്ല എന്ന് ഒട്ടകങ്ങളെക്കുറിച്ച് ഗവേഷണം ചെയ്യുന്ന ഫ്രഞ്ചുകാരനായ ബെര്‍ണാഡ് ഫ്രയെ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. എന്നാല്‍, ആണ്‍ ഒട്ടകങ്ങള്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ഇണചേരല്‍ കാലങ്ങളില്‍ അക്രമാസക്തമാവാറുണ്ട്. ചില സമയങ്ങളില്‍ ആണ്‍ ഒട്ടകങ്ങള്‍ ആകെ ഭ്രാന്തുപിടിച്ചതുപോലെ പെരുമാറാറുണ്ട്. അമേരിക്കയില്‍ നേരത്തെ രണ്ടു തവണ ആണ്‍ ഒട്ടകങ്ങള്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്ത് കാരണത്താലാണ്, ഈ ഒട്ടകം ഇത്രയും അക്രമാസക്തനായതെന്ന് അറിവായിട്ടില്ല.