കഴിഞ്ഞ നവംബറിൽ വിമതർ രാഷ്ട്രീയ പരിഷ്കാരങ്ങൾ നിരസിക്കുകയും സൈനിക താവളങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് ഇവിടെ സംഘർഷം ആരംഭിച്ചത്. 

എത്യോപ്യയിലെ ടിഗ്രേ മേഖലയിൽ അടുത്തിടെയുണ്ടായ സംഘർഷത്തിന്റെ ഫലമായി ജനങ്ങൾ കടുത്ത ക്ഷാമത്തിലാണ് എന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ക്ഷാമം 400,000 -ത്തിലധികം ആളുകളെ ബാധിക്കുന്നുവെന്നാണ് യുഎൻ അധികൃതർ പറയുന്നത്.

പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നടന്ന ആദ്യ പൊതുയോഗത്തിൽ യുഎൻ സുരക്ഷാ സമിതി അംഗങ്ങൾ ടിഗ്രേയില്‍ 33,000 -ത്തോളം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവനുഭവിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടി. എട്ട് മാസത്തെ സംഘർഷത്തിന്റെ ഫലമായി 1.8 മില്ല്യണ്‍ ആളുകൾ കടുത്ത ക്ഷാമത്തിന്റെ വക്കിലാണെന്നും അധികൃതർ അറിയിച്ചു.

വെടിനിർത്തൽ പ്രഖ്യാപിച്ചുവെങ്കിലും കൂടുതൽ ഏറ്റുമുട്ടലുകളുണ്ടാവാമെന്നും അത് ജനജീവിതം ദുസ്സഹമാക്കിയേക്കാം എന്നും യുഎൻ മുന്നറിയിപ്പ് നൽകുന്നു. ടിഗ്രേയിൽ പ്രാദേശിക സേനയുമായി പോരാടുന്ന എത്യോപ്യൻ സർക്കാർ തിങ്കളാഴ്ച ഏകപക്ഷീയമായ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, വിമതർ തങ്ങളുടെ ശത്രുക്കളെ ഈ പ്രദേശത്ത് നിന്ന് പുറത്താക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കയാണ്. ഇതേ തുടർന്ന് സംഘർഷവും സമ്മർദ്ദവും തുടരുകയാണ്.

ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടും (ടിപിഎൽഎഫ്) സർക്കാർ സേനയും തമ്മിലുള്ള സംഘർഷത്തെ തുടര്‍ന്ന് ഇതിനകം തന്നെ ആയിരക്കണക്കിന് ആളുകള്‍ മരിക്കുകയും രണ്ട് ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തു. എല്ലാ ഭാ​ഗത്തുനിന്നുമുള്ളവരും കൂട്ടക്കൊലകളും മനുഷ്യാവകാശ ലംഘനങ്ങളും നടത്തിയെന്നും ആരോപണമുയരുന്നുണ്ട്. വിമതർ ടിഗ്രേയൻ പ്രാദേശിക തലസ്ഥാനമായ മെക്കല്ലെ പിടിച്ചെടുത്തതിനെ തുടർന്ന് നൂറുകണക്കിന് എത്യോപ്യൻ സൈനികരെ വെള്ളിയാഴ്ച തെരുവുകളിലൂടെ പരേഡ് ചെയ്യിപ്പിച്ചു. 

വെള്ളിയാഴ്ച ന്യൂയോർക്കിൽ നടന്ന സെക്യൂരിറ്റി കൗൺസിൽ യോഗത്തില്‍ യുഎൻ ആക്ടിംഗ് ഹ്യൂമാനിറ്റേറിയൻ എയ്ഡ് മേധാവി രമേശ് രാജസിംഗം പറഞ്ഞത്, ടിഗ്രേയിലെ സ്ഥിതി അടുത്ത ആഴ്ചകളിൽ വളരെ വഷളായിക്കൊണ്ടിരിക്കുകയാണ് എന്നാണ്. “പതിറ്റാണ്ടുകളായി നാം കണ്ട ഏറ്റവും മോശമായ ക്ഷാമം ഈ പ്രദേശം അനുഭവിക്കുകയാണ്. 5.2 മില്ല്യൺ ആളുകൾക്ക് ഇപ്പോഴും മാനുഷിക സഹായം ആവശ്യമാണ്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്” എന്നും അദ്ദേഹം പറയുന്നു.

ഈ ആഴ്ച ആദ്യം ടിഗ്രേയൻ വിമതർ വടക്കൻ പ്രദേശത്തിന്റെ ഭൂരിഭാഗവും നിയന്ത്രണം ഏറ്റെടുത്തതിനെത്തുടർന്ന് സഹായം തടഞ്ഞുവച്ചിരിക്കുകയാണ് എന്ന ആരോപണം എത്യോപ്യൻ സർക്കാർ നിഷേധിച്ചു. യുഎന്‍ പൊളിറ്റിക്കല്‍ അഫയേഴ്സ് ചീഫ് റോസ്മേരി ദിക്കാര്‍ലോ, ടിഗ്രേയന്‍ സേനയും ടിഗ്രേ ഡിഫന്‍സ് ഫോഴ്സും എത്തിയോപ്പിയന്‍ ട്രൂപ്പും തമ്മില്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷങ്ങളെ കുറിച്ച് സൂചിപ്പിച്ചു. വെടിനിർത്തൽ ഉടനടി പൂർണമായും അംഗീകരിക്കാൻ ഞങ്ങൾ ടിഡിഎഫിനോട് അഭ്യർത്ഥിക്കുന്നുവെന്നും അവര്‍ പറഞ്ഞു. 

കഴിഞ്ഞ നവംബറിൽ വിമതർ രാഷ്ട്രീയ പരിഷ്കാരങ്ങൾ നിരസിക്കുകയും സൈനിക താവളങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് ഇവിടെ സംഘർഷം ആരംഭിച്ചത്. സർക്കാർ സേന ആ മാസം അവസാനം മെക്കെലെ പിടിച്ചെടുത്തു. എന്നാൽ, തുടർന്നുണ്ടായ ആക്രമണത്തെത്തുടർന്ന് വിമതർ മെക്കലെയെ തിരിച്ചു പിടിക്കുകയും ഈ ആഴ്ച ആദ്യം വടക്ക് പടിഞ്ഞാറ് 140 കിലോമീറ്റർ അകലെയുള്ള ഷൈർ പട്ടണത്തിൽ പ്രവേശിക്കുകയും ചെയ്തതായി യുഎൻ അധികൃതർ അറിയിച്ചു. 

ഏതായാലും സംഘർഷം ഈ രീതിയിൽ തുടർന്നാൽ അത് കടുത്ത അപകടത്തിലേക്കാണ് പോവുക എന്ന് യുഎൻ മുന്നറിയിപ്പ് നൽകുന്നു. 

ടി​ഗ്രേയിൽ സ്ത്രീകളെ ബലാത്സം​ഗം ചെയ്‍ത് സായുധസേന, പുരുഷന്മാർക്കുമേൽ ബന്ധുക്കളെ പീഡിപ്പിക്കാൻ നിർബന്ധം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona