മാസം 2.5 ലക്ഷം രൂപ ശമ്പളം ലഭിച്ചിട്ടും ജീവിതത്തിൽ കടുത്ത ശൂന്യത അനുഭവപ്പെടുന്നുവെന്ന് ഒരു കോർപ്പറേറ്റ് ജീവനക്കാരൻ റെഡ്ഡിറ്റിൽ വെളിപ്പെടുത്തി. വരുമാനം കുറവായിരുന്നപ്പോൾ കൂടുതൽ സന്തോഷവാനായിരുന്നുവെന്നും, ഉയർന്ന സാമ്പത്തിക നില ജീവിതത്തിന്റെ ഊർജ്ജം നഷ്ടപ്പെടുത്തിയെന്നും യുവാവ് പറയുന്നു.
സാമ്പത്തിക വിജയവും ജീവിതത്തിലെ സന്തോഷവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയൊരു സംവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് ഒരു കോർപ്പറേറ്റ് ജീവനക്കാരന്‍റെ സമൂഹ മാധ്യമ കുറിപ്പ്. മാസം 2.5 ലക്ഷം രൂപ ശമ്പളം ലഭിച്ചിട്ടും ജീവിതത്തിൽ കടുത്ത ശൂന്യതയാണ് അനുഭവപ്പെടുന്നതെന്ന് യുവാവ് റെഡ്ഡിറ്റിൽ (Reddit)പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ശമ്പളം കൂടിയത് കൊണ്ട് മാത്രം മനസമാധാനം ഉണ്ടാകണമെന്നില്ലെന്ന വാദത്തിന് അടിവരയിടുന്ന പോസ്റ്റ് പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി.
അന്നത്തെ ഞാൻ. ഇന്നത്തെ ഞാൻ
"മാസം 2.5 ലക്ഷം രൂപ നേടുന്നു, എങ്കിലും ഇത്രയും ദരിദ്രനായി എനിക്ക് മുമ്പ് ഒരു കാലത്തും തോന്നിയിട്ടില്ല. 25,000 രൂപ വരുമാനമുണ്ടായിരുന്ന കാലത്തെ ഞാനായിരുന്നു കൂടുതൽ സന്തോഷവാൻ," എന്ന തലക്കെട്ടിലാണ് യുവാവ് തന്‍റെ അനുഭവം പങ്കുവെച്ചത്. വരുമാനം കുറവായിരുന്ന കാലത്ത് ഓരോ ചെറിയ ചിലവുകളും ജീവിതത്തിന് വലിയ ആവേശം നൽകിയിരുന്നുവെന്നും എന്നാൽ, ഉയർന്ന സാമ്പത്തിക നിലയിലേക്ക് എത്തിയതോടെ ജീവിതത്തിന്‍റെ ആ പഴയ ഊർജ്ജം നഷ്ടപ്പെട്ടുവെന്നും യുവാവ് വ്യക്തമാക്കുന്നു. "ഞാൻ ആ ലക്ഷ്യം കൈവരിച്ചു. എല്ലാ മാസവും എന്‍റെ ഫോണിൽ സന്ദേശമെത്തും: നിങ്ങളുടെ അക്കൗണ്ടിൽ 2,50,000 രൂപ ക്രെഡിറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. സമൂഹത്തിന്‍റെ എല്ലാ മാനദണ്ഡങ്ങൾ വെച്ചും ഞാൻ വിജയിച്ചുകഴിഞ്ഞു. ഞാൻ നേട്ടങ്ങളുടെ കൊടുമുടിയിലാണ്. എന്നിട്ടും എന്തുകൊണ്ടാണ് എനിക്കൊന്നും തോന്നാത്തത്?" യുവാവ് ചോദിക്കുന്നു.
വരുമാനം കുറവായിരുന്ന കാലത്തെ ഓർമ്മിച്ചുകൊണ്ട് യുവാവ് കുറിച്ചതിങ്ങനെ: "മാസം 25,000 രൂപ വരുമാനമുണ്ടായിരുന്നപ്പോൾ ജീവിതത്തിന് ഒരു പ്രത്യേക ലഹരിയുണ്ടായിരുന്നു. അന്ന് 500 രൂപയുടെ ഒരു സാധാരണ ഡിന്നർ പോലും കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത വലിയൊരു വിജയമായി തോന്നിയിരുന്നു. ഒരു പുതിയ ഷർട്ട് വാങ്ങുന്നത് വലിയൊരു ആഘോഷമായിരുന്നു. അന്ന് ഓരോ രൂപയ്ക്കും ഒരു ലക്ഷ്യവുമുണ്ടായിരുന്നു, അതോടൊപ്പം പൂർണ്ണമായ സ്വാതന്ത്ര്യവും. ഞാൻ ശരിക്കും ജീവിക്കുകയായിരുന്നു."
സ്വന്തം ബാങ്ക് അക്കൗണ്ടിന്‍റെ എൻട്രി ക്ലർക്ക്
തന്‍റെ സ്വന്തം ബാങ്ക് അക്കൗണ്ടിന്‍റെ ഒരു 'ഗ്ലോറിഫൈഡ് ഡാറ്റാ എൻട്രി ക്ലർക്ക്' മാത്രമാണ് താനെന്ന് വിശേഷിപ്പിച്ച ജീവനക്കാരൻ, ശമ്പളം അക്കൗണ്ടിൽ വീഴുന്ന നിമിഷം തന്നെ അതിന്‍റെ പകുതിയോളം തുക നിക്ഷേപങ്ങളായും മ്യൂച്വൽ ഫണ്ടുകളായും എമർജൻസി ഫണ്ടുകളായും മാറുന്നുവെന്ന് പറയുന്നു. "എനിക്ക് ഇതുവരെ നേരിട്ട് അറിയാത്ത, ഭാവിയിലെ ഏതോ ഒരു വ്യക്തിക്ക് വേണ്ടിയാണ് ഞാൻ ഈ സാമ്പത്തിക സുരക്ഷിതത്വം കെട്ടിപ്പടുക്കുന്നത്. എന്നാൽ, അതിനായി ഇന്നത്തെ എന്നെ ഞാൻ പട്ടിണിക്കിടുകയാണ്. വെറുമൊരു ബാങ്ക് ബാലൻസ് നമ്പറിന് വേണ്ടി ഞാൻ എന്‍റെ യൗവനവും സമാധാനവും ആഴ്ചയിൽ 40-ലധികം മണിക്കൂറുകൾ ജോലി ചെയ്ത് വിൽക്കുകയാണ്. സ്വന്തം സന്തോഷങ്ങൾക്കായി ചിലവഴിക്കാൻ ഒന്നും ബാക്കിയില്ല. സ്വന്തം ജീവിതത്തിൽ വെറുമൊരു കാഴ്ചക്കാരനായി മാറുന്നത് എനിക്ക് എങ്ങനെ നിർത്താനാകും?" ഇങ്ങനെ നീളുന്നു യുവാവിന്‍റെ പോസ്റ്റ്.
പണം ചെലവഴിക്കേണ്ട വിധം പറഞ്ഞ് നെറ്റിസെൺസ്
ഈ കുറിപ്പ് വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിന്നുമുയരുന്നത്. ഒരു വിഭാഗം ആളുകൾ യുവാവിന്‍റെ മാനസികാവസ്ഥയെ പിന്തുണച്ചപ്പോൾ, മറ്റ് ചിലർ ഈ പ്രതിസന്ധിയിൽ നിന്ന് പുറത്തുകടക്കാനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. ജീവിതം ആസ്വദിക്കാനും കൂടുതൽ പണം ചിലവഴിച്ച് വിദേശ യാത്രകൾ നടത്താനും ചിലർ നിർദ്ദേശിച്ചു. ഇത് കൂടുതൽ സമ്പാദിക്കണമെന്ന ആ ആഗ്രഹം വീണ്ടും ഉള്ളിൽ കൊണ്ടുവരുമെന്ന് അവർ അഭിപ്രായപ്പെട്ടു. പണം കൊണ്ട് വാങ്ങാൻ കഴിയുന്ന സന്തോഷത്തിന്‍റെ മൂല്യം വരുമാനം കൂടുന്തോറും കുറഞ്ഞുവരുന്ന മനശാസ്ത്രപരമായ അവസ്ഥയാണിതെന്ന് ചിലർ ചൂണ്ടിക്കാട്ടി.
വരുമാനം കുറവായിരുന്നപ്പോൾ വലിയ കാര്യമായി തോന്നിയ പലതും ഇപ്പോൾ ഒരു സാധാരണ ചിലവ് മാത്രമായി മാറിയതാണ് ഇതിന് കാരണം. "എനിക്ക് മാസം 50,000 രൂപയാണ് ശമ്പളം. നിങ്ങൾക്ക് പണം സമ്പാദിക്കാനും നിക്ഷേപിക്കാനും എങ്കിലും സാധിക്കുന്നുണ്ട്, എനിക്ക് അതിന് പോലും കഴിയുന്നില്ല. ഒരു മാസം മുഴുവൻ കഷ്ടപ്പെട്ട് പണിയെടുക്കുന്നു, ഒടുവിൽ ശമ്പളം വരുമ്പോൾ അതെല്ലാം ഒറ്റയടിക്ക് തീരുന്നു. ചിലപ്പോഴൊക്കെ ജീവിതം മടുത്തിട്ട് എന്നും ഉറങ്ങിയാൽ മതി എന്ന് തോന്നിപ്പോകും," എന്നായിരുന്നു മറ്റൊരു യുവാവിന്‍റെ നിരാശ നിറഞ്ഞ പ്രതികരണം.


