യുകെ -യില്‍ ഉടനീളം പത്തിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള 59 ശതമാനം കുട്ടികളും ഈ വര്‍ഷം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തി എന്ന് പറയുമ്പോഴാണ് എംപിമാരുടെ എണ്ണം അതിലും കുറഞ്ഞിരിക്കുന്നത്.
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഒക്കെ പരീക്ഷ നടത്തുമോ? ഇനി അഥവാ നടത്തിയാലും എങ്ങനെ ആയിരിക്കും മാര്‍ക്ക് കിട്ടുക? ഏതായാലും ബ്രിട്ടീഷ് എംപിമാര്‍ക്ക് ഒരു പരീക്ഷ നടത്തി. അതില്‍ അവരുടെ നിലവാരം കണ്ട് ആകെ അന്തം വിട്ടിരിക്കുകയാണ് ആളുകള്‍. ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഒരു പത്തോ പതിനൊന്നോ വയസുള്ള കുട്ടിയുടെ പ്രകടനത്തേക്കാള്‍ മോശമായിരുന്നു പല എംപിമാരുടെയും പ്രകടനം എന്നാണ് പറയുന്നത്.
ലണ്ടനിലാണ് പരീക്ഷ നടന്നത്. 11 വയസുള്ള കുട്ടികളാണ് പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിച്ചത്. കോമൺസ് വിദ്യാഭ്യാസ സെലക്ട് കമ്മിറ്റി ചെയർമാൻ റോബിൻ വാക്കർ ഉൾപ്പെടെയുള്ള എംപിമാർ പരീക്ഷയില്‍ പങ്കെടുത്തു. അനാവശ്യമായ പരീക്ഷകൾ ഒഴിവാക്കണമെന്ന് നിരന്തരം വാദിക്കുന്ന 'മോർ ദാൻ എ സ്കോറാ'ണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍, നിയമനിർമ്മാതാക്കളിൽ 44 ശതമാനം പേർ മാത്രമാണുപോലും കണക്കിലും ഇംഗ്ലീഷിലും പ്രതീക്ഷിച്ച നിലവാരം നേടിയത്. വെറും 50 ശതമാനം പേർ മാത്രമാണ് സ്പെല്ലിംഗ്, പങ്ച്വേഷന്‍, ഗ്രാമര്‍ എന്നിവയിൽ പ്രതീക്ഷിച്ച നിലവാരം നേടിയതെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
യുകെ -യില്‍ ഉടനീളം പത്തിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള 59 ശതമാനം കുട്ടികളും ഈ വര്‍ഷം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തി എന്ന് പറയുമ്പോഴാണ് എംപിമാരുടെ എണ്ണം അതിലും കുറഞ്ഞിരിക്കുന്നത്. ഇതോടെ മിക്ക എംപിമാരും പത്ത്, പതിനൊന്ന് വയസുള്ള കുട്ടികളേക്കാള്‍ താഴെയാണ് കണക്കിലും ഇംഗ്ലീഷിലും എന്നാണ് തെളിഞ്ഞിരിക്കുന്നത്.
ഏതായാലും പരീക്ഷയോടെ എംപിമാര്‍ ഈ പ്രായത്തിലുള്ള കുട്ടികളുടെ മേല്‍ വരുന്ന സമ്മര്‍ദ്ദത്തെ കുറിച്ച് ഗൗരവത്തോടെ ചിന്തിച്ച് തുടങ്ങിയത്രെ. ഇവരുടെ പരീക്ഷകള്‍ മൊത്തത്തിലൊന്ന് പരിഷ്കരിക്കുന്നതിനെ കുറിച്ചും വാക്കര്‍ മനസിലാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് വളരെ കഠിനമായ ഒരു പരീക്ഷയായിരുന്നു എന്ന് വാക്കര്‍ അംഗീകരിച്ചു. ഒപ്പം കുട്ടികളെ പരീക്ഷകളില്‍ വിജയിക്കാന്‍ മാത്രമല്ല പഠിപ്പിക്കേണ്ടത് പകരം അവരില്‍ പഠനത്തോടുള്ള സ്നേഹം വളര്‍ത്തുകയാണ് വേണ്ടത് എന്നും വാക്കര്‍ പറഞ്ഞു.
