Asianet News Malayalam

'രാജ്യങ്ങളിൽനിന്നും രാജ്യങ്ങളിലേക്ക്, അങ്ങനെ ഞാനൊരു മയക്കുമരുന്ന് കടത്തുകാരനായി' 21 -കാരന്റെ വെളിപ്പെടുത്തൽ

ആറ് മാസത്തിനുള്ളില്‍ തന്നെ ഏഴോ എട്ടോ തവണ. എന്നില്‍ വിശ്വാസം കൂടുന്തോറും അവരെന്നെ വലിയ വലിയ ജോലികളേല്‍പ്പിച്ചു തുടങ്ങി. രണ്ട് കിലോയില്‍ നിന്നും ഏഴായി, അത് 12 ആയി. 

experience of a drug mule
Author
UK, First Published Apr 13, 2020, 4:21 PM IST
  • Facebook
  • Twitter
  • Whatsapp
ഹാരിക്ക് (പേര് സാങ്കല്‍പികം) നമ്മുടെയൊന്നും മനസിലുള്ള ഒരു മയക്കുമരുന്ന് കടത്തുകാരന്‍റെ രൂപമേയല്ല. വളരെ സ്നേഹസമ്പന്നമായ ഒരു മധ്യവര്‍ഗ കുടുംബത്തിലെ വളരെ സൗമ്യനായ ഒരു കോളേജ് വിദ്യാര്‍ത്ഥി അതാണവന്‍. അവന്‍റെ കുട്ടിക്കാലം മുഴുവൻ അവന്‍ ചെലവിട്ടത് മരങ്ങള്‍ക്കിടയിലുള്ള ഒരു കൊച്ചു വീട്ടിലായിരുന്നു. സ്നേഹം മാത്രമുള്ള തന്‍റെ കുടുംബത്തോടൊപ്പം.

പക്ഷേ, ഏതോ ഒരിടത്തുവച്ച് അവന്റെ ജീവിതമേ മാറിപ്പോയി. കൊക്കെയ്ൻ ശീലം വർദ്ധിക്കുകയും ഇറ്റലിയിലെ ഗാംബിയൻ കള്ളക്കടത്തുകാരുടെ സംഘത്തെ കണ്ടുമുട്ടുകയും ചെയ്തതോടെ അവന്‍റെ ജീവിതം വേറൊന്നായി. എട്ട് വ്യത്യസ്ത യൂറോപ്യൻ രാജ്യങ്ങളുടെ അതിർത്തിക്കപ്പുറത്ത് കഞ്ചാവും എംഡിഎംഎയും എത്തിക്കുന്നവനായി ഹാരി മാറി. വിമാനത്തിലൂടെ ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ്, കിഴക്കൻ യൂറോപ്പ്, സ്കാൻഡിനേവിയ എന്നിവിടങ്ങളിലെല്ലാം അവന്‍ കഞ്ചാവുമായി സഞ്ചരിച്ചു. എന്നാൽ, ഒരിക്കൽ അവൻ പിടിക്കപ്പെടുക തന്നെ ചെയ്തു. 12 കിലോ കഞ്ചാവുമായി പിടിക്കപ്പെട്ടതിനെത്തുടർന്ന് ആറുമാസം അവന്‍ പോളിഷ് ജയിലില്‍ കഴിഞ്ഞു... ഇപ്പോള്‍ ഹാരി യുകെ -യില്‍ തന്റെ വീട്ടിൽ തിരികെയെത്തിയിരിക്കുകയാണ്. മയക്കുമരുന്ന് ലോകത്തോട് അവന്‍ വിട പറഞ്ഞിരിക്കുന്നു. ഒരു മെച്ചപ്പെട്ട ജീവിതം നയിക്കാനുള്ള ശ്രമത്തിലാണിപ്പോൾ അവൻ. (മയക്കുമരുന്ന് സംഘത്തിലെത്തപ്പെട്ടതിനെ കുറിച്ച്, അതിവിചിത്രമായ അതിന്റെ കടത്തൽ രീതികളെ കുറിച്ച്, ജയിലിലായതിനെ കുറിച്ച് ഹാരി സംസാരിക്കുന്നു. വൈസിൽ പ്രസിദ്ധീകരിച്ചത്.) 

എങ്ങനെയാണ് ഇതെല്ലാം തുടങ്ങിയത്?

കഴിഞ്ഞ വര്‍ഷമാണ്, എന്‍റെ ഇരുപതാമത്തെ വയസ്സില്‍... അവധിക്കാലം ആഘോഷിക്കാനായി ഞാന്‍ റോമിലേക്ക് പോയി. കയ്യില്‍ പണമില്ലാതെ, വീട്ടിലേക്ക് വരാന്‍ വഴിയില്ലാതെ ഞാനവിടെ കുടുങ്ങിപ്പോയി. കാരണം, ഞാന്‍ കൊക്കെയ്നുപയോഗിച്ചിരുന്നു, അതിന് അടിമയായിരുന്നു... കയ്യിലെ പണം തീർന്നപ്പോൾ നാട്ടിലേക്ക് തിരികെ വരാനായി യാത്രാക്കൂലിക്ക് മാറ്റിവെച്ച പണമുപയോ​ഗിച്ച് ഞാനത് സംഘടിപ്പിച്ചു.. കാശില്ലാതെ പിന്നെ തെരുവുകളില്‍ കിടന്നുറങ്ങി. ഒലിവര്‍ ട്വിസ്റ്റിനെ പോലെ മാര്‍ക്കറ്റില്‍ നിന്നും ഭക്ഷണം മോഷ്ടിച്ചു. അങ്ങനെയിരിക്കെയാണ് ഒരു വെസ്റ്റ് ആഫ്രിക്കന്‍ ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്, ഒരു ബാറില്‍ വെച്ച്. ഞങ്ങള്‍ സുഹൃത്തുക്കളായി. ഞാനെന്‍റെ അവസ്ഥ പറഞ്ഞു. എന്നെ അയാളോടൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്നും പറഞ്ഞു. അയാളാണ് എന്നോട് പറയുന്നത്, നല്ല 'പണം' കിട്ടുന്ന ഇങ്ങനെ ഒരു 'ജോലി' ഉണ്ട്. അത് ചെയ്യുന്ന ആളുകളെ അയാള്‍ക്ക് 'പരിചയം' ഉണ്ട് എന്ന്. ആദ്യം ഞാനയാളോടൊപ്പം താമസിക്കാന്‍ ചെല്ലാമെന്ന് തീരുമാനിച്ചു. പിന്നെ കുറച്ചുകൂടി ആലോചിച്ചപ്പോള്‍ ആ ജോലി ചെയ്താല്‍ പെട്ടെന്ന് പണമുണ്ടാക്കാമെന്നും അങ്ങനെ വീട്ടിലേക്ക് തിരിച്ചുപോകാമെന്നും തോന്നി. 

ജോലി സ്വീകരിച്ചശേഷം എന്താണ് സംഭവിച്ചത്

ആ ജോലി റോമിലായിരുന്നില്ല. അത് സ്പെയിനിലായിരുന്നു. രണ്ട് കിലോ കഞ്ചാവ് സ്പെയിനില്‍ നിന്നും ലാത്വിയ വഴി സ്വീഡനിലെത്തിക്കണം. കിഴക്കൻ യൂറോപ്യൻ വിമാനത്താവളങ്ങളിൽ പരിശോധനകൾ കുറവാണ് താരതമ്യേന. ഞാനാദ്യം ചെയ്തത് വടക്കന്‍ സ്പെയിനിലേക്കുള്ളൊരു വിമാനത്തില്‍ കയറി മയക്കുമരുന്ന് പായ്ക്ക് ചെയ്യുന്ന വീട്ടിലെത്തുക എന്നതാണ്. ആ വീട്ടില്‍ ഞാന്‍ കുറച്ചുദിവസം നിന്നു. അവരെനിക്ക് നല്ല ഭക്ഷണം തന്നു, കുറേ സിഗരറ്റ് തന്നു. എല്ലാം കൊണ്ടും ഞാനവിടെ ഹാപ്പി ആയിരുന്നു. 

അവിടെവച്ച് മയക്കുമരുന്ന് കടത്തുന്ന മറ്റൊരു ചെറുപ്പക്കാരനെയും ഞാന്‍ പരിചയപ്പെട്ടു. 23 വയസ്സുള്ള അവന്‍ സ്കോട്ട്ലന്‍ഡില്‍ നിന്നുള്ളതായിരുന്നു. അവനേറെക്കുറെ എന്നെപ്പോലെ തന്നെയായിരുന്നു. അവനും മയക്കുമരുന്നിനടിമയായിരുന്നു. എന്നെക്കാള്‍ മുമ്പുതന്നെ അവന്‍ കുറച്ച് മയക്കുമരുന്ന് കടത്തലൊക്കെ നടത്തിയിട്ടുണ്ടായിരുന്നു. ഈ ജോലി അത്ര പ്രശ്നമൊന്നുമല്ല, എളുപ്പമാണ് എന്നെല്ലാം അവനെന്നോട് പറഞ്ഞു. അതെനിക്ക് ആശ്വാസമായി. പിന്നീടങ്ങോട്ട് എല്ലാം വളരെ ആവേശത്തോടെയാണ് ഞാന്‍ കാത്തിരുന്നത്. 

എത്രരൂപയാണ് ഈ ജോലിക്ക് പ്രതിഫലം കിട്ടിയത്?

എനിക്ക് കിലോയ്ക്ക് 1,000 ഡോളറാണ് വാഗ്ദാനം ചെയ്തത് (ഏകദേശം 80,000 ത്തിനടുത്ത് ഇന്ത്യന്‍ രൂപ). അതായത് രണ്ട് കിലോയ്ക്ക് 2,000 ഡോളർ. സ്പെയിനിൽ നിന്ന് സ്വീഡനിലേക്കുള്ള മാർക്ക്അപ്പ് വളരെ വലുതാണെന്ന് ഞാൻ കരുതുന്നു. അവർ ഇത് ഏകദേശം € 500 (ഏകദേശം 41,000 രൂപ) -ന് വാങ്ങുന്നു, മാത്രമല്ല ഇത് ഏകദേശം €4,000 രൂപയ്ക്കാണ് വില്‍ക്കുന്നത് (ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ.) 

എങ്ങനെയാണ് പ്രോസസ് എന്ന് പറയാമോ? 

പാക്കിങ് ആണ് ആദ്യപടി. ക്ലിങ് ഫിലിമുകളും കാപ്പിപ്പൊടിയുടെ കട്ടിയുള്ള മിശ്രിതവുമെല്ലാം ഉപയോ​ഗിക്കും. എക്സറേ പ്രൂഫ് ബാഗുകളിലാണ് ഇത് കടത്തുന്നത്. അവരെനിക്കൊരു ബര്‍ണര്‍ ഫോണ്‍ തന്നു. അതിലെനിക്കുള്ള എല്ലാ വിവരങ്ങളുമുണ്ടായിരുന്നു. പിന്നീട് അവരെന്നെ എയര്‍പോര്‍ട്ടില്‍ വിട്ടു. നിങ്ങള്‍ കരുതുന്നതിനേക്കാള്‍ സമ്മര്‍ദ്ദം കുറവായിരുന്നു കാര്യങ്ങള്‍. വിമാനത്തിലും സാധാരണ സ്യൂട്ട്കെയ്സ് പരിശോധനപോലെയാണ് എല്ലാം നടന്നത്. എനിക്ക് വലിയ ടെന്‍ഷനൊന്നുമില്ലായിരുന്നു. സത്യത്തില്‍ അന്യഗ്രഹത്തിലെത്തിപ്പെട്ടതുപോലെയൊരവസ്ഥയിലായിരുന്നു ഞാന്‍. സംഭവിക്കുന്നതെല്ലാം യാഥാര്‍ത്ഥ്യമാണോ എന്നുപോലും എനിക്കുറപ്പില്ലായിരുന്നു. അങ്ങനെ ഞാന്‍ റിഗയിലെത്തി. വിമാനത്തില്‍ നിന്നും പുറത്തിറങ്ങി. എനിക്ക് സാധനമെത്തിക്കേണ്ട ആളുടെ അടുത്തെത്തി. 

അയാളെങ്ങനെ ആയിരുന്നു? 

അയാള്‍ ആദ്യം നമ്മളെ വീക്ഷിച്ചു. പറ്റിച്ച് കടന്നുകളയുന്നില്ലായെന്നും പൊലീസിനെ വിളിക്കുന്നില്ലായെന്നും ഉറപ്പിച്ചശേഷം അടുത്തെത്തി. പിന്നീട് നമ്മള്‍ രണ്ടുപേരും സ്റ്റോക്ക്ഹോമിലെത്തി. അവിടെ ഹോട്ടലില്‍ ഒരാളുണ്ടായിരുന്നു. അയാളുടെ അടുത്ത് സാധനമെത്തിച്ചു. €2,000 പണമായി കയ്യില്‍ കിട്ടി. അതൊക്കെ വളരെ എളുപ്പമായിട്ടാണ് നടന്നത്. ഇത് വളരെ ഈസിയാണല്ലോ എന്ന തോന്നലാണ് എനിക്കുണ്ടായത്. ആ തോന്നലാവണം എന്നെ പിന്നെയും ഇതേ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക. 

പിന്നീടെപ്പോഴാണ് വീണ്ടും അതേ തൊഴില്‍ തന്നെ ചെയ്യാന്‍ നിങ്ങള്‍ തീരുമാനിക്കുന്നത്?

ഞാന്‍ തിരികെ യുകെയിലെത്തി. വീണ്ടും കൊക്കെയിന്‍ വാങ്ങിക്കാന്‍ തുടങ്ങി. ഓരോ ദിവസവും രണ്ട് ഗ്രാമില്‍ കൂടുതലാണ് ഞാനുപയോഗിച്ചിരുന്നത്. ഇതെന്നെ വീണ്ടും മോഷ്ടാവാക്കി. അപ്പോള്‍ അവരെന്നെ വീണ്ടും ബര്‍ണര്‍ ഫോണില്‍ കോണ്ടാക്ട് ചെയ്തു. വീണ്ടും കടത്ത് തീരുമാനിച്ചു. അതൊരു വലിയ കാര്യമായിട്ടൊന്നും എനിക്ക് തോന്നിയിരുന്നില്ല. ആ സമയത്ത് ഞാന്‍ ഭയങ്കര മടിയനായിരുന്നു. എന്തെങ്കിലും ജോലി ചെയ്യുന്നതിനു പകരം എളുപ്പത്തില്‍ അപകടം പിടിച്ച മാര്‍ഗ്ഗത്തിലൂടെയാണെങ്കിലും ഒരുപാട് പണം സമ്പാദിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. 

എത്ര തവണ നിങ്ങള്‍ ഈ ജോലി ചെയ്തിട്ടുണ്ട്

ആറ് മാസത്തിനുള്ളില്‍ തന്നെ ഏഴോ എട്ടോ തവണ. എന്നില്‍ വിശ്വാസം കൂടുന്തോറും അവരെന്നെ വലിയ വലിയ ജോലികളേല്‍പ്പിച്ചു തുടങ്ങി. രണ്ട് കിലോയില്‍ നിന്നും ഏഴായി, അത് 12 ആയി. അത് ഭയങ്കര രസമായിരുന്നു സത്യത്തില്‍. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഹോട്ടലുകളില്‍ ഞാന്‍ താമസിച്ചു. ഹോട്ടലുകള്‍ക്കും, രാത്രിസഞ്ചാരത്തിനും, ടാക്സിക്കുമെല്ലാമുള്ള പണം അവരെനിക്ക് തന്നു. മധ്യവര്‍ഗ കുടുംബത്തിലെ നിഷ്കളങ്കത തോന്നുന്ന മുഖമുള്ള ചെറുപ്പക്കാരെ തന്നെ അവരിതിന് തെരഞ്ഞെടുക്കുന്നതിന് കാരണമുണ്ട്. നമുക്ക് ക്രിമിനല്‍ റെക്കോര്‍ഡുകളില്ല, പൊലീസ് നമ്മളെ സംശയിക്കില്ല. അതുകൊണ്ട് തന്നെ അവര്‍ നമ്മെ ഉപയോഗിച്ചു. രാജാവിനെ പോലെ കണ്ടു. 

എത്ര വലിയ ഓപ്പറേഷനുകളില്‍ പങ്കാളിയായിട്ടുണ്ട്

അത് പറയാന്‍ ബുദ്ധിമുട്ടാണ്. അതിനെക്കുറിച്ച് ഒരുപാട് പറയാനും ഞാനാഗ്രഹിക്കുന്നില്ല. എന്‍റെ നേരെ മുകളില്‍ വരുന്നവരുമായി മാത്രമേ എനിക്ക് ഇടപെടേണ്ടി വന്നിട്ടുള്ളൂ. അവരില്‍ പലരും തെറ്റായ പേരുകളിലാണ് അറിയപ്പെട്ടത് തന്നെ. 

നിങ്ങളെപ്പോലെയുള്ള മറ്റ് കടത്തുകാരെ കുറിച്ച്

അവരെല്ലാം യൂറോപ്പിന്‍റെ പല ഭാഗത്തുനിന്നുമുള്ളവരാണ്. എന്നെപ്പോലെ വെളുത്തവര്‍. 19 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍. എന്നെപ്പോലെ മയക്കുമരുന്നിന് അടിമകളായിരുന്നു പലരും. പലരും കടം വാങ്ങിയിട്ടൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് അവര്‍ക്ക് ഈ തൊഴിലെടുക്കേണ്ടി വന്നു. പലരും എളുപ്പത്തില്‍ പണമുണ്ടാക്കാനോ അല്ലെങ്കില്‍ സ്വന്തം രാജ്യത്ത് നിന്നും മുങ്ങി നടക്കാനോ ആണ് ഈ തൊഴില്‍ ചെയ്തിരുന്നത്. 

എത്ര സ്ഥലങ്ങളില്‍ മയക്കുമരുന്നുമായി ചെന്നിട്ടുണ്ട്

ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി, നെതര്‍ലാന്‍ഡ്, സ്വീഡന്‍, ലാത്വിയ, ഫിന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ്, എസ്തോണിയ.. ചിലപ്പോ ഇതിലും കൂടുതല്‍. 

എപ്പോഴും മരിജ്ജുവാനയായിരുന്നോ കടത്തിയിരുന്നത്

അല്ല, മറ്റുപലതും. എനിക്ക് ബര്‍ണര്‍ ഫോണില്‍ വിവരങ്ങള്‍ കിട്ടുകയായിരുന്നു. ഹെറോയിന്‍, കൊക്കെയ്ന്‍, എം.ഡി.എം.എ ഇവയെല്ലാം കടത്തേണ്ടി വന്നിരുന്നു. അതിനെല്ലാം കൂടുതല്‍ പണം തരുമായിരുന്നു. ഒരുപാട് ഒരുപാട് അധികം കടത്തേണ്ടി വന്നിട്ടുണ്ട്. പക്ഷേ, അതെന്നെ കൂടുതല്‍ ഭയപ്പെടുത്തിയൊന്നുമില്ല.

അവസാനം എങ്ങനെയാണ് നിങ്ങള്‍ പിടിക്കപ്പെട്ടത്? 

സത്യത്തില്‍ എങ്ങനെയാണ് അത് സംഭവിച്ചത് എന്നതിനെ കുറിച്ച് എനിക്ക് വലിയ ഐഡിയ ഒന്നുമില്ല. വാഴ്സാ എയര്‍പോര്‍ട്ടില്‍ വെച്ചാണത് സംഭവിക്കുന്നത്. ഞാന്‍ എന്റെ ബാഗ് എടുക്കാനായി ചെല്ലുമ്പോള്‍ അതവിടെ ഇല്ല. വിഡ്ഢിത്തമെന്ന് പറഞ്ഞാല്‍ മതിയല്ലോ, ഞാന്‍ ഡെസ്കില്‍ ചെന്ന് എന്‍റെ ബാഗ് കണ്ടോ എന്ന് ചോദിച്ചു. അവരത് നോക്കിയിരുന്നുവെന്നും എന്നാലിപ്പോള്‍ അതവിടെ കാണുന്നില്ലായെന്നും മറുപടി തന്നു. പിറ്റേന്നും ഞാന്‍ ബാഗ് അന്വേഷിച്ചുപോയി. അപ്പോഴേക്കും 12 കിലോ മരിജ്ജുവാനയോട് കൂടി അവരത് കണ്ടുപിടിച്ചിരുന്നു. അവരത് കണ്ടുപിടിക്കുമെന്ന് ഞാന്‍ കരുതിയില്ലായിരുന്നു.

എത്രകാലം ജയിലില്‍?

അഞ്ച് വര്‍ഷത്തേക്കാണ് ശിക്ഷ വിധിച്ചത്. പക്ഷേ, വക്കീലിന്‍റെ സഹായത്താലും നേരത്തെ ഇത്തരം കേസിലൊന്നും ശിക്ഷിക്കപ്പെട്ടിട്ടില്ലാത്തതിനാലും നേരത്തെ ഇറങ്ങാന്‍ കഴിഞ്ഞു. 

വീട്ടിലിതറിയരുതെന്നാണ് ഞാനാഗ്രഹിച്ചത്. പക്ഷേ, അത് നടന്നില്ല. എന്നെ കുറേനാള്‍ കാണാതായപ്പോള്‍ എന്‍റെ ഒരു സുഹൃത്തിന് ആശങ്കയായി. അവര്‍ കുടുംബത്തോട് പറഞ്ഞു. അങ്ങനെ എന്നെ കാണാനില്ലായെന്നും പറഞ്ഞ് അവര്‍ പൊലീസിനെ സമീപിച്ചു. ഞാനൊരു മയക്കുമരുന്ന് കടത്തുകാരനാണെന്നറിഞ്ഞയുടനെ അവരെന്നെ ഉപേക്ഷിച്ചുകാണും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, എന്നെ വിളിച്ചയുടനെ അമ്മ പറഞ്ഞത്. ഞാന്‍ ജീവനോടെയുണ്ടെന്നറിഞ്ഞല്ലോ അവര്‍ക്ക് സമാധാനമായി എന്നാണ്. ഞാന്‍ കരുതിയതിനേക്കാളും സഹതാപത്തോടെയാണ് അച്ഛനും അമ്മയും എന്നോട് പെരുമാറിയത്. 

ഇപ്പോളെങ്ങനെയാണ്?

ഞാന്‍ മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും പൂര്‍ണമായും മുക്തനായി. ഞാന്‍ ചെയ്തത് എല്ലാം തെറ്റായിരുന്നുവെന്ന് ബോധ്യമുണ്ടിപ്പോള്‍. പണവും അവസരവുമെല്ലാം എന്‍റെ മടിയില്‍ വന്നുവീഴുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍, അനുഭവം എന്നെ പഠിപ്പിച്ചു. നാം ചെയ്യുന്ന ഓരോ കാര്യത്തിനും അതിന്‍റേതായ ഫലം അനുഭവിക്കാനുണ്ടാവും എന്ന്. എന്‍റെ സുഹൃത്തുക്കളെയും കുടുംബത്തേയും ഞാനൊരുപാട് ഒരുപാട് വേദനിപ്പിച്ചു. അതെന്നെ ഇപ്പോഴും വേദനിപ്പിക്കുന്നു. 

ഇപ്പോള്‍ ജീവിക്കാനെന്താണ് ചെയ്യുന്നത്?

ഒരു സെക്കന്‍ഡ് ഹാന്‍ഡ് ഷോപ്പില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്നുണ്ട്. പഴയ അനുഭവങ്ങളില്‍ നിന്നും ഓര്‍മ്മകളില്‍ നിന്നും മോചിപ്പിക്കപ്പെട്ടു വരികയാണ്. ഈ ജീവിതം എനിക്കിപ്പോള്‍ ഒരുപാട് സന്തോഷം തരുന്നു. 

(തിരുത്താനുള്ള മനസ്സാണ് മനുഷ്യനെ കൂടുതൽ മെച്ചപ്പെട്ടവനാക്കുന്നത്. നഷ്ടപ്പെട്ടുപോയേക്കാവുന്ന ജീവിതം തിരികെ പിടിച്ചു തുടങ്ങിയിരിക്കുകയായിരിക്കാം ആ ചെറുപ്പക്കാരനും. ഏതായാലും തിരുത്തിയാലും ഇല്ലെങ്കിലും ചെയ്യുന്നതിന്റെ ഫലം സ്വയം അനുഭവിക്കാനുള്ളതാണ് എന്ന് ഹാരിക്ക് മനസിലായിട്ടുണ്ട്.)
Follow Us:
Download App:
  • android
  • ios