Asianet News MalayalamAsianet News Malayalam

എനിക്കൊരിക്കൽ സംഭവിച്ചത് മറ്റൊരു പെണ്ണിനും സംഭവിക്കാതിരിക്കട്ടെ, ലൈം​ഗികത്തൊഴിലാളിയായിരുന്ന സ്ത്രീയുടെ അനുഭവം

ആ ഓര്‍ഗനൈസേഷനിലെത്തിയപ്പോഴാണ് ഇത്തരം ദുരന്തം അനുഭവിക്കുന്ന ഒരേയൊരു സ്ത്രീയല്ല ഞാനെന്ന് മനസിലാവുന്നത്. എന്നെ പോലെ അനേകം പേരുണ്ടായിരുന്നു. 

experience of a former sex worker
Author
Thiruvananthapuram, First Published May 27, 2021, 4:07 PM IST

ചില ജീവിതങ്ങൾ നമുക്ക് കെട്ടുകഥകൾ പോലെ അവിശ്വസനീയമായി തോന്നാം. ഇത് അതുപോലെ ഒരു ജീവിതമാണ്. പല സ്ത്രീകൾക്കും ജീവിക്കാൻ മറ്റ് മാർ​ഗങ്ങളില്ലാതെ ലൈം​ഗികത്തൊഴിലിലേക്ക് ഇറങ്ങേണ്ടി വരാറുണ്ട്. പിന്നീട് തിരിച്ച് കയറാനാവാത്ത വണ്ണം പലരും ആ ചുഴിയിൽ പെട്ടുപോവുന്നു. വീട്ടുകാരും ഭർത്താവും ഉപേക്ഷിച്ച ഈ സ്ത്രീക്കും ഒടുവിൽ തനിക്കും മക്കൾക്കും ജീവിക്കാൻ വേണ്ടി ലൈം​ഗികത്തൊഴിലിലേക്ക് തിരിയേണ്ടി വന്നു. എന്നാൽ, പിന്നീടവർ അതിൽ നിന്നും പുറത്ത് കടന്നു. ഈ അനുഭവത്തിൽ അവരത് വ്യക്തമാക്കുന്നു. (യുവർ സ്റ്റോറി പ്രസിദ്ധീകരിച്ചത്.)

നാല് വര്‍ഷം എന്‍റെ ഭര്‍ത്താവ് എന്നെ ഉപദ്രവിച്ചു, ഞാന്‍ ഏഴ് മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും അയാളെന്നെ മര്‍ദ്ദിക്കുമായിരുന്നു. പിന്നെ, അയാളെന്നെ ഉപേക്ഷിച്ചു. വീട്ടിലേക്ക് മടങ്ങിച്ചെന്ന എന്നെ പക്ഷേ അമ്മ സ്വീകരിച്ചില്ല. എനിക്ക് ഒരു ജോലി കിട്ടാനുള്ള അറിവോ കഴിവോ ഇല്ലായിരുന്നു. അങ്ങനെ എന്‍റെ മക്കളെ പോറ്റാനായി ഞാന്‍ വീടുകളില്‍ ജോലിക്ക് പോയിത്തുടങ്ങി. ജീവിക്കാനായി പാത്രം കഴുകി. ഒരുദിവസം ഒരാളെന്നെ സമീപിച്ചു. അയാള്‍ക്കൊപ്പം ഒരു രാത്രി കഴിഞ്ഞാല്‍ നൂറുരൂപ തരാമെന്ന് പറഞ്ഞു. ആ സമയത്തെനിക്ക് പണിയോ കയ്യില്‍ കാശോ ഇല്ലായിരുന്നു. അങ്ങനെ ഞാനയാള്‍ക്കൊപ്പം പോയി. അതായിരുന്നു ലൈംഗികത്തൊഴിലാളി എന്ന നിലയില്‍ എന്‍റെ ആദ്യത്തെ ജോലി. അതിനിടയില്‍ ഞാന്‍ പച്ചക്കറി വില്‍ക്കാന്‍ പോയി. എന്നാല്‍, പച്ചക്കറി തരുന്നയാള്‍ എന്നോട് പറഞ്ഞത്, അയാള്‍ 'പച്ചക്കറി തരാം പകരം എന്‍റെ ശരീരം നല്‍കണം' എന്നാണ്. 

എനിക്കയാള്‍ പറഞ്ഞത് അനുസരിക്കേണ്ടി വന്നു. അയാളെനിക്ക് 2000 രൂപയുടെ പച്ചക്കറി തന്നു. പിന്നീടുള്ള കുറച്ച് വര്‍ഷങ്ങള്‍ കൂടി എനിക്ക് അങ്ങനെ കഴിയേണ്ടി വന്നു. ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. ഭര്‍ത്താവും എന്‍റെ വീട്ടുകാരും എന്നെ ഉപേക്ഷിച്ചിരുന്നല്ലോ. നാല് വര്‍ഷത്തോളം ഞാനാ ജീവിതം ജീവിച്ചു. ഞാനാകെ കണ്ടിരുന്നത് എന്നെ തേടിയെത്തുന്ന പുരുഷന്മാരെയാണ്. അവര്‍, അവരുടെ ആവശ്യം കഴിയുമ്പോള്‍ പത്തോ ഇരുപതോ രൂപയാണ് വച്ചുനീട്ടിയിരുന്നത്. 

എന്‍റെ ജീവിതം മാറിമറിയുന്നത് തബാസും ഷെയ്ക്കിനെ കണ്ടുമുട്ടുന്നതോടെയാണ്. എന്‍റെ അടുത്ത് പച്ചക്കറി വാങ്ങാനെത്തിയതായിരുന്നു അവര്‍. അവര്‍ പണം വച്ചുനീട്ടുമ്പോള്‍ എന്‍റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. കാരണം, രണ്ട് ദിവസമായി ഞാനൊന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. തബാസും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബെകാലു മഹിളാ സംഘയുടെ പ്രവര്‍ത്തകയായിരുന്നു. എന്‍റെ വസ്ത്രം പിന്നിയിരുന്നു. തബാസും എനിക്ക് വസ്ത്രങ്ങള്‍ കൊണ്ടുത്തന്നു. എനിക്കായി ബ്ലൌസുകള്‍ തയ്പ്പിച്ച് കൊണ്ടുത്തന്നു. അവരുടെ എന്‍ജിഒ ഓഫീസിലെത്തിയപ്പോള്‍ സര്‍വീസ് കോര്‍ഡിനേറ്റര്‍മാരായ സുരേഷ് ഗുഡാദരി സാറും ലീല ഹൊകേരി മാഡവും എ‍ന്‍റെ അവസ്ഥയെ കുറിച്ച് ചോദിച്ചു. ഞാനെന്‍റെ ജീവിതം മുഴുവനും അവരോട് പറഞ്ഞു. എങ്ങനെയാണ് ഭര്‍ത്താവ് എന്നെ ഉപദ്രവിച്ചത്, ഉപേക്ഷിച്ചത്, എങ്ങനെയാണ് എനിക്ക് ലൈംഗികത്തൊഴിലിലേക്ക് തിരിയേണ്ടി വന്നത് എന്നതെല്ലാം. 

ആ ഓര്‍ഗനൈസേഷനിലെത്തിയപ്പോഴാണ് ഇത്തരം ദുരന്തം അനുഭവിക്കുന്ന ഒരേയൊരു സ്ത്രീയല്ല ഞാനെന്ന് മനസിലാവുന്നത്. എന്നെ പോലെ അനേകം പേരുണ്ടായിരുന്നു. ഓര്‍ഗനൈസേഷന്‍ എനിക്കൊരു വീട് കണ്ടെത്താന്‍ സഹായിച്ചു. എന്‍റെ കുട്ടികളെ സ്കൂളില്‍ ചേര്‍ത്തു. പച്ചക്കറിക്കാരനോട് ഇനിയും സെക്സിന് നിര്‍ബന്ധിക്കരുതെന്ന് പറഞ്ഞു. 

ചേതന സ്കീമിലൂടെ സ്വന്തമായി ബിസിനസ് തുടങ്ങാന്‍ 20,000 രൂപ കിട്ടി. എന്‍റെ മക്കളായിരുന്നു എന്‍റെ കരുത്തും ധൈര്യവും. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ അധ്വാനിക്കുന്നത്. തബാസും മാമിനെ കണ്ടതില്‍ എനിക്ക് സന്തോഷമുണ്ട്. അവരാണ് എന്‍റെ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ എനിക്കൊരു വഴി കാണിച്ചു തന്നത്. ഇന്ന് ആരെങ്കിലും എന്നെ ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ചാല്‍ ഞാനവരോട് പറയും 'ദൂരെപ്പോ, നിര്‍ബന്ധിച്ചാല്‍ ഞാനെന്‍റെ ഓര്‍ഗനൈസേഷനിലേക്ക് ചെല്ലും. നിങ്ങളാരെങ്കിലും എന്നെ തൊട്ടാല്‍ ഓര്‍ഗനൈസേഷന്‍ അംഗങ്ങളുമായി വരും. ഞാന്‍ ജീവിക്കാനായി കഷ്ടപ്പെടുകയാണ്. നിങ്ങളെന്നെ നേരത്തെ കുടിക്കാനും നിങ്ങളുടെ താളത്തിന് തുള്ളാനും ഉപയോഗിച്ചിരുന്നു. ഇനിയുമതിന് ശ്രമിച്ചാല്‍ നിങ്ങളെ എനിക്ക് തല്ലേണ്ടി വരും.' 

ഞാനൊരിക്കല്‍ കടന്നു പോയതിലൂടെ ഒരു പെണ്ണിനും കടന്നുപോകേണ്ടി വരാതിരിക്കട്ടെ. 

(ചിത്രം പ്രതീകാത്മകം)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios