തന്‍റെ സമാന പേരുള്ള മറ്റൊരു നേഴ്സിന്‍റെ ലൈസന്‍സ് ഉപയോഗിച്ചായിരുന്നു 29 -കാരിയുടെ തട്ടിപ്പ്. 

ജിസ്റ്റേർഡ് നേഴ്സാണെന്ന് അവകാശപ്പെട്ട 29 -കാരി ചികിത്സിച്ചത് 4,400 ഓളം രോഗികളെ. ഫ്ലോറിഡ സ്വദേശിനിയായ ഓട്ടം ബാർഡിസ (29) വ്യാജ നേഴ്സായി രോഗികളെ ചികിത്സിച്ചതിന് അറസ്റ്റിലായി. ഓട്ടം ബാർഡിസയെ അറസ്റ്റ് ചെയ്യുന്ന ബോഡിക്യാം ദൃശ്യങ്ങൾ പോലീസ് തന്നെയാണ് പുറത്ത് വിട്ടത്. ഇവര്‍ക്കെതിരെ ലൈസന്‍സ് ഇല്ലാതെ ചികിത്സിച്ചതിന് കേസെടുത്തെന്നും 70,000 ഡോളർ ബോണ്ടിൽ ഇവരെ കസ്റ്റഡിയിലെടുത്തെന്നും ഫ്ലോറിഡ പോലീസ് അറിയിച്ചു.

2023 ജൂലൈ 3 -ന് ഒരു ആശുപത്രിയിൽ അഡ്വാൻസ്ഡ് ടെക് നഴ്‌സായി ബാർഡിസയെ നിയമിച്ചിരുന്നെന്ന് പോലീസ് പറയുന്നു. അഭിമുഖത്തിനിടെ, താൻ രജിസ്റ്റേർഡ് നഴ്‌സാണെന്ന് അവർ അവകാശപ്പെട്ടു. എന്നാല്‍, ഓട്ടം ബാർഡിസ രജിസ്റ്റേർഡ് നഴ്‌സാകാൻ ആവശ്യമായ സ്‌കൂൾ വിദ്യാഭ്യാസം പാസായെങ്കിലും നേഴ്സിംഗ് ലൈസൻസ് നേടുന്നതിനുള്ള ദേശീയ പരീക്ഷ പാസായിട്ടില്ലെന്ന് കണ്ടെത്തിയെന്നും പോലീസ് പറയുന്നു.

Scroll to load tweet…

എന്നാല്‍ നിയമനം ലഭിക്കുന്നതിനിടയിൽ, താന്‍ പരീക്ഷ പാസായതായി അവകാശപ്പെട്ട ഇവര്‍ തന്‍റെ ലൈസൻസ് നമ്പർ തൊഴിലുടമകൾക്ക് കൈമാറി. എന്നാല്‍ അവര്‍ കൈമാറിയ ലൈസന്‍സ് നമ്പറില്‍ വ്യത്യസ്തമായ ഒരു കുടുംബപ്പേരാണ് ഉണ്ടായിരുന്നത്. വിവാഹ ശേഷം താന്‍ പുതിയ പേര് സ്വീകരിച്ചതാണെന്നായിരുന്നു ഇതിന് കാരണമായി ഓട്ടം ആശുപത്രി അധികൃതരെ അറിയിച്ചിരുന്നത്. എന്നാല്‍, ഓട്ടത്തിന് പെട്ടെന്ന് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചത് സഹപ്രവര്‍ത്തകരില്‍ സംശയം ജനിപ്പിച്ചു. ഓട്ടത്തിന്‍റെ കൈവശം കാലഹരണപ്പെട്ട ഒരു സർട്ടിഫൈഡ് നഴ്‌സിംഗ് അസിസ്റ്റന്‍റ് ലൈസൻസാണ് ഉള്ളതെന്നും സഹപ്രവര്‍ത്തകര്‍ കണ്ടെത്തി. അവര്‍ അത് ആശുപത്രി അധികൃതരെ അറിയിച്ചതിന് പിന്നാലെയാണ് ഓട്ടത്തിനെതിരെ അന്വേഷണം ആരംഭിച്ചത്.

ഏഴ് മാസത്തെ അന്വേഷണത്തില്‍ അവര്‍ തന്‍റെ പേരുള്ള മറ്റൊരു നേഴ്സിന്‍റെ കാലഹരണപ്പെട്ട നേഴ്സിംഗ് ലൈസന്‍സാണ് ഉപയോഗിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. ഇതിന് പിന്നാലെ 2025 ജനുവരിയിൽ അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ എഫ്‌സി‌എസ്‌ഒയുമായി ബന്ധപ്പെട്ട് ക്രിമിനൽ അന്വേഷണം നടത്തുകയും തുടർന്ന് അവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ലൈസൻസില്ലാതെ ആരോഗ്യ സംരക്ഷണ മേഖലയിൽ പ്രവർത്തിച്ചതിന് ഏഴ് കുറ്റങ്ങളും വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങൾ വഞ്ചനാപരമായി ഉപയോഗിച്ചതിന് മറ്റൊരുഏഴ് കുറ്റങ്ങളും ഓട്ടം ബാർഡിയയ്ക്കെതിരെ ചുമത്തിയതായും പോലീസ് അറിയിച്ചു.