Asianet News MalayalamAsianet News Malayalam

പക്ഷിപ്രേമികളെ വേദനയിലാഴ്ത്തി ബാരിയുടെ വിയോ​ഗം, പാർക്കിലെ സ്റ്റാറായിരുന്ന മൂങ്ങയെ വാനിടിച്ചു

പ്രാദേശിക സമയം 2.30 -നാണ് മൂങ്ങ മരിച്ചതെന്ന് പാര്‍ക്ക് വ്യക്തമാക്കി. 'നമുക്ക് ഈ വാര്‍ത്ത അറിയിക്കുന്നതില്‍ വിഷമമുണ്ട്. പാര്‍ക്കിലെ പ്രിയപ്പെട്ട മൂങ്ങ ഇന്ന് പുലര്‍ച്ചെ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു' എന്നാണ് പാര്‍ക്ക് പറഞ്ഞത്.

famous owl killed in central park
Author
New York, First Published Aug 8, 2021, 8:50 AM IST

ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കില്‍ എല്ലാവര്‍ക്കും പരിചിതമായ ഒരു മൂങ്ങയുണ്ട്. അത് മരിച്ചിരിക്കുകയാണ്. അതിന്റെ മരണം ന്യൂയോർക്കിലെ പക്ഷിപ്രേമികളെ ആകെ വേദനയിലാഴ്ത്തിയിരിക്കുകയാണ്. ഭക്ഷണത്തിന് വേണ്ടി താഴ്ന്ന് പറക്കവെ പാര്‍ക്കിലെ മെയിന്‍റനന്‍സ് വാനിലിടിച്ചായിരുന്നു മൂങ്ങയുടെ മരണമെന്ന് പാര്‍ക്ക് അധികൃതര്‍ പറയുന്നു. ബാരി എന്ന് പേരുള്ള പ്രിയപ്പെട്ട മൂങ്ങയുടെ ചിത്രങ്ങളും ഓര്‍മ്മകളും പലരും സാമൂഹികമാധ്യമങ്ങളില്‍ പങ്കിട്ടു.

പാർക്കിലെ പക്ഷികൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ട്വിറ്റർ പേജ് ബാരിയുടെ അത്ഭുതകരവും മനോഹരവുമായ സാന്നിധ്യം തങ്ങള്‍ക്ക് മിസ് ചെയ്യും എന്നാണ് പറഞ്ഞത്. മഹാമാരിക്കാലത്താണ് ഈ മൂങ്ങ കൂടുതലായി അറിയപ്പെട്ട് തുടങ്ങിയത്. നിരവധി പക്ഷിനിരീക്ഷകര്‍ ആ സമയത്ത് അവിടെ എത്തിച്ചേരുകയും പാര്‍ക്കിലെ സ്റ്റാര്‍ തന്നെയായ ബാരിയുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. 

പ്രാദേശിക സമയം 2.30 -നാണ് മൂങ്ങ മരിച്ചതെന്ന് പാര്‍ക്ക് വ്യക്തമാക്കി. 'നമുക്ക് ഈ വാര്‍ത്ത അറിയിക്കുന്നതില്‍ വിഷമമുണ്ട്. പാര്‍ക്കിലെ പ്രിയപ്പെട്ട മൂങ്ങ ഇന്ന് പുലര്‍ച്ചെ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു' എന്നാണ് പാര്‍ക്ക് പറഞ്ഞത്. 

ആരാധകരുണ്ടാക്കിയ ഒരു ഫാന്‍പേജ് പോലും ബാരിയെന്ന ഈ മൂങ്ങയുടെ പേരിലുണ്ട്. 'വാക്കുകള്‍ കൊണ്ട് ഞങ്ങളുടെ ദുഖം വിവരിക്കാന്‍ കഴിയില്ല. ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുകയാണ്, ദേഷ്യവും സങ്കടവും വരുന്നുണ്ട്. ഞങ്ങള്‍ നിനക്കൊപ്പം കരയുന്നു' എന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. പലരും സമാനമായ വേദനയും ദേഷ്യവും പങ്കുവച്ചു. എന്തുകൊണ്ടാണ് ആ വാന്‍ പക്ഷികള്‍ ഇരതേടാനിറങ്ങുന്ന സമയത്ത് വേഗത്തില്‍ ഓടിയത് എന്നൊക്കെയാണ് പലരും ചോദിച്ചത്. 

 

പാർക്ക് നിര്‍മ്മിക്കപ്പെട്ടശേഷം, 280 -ലധികം പക്ഷിയിനങ്ങള്‍ അവിടെ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2018 -ൽ ഒരു മന്ദാരിൻ താറാവ് സോഷ്യൽ മീഡിയ സൂപ്പർസ്റ്റാർ ആയി മാറിയിരുന്നു. അതിന്‍റെ അതിശയകരമായ മൾട്ടി-കളർ തൂവലുകളുടെ ഫോട്ടോകൾ നിരവധി പേരെ ആകര്‍ഷിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios