Asianet News MalayalamAsianet News Malayalam

ഓൺലൈനായി പോത്തിനെ വാങ്ങാൻ ശ്രമിച്ച കർഷകന് നഷ്ടമായത് 87,000 രൂപ!

ശർമ്മ പറഞ്ഞ തീയതി കഴിഞ്ഞിട്ടും പോത്ത് ഗ്വാളിയോറിൽ എത്തിയില്ല. തുടർന്ന് സിംഗ് വീണ്ടും ശർമയുമായി ബന്ധപ്പെട്ടപ്പോൾ വാഹനത്തിൻറെ ജിപിഎസ് ട്രാക്കിംഗ് സംവിധാനം നഷ്ടപ്പെട്ടതിനാൽ അത് നന്നാക്കുന്നതിനായി 12000 രൂപ കൂടി അധികമായി നൽകണമെന്ന് ശർമ ആവശ്യപ്പെട്ടു.

farmer from Gwalior loses thousand to scamster rlp
Author
First Published Mar 31, 2023, 1:11 PM IST

ഓൺലൈൻ ഷോപ്പിങ്ങിന്റെ കാലമാണിത്. എന്തും ഏതും ലോകത്തിൻറെ ഏതു കോണിലിരുന്ന് വേണമെങ്കിലും ഓൺലൈനായി ഓർഡർ ചെയ്താൽ വീട്ടിൽ എത്തുന്ന കാലം. എന്നാൽ, ഓൺലൈൻ ഷോപ്പിങ്ങുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകളാണ് കഴിഞ്ഞ കുറച്ചുകാലങ്ങളിലായി തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ തട്ടിപ്പിനിരയാക്കപ്പെട്ടത് മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുള്ള ഒരു കർഷകനാണ്. ഓൺലൈനായി പോത്തിനെ ഓർഡർ ചെയ്ത ഇയാളിൽ നിന്നും പലതവണകളായി തട്ടിപ്പ് സംഘം തട്ടിയെടുത്തത്  87,000 രൂപയാണ്. ഹോതം സിംഗ് ബാഗേൽ എന്ന കർഷകനാണ് തട്ടിപ്പിനിരയായത്. 

ജയ്പൂരിലെ ശർമ്മ ഡയറി ഫാമിൽ നിന്ന് ആണ് ഓൺലൈനായി പോത്തിനെ വാങ്ങാൻ ഓർഡർ ചെയ്തത്. ഫേസ്ബുക്കിൽ കണ്ട പരസ്യത്തിലൂടെയാണ് ഹോതം സിംഗ് ബാഗേൽ 60,000 രൂപ ഓൺലൈനായി നൽകി പോത്തിനായി ഓർഡർ ചെയ്തത്. ഫാമിന്റെ ഉടമ അശോക് കുമാർ ശർമ്മയുമായി ഫോണിലൂടെ ബന്ധപ്പെട്ടാണ് സിംഗ് കച്ചവടം ഉറപ്പിച്ചത്. പോത്തിനെ ജയ്പൂരിൽ നിന്ന് ഗ്വാളിയോറിലേക്ക് കൊണ്ടുവരുന്നതിനുള്ള വാഹന ചിലവായി 4,200 രൂപ കൂടി ശർമ്മ അധികമായി ആവശ്യപ്പെട്ടിരുന്നു. ഈ പണവും സിംഗ് ഓൺലൈനായി തന്നെ നൽകി.

എന്നാൽ ശർമ്മ പറഞ്ഞ തീയതി കഴിഞ്ഞിട്ടും പോത്ത് ഗ്വാളിയോറിൽ എത്തിയില്ല. തുടർന്ന് സിംഗ് വീണ്ടും ശർമയുമായി ബന്ധപ്പെട്ടപ്പോൾ വാഹനത്തിൻറെ ജിപിഎസ് ട്രാക്കിംഗ് സംവിധാനം നഷ്ടപ്പെട്ടതിനാൽ അത് നന്നാക്കുന്നതിനായി 12000 രൂപ കൂടി അധികമായി നൽകണമെന്ന് ശർമ ആവശ്യപ്പെട്ടു. വേറെ വഴിയില്ലാത്തതിനാൽ ആ പണവും നൽകാൻ സിംഗ് നിർബന്ധിതനായി. കൈവശം പണമില്ലാത്തതിനെ തുടർന്ന് ഭാര്യയുടെ ആഭരണങ്ങൾ വിറ്റ് ആ പണം നൽകാൻ തീരുമാനിച്ചു. എന്നാൽ ശർമ്മ വീണ്ടും വാക്കുമാറ്റി ജിപിഎസ് ട്രാക്കിംഗ് സംവിധാനം നേരെയാക്കണമെങ്കിൽ 25000 രൂപ നൽകണമെന്ന് സിങ്ങിനെ അറിയിച്ചു. അങ്ങനെ 25000 രൂപ കൂടി സിംഗ് ശർമ്മയ്ക്ക് ഓൺലൈനായി നൽകി. 

ഇത്രയും പണം നൽകിയിട്ടും പോത്തുമായി ഗോളിയാറിലേക്ക് വന്ന വണ്ടിയുടെ യാതൊരു വിവരവും സിങ്ങിന് ലഭിച്ചില്ല. ഒടുവിൽ സിംഗ് വാഹനത്തിൻറെ ഡ്രൈവറെ നേരിൽ വിളിച്ചു. അപ്പോൾ ഡ്രൈവറിന്റെ മറുപടി വന്ന വഴിക്ക് വാഹനം അപകടത്തിൽപ്പെട്ട് പോത്തിന്റെ കാലൊടിഞ്ഞുവെന്നും വാഹനത്തിൻറെ അറ്റകുറ്റപ്പണികൾക്കും ചികിത്സാ ചെലവിനുമായി അല്പം കൂടി പണം വേണമെന്നും ആയിരുന്നു. അപ്പോഴാണ് സിംഗിന് ചതി മനസ്സിലായത്. ഉടൻതന്നെ അദ്ദേഹം പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. സിംഗിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് ഇപ്പോൾ ശർമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. 

Follow Us:
Download App:
  • android
  • ios