Asianet News MalayalamAsianet News Malayalam

ഭീകരവാദികൾ കൊന്നുകളഞ്ഞ മകന്റെ മൃതദേഹത്തിനായി കഴിഞ്ഞ എട്ടുമാസമായി നാടുമുഴുവൻ നടന്നു കുഴിച്ചു നോക്കുന്ന ഒരച്ഛൻ

നാല് പെൺമക്കൾക്ക് ശേഷം  മൻസൂറിനും ആയിഷയ്ക്കും പിറന്ന ആദ്യത്തെ ആൺതരിയായിരുന്നു ഷക്കീർ.

father digging for the dead body of missing son terrorists jk
Author
Kulgam, First Published Mar 31, 2021, 3:23 PM IST

കയ്യിൽ ഒരു തൂമ്പയുമായി എന്നും പുലർച്ചയ്ക്കുതന്നെ മൻസൂർ അഹമ്മദ് വാഗേ തന്റെ ഇരുനില വീട്ടിൽ നിന്ന് ഇറങ്ങി നടന്നുതുടങ്ങും. അപ്പോൾ കേൾക്കുന്ന അഭ്യൂഹം അനുസരിച്ച് ഒരിടം ഉറപ്പിച്ച് അയാൾ അവിടെ കൈക്കോട്ടിനു കിളച്ചു തുടങ്ങും. ഇത് അദ്ദേഹം ഇന്നും ഇന്നലെയും തുടങ്ങിയ പണിയല്ല, കഴിഞ്ഞ എട്ടുമാസമായി മൻസൂർ അഹമ്മദ് എന്ന ഹതഭാഗ്യനായ അച്ഛന്റെ പണി ഇതുതന്നെയാണ്. അദ്ദേഹം ഇങ്ങനെ ഈ കശ്മീരിന്റെ മണ്ണിൽ പ്രതീക്ഷയോടെ തേടി നടക്കുന്നത് സ്വർണമോ വജ്രമോ ഒന്നുമല്ല, സ്വന്തം മകന്റെ മൃതദേഹമാണ്. ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ മകൻ ഷക്കീർ മൻസൂറിന് ഇപ്പോൾ 25 വയസ്സ് തികഞ്ഞിരുന്നേനെ. 

ടെറിട്ടോറിയൽ ആർമിയിൽ ജവാനായിരുന്നു മൻസൂർ അഹമ്മദിന്റെ മകൻ റൈഫിൾ മാൻ ഷക്കീർ മൻസൂർ. കഴിഞ്ഞ ഓഗസ്റ്റ് രണ്ടാംതീയതി, ബാൽപോറയിലെ ക്യാമ്പിൽ നിന്ന് ബാഹിബാഗിലെ ക്യാമ്പിലേക്കുള്ള യാത്രയിലായിരുന്നു ഷക്കീർ. പോകുന്ന വഴിക്കാണ് വീട് എന്നതുകൊണ്ട്, ഈദ് ദിനത്തിൽ അച്ഛനമ്മമാരെ കാണാൻ ഒന്നോടി വന്നതായിരുന്നു അവൻ. ഉച്ചക്ക് ഭക്ഷണം കഴിച്ച്, കുടുംബത്തോടൊപ്പം ഒരല്പം നേരം ചെലവിട്ട്, വൈകീട്ട് അഞ്ചു മണിയോടെയാണ് ഷക്കീർ അന്ന് തിരികെ പോയത്. അന്ന് മകൻ യാത്ര പറഞ്ഞിറങ്ങിയപ്പോൾ, തന്റെ മകനെ അത് അവസാനമായിട്ടാണ് കാണുന്നത് എന്നോർക്കാൻ മൻസൂറിന് സാധിച്ചില്ല.

 വീട്ടിൽ നിന്നിറങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോൾ പതിവിനു വിരുദ്ധമായി ഷക്കീറിന്റെ ഫോൺ മൻസൂറിനെ തേടിയെത്തി. ഏതോ സ്നേഹിതർക്കൊപ്പം ആണ് എന്നും, ബാരക്കിൽ നിന്ന് വിളിവന്നാൽ പേടിക്കേണ്ട, താമസിയാതെ അവിടെ ചെന്ന് റിപ്പോർട്ട് ചെയ്യും എന്നും ഷക്കീർ പറഞ്ഞു വെച്ചു. ആ വിളി വന്നപ്പോൾ തന്നെ അവനെ ആരോ തട്ടിക്കൊണ്ടു പോയിട്ടുണ്ടായിരിക്കാം എന്നും, അവസാനമായി ഒന്ന് ഒച്ചകേൾക്കാൻ വിളിച്ചതാകാം മകൻ എന്നും വീട്ടുകാർ പറയുന്നു. 

മണിക്കൂറുകൾക്കു ശേഷം, വീട്ടിൽ നിന്ന് പതിനാറു കിലോമീറ്റർ അകലെ, കുൽഗാം ജില്ലയിലെ ഒരു കൃഷിയിടത്തിൽ നിന്ന് ഷക്കീർ സഞ്ചരിച്ച വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെടുക്കപ്പെട്ടു.  ഏഴു ദിവസങ്ങൾക്കു ശേഷം, അവസാനമായി വീട്ടിൽ വന്നപ്പോൾ ഷക്കീർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വീട്ടിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള ഒരു കാനയിൽ നിന്ന് പൊലീസിന് കിട്ടി. ചോരക്കറ വീണ, ചെളി പുരണ്ട തവിട്ടു നിറത്തിലുള്ള ആ പാന്റ്സും, ചാര നിറത്തിലുള്ള ഷർട്ടും കെട്ടിപ്പിടിച്ച് ഇന്നും കരയുകയാണ് ഷക്കീറിന്റെ അച്ഛനും അമ്മയും. അവന്റെ വസ്ത്രത്തിന്റെ ഒരു കഷ്ണം നേരത്തെ കണ്ടെത്തപ്പെട്ട ജീപ്പിനുള്ളിൽ നിന്നും കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടു പോകവേ നടന്ന മല്പിടുത്തത്തിനിടെ കീറിപ്പോയതാകാം അതെന്നു വീട്ടുകാർ കരുതുന്നു. 

അതിനും ഒരാഴ്ച കഴിഞ്ഞപ്പോൾ തീവ്രവാദികളുടേത് എന്ന് കരുതപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പ് താഴ്‌വരയിൽ പ്രചരിച്ചു. "ഈ ടെറിട്ടറി ആർമി ഭടന്റെ കൊലപാതകം, അവന്റെ മൃതദേഹം പോലും വിട്ടുനൽകാത്ത ഈ നടപടി, ഇന്ത്യൻ സൈന്യം ചെയ്യുന്ന സമാനമായ ദ്രോഹങ്ങൾക്കുള്ള മറുപടിയാണ്" എന്നായിരുന്നു ഓഡിയോ ക്ലിപ്പിൽ ഉണ്ടായിരുന്നത്. ഔദ്യോഗിക രേഖകൾ പ്രകാരം, മറ്റൊരു 'മാൻ മിസ്സിംഗ്' കേസ് മാത്രമാണ് ഷക്കീർ അഹമ്മദിന്റേത്. അന്വേഷണം തുടരുന്നു, മൃതദേഹമെങ്കിലും കണ്ടെത്താൻ ശ്രമിക്കുന്നുണ്ട് എന്നാണ് ഷോപ്പിയാൻ എസ്പി അമൃത് പാൽ സിംഗ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്. 

എന്നാൽ, തന്റെ മകനെ അവർ കൊന്നു കളഞ്ഞിട്ടുണ്ട് എന്ന കാര്യം ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ് അച്ഛൻ മൻസൂർ അഹമ്മദ്. തന്റെ മകനെ ചിലർ ചേർന്ന് പീഡിപ്പിക്കുന്നത് കണ്ടു എന്ന് ഒരു സ്ത്രീ പറഞ്ഞതായി അയാൾക്ക് വിവരംകിട്ടിയിരുന്നു. ദേഹത്ത് പുരണ്ടിരുന്ന ചോരയും, പരിക്കുകളുടെ ഗുരുതരാവസ്ഥയും കണ്ടാൽ ആ പീഡനങ്ങളെ അയാൾ അതിജീവിച്ചു കാണാൻ സാധ്യതയില്ല എന്നുകൂടി ദൃക്‌സാക്ഷിയായ ആ സ്ത്രീ പറഞ്ഞു എന്നും മൻസൂർ ഓർക്കുന്നു. 

ആ ദിവസം തൊട്ടാണ്, മൻസൂർ അപ്പപ്പോൾ കേൾക്കുന്ന വിവരങ്ങളുടെ പുറത്ത്, ഓരോ ഇടങ്ങളിൽ ചെന്ന് മകന്റെ ജഡത്തിനായി കുഴിച്ചു നോക്കാൻ തുടങ്ങുന്നത്. ആദ്യമാദ്യമൊക്കെ ചെല്ലുന്നിടത്തെ പ്രദേശവാസികൾ കൂടി കുഴിക്കാൻ കൂടുമായിരുന്നു എങ്കിലും, പിന്നീടങ്ങോട്ട്, അവർക്കും ഇത് ഈ അച്ഛനെ പരിഹസിക്കാനുള്ള ഒരു ചടങ്ങായി മാറി. ഒരിക്കൽ തീവ്രവാദികൾ ഷക്കീറിന്റെ ഒരു കനാൽക്കരയിൽ കുഴിച്ചിട്ടതായി കുറ്റസമ്മതമുണ്ടായി എന്നൊരു അഭ്യൂഹം കേട്ട് മൻസൂർ ഒരു ജെസിബി വാടകയ്‌ക്കെടുത്ത് കനാൽക്കരയിൽ കുറെയിടങ്ങളിൽ കുഴിച്ചു നോക്കിയിരുന്നു എങ്കിലും ജഡം കിട്ടിയില്ല. 

നാല് പെൺമക്കൾക്ക് ശേഷം  മൻസൂറിനും ആയിഷയ്ക്കും പിറന്ന ആദ്യത്തെ ആൺതരിയായിരുന്നു ഷക്കീർ. ഒരു ഡോക്ടറാകാൻ തന്റെ മകൻ ആഗ്രഹിച്ചിരുന്നു എന്നും, 2016 -ൽ ടെറിട്ടോറിയൽ ആർമിയിൽ ജോലി കിട്ടിയ ശേഷം, അവൻ തന്നെയായിരുന്നു വീട്ടുചെലവുകൾ എല്ലാം നോക്കിയിരുന്നത് എന്നും ആ അച്ഛനമ്മമാർ പറയുന്നു.  

എന്തായാലും, അച്ഛൻ ഇങ്ങനെ രാപ്പകലെന്നില്ലാതെ മകന്റെ മൃതദേഹവും നേടി നാട്ടിൽ അങ്ങോളമിങ്ങോളം കുഴിച്ചു നടപ്പ് മാത്രമാണ് എന്നതിനാൽ കുടുംബത്തെ കാര്യങ്ങളൊക്കെ അവതാളത്തിലായിരിക്കുകയാണ്. വീട്ടുചെലവ് നടത്താൻ വേണ്ടി ഷാക്കിറിന്റെ ഇളയ സഹോദരൻ ഷാനും അലിഗഡിലെ തന്റെ പഠിത്തം പാതിവഴി ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോവുകയാണ് ഇപ്പോൾ.

സ്വന്തം മകനെ തട്ടിക്കൊണ്ടു പോയവർ എന്ന് പിന്നീട് നാട്ടിൽ സംസാരമുണ്ടായ നാല് തീവ്രവാദികളിൽ മൂന്നു പേരുടെയും വീട്ടിൽ ചെന്ന് അവരുടെ അച്ഛനമ്മമാരോട് മുട്ടിൽ നിന്ന് അപേക്ഷിച്ചു മൻസൂർ. "എന്റെ മകനെ കുഴിച്ചിട്ടത് എവിടെയാണ് എന്നെങ്കിലും ഒന്ന് പറഞ്ഞുതരൂ..." എന്ന് അയാൾ അവരോട് ഇരന്നു എങ്കിലും, ഇങ്ങനെ ഒരു സംഭവവുമായി ബന്ധമില്ല എന്നാണ് അവർ കൈമലർത്തിയത്. 

ഇന്നും മൻസൂർ അഹമ്മദ്  മകന്റെ മൃതദേഹവും തിരഞ്ഞ് മണിക്കൂറുകളോളം പലയിടത്തും കുഴിച്ചു നോക്കാറുണ്ട്. ഇപ്പോൾ തന്റെ വീടിനോട് ചേർന്ന് കിടക്കുന്ന മൂന്നു ജില്ലകളിലെ പലയിടങ്ങളിലേക്കും മൻസൂർ തന്റെ തിരച്ചിൽ നീട്ടിയിട്ടുണ്ട്. " എനിക്ക് എന്റെ മോനെ ഒന്ന് യഥാവിധി ഖബറടക്കണം എന്നേയുള്ളൂ..! അവൻ സമാധാനമായി എന്നെന്നേക്കുമായി ഈ മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്നു എന്നെങ്കിലും ഞങ്ങളൊന്നും ആശ്വസിച്ചോട്ടെ..."  തെല്ലിടറിയ ശബ്ദത്തോടെ മൻസൂർ അഹമ്മദ് പറഞ്ഞു നിർത്തുന്നു. 

Follow Us:
Download App:
  • android
  • ios