64 -കാരനായ ഒരച്ഛന്‍ തന്‍റെ ഏക മകളുടെ മരണത്തിന് പിന്നലെ ബെംഗളൂരു നഗരം തന്നോട് കാണിച്ച ക്രൂരതയുടെ മുഖം എണ്ണിയെണ്ണി തുറന്ന് കാട്ടുന്നു. തനിക്ക് അനുഭവിക്കേണ്ടിവന്നത് ഇതാണെങ്കില്‍ ഒരു പാവപ്പെട്ടവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന ചോദ്യം ഉള്ളുപൊള്ളിക്കും. 

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡില്‍ നിന്നും സിഎഫ്ഒയായി റിട്ടയർ ചെയ്ത ശിവകുമാർ കെ എഴുതിയ ഹൃദയഭേദകമായ കുറിപ്പ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഉള്ളുലച്ചു. അപ്രതീക്ഷിതമായി ഉണ്ടായ മകളുടെ മരണത്തെ തുട‍ർന്ന് ഒരുച്ഛന് പൊതു സമൂഹത്തില്‍ നിന്നും സർക്കാർ സംവിധാനങ്ങളിൽ നിന്നും അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളുടെ നേര്‍ ചിത്രമായിരുന്നു അദ്ദേഹം തന്‍റെ ലിങ്ക്ഡിന്‍ പേജില്‍ കുറിച്ചത്. ഓരോ വരിയിലും ഒരച്ഛന്‍റെ വേദന കിനിഞ്ഞ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

മനുഷ്യത്വം നഷ്ടമായ ബെംഗളൂരു

അംബുലൻസ് ഡ്രൈവർ മുതൽ പോലീസ് വരെ, എല്ലായിടത്തും പണം ആവശ്യപ്പെട്ടുന്ന ഒരു കൂട്ടം മനുഷ്യത്വം നഷ്ടമായ ഒരു കൂട്ടം ആളുകളെയാണ് തനിക്ക് നേരിടേണ്ടിവന്നതെന്നും അദ്ദേഹം കുറിക്കുന്നു. 64 -കാരനായ തന്‍റെ ഏക മകൾ അക്ഷയ ശിവകുമാർ 34 -ാം വയസില്‍ 2025 സെപ്തംബർ 18 -നാണ് ബ്രെയിന്‍ ഹെമറേജ് വന്ന് വീട്ടിൽ വച്ച് മരിച്ചത്. ഏക മകളുടെ മരണത്തിന് പിന്നാലെ തനിക്ക് നഗരത്തിലെ ആംബുലന്‍സ് ഡ്രൈവർ, പോലീസ്. ശ്മശാനം കാവൽക്കാരന്‍, മരണ സര്‍ട്ടിഫിക്കറ്റ് ഓഫീസർ തുടങ്ങിയവരില്‍ നിന്നും നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ അദ്ദേഹം അക്കമിട്ട് നിരത്തുന്നു. 

മരിച്ച് കിടക്കുന്ന ഏക മകളുടെ മൃതദേഹം വച്ച് അവരെല്ലാം തന്നോട് കൈക്കൂലി ആവശ്യപ്പെട്ടെന്ന ഏറ്റവും വേദനാജനകമായ കാര്യം അദ്ദേഹം വെളിപ്പെടുത്തുന്നു. പോലീസിന്‍റെ അനാസ്ഥ, അഴിമതി, ബിബിഎംപിയിലെ ഉദ്യോഗസ്ഥരുടെ അവഗണന, ഇതെല്ലാം ഒരു പിതാവിന്‍റെ ദുഖം ഇരട്ടിയാക്കുന്നു. ഏറ്റവും ഒടുവിലായി "ദരിദ്രർ എന്തു ചെയ്യും?" എന്ന അദ്ദേഹത്തിന്‍റെ ചോദ്യം സമൂഹത്തിന്‍റെ ഹൃദയം തന്നെ പിളർക്കുന്നതാണ്.

നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ

കസവനഹള്ളിയില്‍ നിന്നും കോറമംഗലയിലെ സെന്‍റ്, ജോണ്‍സിലുള്ള ആശുപത്രി വരെ എത്തിക്കാന്‍ 3,000 രൂപ ആവശ്യപ്പെട്ട ആംബുലന്‍സ് ഡ്രൈവർ. പോസ്റ്റോമോർട്ടത്തിന് വേണ്ടി വാശിപിടിച്ച പോലീസ് ഇന്‍സ്പെക്ടറുടെ ദാർഷ്ട്യം. ഒടുവില്‍ തന്‍റെ പഴയ ജീവനക്കാരന്‍ സഹായത്തിനെത്തിയത്. മകളുടെ കണ്ണുകൾ ദാനം ചെയ്ത് മൃതദേഹം സംസ്കാരത്തിനായി എത്തിച്ചപ്പോൾ അവിടെയും പണം ആവശ്യപ്പെട്ടത്, ഒടുവില്‍ നാല് ദിവസം നടത്തിച്ച പോലീസുകാരന്‍ എഫ്ഐആറിനും പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിനും പണം ആവശ്യപ്പെട്ടത്, പോലീസ് സ്റ്റേഷനിലെ സിസിടിവി ഇല്ലാത്ത പ്രദേശത്ത് നിന്നും അവര്‍ പണം കൈപ്പറ്റിയത്. ബിബിഎംപി ഓഫീസിലെ ഉദ്യോഗസ്ഥ‍ർ കൈക്കൂലി ആവശ്യപ്പെട്ടത്, ഇങ്ങനെ താന്‍ ഓരോ സ്ഥലത്തും നേരിട്ട അഴിമതിയുടെ മുഖങ്ങളെ അദ്ദേഹം എണ്ണിയെണ്ണി തുറന്ന് കാട്ടുന്നു. ഒടുവിൽ താന്‍ നേരിട്ട അവസ്ഥ ഇതാണെങ്കില്‍ പാവപ്പെട്ടവര്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നു. ബെംഗളൂരു നഗരത്തെ ഈ ദുരവസ്ഥയില്‍ നിന്നും ആര് രക്ഷിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. ശിവകുമാ‍ർ എന്ന ആ മനുഷ്യന്‍റെ ചോദ്യം ബെംഗളൂരു നഗരത്തിന് മേലെ പ്രതിധ്വനിക്കുന്നു.