വിമാനദുരന്തത്തില്‍ മരിച്ച അര്‍ജ്ജുന്‍ പട്ടോലിയ, തന്‍റെ ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റാനായി ഇന്ത്യയിലേക്ക് എത്തിയതായിരുന്നു. പക്ഷേ, അദ്ദേഹത്തിന് നാലും എട്ടും വയസുള്ള തന്‍റെ രണ്ട് പെണ്‍മക്കളുടെ അടുത്തേക്ക് എത്തിച്ചേരാനായില്ല.

242 പേരുമായി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലെ ഗാറ്റവിക്ക് വിമാനത്താവളത്തിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംങ് വിമാനാപകടം അവസാനിപ്പിച്ചത്, നാട്ടുകാരടക്കം 294 പേരുടെ ജീവിതമാണ്. ഭാര്യയുടെ അന്താഭിലാഷം നിറവേറ്റാനായി അവുടെ ജന്മഗ്രാമത്തിലേക്കെത്തിയ 38 -കാരനായ അർജ്ജുന്‍ പട്ടോലിയ അതിലൊരാൾ ആയിരുന്നു. നാലും എട്ടും വയസുള്ള രണ്ട് പെണ്‍മക്കളുടെ അടുത്തേക്കുള്ള അദ്ദേഹത്തിന്‍റെ യാത്ര മരിച്ച് പോയ ഭാര്യയോടൊപ്പമായി.

ഒരാഴ്ച മുന്നേയാണ് ബ്രിട്ടീഷ് പൗരനായ അർജ്ജുന്‍റെ ഭാര്യ ഭാരതി ബെന്‍ മരിച്ചത്. തന്‍റെ മരണാനന്തര ചടങ്ങുകൾ നാട്ടില്‍ വച്ച് നടത്തണമെന്നായിരുന്നു ഭാരതിയുടെ ആഗ്രഹം. ഭാര്യയുടെ അവസാന ആഗ്രഹം പൂര്‍ത്തീകരിക്കാനായി ചിതാഭസ്മവുമായെത്തിയതായിരുന്നു അർജ്ജുന്‍. ഗുജറാത്തിലെ അമറേലി ജില്ലയിലെ ഗ്രാമത്തില്‍ വച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ചടങ്ങുകൾ തീര്‍ത്ത്, യുകെയില്‍ തന്നെ കാത്തിരിക്കുന്ന നാലും എട്ടും വയസുള്ള രണ്ട് പെണ്‍മക്കളുടെ അടുത്തേക്കുള്ള യാത്ര പക്ഷേ, പൂര്‍ത്തിയാക്കാന്‍ അര്‍ജ്ജുന് കഴിഞ്ഞില്ലെന്ന് ഡെയ്ലി മെയിൽ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്നും അർജ്ജുന്‍ കയറിയ എയര്‍ ഇന്ത്യയുടെ ബോയിംങ് വിമാനത്തിന് 600 അടിവരെ ഉയരാന്‍ കഴിഞ്ഞൊള്ളൂ. പറന്നുയര്‍ന്ന് മിനിറ്റുകൾക്കുള്ളില്‍ വിമാനം മേഖനി നഗറിലെ ബിജെ മെഡിക്കല്‍ കോളേജിന്‍റെ മെന്‍സ് ഹോസ്റ്റലിന് മുകളില്‍ ഉച്ചയ്ക്ക് 1.40 ഓടെ തകര്‍ന്ന് വീണു. 232 യാത്രക്കാരും 10 ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 53 പേര്‍ ബ്രീട്ടീഷ് പൗരന്മാരായിരുന്നു. ബ്രീട്ടിഷ് പൗരനായ ഇന്ത്യന്‍ വംശജന്‍ വിശ്വാസ് കുമാർ രമേശ് എന്ന 40 -കാരന്‍ മാത്രമാണ് എയർ ഇന്ത്യ വിമാന അപകടത്തില്‍ രക്ഷപ്പെട്ട ഏക യാത്രക്കാരൻ. അദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്.