1952 ഡിസംബർ 21 -ന് സ്റ്റാലിന്റെ ജന്മദിനാഘോഷങ്ങൾ നടക്കുന്ന സമയം. തന്റെ വസതിയിൽ പ്രിയപ്പെട്ട സഖാക്കളെയെല്ലാം ക്ഷണിച്ചുവരുത്തി ഒരു പിറന്നാൾ വിരുന്നു തന്നെ സംഘടിപ്പിച്ചിരുന്നു സ്റ്റാലിൻ. ഗ്രാമഫോണിൽ ഫോക്ക് സംഗീതം കേൾക്കുന്നുണ്ടായിരുന്നു. ഡാൻസിന് പറ്റിയ പാട്ടുകളായിരുന്നു ഒക്കെയും. അവിടെ വന്നു ചേർന്നവരിൽ രണ്ടു പേർക്ക് ഡാൻസെന്നു കേട്ടാൽ തന്നെ കലി വരുമായിരുന്നു. ഒന്ന്, കോമ്രേഡ് നികിതാ ക്രൂഷ്ചേവ്, രണ്ട് സ്റ്റാലിന്റെ മകൾ സ്വെറ്റ്ലാനാ അലിലുയേവ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്നത്തെ സോവിയറ്റ് യൂണിയൻ  സെക്രട്ടറിയായിരുന്നു നികിതാ ക്രൂഷ്ച്ചേവ് എന്ന ആ മുതിർന്ന കമ്യൂണിസ്റ്റുനേതാവ്. സ്റ്റാലിന്റെ അറിയപ്പെടുന്ന വിമർശകൻ. 

നികിതാ ക്രൂഷ്‌ചേവിന് ഡാൻസ് ചെയ്യാൻ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. എന്നാൽ, ക്രൂഷ്‌ചേവിനെ ചൊടിപ്പിക്കാൻ വേണ്ടി മനഃപൂർവമായി സ്റ്റാലിൻ അദ്ദേഹത്തോട് യുക്രെയിനിലെ ഗോപക് പ്രാദേശിക നൃത്തം ഒന്ന് ശ്രമിക്കാൻ പറഞ്ഞുകൊണ്ടിരുന്നു. ഒരു സ്റ്റെപ്പുപോലും വൃത്തിക്ക് കളിയ്ക്കാൻ സ്റ്റാലിന് അറിയില്ലായിരുന്നു എങ്കിലും, ഡാൻസിന്റെ പേരിൽ മറ്റുള്ളവരെ പൊട്ടൻ കളിപ്പിക്കുന്നത് വളരെ കമ്പമുള്ള വിഷയമായിരുന്നു. 

ക്രൂഷ്‌ചേവിനോളം തന്നെ നൃത്തം വെറുത്തിരുന്ന രണ്ടാമത്തെ അതിഥിയായിരുന്നു സ്റ്റാലിന്റെ മകൾ സ്വെറ്റ്ലാന. അവർക്ക് അന്ന് 26 വയസ്സാണ് പ്രായം. അവർ തന്റെ രണ്ടാമത്തെ വിവാഹമോചനം സമ്മാനിച്ച കയ്പുനീർ കുടിച്ചിറക്കുന്ന കാലം. മനസ്സ് ആകെ കലുഷിതമായിരുന്നു സ്വെറ്റ്ലാനയുടെ. തന്നോട് ആരും തന്നെ ഒന്നും ചെയ്യാൻ ആജ്ഞാപിക്കുന്നത്, അതിനി സ്വന്തം അച്ഛനായാലും അവർക്ക് സഹിക്കാവുന്നതല്ലായിരുന്നു. അതുകൊണ്ടുതന്നെ സ്‌റ്റാലിൻ മകളെ ഡാൻസ് കളിയ്ക്കാൻ നിർബന്ധിച്ചപ്പോൾ അവർ മുഖത്തടിച്ച പോലെ 'പറ്റില്ല' എന്ന് തീർത്തുപറഞ്ഞു. 

സ്റ്റാലിന് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിൽ വെച്ചുണ്ടായ ഈ തിരസ്കാരം, അതും സ്വന്തം മകളുടെ ഭാഗത്തു നിന്നുണ്ടായ അപമാനം സഹിക്കാനായില്ല. അദ്ദേഹം കോപം കൊണ്ട് വിറയ്ക്കാൻ തുടങ്ങി. അദ്ദേഹം തന്റെ മകളുടെ തലമുടിക്ക് പിടിച്ച് ഏതാണ്ട് വലിച്ചു കൊണ്ടുതന്നെ മുന്നോട്ട് കൊണ്ടുവന്നു. സ്വെറ്റ്ലാനയുടെ മുഖം ദേഷ്യവും, സങ്കടവും കൊണ്ട് ചുവന്നു തുടുത്തുവന്നു. അപമാനഭാരം കൊണ്ട് അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ കുടുകുടാ ഒഴുകിത്തുടങ്ങി. 

തന്റെ ആത്മകഥയായ 'ക്രൂഷ്ചേവ് റിമംബർസ്‌ '-ൽ നികിതാ ക്രൂഷ്ചേവ് ഇങ്ങനെ കുറിക്കുന്നു. "സ്റ്റാലിന്റെ ഈ പൈശാചികമായ പെരുമാറ്റം സ്വെറ്റ്ലാനയെ ഒരു തരത്തിലും ശാരീരികമായി ഉപദ്രവിക്കണം എന്ന ഉദ്ദേശ്യത്തോടെ അല്ലായിരുന്നു. അത് ആ മനുഷ്യൻ സ്വന്തം മകളോട് സ്നേഹം പ്രകടിപ്പിച്ചിരുന്ന വിചിത്രമായ രീതി മാത്രമായിരുന്നു. എന്നാൽ കണ്ടു നിൽക്കുന്ന പലരും ധരിച്ചത് സ്‌റ്റാലിൻ തന്റെ മകളോട് അപമര്യാദയായിട്ടാണ് അപ്പോൾ പെരുമാറിയത് എന്നായിരുന്നു. എന്നാൽ ഇത് സ്റ്റാലിന്റെ സ്ഥിരം പെരുമാറ്റരീതി മാത്രമായിരുന്നു."

ഈ സംഭവം നടന്ന് രണ്ടുമാസം കഴിഞ്ഞ് മാർച്ച് ഒന്നാം തീയതി, ബ്യൂറോ അംഗങ്ങളായ മലെങ്കോവ്, ബോറിയ, ക്രൂഷ്ചേവ്, ബുൾഗാനിൻ എന്നിവരുമൊത്ത് സ്‌റ്റാലിൻ തന്റെ ബംഗ്ളാവിൽ ഒരു സിനിമ കാണുന്നു. സിനിമയ്ക്ക് ശേഷം വിഭവസമൃദ്ധമായ വിരുന്നും മദിരാസേവയും ഉണ്ടായി. നേരം ഏറെ വൈകി രാവിലെ നാലുമണിയോടെയാണ് ആ സൽക്കാരം അവസാനിക്കുന്നത്. ആ സദ്യ കഴിഞ്ഞ് സ്‌റ്റാലിൻ കിടന്നുറങ്ങാൻ വേണ്ടി തന്റെ ഉറക്കറയിലേക്ക് പോയി. പോകും വഴി സ്‌റ്റാലിൻ തന്റെ അംഗരക്ഷകരോട് തന്റെ അനുവാദം കൂടാതെ ഉറക്കറയിലേക്ക് പ്രവേശിക്കരുത് എന്ന് ശട്ടം കെട്ടുന്നു. സ്റ്റാലിന്റെ ഉത്തരവുകൾ കല്ലിൽ വരച്ച വരകളാണ്. അതിനെ ലംഘിച്ചുകൊണ്ട് അകാരണമായി ആരെങ്കിലും ചെന്നാൽ ആ ദേഷ്യത്തിന്റെ ശിക്ഷ ചിലപ്പോൾ തലപോകുന്ന കേസുവരെ ആകാം. അതുകൊണ്ട് അടുത്ത ദിവസം പകൽ മുഴുവനും ആ മുറിക്കുള്ളിൽ നിന്ന് ഒച്ചയൊന്നും കേള്‍ക്കാതിരുന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. തലേന്ന് മൂക്കറ്റം മദ്യപിച്ചിട്ടാണ് സ്‌റ്റാലിൻ കിടന്നത് എന്നതിനാൽ ആരും വിളിക്കാനും പോയില്ല. 

രാത്രി പത്തുമണിയോടെ മോസ്‌കോ കേന്ദ്രകമ്മിറ്റിയുടെ അഡ്രസിൽ നിന്ന് ഒരു പാക്കറ്റ് വന്നു. അതും കൊണ്ട് അംഗരക്ഷകൻ പാവൽ മടിച്ചു മടിച്ച് തന്റെ ബോസിന്റെ മുറിയിലേക്ക് കയറിച്ചെന്നു. അർദ്ധബോധാവസ്ഥയിൽ തറയിൽ വീണുകിടക്കുന്ന സ്റ്റാലിനെയാണ് അദ്ദേഹം കണ്ടത്. വാതുറന്ന് എന്തോ പറയാൻ ശ്രമിച്ചു എങ്കിലും നാക്ക് കുഴഞ്ഞു കുഴഞ്ഞു പോയി. നിദ്രാവസ്ത്രത്തിന്റെ കളസം മൂത്രത്തിൽ കുതിർന്നിട്ടുണ്ടായിരുന്നു. ഒരു മേജർ സെറിബ്രൽ ഹെമറേജ് വന്നു കിടക്കുകയായിരുന്നു സ്റ്റാലിൻ. അത് അംഗരക്ഷകർക്ക് മനസ്സിലായില്ല. അവർ ഡോക്ടറെ വിളിക്കുന്നതിന്‌ പകരം, സ്റ്റാലിനെ എടുത്ത് സോഫയിലേക്ക് കിടത്തിയ ശേഷം ആഭ്യന്തര മന്ത്രി സെർജി ഇഗ്‌നാതിയേവിനെ വിളിച്ചു. സെർജി ബാക്കി പോളിറ്റ് ബ്യൂറോ അംഗങ്ങളെയും വിവരമറിയിച്ചു.

രണ്ടാം തീയതി രാവിലെയാണ് വിവരം അറിഞ്ഞ് സ്വെറ്റ്ലാന എത്തുന്നത്. 1953 -ന്റെ തുടക്കം മുതൽക്ക് തന്നെ ഇടക്കിടെയുള്ള ബോധക്ഷയം സ്റ്റാലിനെ അലട്ടുന്നുണ്ടായിരുന്നു. ആ തുടക്കത്തിലെ ലക്ഷണങ്ങളെ അവഗണിച്ചു മുന്നോട്ട് നീങ്ങിയതാണ് ഒടുവിൽ കടുത്ത ഒരു സ്ട്രോക്ക് വന്ന് ആക്രമിച്ച് സ്റ്റാലിനെ തറപറ്റിക്കാൻ ഇടയാക്കിയത്. അസുഖം വന്ന് കുഴഞ്ഞു വീണു 12 മണിക്കൂർ പിന്നിട്ട ശേഷമാണ് സ്റ്റാലിന് ഡോക്ടറുടെ പരിചരണം ലഭ്യമാക്കപ്പെടുന്നത്. ഡോക്ടർ വന്നപ്പോഴും മൂത്രത്തിൽ കുളിച്ചായിരുന്നു സ്റ്റാലിന്റെ കിടപ്പ്. അതെല്ലാം തുടച്ചു വൃത്തിയാക്കി ഡോക്ടർ സ്റ്റാലിനെ വിശദമായി പരിശോധിക്കാൻ തുടങ്ങുമ്പോഴേക്കും സ്‌റ്റാലിൻ ചോര ഛർദ്ദിച്ചു. അതോടെ സ്റ്റാലിന്റെ എക്സ് റേ എടുക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ഗുരുതരാവസ്ഥ ഡോക്ടർമാർ തിരിച്ചറിഞ്ഞു. സ്റ്റാലിന്റെ വലതുഭാഗം മുഴുവനായും പക്ഷാഘാതം വന്ന് തളർന്നുപൊയ്ക്കഴിഞ്ഞിരുന്നു. 

മൂന്നു ദിവസം മരണത്തോട് മല്ലടിച്ച് ഒരേ കിടപ്പു കിടന്നു സ്‌റ്റാലിൻ. മൂന്നു ദിവസവും രാപ്പകൽ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗങ്ങൾ അദ്ദേഹത്തിന്റെ മുറിക്കുള്ളിൽ കൂട്ടിരിപ്പുണ്ടായിരുന്നു. അവരിൽ പലരും ഇടയ്ക്കിടെ സ്റ്റാലിന്റെ അടുത്ത് ചെന്നിരുന്നു കൈക്കു പിടിച്ച് വിഷണ്ണരായി ഇരുന്നുകൊണ്ട് തങ്ങൾക്ക് സ്റ്റാലിനുമായുള്ള അടുപ്പം സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അഞ്ചാം തീയതി ആയപ്പോഴേക്കും മുഖം ആകെ വിളറി. ആ തുടുത്ത ചുണ്ടുകൾ കറുത്തിരുണ്ട് ചുളിഞ്ഞു. മുഖം ആകെ ആളെ തിരിച്ചറിയാൻ പോലും പ്രയാസമാകുന്ന അവസ്ഥയിലേക്ക് മാറി. അവസാന നിമിഷങ്ങളിൽ സ്റ്റാലിൻ ഒരു വട്ടം കണ്ണുതുറന്ന് മുറിക്കുള്ളിൽ ഉള്ളവരെ ഓരോരുത്തരെയായി ഉറ്റു നോക്കി. അവരിൽ ആരുടെയോ നേർക്ക് ശപിക്കാൻ എന്നോണം കയ്യുയർത്തി എന്തോ പറയാൻ തുനിയുന്നതിനിടെ അദ്ദേഹത്തിന്റെ പ്രാണന്റെ പക്ഷി ആ ദേഹം വിട്ടു പറന്നുപോയി. 

1953 മാർച്ച് 5 , സമയം രാവിലെ 9.50. ഡോക്ടർമാർ സ്റ്റാലിന്റെ മരണം സ്ഥിരീകരിച്ചു. പോളിറ്റ് ബ്യൂറോ അംഗങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു. സ്വെറ്റ്ലാനയെ നെഞ്ചോട് ചേർത്ത് ക്രൂഷ്ചേവ് തന്റെ അനുശോചനം അറിയിച്ചു. എല്ലാ അനുചരന്മാർക്കും അംഗരക്ഷകർക്കും സ്റ്റാലിനെ അവസാനമായി ഒന്ന് ദർശിക്കാനുള്ള അവസരം കിട്ടി. ലെനിൻ മരിച്ചപ്പോൾ സ്റ്റാലിൻ ചെയ്ത കീഴ്വഴക്കം തന്നെ സ്റ്റാലിന്റെ മരണത്തിലും ആകാം എന്ന് തീരുമാനം വന്നു. സ്റ്റാലിന്റെ മൃതദേഹവും എംബാം ചെയ്യപ്പെട്ടു. 1953 മാർച്ച് 9 -ന് അദ്ദേഹത്തിന്റെ അന്തിമ സംസ്കാരം നടത്തപ്പെട്ടു. 
 

കടപ്പാട് : ബിബിസി