പരസ്പരം അകന്നിരുന്നപ്പോഴാണ് തങ്ങൾ തമ്മിലുള്ള സ്നേഹബന്ധം എത്രമാത്രം ആഴത്തിലുള്ളതായിരുന്നു എന്ന് തിരിച്ചറിഞ്ഞത് എന്നാണ് ഇരുവരും പറയുന്നത്.

1975 -ൽ വിവാഹമോചനം നേടിയ പെൻസിൽവാനിയയിലെ ലാൻകാസ്റ്റർ കൗണ്ടിയിൽ നിന്നുള്ള ദമ്പതികൾ 50 വർഷത്തിന് ശേഷം വീണ്ടും വിവാഹിതരാകുന്നു. ഇപ്പോൾ 89 -ഉം 94 -ഉം വയസുള്ള, ഫേ ഗേബിളും റോബർട്ട് വെൻറിച്ചും നീണ്ട വേർപിരിയലിനു ശേഷം ഡിസംബർ എട്ടിന് വീണ്ടും വിവാഹിതരാവുകയാണ്. 

പെൻസിൽവാനിയയിലെ ഡെൻവറിൽ വെച്ച് മക്കളുടെയും കൊച്ചുമക്കളുടെയും സാന്നിധ്യത്തിൽ വീണ്ടും വിവാഹിതരാകാനാണ് ഇവരുടെ തീരുമാനം. മക്കളും കൊച്ചുമക്കളും അവരുടെ മക്കളും അടക്കം തങ്ങളുടെ വിവാഹത്തിന് സാക്ഷികളാകും എന്ന സന്തോഷത്തിലാണ് ഇപ്പോൾ ഈ ദമ്പതികൾ. ഇപ്പോഴും തങ്ങളുടെ മാതാപിതാക്കൾ കൗമാര പ്രണയിനികളെ പോലെയാണ് എന്നാണ് ഇവരുടെ മക്കൾ സാക്ഷ്യപ്പെടുത്തുന്നത്. 

1951 നവംബറിലായിരുന്നു ഫെയ് ഗേബിളും റോബർട്ട് വെൻറിച്ചും ആദ്യം വിവാഹിതരായത്. അവർക്ക് നാല് കുട്ടികളും ഉണ്ടായി. എന്നാൽ, പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ ഇരുവരും വിവാഹമോചിതരാകാൻ തീരുമാനിക്കുകയായിരുന്നു. 1975 -ൽ ഫേയും റോബർട്ടും വിവാഹമോചനം നേടി. അതിനുശേഷം ഇരുവരും പുനർവിവാഹം കഴിക്കുകയും ആ പങ്കാളികൾ മരിക്കുന്നതുവരെ അവരോടൊപ്പം ജീവിക്കുകയും ചെയ്തു.

ഈ കാലയളവിലുടനീളം, ഫെയും റോബർട്ടും നല്ല സൗഹൃദത്തിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം ആ സൗഹൃദം വീണ്ടും ഇരുവരുടെയും കൂടിച്ചേരലിന് വഴി തുറന്നിരിക്കുകയാണ്.

പരസ്പരം അകന്നിരുന്നപ്പോഴാണ് തങ്ങൾ തമ്മിലുള്ള സ്നേഹബന്ധം എത്രമാത്രം ആഴത്തിലുള്ളതായിരുന്നു എന്ന് തിരിച്ചറിഞ്ഞത് എന്നാണ് ഇരുവരും പറയുന്നത്. തന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയം ആയിരുന്നു ഫേ. അവളെ വീണ്ടും തിരികെ കിട്ടുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ ഇപ്പോൾ ആ സമയം വന്നിരിക്കുന്നു. സമയം പാഴാക്കാതെ താൻ അവളെ സ്വന്തമാക്കുകയാണ് എന്നായിരുന്നു റോബർട്ട് വികാരാധീനനായി പ്രതികരിച്ചത്.

(ചിത്രം പ്രതീകാത്മകം)

ട്വിസ്റ്റോട് ട്വിസ്റ്റ്, രാജു എന്ന പേരുപോലും കള്ളം, 9 കുടുംബങ്ങളെ പറ്റിച്ചു, യുവാവ് അറസ്റ്റിലായത് നാടകീയമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം