'ഹാപ്പി റിട്ടയർമെന്റ് ഹോം' എന്നാണ് നഴ്സിംഗ് ഹോമിന്റെ വെബ്സൈറ്റ് തങ്ങളുടെ സ്ഥാപനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് വഴി വയ്ക്കാറുണ്ട്. അതുപോലെ ഒരു സംഭവമാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിലും വ്യാപകവിമർശനത്തിന് ഇടയാക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവിടെയുള്ള ഒരു നഴ്സിംഗ് ഹോമിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. എന്നാൽ, ഇത് തീർത്തും അനുചിതമാണ് എന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. ഇവിടെ നഴ്സിംഗ് ഹോമിലെ പ്രായമായ അന്തേവാസികൾക്ക് വേണ്ടി മിനി സ്കർട്ട് ധരിച്ച് ഡാൻസ് കളിക്കുന്ന യുവതിയുടെ വീഡിയോയാണ് പുറത്തു വന്നത്.
വടക്കൻ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സംഭവം നടന്നത്. സെപ്റ്റംബർ 24 -നാണ് ഒരു നഴ്സിംഗ് ഹോമിൽ പ്രായമായ താമസക്കാർക്ക് മുന്നിൽ മിനി സ്കർട്ട് ധരിച്ച് അശ്ലീലച്ചുവ തോന്നിക്കുന്ന തരത്തിൽ നൃത്തം ചെയ്യുന്ന ഒരു വനിതാ ജീവനക്കാരിയുടെ വീഡിയോ പോസ്റ്റ് ചെയ്തത്. വൃദ്ധരെ മരുന്ന് കഴിക്കാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നതെന്നാണ് നഴ്സിംഗ് ഹോമിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് അവകാശപ്പെടുന്നത്. എന്നാൽ, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ വലിയ വിമർശനം തന്നെ ഇതിന് നേരെ ഉയരുകയായിരുന്നു.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സ്കൂൾ വിദ്യാർത്ഥിനിയുടെ പോലെയുള്ള വസ്ത്രവും, മുട്ടോളമെത്തുന്ന കറുത്ത സോക്സുകളും ധരിച്ച ഒരു യുവതി ഒരു വൃദ്ധന്റെ മുന്നിൽ നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. 'പ്രായമായവരെ മരുന്ന് കഴിക്കാൻ സഹായിക്കുന്നതിന് ഞങ്ങളുടെ ഡയറക്ടർ എന്തും ചെയ്യാൻ തയ്യാറാണ്' എന്നായിരുന്നു ഈ വീഡിയോയുടെ അടിക്കുറിപ്പ്.
'ഹാപ്പി റിട്ടയർമെന്റ് ഹോം' എന്നാണ് നഴ്സിംഗ് ഹോമിന്റെ വെബ്സൈറ്റ് തങ്ങളുടെ സ്ഥാപനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. 1990 -കളിൽ ജനിച്ച ഇതിന്റെ ഡയറക്ടർ പറയുന്നത് പ്രായമാവരെ ജീവിതം മെച്ചപ്പെടുത്താനും അവരെ എപ്പോഴും ഹാപ്പിയാക്കിയിരുത്താനും വേണ്ടി എന്തും ചെയ്യുമെന്നാണ്. എന്നാൽ, വീഡിയോ വൈറലായി മാറിയതോടെ വലിയ വിമർശനമാണ് ഉയർന്നത്. ഇത്തരം അശ്ലീലപ്രകടനങ്ങളോടെയാണോ ആളുകളെ ഹാപ്പിയാക്കുന്നത് എന്നായിരുന്നു ചോദ്യം. എന്തായാലും, പിന്നീട് നഴ്സിംഗ് ഹോമിന്റെ ഡയറക്ടറും അത് അനുചിതമായിപ്പോയി എന്ന് സമ്മതിച്ചു.


