'ഞാൻ എന്റെ തന്നെ ബിരുദദാനച്ചടങ്ങിൽ വെറും അതിഥിയായിട്ടാണ് പങ്കെടുത്തത്' എന്ന് പറഞ്ഞുകൊണ്ടാണ് റാഷിക വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളിലൊന്നാണ് ബിരുദദാന ചടങ്ങ്. ​ഗ്രാജ്വേഷൻ ഡ്രസൊക്കെ ധരിച്ച് സുഹൃത്തുക്കൾക്കൊപ്പം സ്റ്റേജിൽ നിൽക്കുകയും മാതാപിതാക്കളും പ്രിയപ്പെട്ടവരും സദസിൽ നിന്നും ആർപ്പുവിളിക്കുകയും ഒക്കെ ചെയ്യുന്നത് മിക്കവരും സ്വപ്നം കാണാറുണ്ട്. എന്നാൽ, കണ്ടന്റ് ക്രിയേറ്ററായ റാഷിക ഫസാലിക്ക് പറയാനുള്ളത് വേറൊരു കഥയാണ്. റാഷികയ്ക്കും തന്റെ ബിരുദദാനച്ചടങ്ങിനെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. അതേത്തുടർന്ന് അവൾ ആൾക്കൂട്ടത്തിൽ ഒരു അതിഥിയെ പോലെയാണ് തന്റെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തത് എന്നാണ് പറയുന്നത്.

'ഞാൻ എന്റെ തന്നെ ബിരുദദാനച്ചടങ്ങിൽ വെറും അതിഥിയായിട്ടാണ് പങ്കെടുത്തത്' എന്ന് പറഞ്ഞുകൊണ്ടാണ് റാഷിക വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ചടങ്ങിന് വേണ്ടി പണം മുടക്കുന്നതിനേക്കാൾ വലുത് തനിക്ക് ഒരു മാസം കഴിഞ്ഞുപോവുക എന്നുള്ളതാണ് എന്നാണ് റാഷിക പറയുന്നത്. 'എന്റെ സ്വന്തം ബിരുദദാന ചടങ്ങിൽ അതിഥിയായിട്ടാണ് ഞാൻ പങ്കെടുത്തത്. സാമ്പത്തികമായി എനിക്കത് താങ്ങാൻ കഴിയാത്തതായിരുന്നു. സ്റ്റേജിൽ കയറുന്നതിനേക്കാൾ പ്രധാനം ഒരു മാസം അതിജീവിക്കുക എന്നതായിരുന്നു' എന്നാണ് റാഷിക കുറിച്ചിരിക്കുന്നത്.

View post on Instagram

എന്നാൽ, ഇങ്ങനെയൊരു വസ്ത്രത്തിൽ സ്റ്റേജിൽ‌ താൻ നിന്നിട്ടില്ല. ഇത് ഒരേസമയം മധുരവും കയ്പ്പും നിറഞ്ഞ അനുഭവമാണ് എന്നും റാഷിക പറയുന്നു. താൻ ഒരു സിം​ഗിൾ മദറാണ് എന്നും ജോലി ചെയ്യുന്ന ഒരു അമ്മയാണ് എന്നും റാഷിക പറയുന്നു. നല്ല മാർക്കോടെ വിജയിച്ച ഒരാളെന്ന നിലയിൽ തനിക്ക് തന്നെ കുറിച്ചുള്ള അഭിമാനത്തെ കുറിച്ചും റാഷിക ക്യാപ്ഷനിൽ കുറിക്കുന്നുണ്ട്. വീഡിയോയിൽ അവൾക്കൊപ്പം അവളുടെ കുഞ്ഞിനേയും കാണാം. നിരവധിപ്പേരാണ് റാഷികയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കമന്റുകൾ‌ നൽകിയിരിക്കുന്നത്. ശരിക്കും പ്രചോദനാത്മകമാണ് റാഷികയുടെ വീഡിയോ എന്ന് പലരും അഭിപ്രായപ്പെട്ടു.